കൊച്ചി : വിമാനയാത്രയിൽ അമ്പതിനായിരം രൂപ വരെയുള്ള സാധനങ്ങൾ ഡ്യൂട്ടി നൽകാതെ കൊണ്ടു വരാം. അതല്ലാതെ കൊണ്ടു വരുന്നതിന് നികുതി നൽകണം. ഇതിൽ നിന്ന് രക്ഷ നേടാൻ സ്വർണ്ണവും മറ്റും ലഗേജിനൊപ്പം വിമാനയാത്രക്കാർ കൊണ്ടു വരിക പതിവാണ്. പിടിക്കപ്പെട്ടാൽ മാത്രം നികുതി നൽകിയാൽ മതിയാകും. ഇങ്ങനെ കൊണ്ടു വന്ന സ്വർണം മോഷണം പോയാൽ എന്തു ചെയ്യും? ആകെ കുഴയും. ഈ ആഭരണങ്ങൾ ഡിക്ലയർ ചെയ്തതല്ലെങ്കിൽ നിയമപരമായ അവകാശങ്ങൾ ഉന്നയിക്കാൻ കഴിയുകയുമില്ല. റിസ്‌ക് എടുക്കുന്നവർക്ക് ഇതൊന്നും അറിയില്ലെന്നതാണ് വസ്തുത. ഇതിന് സമാനമായ സംഭവം ഇന്നലെ നെടുമ്പാശ്ശേരിയിൽ നടന്നു.

മസ്‌കറ്റിൽ നിന്നു കൊച്ചിയിലെത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്ന് അഞ്ചു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് ജെറ്റ് എയർവെയ്‌സ് വിമാനത്തിൽ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശി ആർ. രാധാകൃഷ്ണന്റെ ബാഗിലുണ്ടായിരുന്ന സ്വർണാഭരണങ്ങളാണ് കാണാതായത്. സിയാൽ ഗ്രിവൻസസ് സെല്ലിലും അപ്പലേറ്റ് അഥോറിറ്റിയിലും ജെറ്റ് എയർവേയ്‌സ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. നെടുമ്പാശേരിയിൽ ബാഗ് സ്വീകരിച്ചു കഴിഞ്ഞപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിഞ്ഞത്. മൂന്ന് ആഭരണങ്ങളാണുണ്ടായിരുന്നത്.

കവർ പൊട്ടിച്ച് രണ്ടെണ്ണം മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. ഒരെണ്ണം ബാഗിൽ തന്നെ ഉണ്ടായിരുന്നു. ബാഗ് തുറന്ന നിലയിലായിരുന്നെന്നും ബാഗേജ് കൈകാര്യം ചെയ്യുന്നിടത്തു സിസിടിവി ഇല്ലാത്തതിനാൽ എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് വിമാനക്കമ്പനി അധികൃതർ വിശദീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. നഷ്ടപ്പെട്ട സ്വർണാഭരണങ്ങളുടെ ചിത്രങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.