കാൻബറ: യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവർക്കെതിരേ എസിടി മജിസ്‌ട്രേറ്റ് കോടതിയിൽ കേസ്. കഴിഞ്ഞ വർഷം സിറ്റി സെന്ററിൽ നിന്ന് യുവതിയെ കാറിൽ കയറ്റിയ ശേഷം രണ്ടു തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ഇന്ത്യൻ വംശജനായ നീൽ നീലാന്ദർ സിറോഹി വിചാരണ നേരിടുന്നത്.

അതേസമയം താൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന നിലപാടിലാണ് മുപ്പതുകാരനായ സിറോഹി. യുവതിയുടെ അനുവാദമില്ലാതെ ലൈംഗികബന്ധം നടത്തിയിട്ടില്ലെന്ന സിറോഹിയുടെ വാദം പക്ഷേ, കോടതി പൊള്ളയാണെന്നു തെളിയിച്ചിരിക്കുകയാണിപ്പോൾ. കൃത്യം നടക്കുന്ന സമയത്ത് യുവതി അമിതമായി മദ്യപിച്ചിരുന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്.

2013 ഓഗസ്റ്റ് രണ്ടിന് പുലർച്ചെയാണ് സിവിക്കിലെ സിറോഹിയുടെ ടാക്‌സിയിൽ യുവതി കയറുന്നത്. കാറിനുള്ളിൽ മുമ്പിൽ ഡ്രൈവറുടെ സീറ്റിനു സമീപം ഇരുന്ന യുവതിയെ സിറോഹി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കോടതി പറയുന്നു. കാർ നിർത്താൻ യുവതി ആവശ്യപ്പെട്ടെങ്കിലും മിണ്ടാതിരിക്കാൻ യുവതിയോട് സിറോഹി പറയുകയായിരുന്നത്രേ. പിന്നീട് കാൻബറ നോർത്തിലെ ഹാരിസണിലുള്ള ഒരു വീട്ടിലേക്ക് യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയ ഡ്രൈവർ അവിടെ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു.

അമിത മദ്യലഹരിയിലായിരുന്ന യുവതിക്ക് നടന്നതൊന്നും ഓർമിച്ചെടുക്കാൻ സാധിച്ചില്ലെന്നും പറയുന്നു. എന്നാൽ തന്നെ ഒരു പുരുഷൻ കീഴ്‌പ്പെടുത്തുന്നതായി നേരിയ ഓർമയുണ്ടെന്ന് ഇവർ പൊലീസിനോട് പറഞ്ഞതായി വ്യക്തമായി. വൈദ്യപരിശോധനയിൽ യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നു തെളിഞ്ഞുവെന്ന് കോടതി വെളിപ്പെടുത്തി. താൻ ഒരു യാത്രക്കാരിയുമായും ലൈംഗിക ബന്ധം നടത്തിയിട്ടില്ലെന്ന സിറോഹിയുടെ വാദം പൊള്ളയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ഓസ്‌ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലെത്തിയതാണ് സിറോഹി. ഇയാളുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സാധാരണ ഇന്ത്യയിലേക്ക് വർഷത്തിൽ രണ്ടു തവണ പോകുന്ന സിറോഹിയെ ഇതിൽ നിന്നു തടയുന്നതിനാണ് പൊലീസ് പാസ്‌പോർട്ട് പിടിച്ചുവച്ചിരിക്കുന്നത്. സിറോഹിക്കെതിരായി ശക്തമായ പ്രോസിക്യൂഷൻ നിലനിൽക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. വ്യവസ്ഥകളോടെയുള്ള ജാമ്യത്തിലാണ് സിറോഹിയിപ്പോൾ. കേസിൽ അടുത്ത ജനുവരിയിലാണ് അടുത്ത വാദം കേൾക്കുക.