റിയാദ്: മിനാ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം പതിനാലായി. മലപ്പുറം കോട്ടപ്പടി സ്വദേശി സമീർ ചെകിടപ്പുറത്തിന്റെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മലയാളികളുടെ മരണ സംഖ്യ പതിനാലിലേക്ക് ഉയർന്നത്. അഭ്യന്തര ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജിനു എത്തിയതായിരുന്നു സമീർ.

ദുരന്തത്തിൽ 101 ഇന്ത്യക്കാരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചതായി കോൺസുലേറ്റ് അറിയിച്ചു. ഇതുവരെയുള്ള കണക്ക് അനുസരിച്ച് മൊത്തം 770 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ പലരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. മരണപ്പെട്ടവരുടെ ചിത്രം ആശുപത്രി മോർച്ചറികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

എന്നാൽ ദിവസം കഴിയുംതോറും തിരിച്ചറിയൽ കൂടുതൽ ദുഷ്‌ക്കരമാകുകയാണ്. ഇന്ത്യക്കാരായ നിരവധി തീർത്ഥാടകരെ കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. ദുരന്തത്തിൽ മരിച്ചവരെയും കാണാതായവരെയും തിരിച്ചറിയാനും കണ്ടെത്താനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.

ഹജ്ജിന്റെ പ്രധാന വേദികളിൽ ഒന്നായ മിനായിലെ ജംറ സമുച്ചയത്തിലേക്കുള്ള വഴിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ദുരന്തം ഉണ്ടായത്. അറഫാസംഗമവും മുസ്ദലിഫയിലെ രാപ്പാർക്കലും കഴിഞ്ഞ് മിനായിലേക്ക് തിരിച്ചത്തെിയ ഹാജിമാർ പിശാചിന്റെ പ്രതീകമായ ജംറകൾ എറിയാൻ പുറപ്പെട്ടപ്പോഴാണ് ദുരന്തമുണ്ടായത്. തെറ്റായ ദിശയിൽ ഹാജിമാർ കല്ലെറിയാെനത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്.