ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യാമാതാവിനെയും ഭാര്യയുടെ മൂത്ത സഹോദരിയെയും കള്ളുചെത്തുന്ന കത്തി ഉപയോഗിച്ചു യുവാവ് കുത്തിക്കൊന്നത് പിഞ്ചുകുഞ്ഞുങ്ങളുടെ മുമ്പിൽ. യുകെജി വിദ്യാർത്ഥികളായ കുഞ്ഞുങ്ങളുടെ മുന്നിലായിരുന്നു കൂട്ടക്കൊല.

സംഭവത്തിന്റെ ആഘാതത്തിൽനിന്നു കുഞ്ഞുങ്ങൾ മോചിതരായിട്ടില്ല. കൂട്ടാർ ഈറ്റക്കാനം പുത്തൻവീട്ടിൽ ഓമന മുരുകൻ (52), മകൾ ബീന സുബിൻ (27) എന്നിവരാണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ഓമനയുടെ ഇളയ മകളുടെ ഭർത്താവായ സുജിൻ (27) അറസ്റ്റിലായി.

കള്ളു ചെത്ത് തൊഴിലാളിയാണ് സുജിൻ. ബീനയുടെ ഭർത്താവ് സുബിന്റെ അനുജനാണു സുജിൻ. സുജിനും ഭാര്യ വിനീതയും തമ്മിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സുജിനും ഭാര്യ വിനീതയും മാസങ്ങളായി അകൽച്ചയിലായിരുന്നു. എട്ടു മാസത്തോളമായി വിനീത സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മദ്യപാനിയായ സുജിൻ വിനീതയെ നിരന്തരമായി ഉപദ്രവിച്ചിരുന്നു.

തുടർന്ന് വിനീത കുഞ്ഞുമായി അമ്മയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു. നിരവധി തവണ സുജിനുമായി ഇതുസംബന്ധിച്ച് സംസാരിച്ചിരുന്നെങ്കിലും പ്രശ്നം ഒത്തുതീർപ്പായില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കുടുംബകോടതിയെ സമീപിക്കുമെന്ന് വീട്ടുകാർ അറിയിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഭാര്യയെ ഒപ്പം വിടണമെന്നു ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. തുടർന്നു ബീനയുമായി സംസാരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

ബഹളത്തിനിടെ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ബീനയെ കുത്തുകയായിരുന്നു. മകളുടെ കരച്ചിൽ കേട്ടെത്തിയ ഓമനയേയും സുജിൻ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലേക്കു കൊണ്ടുപോയത്. മൃതദേഹങ്ങൾ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇരുവരെയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് മേലേചിന്നാറിൽ ഓട്ടോറിക്ഷയുമായി കൂട്ടിമുട്ടി. തുടർന്നു ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിനിടെ കൊലപ്പെടുത്തിയയാൾ ബൈക്കിൽ രക്ഷപ്പെട്ടതായുള്ള വിവരം മേലേചിന്നാർ സ്വദേശിയെ പൊലീസ് വിളിച്ചറിയിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച ശേഷം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി സുജിനെ കസ്റ്റഡിയിലെടുത്തു.

മൃതദേഹങ്ങൾ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലാണ്. ഇന്നു പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഓമനയുടെ ഭർത്താവ് മുരുകൻ 10 വർഷം മുൻപു മരിച്ചു. ബീനയുടെയും വിനീതയുടെയും മക്കളുടെ മുന്നിലായിരുന്നു കൊലപാതകം.

ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ, കട്ടപ്പന ഡിവൈഎസ്‌പി എൻ.സി.രാജ്‌മോഹൻ, നെടുങ്കണ്ടം സിഐ റെജി കുന്നിപ്പറമ്പൻ, എസ്‌ഐമാരായ പി.ടി.ബിജോയ്, ഷനൽകുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.