തിരുവനന്തപുരം: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) നെടുമങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ജീവനക്കാർ രണ്ടാം ശനിയാഴ്ച അവധി ഉപേക്ഷിച്ച് ജോലിക്ക് ഹാജരായി.

നഗരസഭയിലെ ജന സേവന കേന്ദ്രം, റവന്യു, ആരോഗ്യം, ഇഞ്ചിനിയറിങ്, പൊതു ഭരണം, ഉൾപ്പടെയുള്ള എല്ലാ സെക്ഷനുകളും പ്രവർത്തിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ പദ്ധതികൾ പൂർത്തീകരിക്കാനും അടുത്ത വർഷത്തെ പദ്ധതി രൂപീകരണം എന്നിവ നടത്തേണ്ടി വന്നതിനാൽ ഉണ്ടായ അധിക ജോലി ചെയ്യുന്നതിലേക്കാണ് ജീവനക്കാർ സ്വമേധയാ ജോലിക്ക് ഹാജരായത്.

യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുൻപും ജീവനക്കാർ അവധി ഉപേക്ഷിച്ച് ജോലി ചെയ്തിട്ടുണ്ട്. നഗരസഭകളിലേക്ക് കൂടുതൽ ചുമതലകൾ വന്നെങ്കിലും അതിന് ആനുപാതികമായി ജീവനക്കാർ ഇല്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. ഹരിത മിഷൻ, ലൈഫ്മിഷൻ, തുടങ്ങിയ പദ്ധതികൾ നഗരസഭകൾ മുഖേന നടപ്പിലാക്കി വരികയും ഗ്രീൻ പ്രോട്ടോക്കാൾ നെടുമങ്ങാട് നഗരസഭയിൽ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഉണ്ടായ ജോലിത്തിരക്കും പരിഗണിച്ചാണ് ജീവനക്കാർ ജോലിക്ക് എത്തിയത്.

കൂടാതെ മാർച്ച് 31 വരെ വൈകിട്ട് അര മണിക്കൂർ അധികമായി ജോലി ചെയ്യുവാനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഹാജരായ ജീവനക്കാരെ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിആർ സുരേഷ്, കൗൺസിലർമാരായ പി രാജീവ്, രവീന്ദ്രൻ, എൻ ആർ . ബൈജു എന്നിവർ ആഫീസിലെത്തി അനുമോദിച്ചു.

യൂണിയൻ ജില്ലാ സെക്രട്ടറി ട ട മിനു, സംസ്ഥാന വനിതാ കമ്മിറ്റിയംഗം എസ് ശാന്തി, എസ് ബഷീർ, അനീഷ് ജെപി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.