ഇടുക്കി: ഇടുക്കി ജില്ലയിലെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതാദ്യമായി ഇടതു-വലതുമുന്നണികൾക്ക് ഭീഷണിയായി എൻ. ഡി. എ സഖ്യത്തിന്റെ രാഷ്ട്രീയമുന്നേറ്റം ശ്രദ്ധയാകർഷിക്കുന്നു. പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ തന്നെയാണ് എൻ. ഡി. എയുടെ മികവാർന്ന പ്രകടനമെന്നതിനാൽ ഇവരുടെ സ്ഥാനാർത്ഥിത്വം നിർണായകമാണ്.

മധ്യതിരുവതാംകൂറിലെ കരുത്തേറിയ ജില്ലകളിലൊന്നായി ഇടുക്കിയെ മാറ്റാനുള്ള ബി. ജെ. പി സഖ്യത്തിന്റെ ശ്രമം ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ഫലം കണ്ടുവെന്നത് മറ്റു രണ്ടു മുന്നണികളേയും ആശങ്കയിലാക്കിയിട്ടുണ്ട്. ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ മൂന്നു മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാന മുന്നണികൾക്കൊപ്പമോ, അവരെ കടത്തിവെട്ടിയോ പ്രചാരണരംഗത്ത് മുന്നേറുകയാണ്. ത്രികോണ മത്സരമെന്ന വിശേഷിപ്പിക്കാവുന്ന തരത്തിൽ മണ്ഡലങ്ങളിലെ മത്സരചിത്രം മാറിക്കഴിഞ്ഞു.

തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല അസംബ്ലി മണ്ഡലങ്ങളിലാണ് എൻ. ഡി. എയുടെ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ തങ്ങളുടെ കരുത്തറിയിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുത്. മൂന്നിടത്തും പുത്തൻ രാഷ്ട്രീയ കക്ഷിയായ ബി. ഡി. ജെ. എസിന്റെ പ്രതിനിധികളാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഇടുക്കിയിൽ മലനാട് എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് ബിജു മാധവനും തൊടുപുഴയിൽ തൊടുപുഴ യൂണിയൻ പ്രസിഡന്റ് അഡ്വ. എസ് പ്രവീണും ഉടുമ്പൻചോലയിൽ നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തുമാണ് എൻ. ഡി. എ സ്ഥാനാർത്ഥികൾ.

പി. ജെ ജോസഫ് മത്സരിക്കുന്ന മണ്ഡലമെന്ന നിലയിൽ തൊടുപുഴയിലെ ചലനങ്ങൾ സംസ്ഥാന ശ്രദ്ധയാകർഷിക്കുന്നതാണ്. പൊതുസമ്മതനായ സ്ഥാനാർത്ഥിക്കായുള്ള എൽ. ഡി. എഫ് ശ്രമത്തിനിടെ തീരുമാനം വൈകിയ ഇവിടെ എൽ. ഡി. എഫിന് കാര്യമായ പ്രതീക്ഷയില്ല. ആദ്യഘട്ടത്തിൽതന്നെ വ്യക്തമായ ആധിപത്യം സ്ഥാപിച്ച യു. ഡി. എഫ്, ജോസഫിലൂടെ മണ്ഡലം നിലനിർത്തുമെന്നാണ് ഇതുവരെയുള്ള സൂചനകൾ വ്യക്തമാക്കുന്നത്. റോയി വാരികാട്ടാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി. പ്രദേശിക നേതാക്കളുടെ എതിർപ്പിനെതുടർന്ന് റോയിയുടെ സ്ഥാനാർത്ഥിത്വം സംസ്ഥാന നേതൃത്വം വൈകിയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ കന്നിക്കാരനാണെങ്കിലും എൻ. ഡി. എയുടെ അഡ്വ. എസ് പ്രവീൺ ഇതിനോടകം മണ്ഡലത്തെ ഇളക്കിമറിച്ചുള്ള പ്രവർത്തനമാണ് നടത്തിയത്. ആദ്യഘട്ടം പിന്നിടുമ്പോൾ ജോസഫിനൊപ്പമോ, തൊട്ടുപിന്നിലായോ പ്രചാരണത്തിന്റെ കാര്യത്തിൽ പ്രവീണുണ്ട്. തൊടുപുഴയിൽ എൽ. ഡി. എഫിന് മറ്റുള്ളവർക്കൊപ്പമെത്താൻ ഇനിയും ശക്തമായ ശ്രമം വേണ്ടിവരും.

തൊടുപുഴ നഗരസഭയിലെ അംഗബലവും ടൗൺ മേഖലകളിലെ ശക്തിയും പ്രവീണിന് തുണയാണ്. 35 അംഗ നഗരസഭയിൽ ബി. ജെ. പിക്ക് ഏഴ് അംഗങ്ങളുണ്ട്. ഇടുക്കി ജില്ലയിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ എൻ. ഡി. എ സഖ്യം ഏറ്റവും നേട്ടമുണ്ടാക്കിയതും തൊടുപുഴ നഗരസഭയിലായിരുന്നു. അതിലുപരിയാണ് എസ്. എൻ. ഡി. പിയിലൂടെ പിറന്ന ബി. ഡി. ജെ. എസിന്റെ കരുത്ത്. എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് പദവും അഭിഭാഷകനെന്ന അലങ്കാരവും കൂടിയായതോടെ കൂടുതൽ സ്വീകര്യാനാകാനും പ്രവീണിന് കഴിഞ്ഞിട്ടുണ്ട്. പി. ജെ ജോസഫും പ്രവീണും തമ്മിലാണ് പ്രധാന മത്സരമെന്ന് മണ്ഡലത്തിൽ പരക്കെ പ്രചാരണമുണ്ട്. ക്രിസ്ത്യൻ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ പ്രവീണിലൂടെ ഹൈന്ദവവോട്ടുകൾ സമാഹരിക്കാനുള്ള നീക്കങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് കാത്തിരുന്നു കാണുകയേ മാർഗമുള്ളൂ. വോട്ടർമാരിൽ 45 ശതമാനം ക്രൈസ്തവരും 39 ശതമാനം ഹൈന്ദവരുമാണ്.

എൻ. ഡി. എ സഖ്യം ഏറ്റവും പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലമായി ഇടുക്കി മാറിയത് വളരെ പെട്ടെന്നാണ്. സമുദായ പ്രവർത്തനത്തിനപ്പുറം സാമൂഹ്യ രംഗത്തും ശ്രദ്ധേയനാണ് ബിജു മാധവൻ. ജില്ലയിലെ ഏറ്റവും വലിയ സ്വതന്ത്ര തൊഴിലാളി സംഘടനയായ ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റുകൂടിയാണ്. യു. ഡി. എഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഇടുക്കി മണ്ഡലമെങ്കിലും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി. കാൽ ലക്ഷത്തോളം വോട്ടുകൾക്ക് യു. ഡി. എഫ് പിന്നിലായിരുന്നു യു. ഡി. എഫ് സ്ഥാനാർത്ഥി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി വ്യത്യസ്തമാണ്. സിറ്റിങ് എംഎൽഎ റോഷി അഗസ്റ്റിന്റെ വികസന നേട്ടങ്ങളും എൽ. ഡി. എഫിലെ ഫ്രാൻസീസ് ജോർജിന്റെ പ്രവർത്തനങ്ങളും തമ്മിലാണ് പ്രചാരണത്തിൽ തീ പാറിക്കുന്നത്. 15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷിയെ, ഫ്രാൻസിസ് ജോർജിലൂടെ അട്ടിമറിക്കാമെന്നാണ് എൽ. ഡി. എഫിന്റെ പ്രതീക്ഷ. എന്നാൽ പ്രചാരണരംഗത്ത് ഫ്രാൻസിസ് ജോർജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് മണ്ഡലത്തിൽ. അനുഭവ സമ്പത്തിന്റെ കരുത്തിൽ റോഷിയും കൂട്ടരും മുന്നേറുമ്പോൾ, ഓരോ പ്രദേശങ്ങളിലും വോട്ടർമാരെ നേരിൽകണ്ട് ബിജു മാധവന്റെ പ്രചാരണശൈലി വേറിട്ടതാണ്. മിക്ക പഞ്ചായത്തുകളിലും ഇരുമുന്നണികളെയും ആശങ്കപ്പെടുത്തും വിധമുള്ള ആൾബലമാണ് എൻ. ഡി. എ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിലൂടനീളം ദൃശ്യമാകുന്നത്. കുടുംബയോഗങ്ങളും പഞ്ചായത്തു കൺവൻഷനുകളും ചിട്ടയോടെ നടത്തി പ്രകടനങ്ങളിൽ വൻജനപങ്കാളിത്തത്തോടെയാണ് ബിജുവിന്റെ പ്രവർത്തന മികവ് കൊഴുപ്പിക്കുന്നത്. ബി. ജെ പി മുന്നണിക്ക് അടുത്ത കാലത്തൊന്നും സ്വപ്‌നം കാണാൻ പോലും കഴിയാത്ത കട്ടപ്പന നഗരസഭയിൽ മൂന്നു സീറ്റുകൾ നേടിയതും ചില പഞ്ചായത്തുകളിലെ നേട്ടവും മുന്നണിക്ക് കൂടുതൽ പ്രതീക്ഷ പരക്കുന്നതാണ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പരോക്ഷ പിന്തുണയോടെ മത്സരിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസിന്റെ ചെയർമാനും എൽ. ഡി. എഫ് സ്ഥാനാർത്ഥിയുമായ ഫ്രാൻസിസ് ജോർജിനും യു. ഡി. എഫിന്റെ റോഷി അഗസ്റ്റിനും ബിജു കടുത്ത വെല്ലുവിളിയാണുയർത്തിയിരിക്കുന്നത്.

സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. എം മണിയും കോൺഗ്രസിലെ അഡ്വ. സേനാപതി വേണിവും കടുത്ത പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ എൻ. ഡി. എ സ്ഥാനാർത്ഥി സജി പറമ്പത്ത് പ്രചാരണത്തിൽ ഇരുമുന്നണികൾക്കുമൊപ്പമാണ്. ഏതാനും ദിവസങ്ങൾ്ക്ക് മുമ്പ് നെടുങ്കണ്ടത്തു സംഘടിപ്പിച്ച വൻ റാലി എൻ. ഡി. എ മുന്നണിയുടെ കരുത്ത് തെളിയിച്ചു. ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്. ഈഴവ സമുദായത്തിന് മണ്ഡലത്തിലുള്ള സ്വാധീനവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളും മുന്നണിക്ക് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. എം. എം മണിയും സേനാപതി വേണുവും ഭയപ്പെടുന്നത് തങ്ങളിലാരുടെ വോട്ടുകളാണ് എൻ. ഡി. എ സ്ഥാനാർത്ഥി കൊണ്ടുപോകുമെന്നതാണ്.

മൂന്നു മണ്ഡലങ്ങളിലും അരലക്ഷത്തിലധികം വോട്ടുകളാണ് എൻ. ഡി. എ സ്ഥാനാർത്ഥികൾ അവകാശപ്പെടുന്നത്. അവകാശവാദങ്ങൾ ഏതെങ്കിലും മണ്ഡലത്തിൽ യാഥാർഥ്യമായാൽ എൻ. ഡി. എ സ്ഥാനാർത്ഥി വിജയിച്ചെന്നും വരാം. പ്രചാരണത്തിൽ എൻ. ഡി . എ കൈവരിച്ച മുന്നേറ്റം മാനദണ്ഡമാക്കിയാൽ ഒന്നാം സ്ഥാനമോ, രണ്ടാം സ്ഥാനമോ ലഭിക്കേണ്ടത് അവർക്കുതന്നെ. എന്നാൽ മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്നും വ്യതിചലിക്കാൻ വൈമസ്യം കാട്ടുന്ന മനസാണ് വോട്ടെടുപ്പിൽ ഇതുവരെ ഇടുക്കി പ്രതിഫലിപ്പിച്ചിട്ടുള്ളത്. പ്രചാരണത്തിലെ നേട്ടം വോട്ടാക്കാൻ എൻ. ഡി. എക്ക് കഴിയുമോയെന്ന് കാണാൻ കാത്തിരിക്കാം.