- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
71 വർഷം മുമ്പ് പാളയം കവാത്ത് മൈതാനത്തെ റേഡിയോ പ്രസരണിയിൽ മുഴങ്ങിയ സ്ത്രീ ശബ്ദം; ശാന്താ പി നായരുടെ ചേച്ചി ജാതിയും മതവും മറന്ന് സഹപ്രവർത്തനെ പ്രണയിച്ചത് അമ്പതുകളിലെ വിപ്ലവ വിവാഹമായി; പൊതുവാളിന്റെ മുത്ത് മകളും ചരിത്രത്തിൽ ഇടം നേടിയത് ശബ്ദത്തിലൂടെ; ഇന്ദിരാ ജോസഫ് വെണ്ണിയൂർ ഇനി ജ്വലിക്കുന്ന ഓർമ്മ

തിരുവനന്തപുരം: ഓൾ ഇന്ത്യ റേഡിയോയുടെ ആദ്യരൂപമായ തിരുവിതാംകൂർ റേഡിയോ നിലയത്തിലെ ആദ്യകാല അനൗൺസർമാരിൽ ഒരാളായിരുന്ന ഇന്ദിരാ ജോസഫ് വെണ്ണിയൂർ. യഥാർത്ഥ പേര്ഇന്ദിരാ പൊതുവാൾ. 71 വർഷം മുമ്പ് ഒരു വൈകുന്നേരം പാളയം കവാത്ത് മൈതാനത്തെ റേഡിയോ പ്രസരണിയിലൂടെ പുറത്തുവന്ന പെൺശബ്ദത്തിന് ഉടമ.
പൊതുവാളെന്ന 23-കാരിയാണ് അന്ന് ചരിത്രമെഴുതിയത്. വഴുതക്കാട്ടെ ആകാശവാണി മന്ദിരത്തിനൊപ്പം ചരിത്രമെഴുതിയ ഇന്ദിരാ പൊതുവാൾ എന്ന ഇന്ദിരാ ജോസഫ് വെണ്ണിയൂരാണ് വിടവാങ്ങിയത്. സംസ്‌കാരം ശാന്തികാവടത്തിൽ നടന്നു. തൃശ്ശൂർ പൊതുവാൾ അമ്പാടി തറവാട് കുടുംബാംഗമാണ്. ബോംബെ ഓൾ ഇന്ത്യ റേഡിയോ സ്റ്റേഷൻ ഡയറക്ടറും സാഹിത്യകാരനുമായിരുന്ന പരേതനായ ഇ.എം.ജെ. വെണ്ണിയൂരാണ് ഭർത്താവ്. തിരുവിതാംകൂർ ആർക്കിയോളജി വിഭാഗം ഡയറക്ടറായിരുന്ന പരേതനായ ആർ.വാസുദേവ പൊതുവാളിന്റെ മകളുമാണ് ഇന്ദിര.
മദ്രാസ് ക്യൂന്മേരീസ് കോളേജിൽനിന്നും ബി.എ. ഓണേഴ്സ് ബിരുദം നേടിയ ഇന്ദിര 1949-ൽ തിരുവിതാംകൂർ റേഡിയോ നിലയത്തിൽ അനൗൺസറായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഇംഗ്ലീഷ് വാർത്താ അവതാരകയായി ശ്രദ്ധനേടി. ആകാശവാണിയുടെ ആദ്യ മലയാള പ്രക്ഷേപണത്തിനു സാക്ഷിയായി. ആകാശവാണിയിലെ പുതിയ പരിപാടികൾക്ക് ചുക്കാൻപിടിക്കാനെത്തിയവരിൽ ഒരാളായ ജോസഫ് വെണ്ണിയൂരുമായുള്ള പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറി. 1954-ലായിരുന്നു വിവാഹം. 1984-ൽ ഓൾ ഇന്ത്യ റേഡിയോ പ്രോഗ്രാം എക്സിക്യുട്ടീവായി വിരമിച്ചു. മക്കൾ: വിജയൻ വെണ്ണിയൂർ(ഷാർജ ഗൾഫ് ടുഡേ സീനിയർ എഡിറ്റർ), ഡോ. കേണൽ അജിത് വെണ്ണിയൂർ(സീനിയർ ഓങ്കോളജിസ്റ്റ്, ഒമാൻ), സാജൻ വെണ്ണിയൂർ (ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, ജർമൻ റേഡിയോ). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് തൈക്കാട് ശാന്തികവാടത്തിൽ.
തിരുവിതാംകൂറിൽ ദിവാൻ സി.പി.രാമസ്വാമി അയ്യർ മുൻകൈയെടുത്ത് കുറഞ്ഞ പ്രസരണശേഷിയിൽ 'തിരുവിതാംകൂർ റേഡിയോനിലയം' സ്ഥാപിക്കാൻ തീരുമാനിച്ചത് ഏറെ ചർച്ചയായിരുന്നു. അന്ന് ദ്രാസിലെ ക്യൂൻ മേരി കോളേജിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ബി.എ. ഓണേഴ്സ് പാസായി തിരിച്ചെത്തിയ ഇന്ദിരാ പൊതുവാളിന്റെ ആഗ്രഹം റേഡിയോയിലെ വാർത്താ വായനക്കാരിയാകണമെന്നായിരുന്നു. അതിനുള്ള അപേക്ഷയും സർട്ടിഫിക്കറ്റുകളും അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രി പറവൂർ ടി.കെ.നാരായണ പിള്ളയുടെ മുന്നിലെത്തിച്ചു. അങ്ങനെ 1949-ൽ ഇന്ദിര തിരുവിതാംകൂർ റേഡിയോ നിലയത്തിൽ അനൗൺസറും പിന്നീട് തന്റെ സ്വപ്നമായ ഇംഗ്ലീഷ് വാർത്ത വായനക്കാരിയുമായി.
ഓരോ ദിവസവും വൈകീട്ട് 7 മുതൽ 7-15 വരെയുള്ള വാർത്ത വായിച്ചുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നിലയം ഡയറക്ടർ രാമവർമ അഭിനന്ദനവുമായി സ്റ്റുഡിയോയ്ക്കുപുറത്ത് കാത്തുനിന്നിരുന്നതായിരുന്നു അന്നത്തെ അഭിമാനനിമിഷമെന്ന് ഇന്ദിര പറഞ്ഞിരുന്നു. ആദ്യകാല പിന്നണിഗായിക ശാന്താ പി.നായരുടെ സഹോദരി കൂടിയാണ് ഇന്ദിര. 1950 ഏപ്രിൽ ഒന്നുമുതൽ തിരുവിതാംകൂർ റേഡിയോ നിലയം ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായി. രണ്ടുവർഷം കഴിഞ്ഞ് ആകാശവാണി, പഴയ എംഎൽഎ. ക്വാർട്ടേഴ്സിൽനിന്ന് ഇന്നത്തെ ഭക്തിവിലാസം കൊട്ടാരത്തിലേക്കുമാറ്റി. ഇന്ദിരയും സഹപ്രവർത്തകരും അങ്ങനെ കേരളത്തിലെ മറ്റൊരു ചരിത്രത്തിന്റെകൂടി ഭാഗമായി.
പ്രശസ്ത സാഹിത്യകാരനും കലാവിമർശകനും ആകാശവാണിയിലെ പ്രോഗ്രാം അസിസ്റ്റന്റുമായ ജോസഫ് വെണ്ണിയൂരും ഇന്ദിരയുമായുള്ള പ്രണയം വിവാഹത്തിലെത്തിയത് 1954 ജൂലായ് നാലിനായിരുന്നു. വീട്ടുകാരുടെ മൗനാനുവാദത്തോടെ കോട്ടൺഹിൽ സ്‌കൂളിനടുത്തുള്ള വാടകവീട്ടിൽവെച്ച് ജോസഫ്, ഇന്ദിരയ്ക്ക് താലികെട്ടിയപ്പോൾ മതവും ജാതിയുമില്ലാത്ത പുതിയ ജീവിതം. 38 വർഷം മുമ്പ് ജോസഫ് വെണ്ണിയൂർ ബോംബെ നിലയത്തിൽ ഡയറക്ടറായിരിക്കെ അവിചാരിതമായി മരിച്ചു. 34 വർഷത്തെ ആകാശവാണി ജീവിതത്തിനൊടുവിൽ 1984-ൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ഇന്ദിര വിരമിച്ചു.
തൃശ്ശൂരിലെ പൊതുവാൾ അമ്പാടി തറവാട്ടിൽ 1926ൽ ജനിച്ച ഇന്ദിര 15ാം വയസ്സിലാണ് തിരുവനന്തപുരത്തെത്തിയത്. അച്ഛൻ ആർ.വാസുദേവ പൊതുവാൾ തിരുവിതാംകൂർ ആർക്കിയോളജി/മ്യൂസിയം ഡയറക്ടറായി നിയമിതനായപ്പോഴായിരുന്നു അത്. മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ കണിശക്കാരനായിരുന്ന വാസുദേവ പൊതുവാൾ ഇന്ദിരയെ അണ്ണാ സർവകലാശാലയിലയച്ചു പഠിപ്പിച്ചു. സാമ്പത്തികശാസ്ത്രത്തിൽ ബി.എ. ഓണേഴ്സ് പാസായി തിരിച്ചെത്തിയപ്പേഴാണ് ആകാശവാണിയിൽ എത്തുന്നത്. പെൺകുട്ടികൾ ജോലിക്കു പോകുന്നതു പ്രോത്സാഹിപ്പിക്കാത്ത തറവാട്ടിൽനിന്നു സമ്മതം വാങ്ങുകയായിരുന്നു ആദ്യത്തെ കടമ്പ. അതു കടന്നുകിട്ടിയപ്പോൾ അപേക്ഷയും സർട്ടിഫിക്കറ്റുകളും അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി പറവൂർ ടി.കെ.നാരായണപിള്ളയുടെ മുന്നിലെത്തിച്ചു. മുഖ്യമന്ത്രി മുതൽ റേഡിയോനിലയം ഡയറക്ടർവരെ അംഗീകരിച്ച ഇന്ദിര അങ്ങനെ 1949ൽ തിരുവിതാംകൂർ റേഡിയോനിലയത്തിൽ അനൗൺസറായി ചേർന്നു. പിന്നീട് വാർത്താ വായനക്കാരിയും.
ആകാശവാണിയിൽ പുതിയ പരിപാടികൾ ആസൂത്രണം ചെയ്തപ്പോൾ അതിനു നേതൃത്വം കൊടുക്കാൻ കോഴിക്കോട് നിലയത്തിൽനിന്ന് മൂന്നു നാല് ചെറുപ്പക്കാരെത്തി. അതിലൊരാളായ പ്രോഗ്രാം അസിസ്റ്റന്റ് ജോസഫ് വെണ്ണിയൂരും അനൗൺസർ ഇന്ദിരയും ചേർന്നവതരിപ്പിച്ച പരിപാടികൾ പതുക്കെ പ്രണയതരംഗങ്ങളായി പരിണമിച്ചു. തന്റെ ജീവിതത്തിലെ അടുത്ത കടമ്പയായിരുന്നു ആ പ്രണയത്തിനു സമ്മതം വാങ്ങുകയെന്നത്. അതും ഇന്ദിര നേടിയെടുത്തു. വിവാഹ ശേഷം റേഡിയോ വിപ്ലവത്തിൽ 'ഇന്ദിരാജോസഫു'മാർ ഒന്നിച്ചു മുന്നേറിയെന്നതാണ് ചരിത്രം.


