- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജും ചാക്കോച്ചനുമില്ല; ആഷിക്കിന്റെ 'നീലവെളിച്ച'ത്തിൽ ടൊവീനോയും റോഷനും; പുതിയ പോസ്റ്ററും ഷൂട്ടിങ്ങ് ഡേറ്റും പുറത്ത് വിട്ട് സംവിധായകൻ
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു സിനിമ പ്രഖ്യാപിച്ചത് ഒരു വർഷം മുൻപാണ്. നീലവെളിച്ചം എന്ന പേരിൽത്തന്നെ പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടത് 2021 ജനുവരിയിൽ ആയിരുന്നു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവരായിരുന്നു മുഖ്യ താരങ്ങൾ. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ മറ്റു പല ചിത്രങ്ങളുടെയും ഷെഡ്യൂളുകൾ നീണ്ടതോടെ പൃഥ്വിരാജും ചാക്കോച്ചനും ചിത്രത്തിൽ സഹകരിക്കാനാവില്ലെന്ന് മുൻപ് ഒരു അഭിമുഖത്തിൽ ആഷിക് അറിയിച്ചിരുന്നു. ടൊവീനോയും ആസിഫ് അലിയുമാവും പകരം എത്തുകയെന്നും ആഷിക് പറഞ്ഞിരുന്നു. എന്നാൽ ആസിഫ് അലിയും ചിത്രത്തിൽ ഉണ്ടാവില്ലെന്നാണ് പുതിയ വിവരം.
സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ട് പുറത്തിറക്കിയ പുതിയ പോസ്റ്ററിലാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന മുഖ്യതാരങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൊവീനോയ്‌ക്കൊപ്പം റോഷൻ മാത്യൂസും ഷൈൻ ടോം ചാക്കോയുമാണ് പുതുതായി എത്തിയിരിക്കുന്നത്. റിമ കല്ലിങ്കൽ ചിത്രത്തിൽ ഉണ്ടാവും. ഗിരീഷ് ഗംഗാധരനാവും ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഷൈജു ഖാലിദിനെയാണ് ക്യാമറാമാനായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ബിജിബാലും റെക്‌സ് വിജയനും ചേർന്നാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലവും 1960കൾ ആയിരിക്കും. കഥയെ അധികരിച്ചുള്ളതായിരിക്കുമ്പോൾ തന്നെ അത് സംവിധായകന്റെ വെർഷനും ആയിരിക്കും. ടൊവീനോയും ആഷിക്കും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും ഇത്. മായാനദി, വൈറസ്, നാരദൻ എന്നിവയായിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യ മൂന്ന് ചിത്രങ്ങൾ.
അതേസമയം 'നീലവെളിച്ചം' നേരത്തേ സിനിമയായിട്ടുണ്ട്. 'ഭാർഗ്ഗവീനിലയം' എന്ന പേരിൽ എ വിൻസെന്റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീർ തന്നെയായിരുന്നു. 1964ൽ പുറത്തെത്തിയ ചിത്രത്തിൽ പ്രേംനസീർ, മധു, വിജയ നിർമ്മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. '