നെടുങ്കണ്ടം: സ്വർണ്ണ കടത്തിലും ഡോളർ കടത്തിലും സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളെയാണ് ഇഡി നോട്ടമിടുന്നത്. അതിനിടെ ഇടുക്കി നെടുങ്കണ്ടത്തെ ഏലക്കാ വ്യാപാരവും ഇഡിയുടെ നിരീക്ഷണത്തിൽ.

ഏലക്കാ വ്യാപാരത്തിന്റെ മറവിൽ വ്യാജ ജിഎസ്ടി ബിൽ നിർമ്മിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ നെടുങ്കണ്ടത്തെ സിപിഎം ലോക്കൽ കമ്മിറ്റിയംഗമാണ് സംശയ നിഴിലിൽ. ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ബെനാമിയെയും സഹായിയെയും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

ലോക്കൽ കമ്മിറ്റിയംഗം ബെനാമിയുടെ പേരിൽ കമ്പംമെട്ട്, ബോഡിമെട്ട് ചെക്‌പോസ്റ്റുകളിലൂടെ നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടുകളെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ് നടത്തിയ എറണാകുളം സ്വദേശിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പിടിയിലായ വ്യക്തിയിൽ നിന്നാണ് നെടുങ്കണ്ടം കേന്ദ്രീകരിച്ചു നടത്തിയ ഇടപാടുകളുടെ വിവരങ്ങൾ പുറത്തുവന്നത്. കള്ളപ്പണ ഇടപാടിൽ കോടിക്കണക്കിനു രൂപയുടെ സ്ഥലമിടപാടുകൾ നടന്നതായും അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

കമ്പംമെട്ട്, ബോഡിമെട്ട് ചെക്‌പോസ്റ്റിലെ സമാന്തര പാതകൾ കേന്ദ്രീകരിച്ച് ഏലക്കാ കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കട്ടപ്പനയിൽ ക്യാംപ് ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമെട്ട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തിവരികയാണ്. കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.