പാലക്കാട്: ശബ്ദം ശല്യമാകുന്നു അതുകൊണ്ട് പരിപാടി നിർത്തണമെന്ന് കൽപ്പിച്ചത് ജഡ്ജിയെന്ന് പൊലീസ്. ഇതോടെ സംഘാടകർ വിരണ്ടു. മോഹിനിയാട്ട കച്ചേരി ഇടയ്ക്കു വച്ച് അവസാനിപ്പിക്കേണ്ട അവസ്ഥ. പ്രശസ്ത നർത്തകി നീനാ പ്രസാദാണ് ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ ദുരനുഭവം പങ്കുവയ്ക്കുന്നത്. ഇന്നലെ ഇത് വരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരി എന്ന നിലയിൽ എനിക്കുണ്ടായി എന്നാണ് അവർ കുറിക്കുന്നത്. കോവിഡ് കാല പ്രതിസന്ധിയെ മറികടക്കാൻ ഇനിയും കഴിയാത്ത കലാകാരന്മാർക്ക് ഇത് തിരിച്ചടിയാണെന്ന് അവർ പറയുന്നു. ഹൈക്കോടതി ജസ്റ്റീസായി റിട്ടർ ചെയ്ത കെമാൽപാക്ഷയുടെ സഹോദരൻ കലാംപാഷയാണ് ആ ഡിസ്ട്രിക്ട് ജഡ്ജിയെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.

ഡോ: നീനാ പ്രസാദിന്റെ നൃത്തപരിപാടി തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം രംഗത്തു വന്നു. തൊട്ടടുത്തു താമസിക്കുന്ന ജില്ലാ ജഡ്ജിയുടെ നിർദ്ദേശപ്രകാരം പരിപാടി നിർത്തിവെക്കണമെന്ന് പൊലീസ് ആവശ്യപ്പെടുകയാണുണ്ടായത്. രാത്രി 8.30നു തന്നെ പരിപാടി തടസ്സപ്പെടുത്താൻ അദ്ദേഹം കൽപ്പിച്ചതായി അറിയുന്നു. ലോകത്തിൽ പലയിടത്തും ഇന്ത്യയിലും മതഭീകരസംഘങ്ങൾ അധികാരത്തിലെത്തിയിരിക്കുന്ന കാലമാണിത്. അവർ ഏറ്റവും അസഹിഷ്ണതയോടെ കാണുന്നത് കലയേയും സാഹിത്യത്തേയുമാണ്. മതരാഷ്ട്രീയക്കാരിൽ നിന്നു പുറപ്പെടുന്ന ഈ അസഹിഷ്ണുത ജനാധിപത്യവിരുദ്ധതയുടെ വിളനിലമായ മധ്യവർഗ്ഗമനസ്സുകളെ ബാധിച്ചിരിക്കുന്നു. എറണാകുളം നഗരത്തിലെങ്ങും ചുവന്നകൊടികൾ കണ്ടപ്പോൾ ചിലർ വിറളിപിടിച്ചതായി ഈയിടെ കേട്ടു.

അധികാരത്തിന്റെ ഏതു തലത്തിലിരിക്കുന്നവരും ഓർക്കേണ്ട ഒരു സംഗതി: കലയേയും സർഗ്ഗാവിഷ്‌ക്കാരങ്ങളേയും പൗരസ്വാതന്ത്ര്യത്തേയും ആദരിക്കുന്ന ഒരു ഭരണഘടനയാണ് ഇന്ത്യക്കുള്ളത് എന്നാണ്. സംസ്‌കാരത്തിന്റേയും മതേതര ജനാധിപത്യത്തിന്റേയും മാധ്യമമായ കലാരൂപങ്ങൾക്കെതിരായ നീക്കം കേരളത്തിൽ ഉണ്ടാകാൻ അനുവദിക്കരുത്. ബ്യൂറോക്രാറ്റുകളേക്കാളും ന്യായാധിപന്മാരേക്കാളും ഉയർന്ന പരിഗണനയാണ് ഇവിടത്തെ ജനങ്ങൾ എന്നും കലാകാരന്മാർക്ക് നൽകിയിട്ടുള്ളത്. തന്നേക്കാൾ സമുന്നതസ്ഥാനം ഒരു ഗായികക്ക് (എം.എസ്.സുബ്ബലക്ഷ്മിക്ക്) നൽകിയ പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്നത് ഓർക്കണം.

രണ്ടു പ്രളയങ്ങളും തുടർന്ന് കോവിഡ് മഹാമാരിയും കേരളത്തിലെ പെർഫോമൻസ് ആർടിസ്റ്റുകളുടെ ജീവിതത്തെ പാടെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പതുക്കെ പതുക്കെ അരങ്ങുകൾ ഉണർന്നു വരികയാണ്. ജനങ്ങൾ കലാവിഷ്‌ക്കാരവേദികളിലേക്ക് ആവേശത്തോടെ കടന്നു വരുന്നു. ഈ സന്ദർഭത്തിൽ ഉയർന്നു സർഗ്ഗാവിഷ്‌ക്കാരങ്ങൾക്കെതിരെ ഉയർന്നു വരുന്ന ഭീഷണിയെ ജനങ്ങൾ ഒന്നിച്ചു നിന്ന് എതിർക്കണമെന്ന് ഷാജി എൻ കരുൺ ആവശ്യപ്പെട്ടു.

നീനാ പ്രസാദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്നലെ ഇത് വരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരി എന്ന നിലയിൽ എനിക്കുണ്ടായി.

പാലക്കാട് മൊയിൻ LP സ്‌കൂളിൽ ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയിൽ ഒരു ഹ്രസ്വ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാൻ ക്ഷണമുണ്ടായി. 8 മണിക്ക് ആരംഭിച്ച കച്ചേരി, രണ്ടാമത്തെ ഇനം അവസാനിപ്പിച്ചപ്പോൾ ഇനി തുടർന്ന് അവതരിപ്പിക്കുവാൻ പറ്റില്ല എന്ന് പൊലീസ് അറിയിച്ചതായി സംഘാടകർ പരിഭ്രാന്തരായി ഞങ്ങളോട് പറഞ്ഞു. എന്നാൽ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട ഇനം തുടർന്നുള്ള ഒന്നായിരുന്നതിനാൽ അത് ചെയ്യാതെ മടങ്ങാൻ സാധിക്കുമായിരുന്നില്ല. കേരളത്തിന്റെ പല ഭാഗങ്ങളിലും പുറത്തുമായി ജീവിക്കുന്ന സംഗീത കലാകാരന്മാർ അടങ്ങുന്നതാണ് എന്റെ സംഘം.

അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം റിഹേഴ്‌സൽ നോക്കി , ഇനങ്ങൾ കൃത്യമാക്കി വളരെ ആഗ്രഹത്തോടും ആവേശത്തോടും കൂടി പരിപാടിക്ക് തയ്യാറെടുക്കുന്നവരാണ് പ്രൊഫഷണൽ നർത്തകർ. ഞങ്ങളോട് 'ശബ്ദം ശല്യമാകുന്നു 'പരിപാടി ഉടൻ നിർത്തണം എന്ന് ഡിസ്ട്രിക്ട് ജഡ്ജി (Kalam Pasha , brother of retd judge kamal pasha)കൽപ്പിക്കുന്നു എന്ന് പറയുമ്പോൾ , കഥകളിയും ശാസ്ത്രീയനൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടു നടക്കുന്ന സാംസ്കാരിക കലാ പ്രവർത്തകരുടെ നേർക്കുള്ള അപമര്യാദയായേ കാണാൻ കഴിയൂ.

ഇന്നലെ ഇതിനെ തുടർന്ന് അവിടെ സന്നിഹിതരായിരുന്ന ആസ്വാദകരെ വേദിയുടെ അരികിലേക്ക് വിളിച്ചിരുത്തി കേവലം ഒരു ഉച്ചഭാഷിണി മാത്രം, ശബ്ദം വളരെ കുറച്ചു വച്ചുകൊണ്ട് നിരാശയും വേദനയും നിയന്ത്രിച്ച് 'സഖ്യം' ചെയ്ത് അവസാനിപ്പിച്ചു. അത്യധികം അപമാനിക്കപ്പെട്ട ഒരു അനുഭവമായിരുന്നു ഇത്. ഞാനടക്കം എല്ലാ കലാകാരന്മാർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നത് ആദ്യമായാണ് . രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടും, കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷം നിരന്തരമായി നിറുത്തിവയ്ക്കണമെന്ന് ഡീസ് ട്രിക്റ്റ് ജഡ്ജി കൽപ്പിച്ചതായുള്ള അറിയിപ്പ് വളരെ ദുഃഖമുണ്ടാക്കി . ഒരു സ്ത്രീയെന്ന നിലയിലും കലാകാരി എന്ന നിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് തോന്നുന്നതുകൊണ്ടാണ് ഈ പോസ്റ്റ്.

മറ്റൊന്ന്, കഴിഞ്ഞ2 വർഷത്തിലേറെയായി കലാകാരന്മാരുടെ അവസ്ഥ അതീവ ദയനീയമാണ്. ഫുൾടൈം കലാപ്രവർത്തനത്തിലൂടെ ജീവിതവും കുടുംബവും നടത്തിക്കൊണ്ടു പോകുന്ന അസംഖ്യം കലാകാരന്മാർക്ക് കനത്ത പ്രഹരമാണ് കൊറോണ സൃഷ്ടിച്ചത്. ആത്മഹത്യാ വക്കിൽ നിന്നാണ് കലാകാരന്മാർ മെല്ലെ എഴുന്നേറ്റു നടക്കാൻ തുടങ്ങുന്നത്. ശൈലീകൃത, പാരമ്പര്യ കലകൾക്കും സംസ്‌ക്കാരത്തിനും പ്രാമുഖ്യം നൽകിയിട്ടുള്ള ഭാരതത്തിൽ ഇത്രയും വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന കലാപ്രവർത്തനങ്ങൾ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ടത്?

അതാത് കലകളിലുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ സാംസ്കാരിക വക്താക്കളായി ഞങ്ങൾ വിദേശത്ത് അയക്കപ്പെടുന്നത്. എന്നിട്ടും അവസരങ്ങൾ ഉള്ളപ്പോൾ മാത്രം വേതനം കിട്ടുന്നതാണ് ഒരു ശരാശരി കലാകാരന്റെ ജീവിതം.ഓരോ വേദിയിലും സ്വയം മികവു തെളിയിച്ചാണ് മുന്നോട്ട് പുതിയ അവസരങ്ങൾ അവർ ഉണ്ടാക്കിയെടുക്കുന്നത്. ഓരോ വേദിയും കലകളിൽ അർപ്പിക്കപ്പെട്ടവർക്ക് അത്ര കണ്ട് പ്രധാനപ്പെട്ടതാണ്.

അവർ ചെയ്യുന്ന തൊഴിൽ സംരക്ഷിക്കപ്പെടേണ്ടത് നീതിയും നിയമവും ഉൾച്ചേരുന്ന സമൂഹത്തിന്റെ, നിയമപാലകരുടെ കർത്തവ്യവും കൂടെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . ഇത്തരം നീതിരഹിതവും അനൗചിത്യപരവുമായ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചാണോ കലാകാരന്മാർ കലാപരിപാടികൾ നടത്തേണ്ടത് ? അതോ സാംസ്‌കാരിക പ്രവർത്തനം പോലും ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ താൽപര്യക്കൾക്കും ഇഷ്ടങ്ങൾക്കും കൽപനകൾക്കും അനുസരിച്ച് നടത്തിയാൽ മതിയെന്നാണോ ?

കലാകാരന്റെ ജീവിതവും തൊഴിലിടവും മാന്യമായി കാണാനും ഉൾക്കൊള്ളാനും കഴിയണം . ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ ഇത്തരം മുഷ്‌ക്കുകൾ കൊണ്ട് പ്രഹരമേൽപ്പിക്കുന്നത് തങ്ങളെ കാത്തിരിക്കുന്ന അസംഖ്യം കലാസ്വാദകരുടെ മുന്നിൽ ആവേശത്തോടെ കലാവിഷ്‌ക്കാരത്തിന് തയ്യാറെടുക്കന്ന കലാകാരന്മാരുടെ സ്വാഭിമാനത്തെയാണെന്നെങ്കിലും മനസ്സിലാക്കണം.

നീന പ്രസാദ്
നർത്തകി