കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ സാധനങ്ങൾ നഷ്ടപ്പെടുന്നു എന്ന വലിയ പരാതികൾ തുടരുന്നതിനിടെ ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സാധനങ്ങൾ നഷ്ടപ്പെടുന്നതായി പരാതി. ഇത്തവണ ചലച്ചിത്ര-സീരിയൽ നടനായ നൗഷാദിന്റെ സാധനങ്ങളാണ് നഷ്ടമായത്.

കുത്തിത്തുറന്ന ബാഗിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ച്സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് വീണ്ടും വിമാനത്താവളങ്ങൾ കൊള്ള സംങ്കേതങ്ങളാകുന്നു എന്നാണ് യാത്രക്കാർ പറയുന്നത്.

എയർ അറേബ്യ വിമാനത്തിലാണ് ചാവക്കാട് സ്വദേശിയായ നൗഷാദ് ചൊവ്വാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്. എത്തിയതിന് ശേഷം ആദ്യം ഒരു ലഗേജ് വന്നെങ്കിലും രണ്ടാമത്തത് കുറച്ച് കഴിഞ്ഞ് എയർ അറേബ്യ സ്റ്റാഫാണ് കൊണ്ട് വന്നത്. 20 മിനുട്ട് ശേഷം കൊണ്ട് വന്ന ബാഗ് പൊട്ടിച്ച നിലയിലായിരുന്നു. ബാഗിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇത് എവിടെനിന്ന് സംഭവിച്ചെന്ന് അറിയില്ലെന്നുമാണ് എയർ അറേബ്യ സ്റ്റാഫ് പറഞ്ഞത്. നഷ്ടപരിഹാരം ലഭിക്കുന്ന കാര്യം ഉറപ്പില്ലെന്നും പറഞ്ഞു.

62000 രൂപ വിലയുള്ള മൂന്ന് വാച്ചുകളും ക്രീമുകളും ഷാമ്പൂവും ചോക്ലേറ്റുമെല്ലാം നഷ്ടമായതായി നൗഷാദ് പറയുന്നു. സ്വർണവും ലാപ്‌ടോപ്പും പോലുള്ള വിലകൂടിയ വസ്തുക്കളാണ് അവരുടെ നോട്ടം. ബാഗ് പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ കാര്യമായ എന്തോ ഉണ്ടെന്ന് തോന്നിയാണ് കുത്തിത്തുറന്നിരിക്കുന്നത്. എന്നാൽ, വാച്ച് മാത്രമേ അവർക്ക് ലഭിച്ചുള്ളൂ. സാധനങ്ങൾ നഷ്ടമായത് നെടുമ്പാശ്ശേരിയിൽ വച്ചാണോ ഷാർജ വിമാനത്താവളത്തിൽ വച്ചാണോ എന്ന് തനിക്കറിയില്ലെന്നും നൗഷാദ് പറഞ്ഞു.

എന്റെ സാധനങ്ങൾ പോയതിൽ എനിക്ക് വലിയ വിഷമമില്ല. അതേസമയം, ജീവിക്കാനായി ഗൾഫിൽ കിടന്ന് പെടാപ്പാട് പെടുന്നവനും നാട്ടിലേക്ക് വരുമ്പോൾ ഇത്തരത്തിൽ കൊള്ളയടിക്കപ്പെടുന്നുണ്ട് എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. എയർപോർട്ടിൽ എന്നെ വിളിക്കാനെത്തിയ സുഹൃത്തും ചലച്ചിത്ര സംവിധായകനുമായ പ്രശാന്ത് മാമ്പുള്ളിയാണ് ഇത് പുറംലോകം അറിയണമെന്ന് പറഞ്ഞ് വീഡിയോ എടുത്തതെന്നും നൗഷാദ് പറഞ്ഞു.

അതേസമയം, സാധനങ്ങൾ നഷ്ടമായതിനെ കുറിച്ച് അന്വേഷണം നടത്തിയെന്നും നെടുമ്പാശ്ശേരിയിൽ നിന്നല്ല അവ നഷ്ടമായതെന്ന് വ്യക്തമായിട്ടുണ്ടെന്നും സിയാൽ പിആർഒ ജയൻ പറഞ്ഞു. ഇതുസംബന്ധിച്ച് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. സാധനങ്ങൾ നഷ്ടമായെന്ന് ബോധ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് എയർ അറേബ്യ അറിയിച്ചിട്ടുണ്ടെന്നും സിയാൽ പിആർഒ വ്യക്തമാക്കി.

മുമ്പ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലാണ് സാധനങ്ങൾ നഷ്ടമാകുന്നത് എന്ന പരാതി ഉയർന്നിരുന്നത്. സാധനങ്ങൾ എല്ലാം നഷ്ടമാകുന്നത് പതിവാണ് എന്നാൽ ഇതിനെതിരെ ഒരു നടപടിയും ആരും എടുക്കുന്നില്ല എന്നും ആക്ഷേപം ഉണ്ട്. വിമാനത്തവാളങ്ങളിൽ പ്രവാസികളെ കൊള്ളയടിക്കാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ടെന്നാണ് പ്രവാസികളുടെ ആക്ഷേപം. പ്രവാസികൾ കൊണ്ടുവരുന്ന ലഗേജുകൾ നഷ്ടമാകുന്നതും ലഗേജുകളിലെ വിലപിടിപ്പുള്ള സാധനങ്ങൾ കാണാതാകുന്നതും നിത്യസംഭവമായ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുമ്ബ് മറുനാടൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എയർപോർട്ടിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നഗ്‌നമായ പിടിച്ചുപറി തന്നെയാണ് നടക്കുന്നതെന്നെന്നാണ് അറിയുന്ന്ത. വിമാന കമ്ബനികളുടെ സുരക്ഷാ ഏജൻസികൾ മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെയുള്ളവരാണ് ഈ പകൽകൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നവർ എന്നാണ് ആക്ഷേപം.

ഉദ്യോഗസ്ഥരുടെ പിടിച്ചുപറിക്കു പുറമെ വിമാനത്തിൽ കയറ്റുന്ന ലഗേജുകൾ കാണാതാകുന്നതും എയർപോർട്ടുകളിൽ തുടർക്കഥയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലഗേജുകൾ നഷ്ടമായതിന്റെ പേരിൽ കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം ഇരുപതോളം പരാതികളായിരുന്നു പൊലീസിൽ ലഭിച്ചത്. എന്നാൽ പൊലീസിലും എയർപോർട്ട് അഥോറിറ്റിയിലും പരാതിലഭിക്കാത്ത സംഭവങ്ങളാണ് അധികവും. ശരാശരി ദിവസവും മൂന്ന് പേരുടെ ലഗേജുകളോ ലഗേജിൽ നിന്നുള്ള വസ്തുക്കളോ എങ്കിലും കാണാതാകുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവരാരും പരാതിപ്പെടാനോ കേസിനു പിന്നാലെ പോകാനോ തയ്യാറായിട്ടില്ല. പ്രവാസികളുടെ ഈ മനോഭാവം മോഷ്ടാക്കൾക്ക് കൂടുതൽ വളമാകുന്ന സ്ഥിതിയാണ്. വർഷങ്ങളുടെ അധ്വാനമാകും പല പ്രവാസികൾക്കും എയർപോർട്ടിലും വിമാനത്തിലും നഷ്ടമാകുന്നത്.

എയർപോർട്ടിനുള്ളിൽ നിന്നും നഷ്ടമാകുന്ന ചെറിയ വസ്തുക്കൾ മാത്രമാണ് പൊലീസ് അന്വേഷണത്തിൽ പ്രവാസികൾക്ക് ഇതുവരെയും തിരിച്ചു കിട്ടിയത്. മൊബൈൽ, പേഴ്‌സ്, മറ്റു രേഖകൾ, സ്വർണാഭരണങ്ങൾ എന്നിവ വീണു പോകുകയോ തിരിച്ചെടുക്കാൻ മറക്കുന്നതോ ആണ് ഇവയെല്ലാം. ഇത്തരത്തിൽ നഷ്ടമാകുന്ന സാധനങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞതു പ്രകാരം മോഷ്ടാക്കളെ കണ്ടെത്താൻ സാധിക്കാറുണ്ട്. എന്നാൽ ലഗേജുകൾ നഷ്ടമാകുന്നതും വിലപിടിപ്പുള്ള സാധനങ്ങൾ ലഗേജിൽ നിന്നും കാണാതാകുന്നതും ഇതുവരെയും പൊലീസിനു തെളിയിക്കാൻ സാധിച്ചിട്ടില്ല.

എയർപോർട്ട് അഥോറിറ്റിയുമായി ബന്ധപ്പെട്ട കേസായതിനാലും ഉന്നത കമ്ബനികൾക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അന്വേഷണത്തിന്റെ പരിമിതികളുമാണ് ഇത്തരം കേസുകൾ ഇതുവരെ വെളിച്ചം കാണാതെ കിടക്കുന്നത്. കരിപ്പൂർ എയർപോർട്ടിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ സിസി ക്യാമറയിൽ പതിയാത്ത സ്ഥലത്തു വച്ചായിരിക്കും നടക്കുക. മാത്രമല്ല, ക്യാമറ പതിയുന്നിടങ്ങളിൽ ആളുകളെ തിരിച്ചറിയുന്നതിലെ വ്യക്തതക്കുറവും ഉണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ മാസങ്ങൾക്കു മുമ്ബ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ കൂട്ട സംഘട്ടനത്തിനു പിന്നാലെ സിസി ടിവി ക്യാമറകൾ മാറ്റിസ്ഥാപിക്കുന്നതിനും ഇല്ലാത്തിടത്ത് പുതിയത് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതുവരെയും ഈ തീരുമാനവും നടപ്പായിട്ടില്ല.

ഏറ്റവും കൂടുതൽ ലഗേജുകൊള്ളകൾ നടക്കുന്നത് വിമാനത്തിൽ നിന്നും പുറത്തിറക്കുന്ന സമയത്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. ഓരോ വിമാന കമ്ബനികളും വിവിധ ഏജൻസികൾക്കാണ് ലഗേജിന്റെ സുരക്ഷ ഏൽപ്പിച്ചിട്ടുള്ളത്. വൻകിട ഏജൻസികളുടെയും കമ്ബനികളുടെയും നിയന്ത്രണത്തിലാണ് ലഗേജ് കയറ്റാനും ഇറക്കാനും ജീവനക്കാരെ നിയമിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നും വിമാനത്തിൽ കയറ്റുന്നതും ഇറക്കുന്നതും ഈ ജീവനക്കാരാണ്. ലഗേജുകൾ മോഷണം നടത്തുന്നതിനു പിന്നിൽ വൻശൃംഖല പ്രവർത്തിക്കുന്നതായാണ് വിവിധ അന്വേഷണ ഏജൻസികൾക്കും ലഭിക്കുന്ന വിവരം. വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ലഗേജുകളിൽ പ്രത്യേക കോഡ് ഭാഷകളിൽ മാർക്ക് ചെയ്യപ്പെട്ടാണ് വിദേശത്ത് നിന്നും വരുന്നത്.

ലഗേജ് നമ്ബറും മറ്റുവിവരങ്ങളും അടങ്ങിയ സന്ദേശങ്ങൾ വാട്‌സ് ആപ്പിലൂടെയും ഇവർ പരസ്പരം കൈമാറുന്നു. ഇതനുസരിച്ച് വിമാനത്തിൽ നിന്നും ഇറക്കുന്ന ലഗേജുകളിൽ നിന്നും കൃത്യമായി മോഷണം ചെയ്യപ്പെടുകയാണ് പതിവ്. പെട്ടിയിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് മോഷണം നടന്നിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. ഇത്തരത്തിൽ മോഷണം നടത്തുന്നത് തടയാനോ ഇവരെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ലെന്നതുമാണ് യാഥാർത്ഥ്യം. കേരളാ പൊലീസിന്റെ അന്വേഷണത്തിന് ഏറെ പരിമിതികളുണ്ടെന്നും ഉന്നത ഏജൻസികളുടെ അന്വേഷത്തിൽ നിന്നും മാത്രമെ അന്തർദേശീയ ബന്ധമുള്ള ഈ മോഷണ സംഘത്തെ കണ്ടു പിടിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷം.