കൊച്ചി: നെടുമ്പാശേരി സ്വർണക്കടത്ത് കേസ് പ്രതിയായ സിവിൽ പൊലീസ് ഓഫിസർ മൂവാറ്റുപുഴ സ്വദേശി ജാബിൻ കെ. ബഷീർ അറസ്റ്റ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നതായി സൂചന. ഇതുകൊണ്ടാണ് അറസ്റ്റിന് ഒരാഴ്ച മുൻപ് രാജിക്കത്ത് നൽകിയതെന്നാണ് സൂചന. നൗഷാദ് കസ്റ്റംസിന്റെ പിടിയിലായതോടെ താനും കുടുങ്ങുമെന്ന് ജാബിൻ തിരിച്ചറിഞ്ഞിരുന്നു. ഇതു മനസ്സിലാക്കി അനധികൃതമായി നേടിയ സ്വത്തുകളിൽ മിക്കതും ജാബിൻ മാറ്റിയതായും സൂചനയുണ്ട്. ഇപ്പോൾ കണ്ടെടുത്ത പന്ത്രണ്ട് കോടി രൂപയുടെ സമ്പാദ്യം കള്ളക്കടത്തിലൂടെ നേടിയതിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് സൂചന.

ജാബിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ബ്യൂറോ ഇയാളുടെ ഡപ്യൂട്ടേഷൻ അവസാനിപ്പിച്ചതിനു പിന്നാലെയാണ് കെഎപി ഒന്നാം ബറ്റാലിയൻ കമൻഡാന്റിനു ജാബിൻ രാജിക്കത്തു നൽകിയത്. എന്നാൽ, രാജിക്കത്തിനെ തുടർന്നുള്ള അന്വേഷണമടക്കമുള്ള നടപടികൾ തുടങ്ങും മുൻപ് കസ്റ്റംസ് ജാബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയനിൽ 2010-ൽ ജോലിക്കു ചേർന്ന ജാബിൻ പരിശീലന ശേഷം ഏഴു മാസം മാത്രമാണ് പൊലീസിൽ ജോലി ചെയ്തത്. തുടർന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഡപ്യൂട്ടേഷനിൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ബ്യൂറോയിൽ കയറിപ്പറ്റുകയായിരുന്നു.

ജാബിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം തുടങ്ങുകയും സ്വർണക്കടത്തിന് ഇയാൾ കൂട്ടുനിൽക്കുന്നതായി സംശയമുയരുകയും ചെയ്തതിനെത്തുടർന്നാണ് ഡപ്യൂട്ടേഷൻ അവസാനിപ്പിച്ചു തിരിച്ചയച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും തിരികെ സർവീസിൽ പ്രവേശിച്ചില്ല. ഇതോടെ കമൻഡാന്റ് വി. സുനിൽകുമാർ ജാബിനു കാരണം കാണിക്കൽ നോട്ടിസ് നൽകി. തുടർന്നു ജോലിക്കെത്തിയ ഇയാൾ കമൻഡാന്റിനു രാജിക്കത്തു നൽകുകയായിരുന്നു. ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ നൽകിയ പരാതിയിൽ ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും കുടുംബ പ്രശ്‌നങ്ങൾ മൂലം ജോലിയിൽ തുടരാൻ കഴിയില്ലെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

രാജി സ്വീകരിക്കുന്നതിനു മുൻപ് രാജിക്കത്തിന്റെ നിജസ്ഥിതിയും സാഹചര്യവും അന്വേഷിക്കുന്ന കീഴ്‌വഴക്കം പൊലീസിലുണ്ട്. ജാബിന്റെ കാര്യത്തിൽ ഈ അന്വേഷണം നടന്നില്ല. പഴ്‌സനൽ വെരിഫിക്കേഷനു നോട്ടിസ് നൽകിയെന്നും അന്വേഷണം തുടങ്ങുമ്പോഴേക്കും ജാബിൻ കസ്റ്റംസിന്റെ പിടിയിലായി എന്നുമാണ് കെഎപി അധികൃതരുടെ വിശദീകരണം. ഇമിഗ്രേഷൻ ബ്യൂറോയിൽ നിന്നു തിരിച്ചയയ്ക്കാനിടയായ സാഹചര്യം പരിശോധിച്ചിരുന്നെങ്കിൽ ജാബിന്റെ കള്ളക്കളികൾ നേരത്തേ പൊളിയുമായിരുന്നു. അതുണ്ടാകാത്തതിനാൽ വകുപ്പുതല അന്വേഷണത്തിൽ നിന്നും തുടർനടപടികളിൽ നിന്നും ജാബിൻ രക്ഷപ്പെട്ടു. 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടിവന്നാൽ സ്വാഭാവികമായി ലഭിക്കുന്ന സസ്‌പെൻഷൻ മാത്രമാണ് ഇപ്പോൾ ഇയാൾക്കു കിട്ടിയത്.

അറസ്റ്റ് മുൻകൂട്ടി കണ്ടതോടെ സ്വർണക്കടത്തിനു പ്രതിഫലമായി ലഭിച്ച പണം ഒളിപ്പിക്കാനും ഇയാൾക്കു സമയം കിട്ടി. ജാബിൻ 1.58 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നു വിജിലൻസിന്റെ ത്വരിത പരിശോധനാ (ക്വിക് വെരിഫിക്കേഷൻ) റിപ്പോർട്ടിലുള്ളത്. ജാബിൻ കസ്റ്റംസിന്റെ പിടിയിലാകുന്നതിനു മുൻപ് വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം എറണാകുളം സ്‌പെഷൽ സെൽ നടത്തിയ പരിശോധനയിലാണു അനധികൃത സ്വത്തിന്റെ കണക്ക് വെളിപ്പെട്ടത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ബ്യൂറോയിൽ ജാബിൻ ഡപ്യൂട്ടേഷനിൽ പ്രവേശിച്ച 2012 ജൂലൈ മുതൽ 2015 ജൂൺ 30 വരെയുള്ള സ്വത്ത് വിവരമാണു വിജിലൻസ് ശേഖരിച്ചത്.

സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്റെ നിഗമനത്തിൽ പന്ത്രണ്ടു കോടിയോളം രൂപയുടെ സ്വത്ത് മൂന്നു വർഷം കൊണ്ട് ജാബിൻ സമ്പാദിച്ചിട്ടുണ്ട്. രണ്ടു കോടിയോളം രൂപ മതിപ്പുവില വരുന്ന രണ്ടു വീടുകൾ, പലയിടത്തായി റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനായി നൽകിയിരിക്കുന്ന മുൻകൂർ തുക എന്നിവയും വിജിലൻസ് കണക്കുകൂട്ടിയിട്ടില്ല. നെടുമ്പാശ്ശേരിയിലെ ജോലിക്കിടെ ജാബിനു ലഭിച്ച മൊത്ത ശമ്പളം 8,29,266 രൂപയാണ്. കയ്യിൽ കിട്ടിയത് 6,18,638 രൂപ. ആറേകാൽ ലക്ഷത്തോളം രൂപ മാത്രം ശമ്പളമിനത്തിൽ കൈപ്പറ്റിയ സിവിൽ പൊലീസ് ഓഫിസറുടെ സ്വത്ത് വിവരങ്ങൾ വിജിലൻസിനെ ഞെട്ടിച്ചു.

സ്വന്തം പേരിൽ അധികമൊന്നും സമ്പാദിക്കാതെ പിതാവ് ബഷീറിന്റെയും സഹോദരൻ നിബിന്റെയും പേരിലായിരുന്നു ജാബിന്റെ സമ്പാദ്യങ്ങൾ. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണു വിജിലൻസ് ത്വരിതപരിശോധന പൂർത്തിയാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാൻ അടുത്ത ദിവസം തന്നെ ജില്ലാ കോടതിയിൽ അപേക്ഷ നൽകും.