കാശ്മീർ മൂന്ന് ഇന്ത്യൻ സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹത്തോട് അനാദരം കാട്ടുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിക്കെതിരെ രൂക്ഷമായി തിരിച്ചടിച്ച് ഇന്ത്യ പാക് പട്ടാളക്കാരെ വധിച്ചു. യന്ത്രത്തോക്കുകളും 120 എംഎം മോർട്ടാറുകളുമുപയോഗിച്ച് ഇന്നലെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് 4.30 വരെ നടത്തിയ ആക്രമണം പാക്ക് ഭാഗത്തു കനത്തനാശം വരുത്തി. ഇതോടെ അതിർത്തിയിലെ അശാന്തി തുടരുകയാണ്. യുദ്ധസമാനമായ സാഹചര്യത്തിലാണ് അതിർത്തി. നിയന്ത്രണരേഖയിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്ന 2003 നുശേഷമുള്ള ഏറ്റവും കനത്ത വെടിവയ്പാണ് ഇരു സൈന്യങ്ങളും തമ്മിൽ നടന്നതെന്നു നിരീക്ഷകർ പറയുന്നു.

അതിനിടെ പാക്കിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം ഇരുരാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) ഹോട്ട് ലൈനിൽ ചർച്ച നടത്തി. ഇന്ത്യൻ ആക്രമണത്തിൽ തങ്ങളുടെ മൂന്നു സൈനികരും 11 സാധാരണക്കാരും മരിച്ചതായി പാക്ക് ഡിജിഎംഒ ഇന്ത്യയുടെ ലഫ. ജനറൽ രൺബീർ സിങ്ങിനെ അറിയിച്ചു. പാക്ക് സൈനിക പോസ്റ്റുകളാണു തങ്ങൾ ലക്ഷ്യംവച്ചതെന്നും പാക്ക് സൈന്യം സംയമനം പാലിച്ചാൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നും ഇന്ത്യ മറുപടി നൽകി. നാട്ടുകാരെ വകവരുത്തിയെന്നത് നിഷേധിക്കുകയും ചെയ്തു.

നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലുമുണ്ടാകുന്ന പ്രശ്‌നങ്ങൾ എല്ലാ ചൊവ്വാഴ്ചയും ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാർ ഹോട്ട്‌ലൈൻവഴി ചർച്ചചെയ്യുക പതിവായിരുന്നു. എന്നാൽ, കുറച്ചുകാലമായി ഈ ചർച്ച നടന്നിരുന്നില്ല. ഇതും സംഘർഷം കൂടാൻ കാരണമായി. ചൊവ്വാഴ്ചയാണ് കശ്മീരിലെ മാച്ചിൽ മേഖലയിൽ മൂന്ന് ഇന്ത്യൻ സൈനികരെ പാക്ക് ഭീകരർ വധിച്ചത്. ഇവരിൽ ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തു. ഇതെത്തുടർന്ന്, ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പു നൽകിയിരുന്നു.

ഇന്ത്യ തിരിച്ചടിയ തുടങ്ങിയതോടെ പാക്ക് സൈന്യവും കനത്ത വെടിവയ്പു നടത്തി. ഭീംഭേർ ഗലി, കൃഷ്ണ ഘാട്ടി, നൊഷേര സെക്ടറുകളിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണമുണ്ടായി. രണ്ടു ബിഎസ്എഫ് ജവാന്മാർക്കു പരുക്കേറ്റിട്ടുണ്ട്. ഏഴ് ഇന്ത്യൻ സൈനികരെ വധിച്ചതായാണു പാക്കിസ്ഥാന്റെ അവകാശവാദം.