'ഞാനും ഒരു സ്ത്രീയാണ്. യോനിയോ സ്തനങ്ങളോ ഗർഭപാത്രമോ ആർത്തവമോ ഇല്ലാത്ത സ്ത്രീ. എന്താണ് സ്ത്രീ എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ ചിന്താഗതികളെയാണ് ഞാൻ എതിർക്കുന്നത്..........' - അക്കൈ പത്മശാലി.

ലൈംഗികത ഒരു തെരഞ്ഞെടുപ്പാണ് എന്ന യാഥാർഥ്യത്തെ നേർക്കുനേർ നിർത്തി ജീവിതത്തെ സ്വന്തം ലിംഗപദവിക്കുവേണ്ടിയുള്ള നിരന്തര സമരമാക്കി മാറ്റേണ്ടിവരുന്ന ട്രാൻസ്ജെൻഡറുകളുടെ ഇന്ത്യൻ ചരിത്രത്തിൽ അക്കൈ പത്മശാലിയെക്കാൾ രാഷ്ട്രീയ പ്രസിദ്ധി നേടിയ മറ്റൊരാളില്ല. ആണായി ജനിച്ച്, പെണ്ണായി മാറിയ അക്കൈക്ക് തന്റെ ലിംഗ, ലൈംഗിക സ്വത്വങ്ങൾ പെണ്ണിന്റേതാണ് എന്നു മുഴുവൻ ലോകത്തെയും ബോധ്യപ്പെടുത്തേണ്ടി വരുന്നു. അത് തുടർച്ചയായ തീക്കനൽസഞ്ചാരങ്ങളിലൂടെ ആജീവനാന്തം അവരെ കടത്തിവിടുകയും ചെയ്തു. പക്ഷെ അതിനെക്കാൾ വലിയ വെല്ലുവിളിയായി അക്കൈ ഏറ്റെടുത്തത് താനുൾപ്പെടുന്ന സമുദായത്തിന്റെ ലിംഗപദവിയും ലൈംഗികാവകാശങ്ങളും സാമൂഹ്യാസ്തിത്വവും നിയമസാധുതയും പുനർ/നിർവചിക്കാൻ നടത്തിയ ശ്രമങ്ങളാണ്. ആ നെടുമ്പാതയിൽ വച്ച ചുവടുകളാണ്, അതിൽ നേടിയ വിജയങ്ങളാണ് അക്കൈയുടെ ജീവിതത്തെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്നത്.

ബംഗളൂരുവിൽ പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു അക്കൈയുടെ പിതാവ്. മൂന്നു മക്കളിൽ 'രണ്ടാമനാ'യാണ് ജഗദീഷ് ജനിച്ചത്. ചെറുപ്പംതൊട്ടുതന്നെ പെൺകുട്ടിയുടെ 'പെരുമാറ്റ'ങ്ങൾ പ്രകടിപ്പിച്ച ജഗദീഷിനെ അമ്മ പലവിധത്തിൽ അതിൽനിന്നകറ്റാൻ ശ്രമിച്ചുകൊണ്ടേയിരുന്നുവെങ്കിലും എട്ടാം വയസ്സിൽ അവന് മനസ്സിലായി, തന്റെ സ്വത്വം ആണിന്റേതല്ല എന്ന്. അച്ഛനമ്മമാരുടെ കൊടിയ പീഡനങ്ങൾക്കും മുഴുവൻ സമൂഹത്തിന്റെയും പരിഹാസങ്ങൾക്കും ആ മനോഭാവം തിരുത്താൻ കഴിഞ്ഞില്ല. ശരീരത്തിൽ ആണിന്റെ അവയവങ്ങളും ആത്മാവിൽ പെണ്ണിന്റെ കാമനകളുമായി ജീവിക്കേണ്ടിവരുമ്പോൾ നിങ്ങൾ സ്വയം നിർണയിക്കുന്ന ഒന്നാണത്. തന്റെ ചുറ്റുമുള്ള ആയിരക്കണക്കിന് ട്രാൻസ്ജൻഡറുകളെപ്പോലെ, കുലത്തൊഴിൽ എന്നുതന്നെ കരുതപ്പെടുന്ന സെക്സ് വർക്കും ഭിക്ഷതേടലുമായി ഒതുങ്ങിക്കഴിയാനല്ല അക്കൈ തീരുമാനിച്ചത്. അവർ സ്വന്തം ഉടലിൽനിന്ന് സമുദായത്തിന്റെ ഉടലിലേക്ക് സ്വയം പറിച്ചുനട്ടു. എന്നിട്ട്, ശരീരമല്ല, ശരീരത്തിന്റെ രാഷ്ട്രീയമാണ് നിങ്ങൾ എന്നൊരവസ്ഥ രൂപപ്പെടുമ്പോൾ ലോകവും വ്യക്തികളും തമ്മിൽ ഉടലെടുക്കുന്ന പുതിയൊരു സമരമുഖമായി ട്രാൻസ്ജൻഡറുകളുടെ ജീവിതം മാറ്റി. ഇക്കഴിഞ്ഞ ഒന്നരപതിറ്റാണ്ടുകാലം ഈ സമുദായം കടന്നുപോന്ന സംഭവബഹുലമായ നിയമപ്പോരാട്ടങ്ങളുടെ ഇന്ത്യൻ ചരിത്രത്തിൽ അക്കൈയുടെ ഭാഗധേയം വേറിട്ടുനിൽക്കുന്ന പശ്ചാത്തലമിതാണ്.

വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും വേട്ടയാടിയ ബാല്യം അക്കൈക്ക് കൊടും കയ്പുകളുടെ കാലമായിരുന്നു. പതിനൊന്നാം വയസ്സിൽ അവൾ വീട്ടിൽനിന്നു പുറത്താക്കപ്പെട്ടു. അമ്മയോ സഹോദരങ്ങളോ പിതാവിനെ തടഞ്ഞില്ല. തെരുവിൽ കഴിഞ്ഞ പത്തുദിവസവും ആ കുട്ടിക്ക് സെക്സ്വർക്ക് ചെയ്യേണ്ടിവന്നു. ആത്മഹത്യാശ്രമങ്ങൾ പലതും പരാജയപ്പെട്ടു. പിന്നെ, തുടർജീവിതത്തിനായുള്ള പോരാട്ടങ്ങൾ. നാലു പതിറ്റാണ്ടിന്റെ ജീവിതം അക്കൈക്ക് സമാനതകളില്ലാത്ത ദുരന്താനുഭവങ്ങളുടേതു മാത്രമായി മാറിയില്ല. വർഷങ്ങളോളം ഭിക്ഷയാചിച്ചും സെക്സ്വർക്ക് ചെയ്തും കഴിഞ്ഞ തെരുവിൽ നിന്ന്, അവർ ട്രാൻസ്ജെൻഡറുകളുടെ ജീവിതവും അവകാശങ്ങളും പുനർനിർണയിച്ച നിയമയുദ്ധങ്ങളുടെ മുന്നണിയിലെത്തി. ദേശീയവും അന്തർദേശീയവുമായ അംഗീകാരങ്ങളും പദവികളും അവരെ തേടിയെത്തി. ലോകം അക്കൈയെ കേൾക്കാൻ കാത്തുനിൽക്കുന്ന കാലം വന്നു. അവിശ്വസനീയമായ ദുരിതങ്ങളിലൂടെയും അപാരമായ ദുഃഖങ്ങളിലൂടെയും കടന്നുപോയ ഒരു ട്രാൻസ്ജെൻഡർ, അസാമാന്യമായ പ്രജ്ഞാബലം ഒന്നുകൊണ്ടുമാത്രം തന്റെയും സമുദായത്തിന്റെയും വിധി മാറ്റിയെഴുതിയ കഥയാണ് അക്കൈയുടെ ജീവിതം. വിരാമങ്ങളില്ലാതെ മുന്നേറിയ ഒരു പെണ്ണിന്റെ കഥയെന്ന നിലയിൽ, അമേരിക്കയിലെ ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപികയായ ഗൗരി വിജയകുമാർ എഴുതിയ അക്കൈയുടെ ജീവിതമാണ് 'One Small Step in a Long Journey: A memoir'. ഇംഗ്ലീഷിൽ, ഉർവശി ബുട്ടാലിയയുടെ സ്ഥാപനം ഉടൻ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ മലയാളവിവർത്തനമാണ് 'നെടുമ്പാതയിലെ ചെറുചുവട്'.

ഒൻപതധ്യായങ്ങളിലായി രചിക്കപ്പെട്ടിരിക്കുന്ന അക്കൈയുടെ ജീവിതകഥ, ഒരു വ്യക്തിയുടെ ആത്മാനുഭവങ്ങളും ഒരു സമുദായത്തിന്റെ രാഷ്ട്രീയാനുഭവങ്ങളും കൂട്ടിയിണക്കിയ ചരിത്രഗാഥയായി മാറുന്നു. ഓർമകളുടെ സൂക്ഷ്മമായ പുനരാനയിക്കലുകളും ഭൂതകാലത്തിന്റെ കണിശമായ വിചാരണകളും തുറന്നുപറച്ചിലിന്റെ ഉള്ളുലയ്ക്കുന്ന ആർജ്ജവവുമാണ് 'നെടുമ്പാതയിലെ ചെറുചുവടി'ന്റെ മുഖമുദ്രകൾ. 'വൈയക്തികമായതും രാഷ്ട്രീയമാണ്' എന്നു സ്ഥാപിച്ചെടുക്കുന്ന അനുഭവകഥനത്തിന്റെ കല. നെടുകെ പിളർന്ന ഒരു സ്വത്വത്തിന്റെ സാമൂഹ്യസംഘർഷങ്ങളിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു അക്കൈ. വായിക്കൂ:

'എങ്ങനെയാണ് ഇതിനോടെല്ലാം ഞാൻ യുദ്ധം ചെയ്യുക? വീട്ടിലുള്ളവരോട് ഇതേക്കുറിച്ച് ഞാൻ എങ്ങനെ സംസാരിക്കും? എന്തെങ്കിലും പറഞ്ഞാൽ അവരുടെ ചീത്ത കേൾക്കേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. ആൺകുട്ടിയെപ്പോലെ പെരുമാറാൻ ഞങ്ങൾ പറഞ്ഞത് ഇതുകൊണ്ടല്ലേ എന്ന് ഓർമപ്പെടുത്തും. ഞാൻ കടന്നുപോകുന്ന അവസ്ഥകളും എന്റെ വ്യക്തിത്വ പ്രശ്നങ്ങളും ആരും മനസ്സിലാക്കിയില്ല. എന്റെ അദ്ധ്യാപകരോ ക്ലാസ്മേറ്റ്സോ എന്തിന് എന്റെ സഹോദരങ്ങളോ ബന്ധുക്കളോ ആരും എന്നെ ഞാനായി അംഗീകരിച്ചില്ല.

ഒടുവിൽ, ഇതെല്ലാം മനസ്സ് മടുപ്പിച്ചപ്പോൾ എന്റെ പതിനൊന്നാമത്തെ വയസ്സിൽ ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞാൻ ജനിച്ചുവളർന്ന വീട്ടിലാണ് തൂങ്ങിമരിക്കാൻ തീരുമാനിച്ചത്. എന്റെ ആദ്യത്തെ ആത്മഹത്യാശ്രമം. ഞാൻ വിറയ്ക്കുകയായിരുന്നു. വല്ലാത്ത പേടി. എങ്കിലും, അമ്മയുടെ സാരി എടുത്തുകൊണ്ടുവന്നു, തല കുടുക്കിലിട്ടു. കയറിനിന്നു കസേര ചവിട്ടിനീക്കി. ഞാൻ മരിക്കാൻ പോകുകയാണ്.

പെട്ടെന്ന് എന്റെ അനിയൻ മുറിയിൽ കയറിവന്നു, അവൻ എങ്ങനെയോ എന്നെ ആ സാരിത്തുമ്പിൽ നിന്ന് വലിച്ചുമാറ്റി. 'നീ എന്തിനാണ് മരിക്കുന്നത്? ഇങ്ങനെയൊന്നും നീ ചെയ്യാൻ പാടില്ല', അവൻ ഉറക്കെ വിളിച്ചുകൂകി എന്നെ പൊക്കിയെടുത്തു.

എനിക്കൊന്നും പറയാനില്ലായിരുന്നു. ഇവനും എന്നും എനിക്കെതിരെയാണ് നിന്നിട്ടുള്ളത്. എന്നെ ഞാനായി ഒരിക്കലും അംഗീകരിച്ചിട്ടില്ല. എന്റെ ചേച്ചിയും അങ്ങനെ തന്നെ. എന്നയോ എന്റെ വ്യക്തിത്വത്തെയോ ഏതെങ്കിലും തരത്തിൽ പിന്തുണയ്ക്കാൻ ചേച്ചിക്ക് കഴിഞ്ഞില്ല. അമ്മയാണെങ്കിലോ, പെൺകുട്ടിയെപ്പോലെ പെരുമാറരുതെന്ന് പറഞ്ഞ് ഏതുനേരവും എന്റെ നേരെ അട്ടഹസിക്കും. പിന്നെ, അച്ഛൻ-എനിക്ക് അച്ഛനോട് സംസാരിക്കാൻ തന്നെ പേടിയായിരുന്നു.

ഒരു ദിവസം എന്റെ കുറച്ച് വസ്ത്രങ്ങൾ മാത്രം എടുത്തുതന്നിട്ട് അച്ഛൻ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി. അച്ഛന് സമൂഹത്തിൽ ഒരു നിലയും വിലയുമുണ്ട്, ഞാൻ ഇനി ആ കുടുംബത്തിന്റെ ഭാഗമല്ല, അവിടെ നിന്ന് പോകണം എന്ന് പറഞ്ഞു.

ഞാൻ അങ്ങനെ തെരുവിലെത്തി. മാർക്കറ്റ് ഫ്ളൈഓവറിന്റെ അടുത്തുള്ള വഴിവക്കിൽ. ഇത്രയധികം ആളുകളുള്ള ഈ ലോകം എനിക്ക് പുതിയ അനുഭവമായിരുന്നു.

ഒക്ടോബറായിരുന്നു മാസം, നല്ല തണുപ്പുള്ള സമയം. എന്റെ കയ്യിൽ ആകെയുള്ളത് രണ്ടു ജോടി ഡ്രസ്സാണ്. ഞാൻ എങ്ങനെ ഭക്ഷണം കഴിക്കും? എവിടെയെങ്കിലും കിടക്കണമെങ്കിൽ ഒരു പായയില്ല, ബെഡ്ഷീറ്റോ തലയിണയോ ഇല്ല.

അപ്പോൾ വൈകുന്നേരം ആറ്-ഏഴ് മണിയായിട്ടുണ്ടാകും. ഞാൻ തണുത്ത് വിറക്കാൻ തുടങ്ങി. വീട്ടിലേയ്ക്ക് തിരിച്ചുപോകാം എന്നാണ് ആദ്യം ഞാൻ ചിന്തിച്ചത്, പിന്നെ തോന്നി, അങ്ങോട്ട് ചെന്നാൽ അച്ഛൻ എന്നെ കൊല്ലും.

മാർക്കറ്റ് ഫ്ളൈഓവറിന് കീഴിലാണ് ആ രാത്രി ഞാൻ ചെലവഴിച്ചത്. വല്ലാത്ത തണുപ്പ്. എന്റെ കയ്യിൽ ഭക്ഷണവുമില്ല. ആ സ്ഥലത്ത് ഒരു പബ്ലിക് ടോയ്ലറ്റുണ്ട്. എനിക്കത് ഉപയോഗിക്കേണ്ടി വന്നു. അവിടെ വന്നവരെല്ലാം എന്നെ കണ്ടു, എന്റെ ഭാവവും പെരുമാറ്റവും ശ്രദ്ധിച്ചു. എന്റെ മേക്കപ്പ്, ജീൻസ്, ടീഷർട്ട് എല്ലാം അവരുടെ നോട്ടത്തിൽ പെട്ടു. അവർക്കെല്ലാം സെക്സ് വേണം, എന്റെ കൂടെ.

സെക്സിൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അവർ എനിക്ക് ബിസ്‌ക്കറ്റ് തന്നു, ബൺ തന്നു, കഴിക്കാൻ പിന്നെയും ഭക്ഷണം തന്നു. എന്നിട്ട് വദനസുരതം ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ചെയ്തു, എനിക്ക് വേറെ വഴിയില്ലായിരുന്നു.

അവിടെക്കഴിഞ്ഞ പത്ത് ദിവസവും ഞാനത് ചെയ്തു. ഫ്ളൈഓവറിന് കീഴിൽ ഉറക്കം, എല്ലാ ദിവസവും ഇത്തരം ലൈംഗിക പ്രവൃത്തികളും. എത്ര പേരാണെന്നോ എന്റെയടുത്ത് വന്നത്! കോണ്ടം ഒന്നും ആരും ഉപയോഗിക്കില്ല. അവിടെ തികച്ചും ദുർബലമായിരുന്നു എന്റെ അവസ്ഥ, ആരും സഹായത്തിനില്ല, ആരുടെയും പിന്തുണയില്ല. ഇപ്പോഴാണെങ്കിൽ നമ്മളതിനെ ബലാൽസംഗം എന്ന് വിളിക്കും.

എങ്ങനെയാണ് അതേക്കുറിച്ച് പറയേണ്ടത്? ഇപ്പോൾ എനിക്ക് അത്തരമൊരു സാഹചര്യത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും വയ്യ. അത്രയ്ക്ക് ഭീകരമായിരുന്നു ആ ദിവസങ്ങൾ. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കാലം.

സെക്സിന് വേണ്ടി എന്നെ സമീപിച്ചവർക്ക് പ്രായഭേദമൊന്നുമില്ല. എഴുപത് കഴിഞ്ഞവരായിരുന്നു ചിലർ. 12 വയസ്സുള്ള ആൺകുട്ടികളും ലൈംഗികബന്ധത്തിനായി എന്നെ തേടിയെത്തി. അവിടെ ഇതിനായി മുറികളൊന്നുമില്ല. പബ്ലിക് ടോയ്ലറ്റായിരുന്നു സ്ഥിരം സ്ഥലം, ഒരു മൂലയ്ക്കുള്ള, പുരുഷന്മാരുടെ മൂത്രപ്പുരയുടെ അടുത്തുള്ള ശൗചാലയം. ലോക്കൽ പൊലീസ് എന്നും വന്ന് ആ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ഞങ്ങളോട് പറയും, ആ പൊലീസുകാർ തന്നെ രാത്രി എന്നെ തേടി വരും, സെക്സിനായി'.

റോട്ടിൽ കിടന്നു ചാകുന്നതിനെക്കാൾ ഭേദം വീട്ടിൽ കിടന്നു ചാകുന്നതാണ് എന്ന ഒറ്റ വിചാരംകൊണ്ടു മാത്രം ആ കുട്ടി തിരികെ വീട്ടിലെത്തി. ആൺകുട്ടിയെപ്പോലെ പെരുമാറാം എന്ന് വീട്ടുകാരോട് സമ്മതിച്ച് അവൾ അവിടെ ജീവിതം തുടർന്നു. പന്ത്രണ്ടാം വയസ്സിൽ, വീട്ടിൽ വാടകക്കാരനായി താമസിക്കാനെത്തിയ വേണുഗോപാലുമായി പ്രണയത്തിലായതോടെ അക്കൈയുടെ ജീവിതം വഴിമാറിത്തുടങ്ങി. അസാധാരണമായ ഒരു ബന്ധം അന്നുതൊട്ടിന്നോളം അയാളുമായി തുടരുന്നുണ്ട് അക്കൈ. വിവാഹിതരാകാൻ തീരുമാനിച്ചുവെങ്കിലും വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് വേണു മറ്റൊരു വിവാഹം കഴിച്ചു. അക്കൈയും അതുതന്നെയാണ് അയാളോട് പറഞ്ഞത്. പക്ഷെ വേണു തന്റെ ഭാര്യയോട് നുണപറഞ്ഞില്ല.

'വേണു അവളോട് കാര്യങ്ങൾ വിശദമായി പറഞ്ഞു. 'ഇത് ജഗദീഷ് എന്ന ജഗ്ഗി. ഇവൾ എന്റെ ആദ്യ ഭാര്യ, നീ രണ്ടാമത്തേത്'. പല തവണ ഞങ്ങൾ മൂന്നൂപേരും ഒരു കിടക്കയിൽ ഒരുമിച്ച് ഉറങ്ങിയിട്ടുണ്ട്. വേണു നടുക്ക് കിടക്കും, ഞാൻ വലത്ത് വശത്തും അവന്റെ ഭാര്യ ഇടത്തും. ഒരു പ്രത്യേക ബന്ധമായിരുന്നു ഞങ്ങളുടേത്, എന്റെ അസൂയയ്ക്ക് അവിടെ ഒരു സ്ഥാനവുമില്ലായിരുന്നു.

വേണുവിന്റെ പ്രണയിനിയായി കഴിയുന്നതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു. താലിയോ കെട്ടുപാടുകളോ ഒന്നുമില്ലാത്ത ഒരു ഭാര്യ. അവന്റെ ഭാര്യയായിരുന്നു. ഞാൻ. ഇന്നും അങ്ങനെയാണെന്ന് അവൻ പറയും. ആരെങ്കിലും ചോദിച്ചാൽ അതാണ് അവന്റെ ഉത്തരം, സ്വന്തം ഭാര്യയുടെ മുന്നിൽ വച്ചുപോലും. അവൾ ഇപ്പോഴും എന്നെ അക്ക എന്നാണ് വിളിക്കുന്നത്'.

അക്കൈയുടെ ജീവിതത്തിലെ ഏറ്റവും ക്രൂരമായ ഒരനുഭവം ഇക്കാലത്തുണ്ടാകുന്നുണ്ട്. അക്കൈ ഓർമ്മിക്കുന്നു:

'ഇന്ദിരാനഗറിലെ റിസറക്ഷൻ ടെക്നിക്കൽ ട്രെയിനിങ് സെന്റർ എന്ന RTTC അച്ഛനാണ് കണ്ടെത്തിയത്. അവിടെ ഒന്നോ രണ്ടോ വർഷം നീണ്ടുനിൽക്കുന്ന ഒരു വൊക്കേഷണൽ കോഴ്സുണ്ട്. ഞാൻ എഞ്ചിനീയറാകുന്നത് അച്ഛന്റെ സ്വപ്നമായിരുന്നു. പക്ഷേ, വക്കീൽ ആകാനായിരുന്നു എനിക്കിഷ്ടം.

ഒരുപാട് ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്ഥലമാണ് ആർടിടിസി. ആ ക്യാംപസിൽ കയറുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എന്റെ കയ്യും കാലും വിറച്ചു. അവിടെ പഠിക്കാൻ തുടങ്ങിയ ദിവസം മുതൽ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലായി. ഞാൻ സംസാരിക്കുന്ന രീതിയും എന്റെ വസ്ത്രങ്ങളും തന്നെ കാരണം. ഞാൻ എപ്പോഴും ഒരു ദുപ്പട്ട തോളിലിടുമായിരുന്നു. സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ ഞാൻ മറുപടി പറഞ്ഞിരുന്നത് എന്റെ ശൈലിയിലാണ്, എന്റെ ശരീരഭാഷയും വ്യത്യസ്തമായിരുന്നു. അതോടെ എന്റെ കോളേജ് കൂട്ടുകാർക്ക് ഞാൻ ആരാണെന്നറിയാനുള്ള താല്പര്യം കൂടി. സ്ഥിരം കോഡ് വാക്കുകൾ വീണ്ടും ഞാൻ കേട്ടു-ചക്ക, ഒമ്പട്ടു!

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞതോടെ ചില കുട്ടികൾ എന്നോട് കൂടുതൽ ചേർന്നിരിക്കാൻ തുടങ്ങി. അവർ എന്റെ വയറിൽ തൊടും, സ്വകാര്യഭാഗങ്ങളിലും നെഞ്ചിലും കൈ വയ്ക്കും. ഞാനാകെ വിരണ്ടു. അവരിൽ നിന്ന് മാറി ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ആൺകുട്ടികളോട് കൂട്ടുകൂടാതിരിക്കാനും ശ്രമിച്ചു. പെൺകുട്ടികൾക്കൊപ്പം ഞാൻ സുരക്ഷിതയായിരുന്നു. യാതൊരുവിധ ആശങ്കകളുമില്ല. അവരുടെ കൂട്ടുകെട്ട് എന്നെ സന്തോഷിപ്പിച്ചു.

പക്ഷേ, ആയിടയ്ക്ക് ഞാൻ ഒരിക്കലും ചിന്തിക്കാത്തത്ര മോശമായ ഒരു സംഭവമുണ്ടായി. എനിക്ക് കൂടുതൽ അടുപ്പമുണ്ടായിരുന്ന ആറ് കൂട്ടുകാർ എന്നെ ടോയ്ലറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വൈകുന്നേരം ക്ലാസ് കഴിഞ്ഞതേയുള്ളു. 4.30-5 മണിയായിട്ടുണ്ടാവും. ആൺകുട്ടികൾക്കുള്ള മൂത്രപ്പുരയിലാണ് ഞാൻ പോയത്, പെൺകുട്ടികളുടെ ടോയ്ലറ്റിലല്ല. അവർ നേരത്തെ പ്ലാൻ ചെയ്തതാണ് എന്നെനിക്ക് തോന്നുന്നു, കാരണം, ഞാൻ അകത്ത് കയറിയതും അവരെല്ലാം തൊട്ടുപിന്നാലെ എത്തി.

അവരുടെ ഷൂസിന്റെ ടക്-ടക്-ടക്-ടക് ശബ്ദം കേട്ടതും ഞാൻ വാതിലടച്ചു കുറ്റിയിട്ടു. പക്ഷേ അത് തല്ലിപ്പൊളിച്ച് അവർ അകത്തുകടന്നു, എന്നെ അവിടെനിന്ന് വലിച്ചിറക്കി ടോയ്ലറ്റുകളുടെ മുന്നിലുള്ള സ്ഥലത്തേയ്ക്ക് കൊണ്ടുവന്നു. എന്റെ ജീൻസ് ഊരിമാറ്റി, ടോപ്പും ഷർട്ടും കീറിയെറിഞ്ഞു. ഞാൻ ആണാണോ പെണ്ണാണോ എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്.

എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ അനുഭവം. അഞ്ചു പേർ ചേർന്ന് എന്നെ ബലാൽസംഗം ചെയ്തു. അതിൽ ചിലർ അവരുടെ ലിംഗം എന്റെ വായിൽ കടത്തി, ചിലർ അത് പിൻഭാഗത്ത് ചെയ്തു, മറ്റു ചിലർ എന്റെ തുടയിൽ. അഞ്ചു പേരാണ് എന്നോടതെല്ലാം ചെയ്തത്. 2012-ൽ നിർഭയ നേരിട്ട കൂട്ട ബലാൽസംഗത്തിലെ ക്രൂരത തന്നെ അന്ന് ഞാൻ അനുഭവിച്ചു. ടോയ്ലറ്റിലെ യൂറിനറി പൈപ്പ് ഊരിയെടുത്ത് അവർ എന്റെ മലദ്വാരത്തിൽ കുത്തിക്കയറ്റി. അവിടെയെല്ലാം ചോര ഒഴുകാൻ തുടങ്ങി.

'ഞാനൊരു ആൺകുട്ടിയാണ്, എന്നെ വെറുതെ വിടൂ' എന്ന് ഞാൻ കരഞ്ഞുവിളിച്ചു. എങ്ങനെയും രക്ഷപ്പെടാൻ ഒരുപാട് ശ്രമിച്ചു. ഉറക്കെ നിലവിളിച്ചപ്പോൾ എന്റെ കൂട്ടുകാരിൽ ഒരാൾ എന്റെ വാപൊത്തി, മറ്റൊരാൾ എന്റെ കണ്ണുമൂടി.

എന്റെ വസ്ത്രങ്ങൾ മുഴുവൻ കീറിപ്പോയിരുന്നു, ദേഹമാകെ എന്റെ സുഹൃത്തുക്കളുടെ ശുക്ലം മാത്രം.

ഒടുവിൽ, ഇവിടെ നടന്നതൊന്നും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി, നന്നായി കുളിച്ചിട്ട് വീട്ടിൽ പൊയ്ക്കോ എന്നും പറഞ്ഞ് എന്നെ അവിടെയിട്ട് അവർ പോയി.

എന്റെ അദ്ധ്യാപകനായ പ്രൊഫസർ രാംദാസും പ്രിൻസിപ്പലും അപ്പോൾ കോളേജിലുണ്ടായിരുന്നു. ഒരുവിധത്തിൽ ദേഹം മറച്ച് ആ കീറിപ്പറിഞ്ഞ വേഷത്തിൽ ഞാൻ അവരുടെ അടുത്ത് ചെന്നു.

'എന്താണിത്? എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ഈ വേഷത്തിൽ നീ എന്തിനാണ് ഇവിടെ കയറിവന്നത്', എന്നായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം.

ഒരിക്കൽ പോലും അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായിട്ടില്ല അതുവരെ. പക്ഷേ, അന്ന് ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു, എന്റെ കൂട്ടുകാർ എന്നോട് എന്താണ് ചെയ്തതെന്ന്.

ശരിക്കും എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാൻ അവിടെയിരുന്ന് എന്നോട് സംസാരിക്കാമായിരുന്നു പ്രിൻസിപ്പലിന്. പകരം, അദ്ദേഹം പറഞ്ഞതോ! ആണിനെപ്പോലെ പെരുമാറിയിരുന്നെങ്കിൽ നിനക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. നീ പെണ്ണായതു കൊണ്ടല്ലേ ഇതെല്ലാമുണ്ടായത്'.

ബംഗളൂരുവിലെ ട്രാൻസ്ജെൻഡറുകളുടെ സമുദായത്തിലേക്ക് ജീവിതം പറിച്ചുനടുന്നു, പിന്നീട് അക്കൈ. കബ്ബൺപാർക്കിൽ ഒരുഭാഗത്ത് ഭിക്ഷതേടലും സെക്സ്വർക്കുമായി ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾക്കൊപ്പം നാലുവർഷം. ഈ കഥയാണ് രണ്ടാമധ്യായം.

ഹിജ്റ എന്ന തങ്ങളുടെ സമുദായത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിശദീകരിക്കുന്നു, മൂന്നാമധ്യായത്തിൽ. ഹിജ്റ സമുദായത്തിന്റെ ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ, സങ്കരജീവിതരീതികൾ, വ്യക്തിബന്ധങ്ങൾ, മൂല്യങ്ങൾ.... അവിടെവച്ചാണ് മലയാളിയായ ജെറീനാമ്മ എന്ന ഹിജ്റ പറഞ്ഞതനുസരിച്ച് അക്കൈ പത്മശാലി എന്ന പേര് സ്വീകരിക്കുന്നതും അവരുടെ മകളായി ദത്തെടുക്കപ്പെടുന്നതും. 1999ലാണത്. പതിമൂന്നു വർഷം അക്കൈ ജറീനാമ്മക്കൊപ്പം കഴിഞ്ഞു.

ഹിജ്റസമുദായത്തെക്കുറിച്ച് വായിക്കൂ:

'അമ്മയും മകളും തമ്മിലുള്ള ബന്ധത്തിൽ അധിഷ്ഠിതമാണ് ഗുരു-ചേല ബന്ധവും. പക്ഷേ, മരണത്തോടെ ഈ ചട്ടം മാറും എന്നതാണ് വിചിത്രമായ കാര്യം. ഗുരു മരിച്ചാൽ ഞാൻ പിന്നെ വിദവയാണ്. അങ്ങനെയൊരു വൈരുധ്യം ഈ സമ്പ്രദായത്തിലുണ്ട്. ജീവിച്ചിരിക്കുമ്പോൾ അമ്മയും മകളും, മരണശേഷം ഭർത്താവും ഭാര്യയും.

ഗുരു-ചേല ബന്ധത്തോടൊപ്പം അമ്മ-മകൾ സംസർഗവും ഹിജ്റ സമുദായത്തിലുണ്ട്. ഇങ്ങനെയുള്ള ബന്ധത്തിൽ അമ്മ മരിച്ചാൽ ഞാൻ വിധവയുടെ വെള്ളവേഷം ധരിക്കേണ്ടതില്ല, അമ്മ അമ്മ തന്നെയായി തുടരും, ഭർത്താവാകില്ല. ഗുരുവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം എനിക്കുണ്ട്, അതുപോലെ തന്നെ അമ്മ ആര് വേണമെന്നും എനിക്ക് തീരുമാനിക്കാം.

ഗുരു ചേലയ്ക്കും അമ്മ മകൾക്കും തണലാകുന്നത് രണ്ടു തരത്തിലാണ്. എനിക്കൊരു മകളുണ്ടെങ്കിൽ ഞാൻ അവൾക്ക് വീട് വാങ്ങിക്കൊടുക്കും, വേണ്ടത്ര വീട്ടുസാധനങ്ങളും. ആഭരണങ്ങളും പട്ടുസാരികളും പണവും കൊടുക്കും. ദുധ് ബേട്ടി എന്ന വളരെ മനോഹരമായ ഒരു ചടങ്ങിലൂടെയാണ് ഒരു അമ്മ മകളെ സ്വന്തമാക്കുന്നത്. രണ്ടുപേരെയും ഒരുമിച്ച് ഇരുത്തി ഒരു തുണി കൊണ്ട് മൂടും, എന്നിട്ട് അമ്മയുടെ മുലകളിൽ പാൽ ഒഴിക്കും. മകൾ അത് കുടിക്കണം. ഒരിക്കലും മുലയൂട്ടാൻ കഴിഞ്ഞിട്ടില്ലാത്ത അമ്മമാർ അങ്ങനെ കുഞ്ഞിന് പാൽ നൽകും, അവരുടെ മകളാക്കും. ചടങ്ങ് കഴിഞ്ഞാൽ പിന്നെ 'ആയോരെ ലല്ല, മേരെ ജിയോരെ ലല്ല 'എന്ന പാട്ടായി, നൃത്തമായി, രണ്ടുപേരെയും അമ്മയും മകളുമാക്കി എന്ന പ്രഖ്യാപനമായി, അവരെ അനുഗ്രഹിക്കലായി. സ്വർണ്ണവും വെള്ളിയും സമ്മാനമായി നൽകും, ഒപ്പം നല്ല ഭക്ഷണവും. മുസ്ലിം സമുദായത്തിൽ പെട്ടവർ തയ്യാരാക്കിയ ഹലാൽ ആട്ടിറച്ചി കൊണ്ടുള്ള വിഭവങ്ങളാണ് അന്ന് വിളമ്പുന്നത്.

ഇതേ രീതിയിൽ രണ്ടുപേർ സഹോദരിമാരാകുന്ന സമ്പ്രദായവും ഹിജ്റ സമുദായത്തിലുണ്ട്. ബെഹൻ ബെഹൻ സംരംഭ എന്നാണ് പേര്. ചടങ്ങ് ഏകദേശം ഒരേപോലെയാണ്, രണ്ടുപേരും ഒരേ കപ്പിൽ പാൽ കുടിക്കും എന്നതുമാത്രമാണ് വ്യത്യാസം. ദൂധ് ബേട്ട എന്ന ആചാരവുമുണ്ട്. മകൾക്ക് പകരം മകൻ വേണമെന്നുള്ളവർക്കായി. ആൺകുട്ടികളെ മക്കളാക്കാം, അവർക്ക് സമ്മാനങ്ങൾ നൽകാം. അവർക്ക് താല്പര്യമുണ്ടെങ്കിൽ തിരിച്ചും എന്തെങ്കിലും സമ്മാനിക്കാം, യാതൊരുവിധ നിർബന്ധവുമില്ല ഇക്കാര്യത്തിൽ. ഹിജ്റ സംസ്‌കാരം അനുസരിച്ച് നൽകേണ്ട പണത്തിനും ആഭരണങ്ങൾക്കും സാരികൾക്കും കണക്കുണ്ട്, പക്ഷേ, ഇപ്പോൾ അതെല്ലാം മാറുകയാണ്. പരസ്പരമുള്ള അടുപ്പവും വിശ്വാസവുമാണ് പ്രധാനം.

ഹിജ്റ സമുദായത്തിൽ ചേർന്ന ശേഷം എനിക്ക് ലഭിച്ച ആദ്യത്തെ സഹോദരിയാണ് സൗമ്യ. ഇരുപത് വർഷം മുൻപാണ് ആ ചടങ്ങ് നടന്നത്. അസ്മ ഷെയ്ഖും എന്റെ സഹോദരിയാണ്. ഞങ്ങൾ പരസ്പരം ആഭരണങ്ങളും സാരികളും മറ്റ് വസ്ത്രങ്ങളും സമ്മാനിച്ചു. സഹോദരങ്ങളെപ്പോലെ ഒരേ കപ്പിൽ നിന്ന് പാൽ കുടിച്ചു. ആ ദിവസം ഞങ്ങൾ തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. പലപ്പോഴും വഴക്കടിക്കാറുണ്ട് ഞങ്ങൾ, അതുപോലെ ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്നുണ്ട്.

ഏഴ് ഘരാനകൾ അല്ലെങ്കിൽ ഏഴ് കുടുംബങ്ങളാണ് ഹിജ്റ എന്ന സംവിധാനത്തിലുള്ളത്-ലസ്‌കർ/ഹൈദരാബാദ് ഘരാന, ലാലൻഘർ, ചക്ല ഘർ, ഡോങ്ഗ്രി ഘർ, പൂനാ ഘർ/ഹാജി ബ്രഹ്മവല്ലി, ബണ്ടി ബസാർ ഘർ, ബുള്ളക് ഘർ. ഹൈദരാബാദ്/ലസ്‌കർ ഘരാനയുടെ ഭാഗമായിരുന്നു ഞാൻ. ഇതിൽ തന്നെ രണ്ട് വീടുകളുണ്ട്-ചോട്ടിവാലിയും ബഡിവാലിയും. ചോട്ടിവാലിയാണ് എന്റേത്. ഈ പേരുകളും വിഭാഗങ്ങളും പുരാതനകാലം മുതൽ തന്നെ ഹിജ്റ സമുദായത്തിന്റെ ഭാഗമാണ്.

അനേകത്വത്തിന്റെ മികച്ച മാതൃകയാണ് ഹിജ്റ സംസ്‌കാരം. നിങ്ങൾ ബ്രാഹ്മണ വംശജയാകാം, എന്നിട്ടും നിങ്ങൾ ഒരു ദളിത് ഗുരുവിന്റെ ചേലയാകും, ഒരു മുസ്ലിം ചേലയുടെ ഗുരു ക്രിസ്ത്യാനിയാകാം. അനന്യമാണ് ഈ സമുദായം. ഒരാളുടെ ജാതിയോ സാമൂഹ്യസ്ഥിതിയോ അല്ല ഇവിടെ പ്രധാനം, സ്ത്രീത്വം മാത്രമാണ്. നിങ്ങളൊരു സ്ത്രീയാണോ എങ്കിൽ ഇവർ നിങ്ങളെ സ്വീകരിക്കും. ശരിക്കും സ്പെഷലാണ് ഹിജ്റ സംസ്‌കാരം.

ഇതൊക്കെയാണെങ്കിലും ഈ സമുദായത്തിൽ വർഗ വിവേചനം പല രീതിയിൽ നിലനിൽക്കുന്നുണ്ട്. വസ്ത്രധാരണവും പെരുമാറ്റവും സംസാരരീതിയും മുതൽ എച്ച്.ഐ.വി. ഫലം വരെ ഒരാൾ നേരിടുന്ന വിവേചനത്തിന് കാരണമാകും.

ഏത് മതവിശ്വാസിയായലും ഹിജ്റ സംസ്‌കാരത്തിൽ നിങ്ങൾ ആരാധിക്കുന്നത് ദേവീമാതയെയാണ്. മുസ്ലീമായാലും ക്രിസ്ത്യാനിയായാലും ഒരു ഹിജ്റ തൊഴേണ്ടത് ദേവിയുടെ മുന്നിലാണ്. എങ്കിലും സമുദായം പൊതുവായി പിന്തുടരുന്നത് ഇസ്ലാം മതത്തിൽ അധിഷ്ഠിതമായ ആചാരങ്ങളാണ്. അതുകൊണ്ട്, ഞങ്ങളുടെ പാരമ്പര്യം ഇസ്ലാം വിശ്വാസമാണ്, പക്ഷേ, ആരാധനയുടെ കാര്യത്തിൽ പൂജ ചെയ്യുന്നത് ഹിന്ദുദേവതയായ മാതയ്ക്കാണ്. അതുമാത്രമല്ല, അമ്പലവും പള്ളിയും ദർഗയും ഉൾപ്പെടെ എല്ലാ ആരാധനാലയങ്ങളിലും പോയി പ്രാർത്ഥിക്കുന്നതും എല്ലാവരെയും നമസ്‌കരിച്ച് അനുഗ്രഹം വാങ്ങുന്നതും നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളാണ്.

മതസൗഹാർദത്തിന്റെ കാര്യത്തിൽ ലോകത്തിനു തന്നെ മാതൃകയാണ് ഞങ്ങൾ. ഹിജ്റ സമ്പ്രദായത്തിന്റെ അടിസ്ഥാനം മറ്റൊന്നുമല്ല.

സമൂഹം കൊട്ടയടച്ച വാതിലിന് പുറത്ത് വളർന്ന ഞങ്ങൾക്ക് അംഗീകാരവും സ്വീകാര്യതയും നൽകിയത് ഈ സംസ്‌കാരമാണ്. വളരെ ശക്തമാണ് ഇവിടെ ബന്ധങ്ങൾ, വളരെ വിശാലവും. സ്നേഹവും കരുതലും അടിത്തറയാക്കിയ പാരമ്പര്യമാണ് ഹിജ്റ. എന്തെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാനും ശുശ്രൂഷിക്കാനും ഗുരുവും നാനിമാരുമുണ്ട്, സ്നേഹത്തോടെയുള്ള കരുതൽ എല്ലാവരും കാത്തുസൂക്ഷിക്കുന്നു. സാമ്പത്തികമായ സഹായങ്ങൾക്കും കുറവില്ല. എന്തെങ്കിലും ആവശ്യം വന്നാൽ അവർ പണം കടം തരും, നൂറിൽ നിന്ന് പത്ത് രൂപ മാറ്റിയിട്ടാണ് നമുക്ക് തരുന്നത്. ഭിക്ഷ യാചിച്ചോ സെക്സ് വർക്ക് ചെയ്തോ അത് തിരിച്ചുകൊടുക്കണം. ചില ചടങ്ങുകളിൽ നൃത്തം ചെയ്യുന്നതും മറ്റൊരു വരുമാനമാർഗമാണ്. ഇങ്ങനെ കിട്ടുന്ന പണം എല്ലാവരും വീതിച്ചെടുക്കും. രൂപ അൻപത് ആയാലും പതിനായിരമായാലും. ഇതുപോലെയുള്ള കാര്യങ്ങൾ കൃത്യമായി നടത്താൻ നേരത്തെ നിശ്ചയിക്കപ്പെട്ട ഒരു സംവിധാനം സമുദായത്തിലുണ്ട്. അതിലൂടെ വേണ്ട സഹായങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു'.

ലൈംഗികത്തൊഴിൽ വിട്ട്, സംഗമ ഉൾപ്പെടെയുള്ള സംഘടനകളുമായി ചേർന്ന് ആക്ടിവിസ്റ്റായി മാറുന്ന കാലത്തിന്റെ കഥയാണ് ഇനിയങ്ങോട്ട്. പതിനെട്ടുവയസ്സേയുള്ളു അക്കാലത്ത്. ലൈംഗികത്തൊഴിൽ ചെയ്യുന്നവരെ നിയമപരമായിത്തന്നെ തൊഴിലാളികളായി അംഗീകരിക്കണമെന്നും തങ്ങളുടെ രാഷ്ട്രീയം വർഗരാഷ്ട്രീയമാണെന്നുമുള്ള വാദങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അക്കാലം തൊട്ടുള്ള അക്കൈയുടെ പ്രവർത്തനം.

'ലൈംഗികത്തൊഴിലിലെ നിയമവിലക്കുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമായിരിക്കണം എന്റേത് എന്ന് ഞാൻ തീരുമാനിച്ചത് അങ്ങനെയാണ്. ഈ തൊഴിൽ ചെയ്യുന്ന നൂറ് പേരുണ്ടെങ്കിൽ അതിൽ തൊണ്ണൂറും പേരും പറയും അവർ സെക്സ്വർക്ക് ചെയ്യാൻ നിർബന്ധിക്കപ്പെട്ടവരാണ്, പലതരം പീഡനങ്ങൾ നേരിടുന്നുണ്ട് എന്ന്. എന്നാൽ ബാക്കിയുള്ള പത്ത് പേര് പറയുക ഇതവരുടെ ജീവിതമാർഗമാണ്, മാന്യമായി ജോലിചെയ്ത് നല്ല വരുമാനം നേടുന്നുണ്ട് എന്നായിരിക്കും. അവരെ സംബന്ധിച്ചിടത്തോളം മറ്റ് ഏത് തൊഴിലിനെയും പോലെയാണ് ലൈംഗികവൃത്തി, അവരത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഈ അഭിപ്രായമുള്ളവർ ട്രാൻസ്ജെൻഡറുകൾക്കിടയിലുമുണ്ട്, ലൈംഗികത്തൊഴിലാളികളായ സിസ് സ്ത്രീകളിലുമുണ്ട്. അഭിപ്രായം ഒരു ശതമാനത്തിന്റേതായാൽ പോലും അത് മാനിക്കണം എന്നാണ് നമ്മുടെ ഭരണഘടന പറയുന്നത്.

സെക്സ് വർക്ക് ചെയ്യുന്ന ട്രാൻസ്ജെൻഡറുകളുടെയും സിസ് സ്ത്രീകളുടെയും അഭിപ്രായങ്ങൾ സമന്വയിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. നിയമവിലക്കുകൾ വേണ്ട ഈ രംഗത്ത് എന്ന നിലപാടാണ് ഇപ്പോഴും എന്റേത്. എന്ന് പറയുമ്പോൾ ഞാൻ മനുഷ്യക്കടത്തിനെ പിന്തുണയ്ക്കുന്നുണ്ട് എന്നല്ല അർത്ഥം. മനുഷ്യക്കടത്ത് നടന്നാൽ അത് ശിക്ഷിക്കപ്പെടണം, വേശ്യാവൃത്തി നടത്താൻ നിർബന്ധിക്കപ്പെട്ടാൽ അത് തടയാനുള്ള നിയമനടപടികൾ വേണം, അക്രമം നടത്തുന്നവരെയും ശിക്ഷിക്കണം. ഞാൻ ഇതിനൊന്നും എതിരല്ല. പക്ഷേ, ഇത് ഒരു വ്യക്തിയുടെ തീരുമാനം, അവർക്കിഷ്ടമുള്ള തൊഴിൽ അവർ തിരഞ്ഞെടുത്തു, മറ്റുള്ളവർക്ക് അതിലെന്താണ് കാര്യം?

ലൈംഗികത്തൊഴിലിലെ നിയമവിലക്കുകൾ നീക്കം ചെയ്യണം എന്ന് ഞാൻ പറയുന്നതിന് ഒരു കാരണമുണ്ട്. ഈ തൊഴിൽ നിയമവിധേയമാക്കിയാൽ ഞങ്ങളിൽ നിന്ന് നികുതി ഈടാക്കാം, പകരം ഞങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ അവർ ബാധ്യസ്ഥരാകുകയും ചെയ്യും. ലൈംഗികത്തൊഴിലാളികളെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാനും ഇത് സാഹായിക്കും. ഈ വിഷയത്തിൽ ഇനിയും ചർച്ചകൾ ഏറെ നടക്കാനുണ്ട്. വേശ്യാവൃത്തി ഈയടുത്തുണ്ടായ ഒരു തൊഴിലല്ല എന്നറിയാമല്ലോ. പേഴ്സണൽ ഈസ് പൊളിറ്റിക്കൽ! (സ്ത്രീകളുടെ വ്യക്തിഗത പ്രശ്നങ്ങൾക്ക് കാരണം സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് എന്ന ഫെമിനിസ്റ്റ് വാദം) അതുകൊണ്ട് ലൈംഗികവൃത്തിക്കും രാഷ്ട്രീയമുണ്ട്'.

 

സംഗമക്കു പുറമെ, വിവിധ, നവോദയ തുടങ്ങിയ സംഘടനകളും അക്കൈയുടെ പങ്കാളിത്തത്തിൽ രൂപം കൊള്ളുന്നുണ്ട്. പല പദ്ധതികളിലുമുള്ള പ്രവർത്തനം. രാജ്യാന്തരശ്രദ്ധയാകർഷിച്ച ഫണ്ടിംഗുകളുടെ കാലം. സെക്സ് വർക്കേഴ്സിനും ട്രാൻസ്ജെൻഡേഴ്സിനും മറ്റും വേണ്ടിയുള്ള നിരവധി നയപരിപാടികളുടെ നടപ്പാക്കൽ സജീവമായ ഘട്ടം. ഭരണഘടനയിലെ 377-ാം വകുപ്പ് റദ്ദാക്കാനുള്ള നിയമപ്പോരാട്ടങ്ങളാരംഭിക്കുന്നതും ഇക്കാലത്താണ്. ആ സംഭവങ്ങളും അതുണ്ടാക്കിയ പ്രകമ്പനങ്ങളും അക്കൈ വിവരിക്കുന്നു:

'ബ്രിട്ടീഷുകാരുടെ കാലത്ത് ലോർഡ് മെക്കോളെ എഴുതിയുണ്ടാക്കിയ നിയമമാണ് സെക്ഷൻ 377. സെക്സിനെക്കുറിച്ച് ആ അധിനിവേശക്കാരുടെ കാഴ്ചപ്പാടാണ് ഇതിന്റെ അടിസ്ഥാനം. അതായത്, പുരുഷലിംഗവും യോനിയും ഉൾപ്പെടുന്നത് മാത്രമാണ് ലൈംഗികവേഴ്ച, കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുക എന്ന ആവശ്യത്തിന് വേണ്ടി മാത്രമേ ഇതിലേർപ്പെടാവൂ എന്ന്. സത്യത്തിൽ പ്രത്യുൽപ്പാദനത്തിനൊപ്പം മറ്റ് എന്തൊക്കെ ആവശ്യങ്ങൾക്കായാണ് മനുഷ്യർ ലൈംഗികമായി ബന്ധപ്പെടുന്നത്-തീവ്രമായ ഇഷ്ടം, ഉല്ലാസം, പരീക്ഷണം, ബന്ധങ്ങളിലെ അടുപ്പം, വിനോദം, അറിയാനുള്ള ആഗ്രഹം, ഭയം, തൊഴിൽ, അധികാരം...

ദേശീയതലത്തിൽ നടന്ന പ്രക്ഷോഭങ്ങളിലൂടെ ഈ നിയമത്തെ ഞങ്ങൾ ലൈംഗിക ന്യൂനപക്ഷക്കാർ എതിർത്തുകൊണ്ടേയിരുന്നു. ഒടുവിൽ, 2009 ജൂലൈ രണ്ടാം തിയതി ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഞങ്ങൾക്ക് അനുകൂലമായി വിധി വന്നു. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗികവേഴ്ച കുറ്റകരമല്ലെന്ന് കോടതി വിധിച്ചു. കോൺസ്റ്റിട്യൂഷണൽ മൊറാലിറ്റിയുടെ കീഴിലാണ് ഈ വിധി വന്നത്.

ഹൈക്കോടതി വിധി ഞങ്ങൾ ആഘോഷിച്ചു. ഭിന്നലിംഗക്കാരെ സംബന്ധിച്ചിടത്തോളം 2009 ജൂലൈ 2 പുതിയ സ്വാതന്ത്ര്യദിനമായി മാറി. ഇത്രയും വർഷം ഞങ്ങളെ ക്രിമിനലുകളായി ചിത്രീകരിച്ച നിയമത്തിന് അങ്ങനെ അവസാനമാകുകയാണ്. ലിംഗ/ലൈംഗിക സവിശേഷതകൾ കാരണം എന്തെല്ലാം വിവേചനങ്ങളാണ് ഞങ്ങളുടെ സമുദായം നേരിടേണ്ടിവന്നത്! ഹൈക്കോടതി വിധിക്ക് ശേഷം നിയമവിലക്കുകൾ ഇല്ലാതായി.

ആ വിധി ഇന്ത്യയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുത്തു. എങ്കിലും മതതീവ്രവാദികളും ഇടുങ്ങിയ ചിന്താഗതിക്കാരായ ചില ആരോഗ്യവിദഗ്ദ്ധരും എതിർപ്പുമായി മുന്നോട്ടുവന്നു. ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല ഈ ജീവിതശൈലി എന്നായിരുന്നു അവരുടെ വാദം. ഞങ്ങളുടെ ഹർജിക്കെതിരെ അവർ സുപ്രീം കോടതിയെ സമീപിച്ചു. ഞങ്ങൾക്ക് മാനസികരോഗമാണ്, അത് ചികിത്സിച്ച് മാറ്റാം എന്ന് അഭിപ്രായപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ഞങ്ങൾ ശക്തമായി തിരിച്ചടിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് (നിംഹാൻസ്), ബൻജാര അക്കാദമി എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരെ-സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും-ഒരുമിച്ച് കൊണ്ടുവന്ന് ഞങ്ങൾ തെളിയിച്ചു, ഇത് മാനസിക പ്രശ്നമല്ല. സമൂഹത്തിനു മുന്നിൽ ഞങ്ങൾക്ക് പറയാനുള്ളതും അതുതന്നെയായിരുന്നു. വ്യത്യസ്തമായ ലൈംഗിക താല്പര്യം ഒരു മാനസികാവസ്ഥയാണ്, രോഗമല്ല, ഇത് പല ആളുകൾക്കുമുണ്ട്. അമേരിക്കൻ സൈക്ക്യാട്രിക് അസോസിയേഷൻ റിപ്പോർട്ട്, ഹാരി ബെഞ്ചമിൻ പ്രോട്ടോക്കോൾ റിപ്പോർട്ട്, യോഗ്യകർത്ത പ്രിൻസിപ്പിൾസ് എന്നിങ്ങനെ ഒട്ടേറെ ആധികാരിക രേഖകൾ ഞങ്ങൾ വാദത്തിൽ ഉപയോഗിച്ചു.

ഈ വിധി സമൂഹത്തിലുണ്ടാക്കിയ മാറ്റം വളരെ പോസിറ്റീവായിരുന്നു. പലരും ഇതേക്കുറിച്ച് ചോദിച്ചു. ഇത് ആർക്കൊക്കെ ബാധകമാണ് എന്നന്വേഷിച്ചു. രാഷ്ട്രീയതലത്തിലും പല വാതിലുകൾ ഞങ്ങൾക്കായി തുറന്നു, പല വേദികളിലും കസേരകളുണ്ടായി. സിപിഎം, സിപിഐ, കോൺഗ്രസ്, ജനതാദൾ എന്നിങ്ങനെയുള്ള രാഷ്ട്രീയ പാർട്ടികളും കോടതി ഉത്തരവിനൊപ്പം നിന്നു. കോൺഗ്രസ് ഈ വിധിയെ സ്വാഗതം ചെയ്യുന്നതായി സോണിയ ഗാന്ധിയുടെ പ്രസ്താവനയുമുണ്ടായിരുന്നു.

എങ്കിലും പല രാഷ്ട്രീയ നേതാക്കളുടെയും ചിന്താഗതിയിൽ വ്യത്യാസമൊന്നുമുണ്ടായില്ല. 2011-ൽ ഒരു എച്ച്ഐവി/എയ്ഡ്സ് കോൺഫറൻസിൽ സംസാരിക്കവേ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് 'പുരുഷന്മാർ തമ്മിലുള്ള സെക്സ് അസ്വാഭാവികമാണ്, അതൊരു രോഗമാണ്' എന്ന പരാമർശം നടത്തി.

ഞങ്ങളെല്ലാം ഇതിനെതിരെ പ്രതിഷേധിച്ചു. ഒടുവിൽ, ഇത് ഗുലാം നബി ആസാദിന്റെ വ്യക്തിപരമായ അഭിപ്രായമാണ്, പാർട്ടിയുടേതല്ല എന്ന് കോൺഗ്രസ് വക്താവിന് പറയേണ്ടി വന്നു.

എന്തൊക്കെ പറഞ്ഞാലും, ലൈംഗികത ഒരാളുടെ സ്വകാര്യതയാണ്. പ്രകൃതിവിരുദ്ധം, അസ്വാഭാവികം എന്നൊക്കെയാണ് കൊളോണിയൽ നിയമത്തിൽ പറയുന്നത്. ഇത്തരം പ്രയോഗങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്. എന്താണ് സ്വാഭാവികം, എന്താണ് അസ്വാഭാവികം, എന്താണ് പ്രകൃതിവിരുദ്ധം, എന്താണ് പ്രകൃതിസഹജം, എന്താണ് ശരിയായത്, എന്താണ് ശരിയല്ലാത്തത്, ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്, ഇത് തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്? നമ്മുടെയെല്ലാം ചർമ്മത്തിന്റെ നിറം ഒന്നാണോ? ലിംഗ-വംശ ഭേദമില്ലാത്തവരാണോ നമ്മൾ? പുരുഷലിംഗങ്ങൾ എല്ലാം കാഴ്ചയിൽ ഒരുപോലാണോ? സ്ത്രീകളുടെ മുലകൾക്കെല്ലാം ഒരേ വലിപ്പമാണോ? ഭിന്നരാണ് നമ്മൾ ഓരോരുത്തരും. ഞാനും നിങ്ങളും വ്യത്യസ്തരാണ് എന്നതുകൊണ്ടുമാത്രം നമ്മൾ പ്രകൃതിവിരുദ്ധരാകുമോ?'.

കർണാടക ഹൈക്കോടതി ജഡ്ജിമാർക്കായി ഒരു പ്രോഗ്രാം ചെയ്യാൻ അക്കൈ ക്ഷണിക്കപ്പെടുന്നതോടെയാണ് ഈ വിഷയം ദേശീയതലത്തിൽ മാധ്യമ, ഭരണകൂട, നിയമ ശ്രദ്ധ ആകർഷിക്കുന്നത്. ജസ്റ്റിസ് മഞ്ജുള ചേലൂർ, ജസ്റ്റിസ് അൽത്തമസ് കബീർ തുടങ്ങിയവർ ട്രാൻസ്ജെൻഡർ സമുദായത്തിനുവേണ്ടി അക്കൈ മുന്നോട്ടുവച്ച ആവശ്യങ്ങൾ സശ്രദ്ധം കേൾക്കുകയും സാർഥകമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു.

പോരാട്ടം ദേശീയതലത്തിലേക്ക് എന്ന അഞ്ചാമധ്യായം 2009ലെ ചരിത്രപരമായ ഡൽഹി ഹൈക്കോടതി വിധയെത്തുടർന്നുണ്ടായ സംഭവഗതികൾ വിവരിക്കുന്നു. അക്കൈ എഴുതുന്നു:

'Suresh Kumar Koushal v. Naz Foundation വിധിയിൽ സുപ്രീം കോടതി പറഞ്ഞത് സെക്ഷൻ 377 ഭരണഘടനയിൽ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്നാണ്. അതിന് കാരണമായി പറഞ്ഞതോ, 'ഈ രാജ്യത്തെ ജനങ്ങളിൽ വളരെ 'നിസ്സാരമായ' ഒരു അംശം മാത്രമാണ് സ്വവർഗ പ്രണയികളും ബൈസെക്ഷ്വൽസും ഭിന്നലിംഗക്കാരും' എന്ന്. 'നിസ്സാരമായ' എന്ന ആ വാക്കിന്റെ രാഷ്ട്രീയ പ്രാധാന്യം വളരെ വലുതാണ്. ശരിയാണ്, ഞങ്ങളുടെ എണ്ണം കുറവാണ്, പക്ഷേ, ഇന്ത്യൻ ഭരണഘടനയുടെ കീഴിൽ ആ നിസ്സാരമായ ന്യൂനപക്ഷത്തിനും ഒരു ശബ്ദമുണ്ട്, അവകാശങ്ങളുണ്ട്. അതാണ് അംബേദ്കർ പറഞ്ഞിട്ടുള്ളത്.

ഈ വിധിപ്രസ്താവം ഞങ്ങളെ എത്ര തളർത്തി എന്ന് പറയാൻ ബുദ്ധിമുട്ടാണ്, അതിനെ അംഗീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പലരും പൊട്ടിക്കരഞ്ഞു, ചിലർ ബഹളമുണ്ടാക്കി, ആ വികാരം ഞങ്ങളെ ശ്വാസം മുട്ടിച്ചു. ഇതേത്തുടർന്ന് പൊലീസ് അതിക്രമങ്ങളും വർദ്ധിച്ചു. ഞങ്ങളിൽ പലരെയും കുടുംബങ്ങൾ സ്വീകരിച്ച് തുടങ്ങിയ നാളുകളായിരുന്നു അത്. കോടതിവിധി വന്നതോടെ ആ അംഗീകാരവും നഷ്ടമാകുമെന്നു ഞങ്ങൾ പേടിച്ചു.

എല്ലാ അർത്ഥത്തിലും നിരാശപ്പെടുത്തുന്നതായിരുന്നു ആ വിധി. നീതി ഉറപ്പുവരുത്തുന്നതിൽ നീതിന്യായ വ്യവസ്ഥയും പരാജയപ്പെടും എന്ന് ആ ഉത്തരവ് തെളിയിച്ചു. ലിംഗഭേദത്തെയും ലൈംഗിക സവിശേഷതകളുടെ വൈവിധ്യത്തെയും അതിന്റെ രാഷ്ട്രീയത്തെയും കുറിച്ച് വേണ്ടത്ര അറിവോ വിവരമോ ഇല്ലെന്നും അതെല്ലാം മനസ്സിലാക്കാനുള്ള പക്വത നേടിയിട്ടില്ലെന്നും കോടതി ഇതിലൂടെ വ്യക്തമാക്കി. ഈ വിഭാഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന സംഘടനകളുടെ വക്താക്കളുമായി കൂടിയാലോചിക്കാതെ പുറപ്പെടുവിച്ച ഈ വിധി ഞങ്ങളെ അക്ഷരാർത്ഥത്തിൽ തകർത്തുകളഞ്ഞു.

ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. ഞങ്ങൾ വീണ്ടും ഹർജി നൽകി.

അനുകൂലമായ വിധിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ചില മതസംഘടനകളെയും ഞങ്ങൾ സമീപിച്ചു. ഞങ്ങളെ എതിർക്കുന്ന മതനേതാക്കൾ പലരുണ്ട്, പക്ഷേ, ആര്യ സമാജത്തിലെ സ്വാമി അഗ്‌നിവേശ് ഞങ്ങളെ പിന്തുണച്ചു. നാഷണൽ ചർച്ചസ് ഇൻ ഇന്ത്യ ഞങ്ങൾക്കൊപ്പം നിന്നു. പോപ്പ് ഫ്രാൻസിസ് പോലും ഈ വിഷയത്തിൽ വളരെ പോസിറ്റീവായ നിലപാടാണ് എടുത്തത്. 'തീർപ്പുകൽപ്പിക്കാൻ ഞാനാരാണ്' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന റോമൻ കത്തോലിക്ക സഭയിലെ വിശ്വാസികൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തി.

നിയമപ്പോരാട്ടം തുടരുന്നതിനൊപ്പം ജനങ്ങളുടെ പിന്തുണയും ഞങ്ങൾക്ക് നേടേണ്ടതുണ്ടായിരുന്നു. ഞങ്ങൾ ക്യാമ്പെയിനുകൾ കൂടുതൽ ശക്തമാക്കി, സുപ്രീം കോടതി വിധിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിച്ചു. ഞങ്ങൾ പ്രകൃതിവിരുദ്ധർ അല്ല, ഈ രാജ്യത്തിന്റെ ഭാഗമാണ് ഞങ്ങളും എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചു.

സെക്ഷൻ 377 കേസിൽ വിധി വന്ന് ഒരു വർഷം കവിഞ്ഞപ്പോഴേയ്ക്കും നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റി (നൽസ) നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് പൗരത്വവും അടിസ്ഥാനാവകാശങ്ങൾക്കായി ശബ്ദമുയർത്താനൊരു നിയമബലവും ഈ വിധി ഉറപ്പുനൽകി. ഞങ്ങൾ കർണാടകയിൽ സംഘടിപ്പിച്ച ട്രാൻസ്ജെൻഡർ ആൻഡ് ദ് ലോ പ്രോഗ്രാമിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 2014 ഏപ്രിൽ 15-ന്, അംബേദ്കർ ജയന്തിയുടെ തൊട്ടടുത്ത ദിവസമാണ് ഈ വിധി വന്നത്. ബിജെപി. ഒഴികെയുള്ള മറ്റെല്ലാ പാർട്ടികളും ഈ ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രസ്താവനകളിറക്കി.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ സാമൂഹ്യവും രാഷ്ട്രീയവും നിയമപരവും സാമ്പത്തികവും വൈകാരികവും ആരോഗ്യപരവുമായ എല്ലാ കാഴ്ചപ്പാടുകളെയും ഉൾക്കൊള്ളിക്കുന്ന നൽസ വിധിന്യായം ഈ ലോകത്ത് തന്നെ ഏറ്റവും മികച്ചതാണ്. അത് ഞങ്ങളിൽ വീണ്ടും പ്രതീക്ഷ നിറച്ചു'.

പല സംസ്ഥാനങ്ങളും ട്രാൻസ്ജെൻഡർനയങ്ങൾ രൂപീകരിച്ചു. പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ട്രാൻസ്ജെൻഡർബിൽ പല പ്രശ്നങ്ങളുമുള്ളതായിരുന്നു. അക്കൈ തന്റെ പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. 2018 സെപ്റ്റംബർ 6നാണ് ചരിത്രത്തിലെ ആൺകോയ്മയെ തകിടം മറിച്ചുകൊണ്ട് സുപ്രധാനമായ ആ വിധി സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. 377-ാം വകുപ്പ് റദ്ദാക്കപ്പെട്ടു. പ്രായപൂർത്തിയായ ഇന്ത്യൻ പൗരരുടെ സ്വേച്ഛാപ്രകാരമുള്ള ലൈംഗികബന്ധങ്ങൾ കുറ്റകരമല്ലാതായി മാറി. അതേസമയംതന്നെ 2019ൽ പാർലമെന്റ് പാസ്സാക്കിയ ട്രാൻസ്ജെൻഡർ ബിൽ മനുഷ്യവിരുദ്ധമാണെന്ന നിലപാടിൽ അക്കൈ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.

'ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ എല്ലാ താൽപ്പര്യങ്ങൾക്കും വിരുദ്ധമാണ് ഈ ആക്ട്. ലൈംഗികത്തൊഴിൽ കുറ്റകരമാക്കി, എന്നാൽ മറ്റൊരു ജീവിതമാർഗം നിർദ്ദേശിക്കുന്നുമില്ല. നിങ്ങളുടെ ലിംഗഭേദവും ലൈംഗികതയും സ്വയം തീരുമാനിക്കാനുള്ള അധികാരം ഒരു മജിസ്ട്രേറ്റിന് ഈ ആക്ട് നൽകുന്നുണ്ട്. ഞാൻ ആണാണോ പെണ്ണാണോ എന്ന് എങ്ങനെയാണ് ഒരു മജിസ്ട്രേറ്റ് തീരുമാനിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ സ്വകാര്യത എന്ന അവകാശത്തിന്റെ ലംഘനം. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിനും ബഹുത്വത്തിനും വേണ്ടിയാണ് നിലകൊള്ളേണ്ടത്, ഒപ്പം ദുർബല വിഭാഗങ്ങളുടെ അംഗീകാരത്തിനും വേണ്ടി. എന്റെ ലിംഗസ്വത്വം എനിക്കാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഞങ്ങളിൽ പലർക്കും നല്ല വിദ്യാഭ്യാസമോ തൊഴിലോ ഇല്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് അവകാശങ്ങൾ പോലും ഇല്ലാതാക്കുകയാണ്. ഞങ്ങളോട് അപമര്യാദയായി പെരുമാറിയാൽ കിട്ടുന്ന ശിക്ഷയും ഏറ്റവും കുറവാണ്, രണ്ടോ മൂന്നോ വർഷം മാത്രം. കാരണം, നിസ്സാരമാണ് ഞങ്ങളുടെ ജീവിതം, ആർക്കും ഞങ്ങലെ എന്തും ചെയ്യാം.

ജനവിരുദ്ധ നിയമമാണ് ട്രാൻസ്ജെൻഡർ ബിൽ. അത് പാസാക്കിയതും ജനാധിപത്യസമ്പ്രദായത്തിന് ചേരാത്ത മാർഗങ്ങളിലൂടെ തന്നെ. വളരെ തിരക്കിട്ട് പല ഘടകങ്ങളും പൂർത്തിയാക്കി പാസാക്കുകയായിരുന്നു. ഇതിലൂടെ നിയമനിർമ്മാണത്തെ ആക്ഷേപിച്ചു എന്ന് മാത്രമല്ല, ഈ ആക്ട് സമൂഹത്തിലെ ഏറ്റവും ദുർബലരായ ചിലരുടെ ജീവിതങ്ങളും തച്ചുടച്ചു'.

ആറാമധ്യായം, അക്കൈയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിന്റെ കഥപറയുന്നു. 2012ൽ, ഇരുപത്തേഴാം വയസ്സിൽ ലിംഗമാറ്റശസ്ത്രക്രിയക്കു വിധേയയായി, അവർ. അതിനായുള്ള കൗൺസിലിംഗുകൾ. ധനസമാഹരണം. ഓപ്പറേഷനെക്കുറിച്ചുള്ള ഭീതിദമായ കഥകൾ.... ഹിജ്റസമുദായത്തിൽ നടക്കുന്ന പ്രാകൃതമായ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് അക്കൈ എഴുതുന്നത് വായിക്കൂ. നിങ്ങളുടെ തലച്ചോറിലേക്ക് ചോര ഇരച്ചുകയറും.

'ദയമ്മ നിർവാൺ എന്നൊരു ചടങ്ങുണ്ട് ഹിജ്റ സമുദായത്തിൽ. ഇത് ചെയ്യാൻ മുതിർന്ന ഹിജ്റകളിൽ പലരും പലപ്പോഴായി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആചാരമല്ല, വളരെ പ്രാകൃതമായ ഒരു ലിംഗമാറ്റ ശസ്ത്രക്രിയയാണ്.

വളരെ ക്രൂരമാണിത്. എനിക്ക് പത്തൊൻപതോ ഇരുപതോ വയസ്സുള്ളപ്പോഴാണ് ആദ്യം അവർ ഇത് നിർദ്ദേശിച്ചത്.

ദയമ്മ എന്നാൽ ദേവി മാതാവ് തന്നെ. എന്റെ ഗുരവായിരുന്ന ജെറീനമ്മ ഈ സർജറി എന്താണെന്ന് ഒരിക്കൽ എനിക്ക് പറഞ്ഞുതന്നു.

വിജനമായ ഒരു പ്രദേശത്ത് വളരെ രഹസ്യമായാണ് ഇത് നടത്തുന്നത്. മുൻപരിചയമുള്ള, പ്രായമായ മൂന്നോ നാലോ ഹിജ്റകൾക്കാണ് നേതൃത്വം. അവർ അവിടെ ആഴത്തിൽ ഒരു കുഴി കുഴിക്കും. 'ഓപ്പറേഷ'നിടയിൽ 'രോഗി' മരിച്ചാൽ മറവു ചെയ്യുന്നത് ഇതിലാണ്. പിന്നെ എണ്ണ തിളപ്പിക്കും, കത്തി തീയിൽ ചൂടാക്കും, ഒരു മൺകുടം എടുത്തുവയ്ക്കും. എന്തൊക്കെയാണ് ഒരുക്കങ്ങൾ എന്ന് മനസ്സിലായല്ലോ.

ആദ്യം തന്നെ നിങ്ങളുടെ കൈകൾ രണ്ടും പുറകിൽ കെട്ടും. ആ സമയത്ത് മാതാ, മാതാ എന്ന് ജപിച്ചുകൊണ്ടിരിക്കണം. ദേവി നിങ്ങൾക്കൊപ്പമുണ്ട് എന്നാണ് സങ്കല്പം. ചടങ്ങിന് കുറേനാൾ മുൻപ് തന്നെ മുടി നീട്ടി വളർത്താൻ ആവശ്യപ്പെട്ടിട്ടുണ്ടാകും. നീണ്ട മുടി ഉപയോഗിച്ച് വായ മൂടും. അതിനുശേഷം വസ്ത്രങ്ങൾ മാറ്റി നിങ്ങളെ പൂർണ്ണനഗ്‌നനാക്കി അവിടെയെല്ലാം നടത്തും. അപ്പോഴും ദേവിയുടെ പേര് നിർത്താതെ ചൊല്ലണം.

അങ്ങനെ മാതാ മാതാ എന്ന് വിളിച്ച് ദേവിക്ക് മുന്നിലെത്തി നിൽക്കണം, അതായത് നേരത്തെ തയ്യാറാക്കിയിട്ടുള്ള കുഴിയുടെ അടുത്ത്. ദയമ്മ നടത്തുന്ന ഹിജ്റകൾ നിങ്ങളുടെ ജനനേന്ദ്രിയത്തിന്റെ അറ്റത്ത് ചരട് കൊണ്ട് കെട്ടും. എന്നിട്ട് ചൂടാക്കിയ കത്തി കൊണ്ട് ലിംഗം അറുത്തെടുക്കും!

ആദ്യം പുറത്തേക്ക് ചീറ്റി വരുന്ന ചോര തയ്യാറാക്കി വച്ച മൺകുടത്തിൽ ശേഖരിക്കും അവർ, എന്നിട്ടത് നിങ്ങളുടെ ദേഹത്ത് തന്നെ തളിക്കും. ശരീരത്തിൽ രോമ വളരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതത്രെ.

മുറിവിൽ നിന്ന് പുറത്തേക്ക് വരുന്ന രക്തം മുഴുവൻ ഒഴുകിപ്പോകണം, എങ്കിൽ മാത്രമേ നിങ്ങളുടെ ശരീരത്തിൽ പുരുഷന്റെ ചോര ഇല്ലാതാകുകയുള്ളു എന്നാണ് വിശ്വാസം. നിങ്ങൾ ജനിച്ചപ്പോഴുണ്ടായ ആൺരക്തം അങ്ങനെ ഒരു തുള്ളി പോലുമില്ലാതെ തീരണം.

അത് കഴിയുമ്പോൾ ശരീരത്തിലേയ്ക്ക് ഒഴുകിവരുന്ന രക്തം മാതാശക്തിയുടേതാണ് എന്ന് ഹിജ്റകൾ വിശ്വസിക്കുന്നു. അതായത് സ്ത്രീ ശക്തി. അവർ നൽകുന്ന ഭക്ഷണത്തിലൂടെ ഈ രക്തം ശരീരത്തിലുണ്ടാകുമെന്ന്!

ഓപ്പറേഷൻ കഴിഞ്ഞു, ഇനി മുറിവിൽ എണ്ണ ഒഴിക്കണം. തിളപ്പിച്ച് വച്ചിട്ടുള്ള ആവണക്കെണ്ണയാണ് ലിംഗം മുറിച്ചുമാറ്റിയിടത്ത് ഒഴിക്കുന്നത്. എന്തുകൊടിയ വേദനയായിരിക്കും എന്ന് ചിന്തിക്കാൻ കഴിയുമോ?

ദയമ്മ നിർവാൺ പോലെ ഇത്രയും പ്രാകൃതമായ, ക്രൂരമായ മറ്റൊരു മുറയുണ്ടോ? എന്റെ പല സുഹൃത്തുക്കളും ഈ ഓപ്പറേഷനിടയിൽ മരിച്ചിട്ടുണ്ട്. ഈ ക്രൂരകൃത്യം അതിജീവിക്കാൻ കഴിയാതെ, വേദന താങ്ങാൻ പറ്റാതെ, ഗുരുതരമായി മുറിവേറ്റ് പലരും ആ കുഴിയിൽ ഒടുങ്ങി. 'രോഗി'യെ കുഴിയിലിറക്കി മണ്ണിട്ട് മൂടി സൂര്യനുദിക്കും മുൻപ് മറ്റുള്ളവർ തിരിച്ചെത്തും. എന്ത് സംഭവിച്ചു എന്ന് ആരോടും പറയുകയുമില്ല'.

എന്തായാലും അക്കൈ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വഴിതന്നെ സ്വീകരിച്ചു. എം.എസ് രാമയ്യ ഹോസ്പിറ്റലിൽ സർജറി നടന്നു. ജന്മനാ ഉള്ള പുരുഷലിംഗം മുറിച്ചുനീക്കി യോനിയുടെ രൂപത്തിൽ ആ ഭാഗം ക്രമപ്പെടുത്തി. തുടർന്ന് സ്തനങ്ങൾ വലുതാക്കാൻ ഹോർമോൺ ചികിത്സ... വേദനകളുടെ ഏഴുലോകവും താണ്ടി, അക്കൈ താൻ എത്തിച്ചേർന്ന ജീവിതസന്ധിയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:

'എങ്കിലും, ഇത്ര നാൾ കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ, ഈ മാറ്റത്തിനായി ഞാൻ അനുഭവിച്ചതെല്ലാം ഓർക്കുമ്പോൾ, ലേസർ ചികിത്സയുടെ പൊള്ളൽ മനസ്സിലെത്തുമ്പോൾ ഒക്കെ ഞാൻ ചിന്തിക്കാറുണ്ട്, സ്ത്രീയാകാൻ വേണ്ടി ഇത്ര വേദന അനുഭവിക്കണോ? ആ ചോദ്യം എപ്പോഴും എന്റെയുള്ളിലുണ്ട്. അതേക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അമ്മ പറഞ്ഞ ഒരു കാര്യം ഓർമ വരും. സർജറി കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷമാണ് ഞാൻ അതേക്കുറിച്ച് അമ്മയോട് പറയുന്നത്.

അമ്മ നല്ല മൂഡിലായിരുന്ന ഒരു ദിവസം. ഇനി ഈ ഒളിച്ചുകളി വേണ്ടെന്നു ഞാൻ തീരുമാനിച്ചു. ആദ്യം എന്റെ സർട്ടിഫിക്കറ്റാണ് ഞാൻ അമ്മയെ കാണിച്ചത്.

'ഇനി ഞാൻ ആൺകുട്ടിയല്ല അമ്മേ, എന്റെ ഓപ്പറേഷൻ കഴിഞ്ഞു, ഇപ്പോൾ ഞാനൊരു പെണ്ണാണ്. ഈ സർട്ടിഫിക്കറ്റ് കണ്ടോ, ഇതിലുണ്ട് ഞാൻ ലിംഗമാറ്റം ചെയ്ത കാര്യം'.

അമ്മ എന്റെ സർട്ടിഫിക്കറ്റെല്ലാം നീക്കിവച്ചു. എന്നിട്ട് ഒരു ഭാവവുമില്ലാതെ പറഞ്ഞു, എനിക്കറിയാം നീ ഓപ്പറേഷൻ നടത്തിയെന്ന്.

'അമ്മ എന്തുകൊണ്ട് എന്നെ ഞാനായി അംഗീകരിച്ചില്ല? എങ്കിൽ എനിക്ക് ഇത്ര വേദന സഹിക്കേണ്ടി വരുമായിരുന്നോ?'

അമ്മ പറഞ്ഞു, ഒരു സ്ത്രീയായതുകൊണ്ടുമാത്രം ഞാൻ അനുഭവിക്കുന്ന ദുരിതത്തിന് കണക്കില്ല. അതെല്ലാം നിന്റെ ജീവിതത്തിൽ ഉണ്ടാകരുതെന്നേ ഞാൻ ആഗ്രഹിച്ചുള്ളു. ഇപ്പോൾ നീ അതുതന്നെ ചെയ്തു. എന്തിന്?'

ഞാൻ എന്ത് മറുപടി പറയും? എനിക്ക് ഗർഭപാത്രമില്ല, യോനിയോ മുലകളോ ഇല്ല. പ്രസവിക്കാനുള്ള കഴിവും ഇല്ല. 'അമ്മ ഒരു സ്ത്രീയാണ്, മറ്റൊരു തരത്തിൽ ഞാനും. നമ്മൾ രണ്ടുപേരും സ്ത്രീകളാണ്. അമ്മയ്ക്ക് അമ്മയുടേതായ പ്രശ്നങ്ങളുണ്ട്, എനിക്ക് എന്റേതും. പക്ഷേ, എന്തൊക്കെ സഹിക്കേണ്ടിവന്നാലും സ്ത്രീ എന്ന് നമ്മൾ അവകാശപ്പെടുന്നത് ആ അസ്തിത്വത്തിന്റെ എല്ലാ മഹത്വത്തോടും കൂടിയാണ്'.

സ്ത്രീത്വത്തെ പൂർണമാക്കാൻ ഒരുപാട് വഴികളിലൂടെ നടക്കേണ്ടിവരും. ലിംഗമാറ്റ ശസ്ത്രക്രിയ മുതൽ സിലിക്കോൺ ഇംപ്ലാന്റുകളും ലേസർ ചികിത്സയും വരെ. ഇപ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ഇതെല്ലാം ശരിക്കും ആവശ്യമാണോ? നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ ഒരു സ്ത്രീയുണ്ട്, പക്ഷേ, അത് മറ്റുള്ളവർ അംഗീകരിക്കുന്നില്ല എന്നുമാത്രം. അതുകൊണ്ടാണ് നിങ്ങളുടെ ആന്തരികമായ ലോകത്തിനും ബാഹ്യലോകത്തിനുമിടയിൽ എന്നും സംഘർഷമുള്ളത്.

നിങ്ങൾ എങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെ സ്വത്വത്തെ പൂർണ്ണമായി തിരിച്ചറിയണമെങ്കിൽ സാമൂഹ്യമായ മാറ്റം ആവസ്യമാണ്, അത് സാധ്യമാക്കുന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. എങ്കിലും എന്നെങ്കിലുമൊരിക്കൽ അങ്ങനെയൊരു സമൂഹം ഇവിടെയുണ്ടാകും എന്ന് ഞാൻ പ്രത്യാശിക്കുന്നു'.

പ്രണയവും വിവാഹവും ദാമ്പത്യവും തന്റെ ജീവിതത്തിൽ സൃഷ്ടിച്ച അനുഭവങ്ങളുടെ അസാധാരണമായ ഒരു കാലചിത്രം വരച്ചിടുകയാണ് ഏഴാമധ്യായത്തിൽ അക്കൈ. പെണ്ണാണ് താൻ എന്ന ബോധ്യമുണ്ടായ ബാല്യ-കൗമാര കാലത്തും ലൈംഗികത്തൊഴിൽ ചെയ്ത കാലത്തും ആക്ടിവിസ്റ്റായി മാറിയ കാലത്തും പ്രണയം, വിവാഹം, ദാമ്പത്യം എന്നിവയെക്കുറിച്ച് ഭിന്നങ്ങളായ ധാരണകളിലെത്തുംവിധം വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ജീവിതം അക്കൈക്കു നൽകിയത്. പതിമൂന്നാം വയസ്സിൽ തുടങ്ങിയ വേണുവുമായുള്ള പ്രണയവും ലൈംഗികബന്ധവും മുൻപു സൂചിപ്പിച്ചു. മലയാളിയായ മിഥുൻ എന്ന ട്രാൻസ്മാനുമായി ലിവ്-ഇൻ-റിലേഷനായിരുന്നു അക്കൈക്ക്. അയാൾക്കു മറ്റൊരു പങ്കാളിയുണ്ടായിരുന്നു. എങ്കിലും മൂന്നുവർഷത്തോളം ആ ബന്ധം നിലനിന്നു. പിന്നീട് മിഥുൻ മറ്റൊരു ബന്ധത്തിൽ താൽപര്യം കാണിക്കുകയും അക്കൈയെ ഒഴിവാക്കുകയും ചെയ്തു. സമാര എന്ന സംഘടനയിൽ ഒന്നിച്ചു ജോലിചെയ്തിരുന്ന വാസുദേവുമായി അക്കൈ പിന്നീട് പ്രണയത്തിലായി. അയാളുടെ വീട്ടുകാർ എതിർത്തിട്ടും ആ വിവാഹം നടന്നു. ഒരിക്കലും അക്കൈയെ അംഗീകരിക്കാൻ അവർ തയ്യാറായില്ല. വാസുദേവ് കടുത്ത മദ്യപനായി മാറി. അക്കൈ തന്റെ മുഴുവൻ സമുദായപ്രവർത്തനവും മതിയാക്കി അയാൾക്കൊപ്പം ഗ്രാമത്തിലേക്കു താമസം മാറ്റി. എന്നിട്ടും ആ ബന്ധം നിലനിന്നില്ല. രണ്ടു തവണ അക്കൈയെ കൊല്ലാൻ ശ്രമിച്ച വാസുദേവ് അവരെ നിരന്തരം മർദ്ദിക്കുന്നതു പതിവായതോടെ, ഒരു കുഞ്ഞിനെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്കു മടങ്ങി, അക്കൈ.

'വിവാഹം എന്ന പ്രസ്ഥാനം ഒരു പീഡനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എല്ലാ വിവാഹബന്ധങ്ങളും അങ്ങനെയല്ല, ഞാൻ ആരെയും കുറ്റപ്പെടുത്തുന്നുമില്ല. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, വ്യത്യസ്തമായ ജീവിതങ്ങളുമുണ്ട്.

പക്ഷേ, വിവാഹം എപ്പോഴും ഒരു സമ്പ്രദായത്തിന്റെ ഭാഗമാണ്, അതിന്റെ ആധാരമാകുന്നത് പുരുഷാധിപത്യവും. ആണിന്റെ വാക്ക് കേട്ടേ തീരൂ, കുഞ്ഞുങ്ങൾ അയാളുടെ ചോരയിൽ തന്നെ ജനിക്കണം. ആക്ടിവിസ്റ്റ് ആയ എനിക്ക് വിവാഹജീവിതത്തിൽ പലപ്പോഴും മിണ്ടാതിരിക്കേണ്ടിവന്നു. സംസാരിക്കുമ്പോൾ ശബ്ദം താഴ്‌ത്തി, വാഗ്വാദങ്ങൾ ഒഴിവാക്കി, ഭർത്താവ് പറയുന്നത് മാത്രം കേട്ടു.

ഇത്രനാൾ കഴിഞ്ഞിട്ടും വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ അല്പം പേടി തോന്നും. ചിലപ്പോൾ തോന്നും എന്തിനാണ് ആളുകൾ വിവാഹം കഴിക്കുന്നതെന്ന്. പുതിയ തലമുറക്കാർ വിവാഹബന്ധത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ അവരുടെ ഇഷ്ടങ്ങൾ പോലെ വ്യത്യസ്തമാണ്.

പലരും പറയും, ഒരു കുഞ്ഞിന്റെ വളർച്ചയിൽ അച്ഛൻ കൂടിയേ തീരൂ എന്ന്. ഞാൻ ഇപ്പോഴും ചെറുപ്പമാണ്, വിവാഹശേഷം ഞാൻ അനുഭവിച്ച ദുരിതമൊന്നും എന്റെ സ്വപ്നങ്ങളെയോ ആഗ്രഹങ്ങളെയോ ഇല്ലാതാക്കിയിട്ടില്ല. ഇപ്പോഴും ഞാൻ ഒരു സുന്ദര ലോകം സ്വപ്നം കാണുന്നുണ്ട്. എങ്കിലും ഇനി ഒരു ബന്ധം എനിക്ക് വേണോ? ശാരീരികമായ താല്പര്യങ്ങൾ എനിക്കുമുണ്ട്. ദീർഘകാലം നീണ്ടുനിൽക്കുന്ന, ആത്മാർത്ഥമായ ഒരു ബന്ധം ഞാനിപ്പോഴും ആഗ്രഹിക്കുന്നു. ഒറ്റയ്ക്ക് ജീവിക്കാൻ എനിക്ക് കഴിയില്ല. എന്തൊക്കെയാണെങ്കിലും സംസാരിക്കാൻ ആരെങ്കിലും വേണം എനിക്ക്. നല്ല സുഹൃത്തുക്കൾ നമുക്ക് എല്ലാവർക്കുമുണ്ട്, പക്ഷേ, എപ്പോഴും എന്തിനും അവരെ ആശ്രയിക്കാൻ കഴിയില്ല. വിവാഹത്തിൽ അങ്ങനെയല്ല കാര്യങ്ങൾ.

വേണുവും ഞാനും തമ്മിലുള്ളതാണ് എന്റെ യഥാർത്ഥമായ ബന്ധം. അങ്ങനെ വേറൊന്നുമില്ല. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചാണ്, പക്ഷേ വിവാഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ അല്ല എന്നുമാത്രം. നല്ല സുഹൃത്തുക്കൾ, ആത്മാർത്ഥമായ ബന്ധം. ഇരുപത്തഞ്ച് വർഷമായി ഞങ്ങൾ പരസ്പരം അറിയുന്നു, വേണുവിന് ഇന്നും ഒരു മാറ്റവുമില്ല, എനിക്കും. ഞാൻ ഭാര്യയാണെന്ന് വേണു ഇപ്പോഴും പറയും, പക്ഷേ, അവൻ എന്റെ ഭർത്താവാണ് എന്ന് ഞാൻ പറയില്ല. എനിക്ക് ഞങ്ങളുടെ സുഹൃദ്ബന്ധം തന്നെ ധാരാളം. ഹൃദയങ്ങൾ തമ്മിലുള്ള ബന്ധമാണ് പ്രധാനം. താലി കെട്ടുന്നതോ മോതിരം കൈമാറുന്നതോ അല്ല. എന്റെ അനുഭവങ്ങളിൽ നിന്ന് ഞാൻ പഠിച്ചതും ഇതുതന്നെ.

അതുകൊണ്ട് വിവാഹം എന്ന സമ്പ്രദായത്തിനുള്ളിൽ നിലനിൽക്കുന്ന പീഡനങ്ങൾക്കെതിരെ എന്റെ പോരാട്ടം ഞാൻ തുടരും. മരണം വരെ'.

ശ്രീലങ്ക, നേപ്പാൾ, ഒമാൻ, ജപ്പാൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് എന്ന നിലയിൽ സന്ദർശനം നടത്താനും വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കാനും അമേരിക്കയിൽ നിരവധി സർവകലാശാലകളിൽ പ്രഭാഷണം നടത്താനുമൊക്കെ ലഭിച്ച അവസരങ്ങളാണ് എട്ടാമധ്യായത്തിൽ അക്കൈ വിവരിക്കുന്നത്.

നിർഭയസംഭവത്തിനുശേഷം ഇന്ത്യയിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്കും സ്ത്രീയുടെ അവസ്ഥകൾക്കും സംഭവിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ നിയോഗങ്ങളെയും ദൗത്യങ്ങളെയും കുറിച്ചുള്ള പുനർവിചിന്തനങ്ങൾ സംഗ്രഹിക്കുകയാണ് അവസാന അധ്യായത്തിൽ അക്കൈ. ട്രാൻസ്ഡെൻഡർ വ്യക്തികളെ സ്ത്രീകളായംഗീകരിക്കാത്ത ഫെമിനിസ്റ്റുകൾക്കെതിരെ നിശിതമായ വിമർശനമുന്നയിക്കുന്നു, അവർ.

'ഫെമിനിസത്തിൽ ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് പങ്കുണ്ടോ എന്ന വിഷയം ആഗോളതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 2015-ൽ വിമോചന ബാംഗ്ലൂരിൽ സംഘടിപ്പിച്ച വേൾഡ് കോർട്ട് ഓഫ് വിമനിൽ ഞാനും പങ്കെടുത്തു. നാല്പത് വർഷത്തിലേറെയായി സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് വിമോചന. രാജ്യത്തിന്റെ അകത്തും പുറത്തും നിന്നുള്ള ഒട്ടേറെപ്പേർ ഈ കോൺഫറൻസിനായി ബാംഗ്ലൂരിൽ എത്തിച്ചേർന്നു.

ട്രാൻസ്ജെൻഡർ വ്യക്തികളെ സ്ത്രീകളായി പരിഗണിക്കുന്നതിനെ ഏറ്റവും കൂടുതൽ എതിർത്തത് സ്ത്രീപക്ഷവാദികളാമ്. അമേരിക്ക, ഈജിപ്റ്റ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ ഫെമിനിസ്റ്റുകൾ ഉറപ്പിച്ചുപറഞ്ഞു, ട്രാൻസ് വ്യക്തികളെ സ്ത്രീകളായി അംഗീകരിക്കാൻ കഴിയില്ല എന്ന്. സ്ത്രീകളായി, സ്ത്രീയുടെ അവയവങ്ങളുമായി ജനിക്കുന്നവരും ശസ്ത്രക്രിയയിലൂടെ അവ സൃഷ്ടിച്ച് സ്ത്രീകളാകുന്നവരും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അവർ വാദിച്ചു.

ലിംഗത്വത്തെയും ലൈംഗികതയെയും കുറിച്ചുള്ള വളരെ കണിശമായ ഈ ചിന്താഗതിക്ക് ഉന്ന് പ്രസക്തിയില്ല. എന്താണ് ഫെമിനിസം? എന്തായാലും ഒരു വിഷയത്തിൽ തീർപ്പ് കല്പിക്കുന്ന രീതിയല്ല ഫെമിനിസത്തിൽ വേണ്ടത്. അങ്ങനെയുള്ള തീരുമാനങ്ങളും വേർതിരിവുകളുമുള്ള സ്ത്രീപക്ഷവാദം ശരിയല്ല എന്നാണ് ഞാൻ കരുതുന്നത്. എന്റെ അഭിപ്രായത്തിൽ, ഒന്നിനെയും കുറിച്ച് ന്യായവിസ്താരം നടത്താത്ത, പുതിയ സാഹചര്യങ്ങളെ അംഗീകരിക്കുന്ന, മറ്റുള്ള വിശ്വാസങ്ങളെയും മൂല്യങ്ങളെയും അംഗീകരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഫെമിനിസം. പക്ഷേ, ഇവിടെ ഫെമിനിസ്റ്റുകൾ എന്ന് അവകാശപ്പെട്ട പലരും വളരെ സങ്കുചിതമായ ചിന്താഗതിക്കാരായിരുന്നു.

എങ്കിലും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ട പിന്തുണയും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. 2009-ലെയും 2014-ലെയും കോടതിവിധികൾ അനുകൂലമാക്കുന്നതിൽ ഫെമിനിസ്റ്റുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. മറ്റുള്ള രാജ്യങ്ങളിൽ സ്ത്രീപക്ഷവാദികൾ ട്രാൻസ്ജെൻഡറുകളെയും ട്രാൻസ്ജെൻഡറുകൾ സ്ത്രീപക്ഷവാദികളെയും അംഗീകരിക്കുന്നില്ല. പക്ഷേ, സ്ത്രീ എന്ന നിലയിൽ സ്ത്രീത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇങ്ങനെയൊരു വേർതിരിവുണ്ടാക്കുന്നതിൽ എനിക്ക് എതിർപ്പുണ്ട്. ഇത്തരം ചിന്താഗതികൾ ഫെമിനിസത്തിന് എതിരാണെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്'.

ലിംഗത്വം, ലൈംഗികത എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കാൻ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളെ ഒരുമിച്ചു കൊണ്ടുവരിക എന്ന ആഗ്രഹത്തോടെ അക്കൈ രൂപം കൊടുത്ത സംഘടനയാണ് 'ഒൻഡേഡെ'. ഈ ഘട്ടത്തിൽ ലൈംഗികരാഷ്ട്രീയത്തോട് സംഘപരിവാർപ്രസ്ഥാനങ്ങളിൽ നിന്നുണ്ടായ ചില സമീപനങ്ങളെ അക്കൈ എതിർക്കുന്നുണ്ട്. മതേതര-ദേശീയ നിലപാടുകളിൽ ഉറച്ചുനിന്നും ശാസ്ത്രീയ സമീപനങ്ങൾ മുറുകെപ്പിടിച്ചും അംബേദ്കർ എഴുതിയുണ്ടാക്കിയ ഭരണഘടന ഏകപ്രമാണഗ്രന്ഥമായി ഉയർത്തിപ്പിടിച്ചും തന്റെ രാഷ്ട്രീയം പ്രഖ്യാപിക്കുന്നു, അവർ. തനിക്കൊരിക്കലും അനുഭവിക്കാൻ കഴിയാതിരുന്ന നീതിയുക്തമായ സാമൂഹികമണ്ഡലത്തിലും സമഭാവനയിലടിയുറച്ച ലൈംഗിക ജീവിതത്തിലുമാണ് അതിന്റെ അടിത്തറ അക്കൈ സങ്കല്പിക്കുന്നത്. (മാറിയ സാഹചര്യത്തിൽ, വ്യക്തമായ കക്ഷിരാഷ്ട്രീയതാൽപര്യങ്ങളോടെ ചില നീക്കങ്ങൾ അക്കൈ നടത്തുന്നതായും സൂചനകളുണ്ട്. അവർ കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കുന്നത് രഹസ്യമല്ല ഇപ്പോൾ).

ആത്മാഭിമാനത്തോടെയും സ്വതന്ത്രകാമനകളോടെയും ജീവിക്കാനുള്ള ഒരു വ്യക്തിയുടെ മനുഷ്യാവകാശപ്രഖ്യാപനം മാത്രമല്ല 'നെടുമ്പാതയിലെ ചെറുചുവട്'. സമീപകാല ഇന്ത്യൻ ലൈംഗികചരിത്രത്തിന്റെ സുവർണലിപികളിലെഴുതപ്പെട്ട രാഷ്ട്രീയകഥ കൂടിയാണത്. ലിംഗഭേദം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചപ്പാടുകൾ, ലൈംഗികതയുടെ തുറന്നുപറച്ചിലുകൾ, ലൈംഗിരത്തൊഴിലിനെ വർഗസമരമായി വ്യാഖ്യാനിക്കുന്നതിലെ നിലപാട്, പ്രണയം, വിവാഹം, ദാമ്പത്യം, മാതൃത്വം തുടങ്ങിയ അവസ്ഥകളുടെ നേർക്ക് ലിംഗരാഷ്ട്രീയപശ്ചാത്തലത്തിൽ ഉന്നയിക്കുന്ന വിമർശനങ്ങൾ, കുടുംബം മുതൽ മതം വരെയും ജാതി മുതൽ ഭരണകൂടം വരെയുമുള്ള സ്ഥാപനങ്ങളോടു പ്രഖ്യാപിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങൾ, നിയമനിർമ്മാണങ്ങളും കോടതിവിധികളും വഴി ലൈംഗിക ന്യൂനപക്ഷങ്ങൾക്കു കൈവന്ന ദൃശ്യതയുടെ രേഖീകരണം.... ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ചുവടുകൾ നമ്മുടെ കാലത്തിന്റെ നീതിസാരങ്ങളുടെ ഭാഗമായി മാറുന്നു.

ആഖ്യാനത്തിലെ അസാധാരണമായ ആർജ്ജവം പോലെതന്നെ നമ്മെ വിസ്മയിപ്പിക്കും, ഈ ഓർമ്മക്കുറിപ്പുകളുടെ അനന്യമായ രാഷ്ട്രീയബോധവും. സമാനതകളില്ലാത്ത ഒരു ജീവിതത്തിന്റെ കഥ, സമനതകളില്ലാത്ത ഒരു സമരചരിത്രത്തിന്റെ കൂടി കഥയാക്കി മാറ്റുന്നതിന്റെ കല ഈ പുസ്തകത്തെ വേറിട്ടുനിർത്തുന്നു. ടി.എസ്. പ്രീതയുടെ വിവർത്തനം തികച്ചും ഭാവാത്മകവും വായനാക്ഷമവുമാണ്. പറച്ചിലിന്റെ രൂപഘടനയെ എഴുത്തിലേക്കു പറിച്ചുനടുന്നതിൽ ഗൗരി സ്വീകരിച്ചിരിക്കുന്ന സമീപനം പ്രീതയും സൂക്ഷ്മമായി പിന്തുടരുന്നു. ഉറപ്പിച്ചുപറയാം, മലയാളിയുടെ വായനയെയല്ല, ലോകബോധത്തെയാണ് ഈ പുസ്തകം തലകീഴ്മറിക്കാൻ പോകുന്നത്.

പുസ്തകത്തിൽനിന്ന്:-

'2014 ഏപ്രിൽ 15-ന് നൽസ വിധി വന്നപ്പോൾ ഞാൻ ആദ്യം ആലോചിച്ചത് ഒരു കാര്യമാണ്-സമത്വത്തിനുവേണ്ടിയുള്ള, വളരെ അടിസ്ഥാനപരമായ ഈ വിധി പ്രസ്താവിക്കാൻ എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇത്രനാൾ വേണ്ടിവന്നത്?

ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്-വിദ്യാഭ്യാസം, തൊഴിൽ വിവാഹം, ദത്ത്, പിൻതുടർച്ചാവകാശം ഇതെല്ലാം മൗലികാവകാശങ്ങളാണ്. ഐക്യരാഷ്ട്രസഭ പാസാക്കിയ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിക്കുന്ന നമ്മുടെ രാജ്യത്ത് ഇതെല്ലാം പൗരന്മാരുടെ പ്രാഥമിക അവകാശങ്ങളാണ്. ഈ ലോകത്തെ ഓരോ വ്യക്തിക്കും ഈ അവകാശങ്ങളുണ്ടായിരിക്കണം. എന്നിട്ടും ഈ ഉത്തരവ് പുറത്തിറങ്ങാൻ ഇത്ര വൈകിയത് എന്തുകൊണ്ടാണ്?

ട്രാൻസ്ജെൻഡർ വിഭാഗത്തെ മൂന്നാം ലിംഗക്കാർ എന്നാണ് ഈ വിധിന്യായത്തിൽ പറയുന്നത്. ഇത് ഞാൻ ചോദ്യം ചെയ്യുന്നു. ആരാണ് ഒന്നാം ലിംഗക്കാർ, ആരാണ് രണ്ടാം ലിംഗക്കാർ? ആരാണ് മൂന്നാം ലിംഗക്കാർ? ലൈംഗികത അല്ലെങ്കിൽ ജെൻഡർ തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്? ഓരോ കള്ളികളിൽ ഒതുക്കാനുള്ളതല്ല ലിംഗത്വം. അതിന്റെ നിർവചനം വളരെ വിശാലമാണ്. നിങ്ങളുടെ ലിംഗസ്വത്വം മനസ്സിലാക്കുക എന്നതാണ് പ്രധാനം; നിങ്ങൾ ഏത് ലിംഗത്തിൽ ജനിച്ചാലും ഏത് വേഷം ധരിച്ചാലും, നിങ്ങളുടെ വംശവും ശബ്ദവും എന്തുതന്നെയായാലും.

നൽസ വിധിന്യായത്തിൽ വിട്ടുപോയ ചില പ്രധാന വസ്തുതകളുണ്ട്. ഇതിലും 'അയ്യോ പാവം' കാഴ്ചപ്പാടിലാണ് ട്രാൻസ്ജെൻഡറുകളെ ചിത്രീകരിച്ചിരിക്കുന്നത്. ഞങ്ങൾക്കത് വേണ്ട. ലിംഗത്വ നിയമങ്ങളും ആൺകോയ്മയുടെ അധികാരസ്ഥാനങ്ങളും മതചിന്തകളും രൂപപ്പെടുന്ന പരമ്പരാഗത ശൈലിയെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്.

ഞങ്ങളുടെ ലൈംഗികത്വത്തെക്കുറിച്ചും ഈ വിധിന്യായം ഒന്നും പറയുന്നില്ല. ലൈംഗികതയ്ക്ക് വേണ്ടിയുള്ള പ്രസ്ഥാനങ്ങളുടെ ഭാഗമാണ് ട്രാൻസ്ജെൻഡറുകൾ. ലൈംഗികകാര്യങ്ങളിൽ താല്പര്യമില്ലാത്തവരായി ഞങ്ങളെ കാണുന്നവർ ധാരാളം. പക്ഷെ, അത് തെറ്റായ ധാരണയാണ്. ഹിജ്റ സമുദായത്തിൽ പോലും ആരും ലൈംഗിക താല്പര്യങ്ങളെക്കുറിച്ച് തുറന്നു പറയാറില്ല. ലൈംഗികത (സെക്ഷ്വാലിറ്റി) എന്ന വാക്ക് തന്നെ സംസാരിത്തിൽ ഒഴിവാക്കും.

മൂന്നാം ലിംഗക്കാരുടെ, അതായത് ട്രാൻസ്ജെൻഡർ വ്യക്തികളുടെ പ്രശ്നങ്ങൾ ലൈംഗിക സവിശേഷതകൾ ഉള്ള ലെസ്‌ബിയൻ, ഗേ, ബൈസെക്ഷ്വൽ വിഭാഗങ്ങലിൽ പെട്ടവരുടേതിൽ നിന്ന് വ്യത്യസ്തമാണ് എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സെക്ഷൻ 377 ട്രാൻസ്ജെൻഡറുകളെയും ബാധിക്കുന്ന നിയമമാണ്.

ബാംഗ്ലൂരിൽ ഞങ്ങളുടെ സമുദായക്കാരെ പീഡിപ്പിക്കാൻ പൊലീസ് പ്രയോഗിക്കുന്ന രണ്ട് ആയുധങ്ങളിലൊന്നാണ് സെക്ഷൻ 377. ഞങ്ങളെ കൃത്യമായി ലക്ഷ്യമിടാൻ അവർക്ക് ഈ വകുപ്പ് മതി. ബ്ലാക് മെയിലിംഗാണ് പ്രധാനമായും ചെയ്യുന്നത്. വീട്ടുകാരെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങും, മൂവായിരം മുതൽ പതിനായിരം രൂപ വരെ വാങ്ങുന്നവരുണ്ട്.

2006-ൽ രണ്ട് ട്രാൻസ് സ്ത്രീകളെ കബ്ബൺ പാർക്ക് സ്റ്റേഷനിലെത്തിച്ച പൊലീസ് പിന്നീട് അവരെ ജയിലിൽ കൊണ്ടുവന്നു തള്ളി, അവരുടെ തല മൊട്ടയടിച്ചുസ ആണുങ്ങൾക്കൊപ്പം താമസിപ്പിച്ചു. ആയിടെ തന്നെ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ 48 മണിക്കൂർ ഒരു ട്രാൻസ് സ്ത്രീയെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചതും എല്ലാം ഈ വകുപ്പിന്റെ ബലത്തിലാണ്.

വളരെ അപൂർവമായി മാത്രം ഇത് സമൂഹത്തിലെ ഉന്നതർക്കെതിരെ പ്രയോഗിക്കാറുണ്ട്. ലഖ്നൗവിൽ സ്വവർഗാനുരാഗികളായ രണ്ടു പുരുഷന്മാർക്കെതിരെയുള്ള കേസ് ഈ വകുപ്പിന് കീഴിലാണ് ചാർജ് ചെയ്തത്. കാരണം, ഈ നിയമം ലൈംഗികവേഴ്ചയെ കുറിച്ച് പറയുന്നുണ്ട്. ഓറൽ സെക്സ്, എയ്നൽ സെക്സ്, സ്വയംഭോഗം, എന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചുള്ള സെക്സ് എന്നിങ്ങനെ അസ്വാഭാവികമായ ലൈംഗികപ്രവൃത്തികൾക്കെതിരെയാണ് കേസ് എങ്കിൽ പൊലീസിന് അത് കോടതിയിൽ തെളിയിക്കേണ്ടതുണ്ട്. അതിനായി കുറ്റക്കാരെ ലൈംഗികവേഴ്ചയ്ക്കിടയിൽ പിടികൂടണം.

ഞാൻ എന്റെ വീട്ടിൽ പങ്കാളിയുമായി സെക്സിലേർപ്പെടുന്ന സമയത്ത് പൊലീസ് കടന്നുവന്ന് രഹസ്യമായി തെളിവ് ശേഖരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്താൽ അത് ഒരു വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമാണ്. കാരണം, സ്വകാര്യത എന്റെ അവകാശമാണ്. ആർക്കും അതിൽ കടന്നുകയറാനുള്ള അധികാരമില്ല, മാതാപിതാക്കൾക്ക് പോലും. അതുകൊണ്ടാണ്, ദുർബലരായ, തെരുവിൽ കഴിയുന്ന ട്രാൻസ്ജെൻഡറുകൾക്ക് നേരെ 377 ഏറ്റവും കൂടുതൽ പ്രയോഗിക്കുന്നത്. ആ പീഡനങ്ങളെല്ലാം അനുഭവിച്ചത് ഞങ്ങളാണ്, എല്ലാവരും അടിച്ചമർത്തിയത് ഞങ്ങളെയാണ്. പൊലീസിൽ നിന്ന് ഏറ്റവും കൂടുതൽ അതിക്രമങ്ങളും പീഡനങ്ങളും മാനസികാഘാതവും ഏറ്റുവാങ്ങേണ്ടി വന്നതും ഞങ്ങൾക്കാണ്. സ്വകാര്യത ഇല്ലാത്തതും ഞങ്ങൾക്ക് മാത്രമാണ്.

ഇങ്ങനെ സെക്ഷൻ 377 ഏറ്റവും പ്രശ്നമുണ്ടാക്കിയത് ട്രാൻസ്ജെൻഡറുകളുടെ ജീവിതങ്ങളിലാണ്. ഇതിന്റെ പേരിൽ പൊലീസുകാർ നിങ്ങളുമായി സെക്സിലേർപ്പെടും, പണം വാങ്ങിയെടുക്കും. പലയിടത്തും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ല. തെരുവുകളിൽ കഴിയുന്ന ട്രാൻസ് വ്യക്തികൾക്ക് പൊതുസ്ഥലങ്ങളിലും പ്രവേശനം നിഷേധിക്കും.

മറ്റൊരു ആയുധം കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 36 (എ) ആയിരുന്നു. 2008 മുതൽ ഞങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. ഒടുവിൽ 2011-ൽ ബിജെപി. സർക്കാരിന്റെ കാലത്ത് ഇത് നടപ്പിലാക്കി. 1919-ലെ ഹൈദരാബാദ് യൂനക് ആക്ടിനെ അടിസ്ഥാനമാക്കിയാണ് ഈ നിയമം രൂപപ്പെടുത്തിയത്. യാത്ര ചെയ്യാനുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ഇത് തടസപ്പെടുത്തി, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ എന്ന് ഞങ്ങൾ വിശേഷിപ്പിക്കപ്പെട്ടു, ഞങ്ങളുടെ പേരുകൾ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്താനും ഈ വകുപ്പ് പൊലീസിന് അനുമതി നൽകി. ട്രാൻസ്ജെൻഡർ സമുദായത്തെ ഒറ്റയടിക്ക് ക്രിമിനലുകളാക്കി. പൊലീസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിന്റെ നേതൃത്വത്തിൽ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഒരു ഡെലിഗേഷൻ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു. സെക്ഷൻ 36 (എ)യിൽ നിന്ന് നപുംസകങ്ങൾ എന്ന പ്രയോഗം നീക്കം ചെയ്യണമെന്നും ഡെലിഗേഷൻ നിർദ്ദേശിച്ചു. അങ്ങനെ ഞങ്ങളുടെ ശ്രമഫലമായാണ് 2016-ൽ ഈ ആക്ട് പൂർണമായി ഭേദഗതി ചെയ്യപ്പെട്ടത്.

ഈ പശ്ചാത്തലത്തിലാണ് സെക്ഷൻ 377 കേസ് സുപ്രീം കോടതിയിൽ എത്തിക്കാൻ വേണ്ടി ഞാൻ സമുദായത്തിലെ അംഗങ്ങളുമായി ചർച്ചകൾ നടത്തിയത്. രാജ്യത്തിന്റെ പല ഭാഗത്തും മീറ്റിങ്ങുകൾ വിളിച്ചുകൂട്ടി. എല്ലായിടത്തും ആളുകൾ എന്റെ നേരെ ഒച്ചയിട്ടു. 'ഇപ്പോൾ നമുക്ക് ട്രാൻസ്ജെൻഡർ വിധി കിട്ടിയതല്ലേ, ഇനി എന്തിനാണ് സെക്ഷൻ 377 അസാധുവാക്കാൻ നടക്കുന്നത്?''

നൽസ വിധി ധാരാളമാണ് എന്ന അഭിപ്രായക്കാരായിരുന്നു രാജ്യത്തെ പല ഹിജ്റ നേതാക്കളും. ഞാൻ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടു. എങ്കിലും സെക്ഷൻ 377 മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നുതന്നെ ഞാൻ വിശ്വസിച്ചു. പക്ഷേ, നിയമത്തിനെതിരെ സംസാരിക്കരുതെന്ന് അവർ നിർബന്ധിച്ചു, സുപ്രീം കോടതിയിൽ പോകാതിരിക്കാൻ എനിക്കെതിരെ ഫത്വയും കല്പിച്ചു.

സുപ്രീം കോടതിയിൽ പോകാനുള്ള എന്റെ തീരുമാനത്തെ പിന്തുണച്ചത് വളരെ കുറച്ചുപേർ മാത്രമാണ്. മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകാൻ ഞാൻ ഒരുക്കം തുടങ്ങി, പല നിയമജ്ഞരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിച്ചു, എന്റെ അഭിഭാഷകയായ ജെയ്ന കൊത്താരിയുമായി നീണ്ട ചർച്ചകൾ നടത്തി. റീച്ച് ലോ എന്ന പ്രസ്ഥാനത്തിലെ ബി.ടി. വെങ്കടേഷ്, ആൾട്ടർവേറ്റിവ് ലോ ഫോറമിന്റെ അരവിന്ദ് നരെയ്ൻ, സിദ്ധാർഥ് നരെയ്ൻ, വിനീത് ശ്രീനിവാസ, മന്തൻ ലോയിലെ ക്ലിഫ്റ്റൻ ഡി റൊസാരിയോ എന്നിവരും എനിക്ക് വേണ്ട വിവരങ്ങൾ നൽകി.

ഞങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്ന ഈ സെക്ഷന്റെ എല്ലാ വശങ്ങളും പുതിയ കാഴ്ചപ്പാടിൽ ജുഡിഷ്യറിക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഭരണഘടന ബെഞ്ചിൽ ഈ കേസ് എത്തുകയാണ് പ്രധാനം, കാരണം നിയമം നിർമ്മിക്കാൻ ഈ ബെഞ്ചിന് അധികാരമുണ്ട്. 2016-ലാണ് ഞങ്ങൾ സെക്ഷൻ 377 സാധുവാക്കുന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഹർജി നൽകുന്നത്. സുമനും ഉമയും ഞാനുമായിരുന്നു ഹർജിക്കാർ.

കോടതിക്ക് പുറത്ത് ഒട്ടേറെ വാദപ്രതിവാദങ്ങൾ ഈ സമയത്ത് നടക്കുന്നുണ്ടായിരുന്നു. ഏറെയും ഹിന്ദുത്വത്തെ ചുറ്റിപ്പറ്റിയായിരുന്നു. ഇന്ത്യയുടെ സംസ്‌കാരം, ചരിത്രം, ഹിന്ദുമതം എന്നിങ്ങനെ പലതും ആളുകൾക്ക് ചർച്ചാവിഷയങ്ങളായി. ബിജെപിക്ക് എല്ലാത്തരം അഭിപ്രായങ്ങളുമുണ്ടായിരുന്നു, കൃത്യമായ ഒരു നിലപാടെടുക്കാൻ അവർ തയ്യാറായില്ല. പകരം, ഈ കേസിൽ പക്ഷംപിടിക്കാനില്ല എന്നാണ് അവർ പറഞ്ഞത്, അതായത് വിധിയെ എതിർക്കുന്നില്ല, അനുകൂലിക്കുന്നുമില്ല.

ബിജെപി. നേതാക്കൾക്കിടയിൽ മന്ത്രിയായ അരുൺ ജെയ്റ്റ്ലി മാത്രമാണ് ഞങ്ങൾക്ക് പിന്തുണ നൽകിയത്. വിധി വന്നശേഷം മാധ്യമപ്രവർത്തകയായ ബർഖ ദത്തിന്റെ ചോദ്യത്തിന് ഈ വിധിന്യായം ശരിയാണ് എന്ന് അദ്ദേഹം മറുപടി നൽകി, സ്വകാര്യത എല്ലാവരുടെയും അവകാശമാണെന്നും. നല്ല മനുഷ്യനാണ് ജെയ്റ്റ്ലി, തെറ്റായ പാർട്ടിയിലാണെന്ന് മാത്രം. പക്ഷേ, ബിജെപി.യ്ക്കുള്ളിൽ ഈ വിധിക്ക് വേണ്ട പിന്തുണ നേടിയെടുക്കാൻ അദ്ദേഹത്തിന് ശ്രമിക്കാമായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ലൈംഗിക ന്യൂനപക്ഷത്തിൽ പെട്ടവരുണ്ട്, ആരും തുറന്നുപറയാറില് എന്നുമാത്രം.

അഞ്ച് ജഡ്ജിമാരുടെ ബെഞ്ചാണ് അവസാനമായി തീരുമാനമെടുക്കേണ്ടത്. വാദം നടക്കുമ്പോൾ കോടതിമുറിയിലുള്ള ട്രാൻസ്ജെൻഡർ വ്യക്തികളെ കാണാൻ ജഡ്ജിമാർ താല്പര്യം പ്രകടിപ്പിച്ചു. 'എന്റെ കക്ഷികൾ ഇവിടെയുണ്ട്, ഏറ്റവും പുറകിലാണവർ നിൽക്കുന്നത്', ജെയ്ന കൊത്താരി കോടതിയെ അറിയിച്ചു.

ജഡ്ജിമാർ എല്ലാവരും ഞങ്ങൾ നിൽക്കുന്ന ഭാഗത്തേയ്ക്ക് നോക്കി. അവർക്ക് ഞങ്ങളെ വ്യക്തമായി കാണാം. അവരുടെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങൾ മൂന്നുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. നിയമത്തോടൊപ്പം വികാരങ്ങൾക്കും പ്രാധാന്യമുള്ള കേസായിരുന്നു ഇത്.

ഒടുവിൽ ആ സുപ്രധാന വിധി വന്നു. 2018 സെപ്റ്റംബർ 6-ന്.

വളരെ പ്രാധാന്യമുള്ള രണ്ടു കോടതിവിധികൾ വന്നത് രണ്ട് പ്രമുഖ വ്യക്തികളുടെ ഓർമ പുതുക്കിക്കൊണ്ടാണ്. നൽസ വിധി പറഞ്ഞത് അംബേദ്കർ ജയന്തിയുടെ തൊട്ടടുത്ത ദിവസമായിരുന്നുവെങ്കിൽ 377 ഉത്തരവ് ഇറങ്ങിയത് ഗൗരി ലങ്കേഷ് മരിച്ച് ഒരു വർഷം തികഞ്ഞതിന്റെ പിറ്റേ ദിവസമാണ്.

പത്രപ്രവർത്തനത്തിലേയ്ക്ക് പുരോഗമന ചിന്തകൾ കൊണ്ടുവന്ന വ്യക്തിയാണ് ഗൗരി. 25 വർഷത്തിലേറെയായി ലൈംഗിക ന്യൂനപക്ഷങ്ങൾക്കൊപ്പം ഗൗരിയുണ്ട്. 2017 സെപ്റ്റംബർ 5-ന് അവർ കൊല്ലപ്പെട്ടപ്പോൾ ഞങ്ങൾക്കത് തീരാനഷ്ടമായി. ഈ കോടതിവിധി ആഘോഷിക്കാൻ ഗൗരിയില്ല, അതുകൊണ്ട് ഈ വിധിന്യായം ഞങ്ങൾ ഗൗരിയുടെ ഓർമയ്ക്ക് മുന്നിൽ സമർപ്പിച്ചു.

വിധിപ്രസ്താവത്തിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞു, 'നൂറ്റാണ്ടുകളായി അനുഭവിക്കുന്ന അപമാനവും സാമൂഹ്യബഹിഷ്‌കരണവും ഇല്ലാതാക്കുന്നതിൽ സംഭവിച്ച കാലതാമസത്തിന് ഈ സമുദായത്തിലെ അംഗങ്ങളോടും അവരുടെ കുടുംബങ്ങളോടും ചരിത്രം ക്ഷമപറയേണ്ടതുണ്ട്'.

'അക്രമനടപടികളെയും ഉപദ്രവങ്ങളെയും ഭയന്ന് ജീവിക്കാൻ ഇവർ നിർബന്ധിതരായി. സ്വവർഗപ്രണയം തികച്ചും സ്വാഭാവികമാണെന്നും മനുഷ്യലൈംഗികതയുടെ ഒരു ഭാഗമാമെന്നും ഭൂരിപക്ഷം ആളുകൾക്കും അറിവില്ലാത്തതാണ് ഇതിന്റെ കാരണം'.

വളരെ ശക്തമായ പ്രസ്താവനയായിരുന്നു അത്.

ഞങ്ങൾ അന്ന് കോടതിമുറിയിൽ എത്തിയതുകൊണ്ടുമാത്രം സംഭവിച്ചതല്ല ഈ വിധിന്യായം. കഴിഞ്ഞ നൂറ്റമ്പതിലേറെ വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഫലമാണിത്. 2009-ൽ ഞങ്ങളുടെ നിയമവിലക്കുകൾ ഇല്ലാതായി, 2013-ൽ ഞങ്ങൾ പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചുപോയി, 2014-ൽ ഇത് ഭാഗികമായി മാറി, ഒടുവിൽ ഇപ്പോൾ 2018-ൽ ഞങ്ങൾ ക്രിമിനലുകൾ അല്ലാതാകുന്നു. ചരിത്രം ഒരുതരത്തിൽ പുരുഷമേധാവിത്തമാണ്, ഹിസ് സ്റ്റോറിയാണ്, ഇനി വരാനിരിക്കുന്ന നാളുകളിലെ, അടുത്ത തലമുറയുടെ കാഴ്ച ഹെർ സ്റ്റോറിയാണ്'.

നെടുമ്പാതയിലെ ചെറുചുവട് (ജീവിതം)
അക്കൈ പത്മശാലി
വിവ. ടി.എസ്. പ്രീത
വീ.സീ. ബുക്സ്
2021
325 രൂപ