തിരുവനന്തപുരം: പ്രിയപ്പെട്ടവരുടെ മൃതദേഹം കീറിമുറിച്ച് അവയവങ്ങളെടുക്കാൻ യാഥാസ്ഥിതികർ ആരും തയ്യാറാകില്ല. എന്നാൽ ഇവിടെ സംഭവിച്ചത് മറിച്ചാണ്. ഭർത്താവിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ് വേദന കടിച്ചമർത്തി ഭാര്യ തീരുമാനമെടുത്തു. മറ്റ് ബന്ധുക്കളും അതിനെ പിന്തുണച്ചു. അങ്ങനെ തിരുവനന്തപുരം പാറശാല ലളിത ഭവനിൽ അഡ്വ. എസ്. നീലകണ്ഠ ശർമയുടെ മരണം ചരിത്രത്തിലേക്കായി. കേരളത്തിന്റെ വൈദ്യശാസ്ത്ര മേഖലയിൽ പുതു സാധ്യതകൾ ഈ നാൽപ്പത്തിയാറുകാരൻ മരണത്തിലൂടെ സമൂഹത്തിന് നൽകി. എയർ ടാക്‌സിയും അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമെല്ലാം ഭാവി കേരളത്തിൽ പുതുമയല്ലാത്ത സംഭവമായേക്കാം. അതിന് വഴിമരുന്നിട്ടത് ഈ പാറശ്ശാലക്കാരന്റെ കുടുംബമാണ്.

ഈ മാസം ആറിനാണ് കുളിമുറിയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് നീലകണ്ഠ ശർമയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ശർമ്മയുടെ ആരോഗ്യനില 17ന് വഷളായി. 22ാം തീയതി ശർമ്മയുടെ മസ്തിഷ്‌ക മരണം ചിത്രയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. മസ്തിഷ്‌കമരണം സ്ഥിരീകരിക്കാനുള്ള അപ്നിയ ടെസ്റ്റിന്റെ ഫലം രണ്ട് തവണ നെഗറ്റീവായിരുന്നു. പിന്നീടാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ഇതോടെ ശർമ്മയുടെ കുടുംബം തീരാ നഷ്ടത്തിന്റെ ദുഃഖത്തിലായി. ഇതിനിടെയായിരുന്നു അവയവ ദാനത്തിന്റെ പ്രസക്തി ഡോക്ടർമാർ ഉയർത്തിക്കാട്ടിയത്. പ്രതീക്ഷിക്കാത്ത പ്രതികരണമാണ് കുടുംബത്തിൽ നിന്ന് ലഭിച്ചത്. ഇതോടെ 5 ജീവനുകൾക്ക് അത് താങ്ങായി മാറി.

ശർമയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഡോക്ടർമാർ ബന്ധുക്കളുമായി ചർച്ച നടത്തിയപ്പോഴെ അവർ പൂർണ്ണ സമ്മതം അറിയിച്ചു. അവയവദാനത്തിന് ശർമയുടെ ഭാര്യ ലത സമ്മതം അറിയിച്ചതോടെ എയർ ടാക്‌സിയുടെ സാധ്യതകളും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമെല്ലാം ചർച്ചകളിലെത്തി. വളരെ നേരത്തെ തന്നെ അവയവ ദാനത്തെ കുറിച്ച് ബോധമുള്ള വ്യക്തിയായിരുന്നു ശർമ്മ. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിൽ നിന്നാണ് ഇതിന്റെ സാധ്യതകൾ മനസ്സിലാക്കിയത്. അപ്പോൾ തന്നെ തന്റെ മരണ ശേഷം അവയവം ദാനം ചെയ്യണമെന്ന നിലപാടിൽ ശർമ്മ എത്തിയിരുന്നു. അതാണ് ഭാര്യ സാധിച്ചെടുത്തതും. അതിനപ്പുറം അത് കൂടതൽ പേർക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സാഹചര്യമൊരുക്കിയെന്നതാണ് പ്രത്യേകത.

ശർമ്മയുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും. വൃക്കകളിൽ രണ്ടുപേരുടെ ജീവിതം തളിർക്കും. അദ്ദേഹത്തിന്റെ ഹൃദയവും രണ്ടു വൃക്കകളും രണ്ടു നേത്ര പടലങ്ങളുമാണ് ദാനം ചെയ്തത്. സാധാരണ നിലയിൽ അവയവദാന സന്നദ്ധതയ്ക്ക് കുടുംബാംഗങ്ങളെ സന്നദ്ധരാക്കാൻ ദീർഘമായ കൗൺസലിങ് ആവശ്യമായിവരും. എന്നാൽ ശ്രീചിത്രയിലെ ഡോക്ടർമാർ ഈ ആശയം അവതരിപ്പിച്ച മിനിയാന്ന് തന്നെ ശർമ്മയുടെ കുടുംബം സമ്മതം അറിയിച്ചു. 'അന്യജീവനുതകണം സ്വജീവിതം' എന്ന് മക്കളെ പറഞ്ഞ് പഠിപ്പിച്ച് സ്വജീവനിൽ തന്നെ അതിന് മാതൃകകാട്ടിക്കൊടുത്ത പാറശാല ഗ്രാമത്തിൽ ലളിതയിൽ അഡ്വ. നീലകണ്ഠശർമ്മയുടെ കുടുംബം സമൂഹത്തിന് നൽകിയത് മഹത്തായ സന്ദേശമാണ്. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 3.30ന് പാറശാല ബ്രാഹ്മണ ശ്മശാനത്തിൽ സംസ്‌കരിക്കും. വഞ്ചിയൂർ കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ശർമ്മയാണ് അന്തരിച്ച ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ വിൽപ്പത്രം തയാറാക്കിയത്. അദ്ദേഹത്തിന്റെ വിശ്വസ്തനും നിയമോപദേഷ്ടാവും ആയിരുന്നു അദ്ദേഹം. എല്ലാ കൊല്ലവും സ്‌കൂൾ തുറന്നാൽ പതിവ് തെറ്റാതെ നിർദ്ധനരായ കുട്ടികൾക്ക് പാഠപുസ്തകം വാങ്ങി നൽകുമായിരുന്നു ശർമ്മ.

മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങളും കലകളും 50 പേർക്കു വരെ പ്രയോജനപ്പെടുത്താം. 37 അവയവങ്ങളും കലകളുമാണ് ദാനം ചെയ്യാനാകുക. വൃക്ക, കരൾ, ഹൃദയം, പാൻക്രിയാസ്, കുടൽ, ശ്വാസകോശം, അസ്ഥി, അസ്ഥിമജ്ജ, കാത്, കോർണിയ, റെറ്റിന, മുഖം, ചർമം, രക്തക്കുഴലുകൾ, കൈ, കാൽ എന്നിങ്ങനെ നിരവധി ശരീരഭാഗങ്ങൾ മറ്റൊരാൾക്കു നൽകാം. ഇതിൽ പലതും പകുത്ത് ഒന്നിൽക്കൂടുതൽ പേർക്ക് നൽകാവുന്നതാണ്. ശരീരത്തിൽനിന്നു നീക്കം ചെയ്തശേഷം ഇവ നിശ്ചിത സമയത്തിനുള്ളിൽ സ്വീകർത്താവിൽ വച്ചുപിടിപ്പിക്കണം. ഓരോ അവയവത്തിന്റെയും കാര്യത്തിൽ ഈ സമയം വ്യത്യാസപ്പെട്ടിരിക്കും. അഞ്ചു മണിക്കൂറാണ് ഹൃദയം ശരീരത്തിനു പുറത്ത് സൂക്ഷിക്കാവുന്ന പരമാവധി സമയം. കരൾ എട്ടു മണിക്കൂർ വരെയും വൃക്ക 24 മണിക്കൂർ വരെയും മറ്റൊരാൾക്കായി കാത്തുസൂക്ഷിക്കാം. ആന്തരാവയവങ്ങൾ പലതും മസ്തിഷ്‌ക മരണത്തിനു ശേഷം പുറത്തെടുക്കണം. മരണത്തിനു ശേഷം കോർണിയ, അസ്ഥി, ചർമം, രക്തക്കുഴലുകൾ എന്നിവ മാത്രമേ കൈമാറ്റം ചെയ്യാനാകൂ.

കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞിട്ട് 12 വർഷം തികയുകയാണ്. ആലപ്പുഴ മാന്നാർ മേൽപ്പാട പാമ്പനത്ത് പുത്തൻവീട്ടിൽ പി.എ. ഏബ്രഹാമിന് ഹൃദയം വച്ചുപിടിപ്പിച്ചത്. പെരുമ്പടന്നയിലെ പരേതനായ കൊച്ചിക്കാരൻ സുകുമാരന്റെ ഹൃദയമാണ് ആദ്യമായി മാറ്റിവച്ചത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ഹൃദയം മാറ്റിവയ്ക്കലിനു അന്നും നേതൃത്വം നൽകിയത്. വാഹനാപകടത്തെ തുടർന്നാണ് മുപ്പത്താറുകാരനായ സുകുമാരന് മസ്തിഷ്‌ക മരണം സംഭവിച്ചത്. 2003 മെയ്‌ 12 നായിരുന്നു ശസ്ത്രക്രിയ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അന്നു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. കർഷകനായ ഏബ്രഹാം സുകുമാരന്റെ ഹൃദയവുമായി 20 മാസവും 11 ദിവസവും ജീവിച്ചു. സുകുമാരന്റെ കുടുംബത്തിന്റെ മഹാമനസ്‌കത അവയവദാന ബോധവത്കരണത്തിന്റെ തുടക്കംകൂടിയായി.