നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സമയ ക്രമം പുറത്തിറക്കി. 25 ന് പ്രാബല്യത്തിൽ വരും. 2016 മാർച്ച് 26 വരെയാണ് ശൈത്യകാല വിമാന സമയക്രമത്തിന്റെ കാലാവധി. വേനൽക്കാല സമയക്രമത്തെ അപേക്ഷിച്ച് ശൈത്യകാല പട്ടികയിൽ വിമാന സർവീസുകളുടെ എണ്ണത്തിൽ വർധനയുണ്ട്. ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് എയർ ഇന്ത്യയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഏറ്റവുമധികം സർവീസ് നടത്തുന്നത്.

വേനൽക്കാല പട്ടികയിൽ പ്രതിവാരം 1064 സർവീസുകളാണ് കൊച്ചിയിൽ നിന്നുണ്ടായിരുന്നത്. ശൈത്യകാല പട്ടികയിൽ ഇത് 1094 ആയി വർധിച്ചു. രാജ്യാന്തര സർവീസുകളുടെ എണ്ണം 533ൽ നിന്ന് 590 ആയി വർധിച്ചു. എന്നാൽ ആഭ്യന്തര സർവീസുകളുടെ എണ്ണം 531ൽ നിന്ന് 504 ആയി കുറഞ്ഞു. എയർഇന്ത്യയ്ക്ക് പ്രതിവാരം 43 വീതം ആഗമനവും പുറപ്പെടലും. തൊട്ടുപിന്നിൽ ജെറ്റ് എയർവെയ്‌സ് ആണ്; മൊത്തം 84 സർവീസുകൾ. ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് ദുബായിലേക്ക് 51ഉം ഷാർജയിലേക്കും അബുദാബിയിലേക്കും 35 വീതവും വിമാനങ്ങൾ ഓരോ ആഴ്ചയിലും പുറപ്പെടും.

ആഭ്യന്തര മേഖലയിൽ മുംബൈയാണ് മുന്നിൽ. മുംബൈയിലേക്ക് 86ഉം ഡൽഹിയിലേക്ക് 77ഉം െബംഗളൂരുവിലേയ്ക്ക് 73ഉം സർവീസുകൾ എല്ലാ ആഴ്ചയിലും കൊച്ചിയിൽ നിന്ന് പുറപ്പെടും. എയർ ഏഷ്യ (കോലാലംപുരിലേക്ക്), സൗദി എയർലൈൻസ്, സിൽക് എയർലൈൻസ് (സിംഗപ്പുരിലേക്ക്) എന്നീ വിമാനക്കമ്പനികൾ ശൈത്യകാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ എയർ ഏഷ്യ ദിവസവും രണ്ട് വിമാനങ്ങൾ സർവീസ് നടത്തും.

സിൽക് എയർ അഞ്ച് ദിവസം ഓരോ വിമാനവും വെള്ളി, ശനി ദിവസങ്ങളിൽ രണ്ട് വീതം വിമാനങ്ങളും സർവീസ് നടത്തും.