- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ സായിപ്പും കേരളത്തിലെ സ്വർണ്ണക്കടത്തുകളുടെ ഭാഗമായി; രണ്ടരക്കോടിയുടെ സ്വർണം പാന്റ്സിൽ ഒളിപ്പിച്ചെത്തിയ അയർലണ്ടുക്കാരൻ പത്ത് തവണ മുമ്പ് സ്വർണം എത്തിച്ചതായി റിപ്പോർട്ട്; നൗഷാദ് വലയിലായത് കള്ളപ്പണം പങ്കുവയ്ക്കുന്നതിലെ തർക്കത്തെ തുടർന്ന്
നെടുമ്പാശേരി:കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി പത്തു കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ചതിന് പിടിയിലായ അയർലൻഡ് സ്വദേശി ആൻഡ്രൂ എഡ്വിൻ മിനിഹാൻ (42) രാജ്യാന്തര ലോബിയിലെ പ്രധാനിയാണെന്ന് സൂചന. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇന്ത്യയിലേക്കു ഇയാൾ സ്വർണം കടത്തിയതു പത്തു തവണയെന്നും വ്യക്തമാക്കി. കൊച്ചി കേന്ദ്രീകരിച്ചുള്ള സ്വർണ കള്ളക്കടത്തു സം
നെടുമ്പാശേരി:കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി പത്തു കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ചതിന് പിടിയിലായ അയർലൻഡ് സ്വദേശി ആൻഡ്രൂ എഡ്വിൻ മിനിഹാൻ (42) രാജ്യാന്തര ലോബിയിലെ പ്രധാനിയാണെന്ന് സൂചന. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇന്ത്യയിലേക്കു ഇയാൾ സ്വർണം കടത്തിയതു പത്തു തവണയെന്നും വ്യക്തമാക്കി. കൊച്ചി കേന്ദ്രീകരിച്ചുള്ള സ്വർണ കള്ളക്കടത്തു സംഘത്തിൽ അടുത്തിടെ പിടിയിലാകുന്ന ആദ്യ വിദേശ കണ്ണിയാണ് ആൻഡ്രൂ. കൊച്ചിയിലേക്ക് ഇതിനു മുൻപും സ്വർണവുമായി എത്തിയിട്ടുണ്ടെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.
അതിനിടെ നൗഷാദിനൊപ്പം സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേരാണു കസ്റ്റംസിന് നൗഷാദിനെ ഒറ്റുകൊടുത്തതെന്നാണ് പുതിയ സൂചന. നൗഷാദിന്റെ സഹായികളായിരുന്നവർ തന്നെയാണ് ഇക്കാര്യം പരസ്യമായി പറയുന്നത്. കള്ളപ്പണം പങ്കുവയ്ക്കുന്നതിലെ തർക്കമാണ് ഒറ്റുകൊടുക്കലിലേയ്ക്ക് വഴിവച്ചത്. ഇന്നലെ പിടിയിലായ വിദേശിക്കും നൗഷാദുമായി ബന്ധമുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കും. അതിനിടെ നൗഷാദു കുഞ്ഞു മുഹമ്മദുമാണ് സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണികളെന്ന സൂചനയും ലഭിച്ചു. ഇവർ രണ്ടു പേരും രണ്ട് വഴിക്ക് നീങ്ങിയതാണ് റാക്കറ്റ് പൊളിയാൻ കാരണമെന്നാണ് മറ്റൊരു സൂചന. നൗഷാദിന്റേയും കുഞ്ഞു മുഹമ്മദിന്റേയും സ്വത്ത് കണ്ടെത്താനുള്ള ശ്രമവും കസ്റ്റംസ് തുടങ്ങിക്കഴിഞ്ഞു.
തിങ്കളാഴ്ച രാത്രി എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ആൻഡ്രൂ, ജാക്കറ്റിന്റെയും പാന്റിന്റെയും ഉള്ളിൽ തയാറാക്കിയ അറകളിലൊളിപ്പിച്ചു 10 സ്വർണക്കട്ടികളാണു കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിനു രണ്ടരക്കോടി രൂപ വിലയുണ്ട്. ഗ്രീൻ ചാനൽ വഴി പുറത്തു കടക്കാൻ ശ്രമിച്ച ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണു സ്വർണക്കടത്ത് കണ്ടെത്തിയത്. ജാക്കറ്റിന്റെ മുൻഭാഗത്ത് ഇരുവശത്തുമായി മൂന്നു വീതം അറകളാണുണ്ടായിരുന്നത്. പാന്റിന് നാല് അറകളും. ഓരോ അറയിലും ഓരോ കിലോഗ്രാം സ്വർണക്കട്ടിയാണു സൂക്ഷിച്ചിരുന്നത്.
സ്വർണം കാർബൺ പേപ്പറിൽ പൊതിഞ്ഞ് അറകളിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. ജാക്കറ്റിനു മീതെ കോട്ടും ഇയാൾ ധരിച്ചിരുന്നു. വിമാനമിറങ്ങിയ ശേഷം പ്രീപെയ്ഡ് ടാക്‌സിയിൽ ദേശീയപാതയിൽ പാലാരിവട്ടത്തുള്ള ഹോട്ടലിലേക്കു പോകാനാണു സ്വർണം കൊടുത്തുവിട്ട ദുബായിലെ സംഘം ഇയാളോടു നിർദ്ദേശിച്ചത്. ഹോട്ടലിലെത്തി മറ്റൊരാൾ സ്വർണം കൈപ്പറ്റുമെന്നായിരുന്നു സന്ദേശം. ഹോട്ടലിൽ ഏതാനും ദിവസം ഇയാൾക്കു തങ്ങുന്നതിനും ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ആൻഡ്രൂവിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവിടെ സഹായങ്ങൾ ഒരുക്കിയവർക്കായി അന്വേഷണം ആരംഭിച്ചെന്ന് കസ്റ്റംസ് അറിയിച്ചു.
അതിനിടെ സ്വർണവും കുഴൽപണവും കടത്തുന്നത് കുടുംബ ബിസിനസാക്കി മാറ്റുകയായിരുന്നു നൗഷാദും കുഞ്ഞുമുഹമ്മദുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന സൂചന. ഇവരുടെ ഉറ്റ ബന്ധുക്കളാണ് ദുബായിലും കേരളത്തിലും ഇവ നിയന്ത്രിച്ചിരുന്നത്. ഇതിലുൾപ്പെട്ട രണ്ടുപേർ സ്വന്തമായി സ്വർണക്കടത്തിലേക്കും റസ്റ്ററന്റ് നടത്തിപ്പിലേക്കും കടന്നതോടെയുണ്ടായ അകൽച്ചയാണ് നൗഷാദിന്റെ അറസ്റ്റിലേക്കു വഴിതെളിയിച്ചത്. നൗഷാദിനൊപ്പം സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേരാണു കസ്റ്റംസിന് നൗഷാദിനെ ഒറ്റുകൊടുത്തതെന്നാണ് വ്യക്തമാകുന്നത്.
നൗഷാദിന്റെ സ്വത്തുക്കളുടെ കണക്കെടുപ്പിലാണിപ്പോൾ കസ്റ്റംസ്. എന്നാൽ, ഇയാളുടെ പേരിൽ മാത്രമായി വമ്പൻ സമ്പാദ്യമില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. കുഞ്ഞുമുഹമ്മദിന്റെയും, നൗഷാദിന്റെയും പേരിലും ബെനാമി പേരുകളിലും വില്ലകളും ബഹുനില മന്ദിരങ്ങളും ഉണ്ടെന്നാണ് വിവരം. മൂവാറ്റുപുഴയിൽ ഇത്തരത്തിലുള്ള ചില ബഹുനില മന്ദിരങ്ങളുടെ നിർമ്മാണം തുടരുന്നുമുണ്ട്. മൂന്നാറിൽ നൗഷാദിന്റെ ഹോട്ടലിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇതിന്റെ ത്രീഡി അനിമേഷൻ ചിത്രങ്ങൾ നൗഷാദ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നിർമ്മാണം ആരംഭിച്ചതു മുതലുള്ള ചിത്രങ്ങളും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഹോട്ടൽ നൗഷാദിന്റെ പേരിലാണോ എന്നതിനെ കുറിച്ചു വ്യക്തമായ രേഖകൾ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടില്ല.