ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പോടെ ബിഡിജെഎസ് ശക്തമായ പാർട്ടിയായി മാറിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശൻ. കേരള നിയമസഭയിൽ ഇത്തവണ എൻ.ഡി.എ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പൊൻതാമര വിരിയുമെന്നും വെള്ളാപ്പള്ളി വോട്ട് രേഖപ്പെടുത്തിയ സേഷം പറഞ്ഞു.

ചേർത്തല അടക്കമുള്ള മണ്ഡലങ്ങളിൽ വൻ മുന്നേറ്റമാണ് എൻ.ഡി.എ സഖ്യം നടത്തുന്നത്. ഇത് കേരളത്തിന്റെ വലിയ മാറ്റത്തിന് കാരണമാകും. എൻ.ഡി.എയ്ക്ക് എതിരെ പറയുന്നവർക്ക് അറിയാം മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന്. അതിനാലാണ് താമര വിരിയില്ലെന്നും കുടം ഉടയുമെന്നും പറയുന്നത്. ബിജെപി ഒറ്റക്ക് മത്സരിച്ച സ്ഥാനത്ത് ഇപ്പോൾ എൻ.ഡി.എ സഖ്യമാണ് മത്സരിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

വിഎസിന് മലമ്പുഴയിൽ ഭൂരിപക്ഷം കുറയും. പോളിങ് ശതമാനം വർധിക്കുന്നത് എൻഡിഎയ്ക്കും ബിഡിജെഎസിനും ഗുണംചെയ്യും. താമരവിരിയില്ല കുടം ഉടഞ്ഞുപോകുമെന്നുമൊക്കെ പലരും വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും 19ന് വോട്ടെണ്ണിക്കഴിയുമ്പോൾ പൊൻകുടം ഉയർന്നുവരും അതിനകത്തു പൊൻതാമര വിരിഞ്ഞുനിൽക്കുകയും ചെയ്യുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് വർഗീയതയ്ക്കും അക്രമത്തിനുമെതിരായ വിധിയെഴുത്താകുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. ബിജെപി ഭാരതത്തെ വർഗീയ ഭ്രാന്താലയമാക്കാനാണ് ശ്രമിക്കുന്നത്. കേരളത്തെ അക്രമ രാഷ്ട്രീയത്തിലൂടെ ചോരക്കളമാക്കാനുള്ള സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണിക്കെതിരെയുള്ള ശക്തമായ വികാരവും നിലനിൽക്കുന്നു. രണ്ടു കൂട്ടർക്കുമെതിരെ ജനം ശക്തമായി പ്രതികരിക്കും അവർക്ക് കനത്ത തിരിച്ചടി തിരഞ്ഞെടുപ്പിൽ നൽകുമെന്നും സുധീരൻ പറഞ്ഞു.