ന്യൂഡൽഹി: എൻഡിടിവിക്ക് മേൽ കേന്ദ്രസർക്കാർ പിടിമുറുക്കുന്നു. ഒരു ദിവസത്തിനിടെ കേന്ദ്രസർക്കാരിന്റെ മൂന്ന് ഏജൻസികൾ എൻഡിടിവിക്കെതിരായ നീക്കം ശക്തമാക്കി. ചാനൽ 429 കോടി രൂപ ഉടൻ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി.

അമേരിക്കയിൽ നിന്നും ചാനലിൽ നിക്ഷേപിക്കപ്പെട്ട 150 ദശലക്ഷം ഡോളറിന്റെ ഉടപാടിന്റെ പേരിലാണ് നടപടി. ഇടപാട് തട്ടിപ്പാണെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. എന്നാൽ ഇടപാട് തീർത്തും നിയമാനുസൃതവും ഔദ്യോഗികമായി വിജ്ഞാപനം ചെയ്തതുമാണെന്ന് ചാനൽ വ്യക്തമാക്കി. ആദായ നികുതി വകുപ്പ്, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികളാണ് ചാനലിനെതിരെ നീക്കം ശക്തമാക്കിയത്.

സാവകാശം നൽകാതെ 429 കോടി രൂപ ഉടൻ അടയ്ക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ഞെട്ടലുണ്ടാക്കിയെന്ന് ചാനൽ അധികൃതർ പ്രതികരിച്ചു. ആദായ നികുതി വകുപ്പ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം എൻഡിടിവിയിൽ നടത്തേണ്ട കണക്കെടുപ്പ് പോലും പൂർത്തിയാക്കിയിട്ടില്ലെന്നും ചാനൽ ചൂണ്ടിക്കാട്ടി.