ഇടുക്കി: അതിരാവിലെ വീട്ടമ്മയെ സ്‌പ്രേ അടിച്ച് മയക്കിക്കിടത്തി മാല മോഷ്ടിച്ച രണ്ടംഗ സംഘത്തിന്റെ കഥ കേട്ടു നാട്ടുകാർ ആദ്യം ഞെട്ടി. പൊലീസ് എത്തി പരാതിക്കാരിയെ തന്നെ വിശദമായി ചോദ്യം ചെയ്തപ്പോൾ മാലപോയ വഴിയും കിട്ടി. ഇപ്പോൾ മോഷണക്കഥ നാട്ടുകാർക്ക് സംസാര വിഷയവുമായി. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തു നിന്നുമാണ് ഒരു മോഷണ ക്കഥ പുറത്തുവന്നത്.

ആരുമറിയാതെ ബന്ധുവിന് പണയം വയ്ക്കാൻ നൽകിയ സ്വർണ മാല പറഞ്ഞ സമയത്ത് ലഭിക്കാതെ വന്നതോടെ വീട്ടുകാരുടെ മുന്നിൽ മോഷണകഥ മെനയുകായിയുന്നു വീട്ടമ്മ. ഇപ്പോൾ മാലയും പോയി, വീട്ടുകാരും കൈവിടുമെന്ന അവസ്ഥയിലും. പൊലീസ് എത്തിയതോടെ സിനിമാക്കഥയെ തോൽപ്പിക്കുന്ന വീട്ടമ്മയുടെ കെട്ടുകഥ വെളിച്ചത്തായി.

ഇന്നലെ രാവിലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അതിരാവിലെ വീട്ടമ്മയെ സ്‌പ്രേ അടിച്ച് മയക്കിക്കിടത്തി മാല മോഷ്ടിച്ച രണ്ടംഗ സംഘത്തിന്റെ കഥ ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. രാവിലെ 7.30ന് വീടിനുള്ളിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം തന്റെ മുഖത്ത് മയക്കുമരുന്ന് സ്‌പ്രേ അടിച്ച് ബോധം കെടുത്തിയെന്നും രണ്ടര പവന്റെ ആഭരണങ്ങളും 20,000 രൂപയും തട്ടിയെടുത്തെന്നുമാണ് പൊലീസിനോട് വീട്ടമ്മ പറഞ്ഞത്.

വീട്ടമ്മയുടെ ഭർത്താവ് പുറത്തുപോയ സമയത്ത് എത്തിയ രണ്ടംഗ സംഘം മുഖം മൂടി ധരിച്ചിരുന്നു. പശുക്കൾക്ക് തീറ്റ നൽകുന്നതിനിടെ വീട്ടിനുള്ളിൽ നിന്നു ശബ്ദം കേട്ടാണ് കയറി വന്നത്. വന്ന സമയത്ത് മുഖത്തേക്ക് സ്‌പ്രേ അടിച്ചെന്നും കഴുത്തിൽ കത്തി വയ്ക്കുകയും ചെയ്തു. ബോധരഹിതയായ വീട്ടമ്മയെ സമീപവാസി കണ്ടെത്തിയതോടെ വിവരം പൊലീസിനെ അറിയിച്ചു. ഇതായിരുന്നു വീട്ടമ്മയുടെ മോഷണകഥ.

സംഭവം അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ മോഷണ സാധ്യതയൊന്നും പൊലീസ് കണ്ടെത്തിയില്ല. തുടർന്ന് പൊലീസ് വിശദമായ മൊഴി ശേഖരിച്ചപ്പോഴാണ് മോഷണ കഥയ്ക്ക് പിന്നിലെ യാഥാർത്ഥ്യം പുറത്തായത്. അടുത്ത ബന്ധുവിന് പണയം വയ്ക്കാൻ വീട്ടമ്മ ആരും അറിയാതെ മാല നൽകിയിരുന്നു. ഈ മാല തിരികെ ലഭിക്കാതെ വന്നതോടെ വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാനാണ് മോഷണ കഥ മെനഞ്ഞത്.