തൃശ്ശൂർ: നാലുപതിറ്റാണ്ടിനിപ്പുറം തൃശൂർക്കാരി നീനിക്ക് അമ്മയേയും സഹോദരനെയും തിരിച്ചു കിട്ടി. നാഗാലാൻഡുകാരിയായ അമ്മ സെനോയോയും അനുജൻ നെത്സിനോടും യാത്ര പറഞ്ഞ് മൂന്നര വയസ്സിലാണ് നീനി അച്ഛന്റെ കയ്യും പിടിച്ച് കേരളത്തിലെത്തുന്നത്. പിന്നീടൊരിക്കലും തന്റെ അമ്മയേയും അനുജനെയും കാണാൻ കഴിയില്ലെന്ന് നീനി സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. തൃശൂർ തളിക്കുളത്തെ അച്ഛൻ ശ്രീനിവാസന്റ വീട്ടിൽ മലയാളി പെൺകുട്ടിയായി വളരാനായിരുന്നു പിന്നീടങ്ങോട്ട് നീനിയുടെ യോഗം.

നാഗാലാൻഡ് ദിമാപുരിലെ അംഗാമി ഗോത്രക്കാരിയാണ് നീനിയുടെ അമ്മ സെനോ. തൃശൂർ സ്വദേശിയായ അച്ഛൻ ശ്രീനിവാസൻ നാഗാലാൻഡിൽ ഐ.ജി.യുടെ ഓഫീസ് അസിസ്റ്റന്റായിരുന്ന കാലത്താണ് അംഗാമി വിഭാഗത്തിലെ സെനോ നിയാഘയെ വിവാഹം കഴിച്ചത്. പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. ഇതിനിടയ്ക്ക് രണ്ട് കുട്ടികളും പിറന്നു. നീനിയും നെത്സനും. നീനിക്ക് മൂന്നര വയസ്സുള്ളപ്പോൾ തൃശ്ശൂരിലുള്ള അമ്മ പാർവതിക്ക് അസുഖമാണെന്നറിഞ്ഞ് നാട്ടിലേക്ക് മകൾ നീനിയെയും കൂട്ടി പോന്നതാണ് ശ്രീനിവാസൻ. പിന്നീടൊരിക്കലും അമ്മയും സഹോദരനുമായി കൂടിച്ചേരാൻ നീനിക്ക് കഴിഞ്ഞില്ല.

അമ്മയുടെ അസുഖം മാറി തിരികെപ്പോയപ്പോൾ ശ്രീനിവാസൻ മകളെ കൊണ്ടുപോയില്ല. ശ്രീനിവാസന്റെ വീട്ടിൽ നീനി വളർന്നു, മലയാളിപ്പെൺകുട്ടിയായി. വർഷങ്ങൾ കഴിഞ്ഞാണ് അച്ഛൻ പിന്നീട് നാട്ടിലെത്തിയത്. ഇതിനിടെ അച്ഛൻ വീണ്ടും വിവാഹംകഴിച്ചിരുന്നു. ഡിഗ്രി ജയിച്ച നീനിയെയും ശ്രീനിവാസൻ ഡൽഹിക്ക് കൊണ്ടു പോയി. അവിടെ ജോലിയും കിട്ടി. തൃശൂരിലെ അച്ഛന്റെ വീട്ടിലെ താമസത്തിനിടയിൽ അവൾ സ്വന്തം ഭാഷ പോലും മറന്നു. എന്നാൽ കാലം വീണ്ടും രക്തബന്ധങ്ങളുടെ കണ്ണികൾ മുറുക്കിയിരിക്കുകാണ്. 40 വർശഷങ്ങൾക്കിപ്പുറം അമ്മയെ കാണാനുള്ള നീനിയും അന്വേഷണം ഫലം കണ്ടിരിക്കുകയാണ്.

കൊടുങ്ങല്ലൂരിൽ ഇരുന്ന് സോഷ്യൽ മീഡിയ വഴിയാണ് കൊഹിമയിലുള്ള അമ്മ സെനോയേയും സഹോദരനെയും നീനി കണ്ടെത്തിയത്. വേർപെട്ടവരെ കാലം കോർത്തിണക്കിയപ്പോൾ സാക്ഷിയാകാൻ അച്ഛൻ ശ്രീനിവാസൻ ഇല്ലെന്നു മാത്രം. വേർപിരിയുമ്പാൾ പൊടിക്കുഞ്ഞായിരുന്ന അനിയനിപ്പോൾ വയസ്സ് 42. അങ്ങകലെയെങ്ങോ ഉണ്ടായിരിക്കുമെന്ന് മനസ്സ് പറയുന്ന അമ്മയെപ്പറ്റിയുള്ള ചിന്ത എപ്പോഴും നീനിക്കൊപ്പമുണ്ടായിരുന്നു. ഡൽഹിയിലെ പഠനം കഴിഞ്ഞ് 1997-ൽ വിവാഹത്തിനായി കേരളത്തിലേക്ക് മടങ്ങിയ നീനിക്ക് അച്ഛന്റെ ഡൽഹിയിലെ വീട്ടിൽനിന്ന് രണ്ട് അപൂർവ വസ്തുക്കൾ കിട്ടി. അമ്മയും അനുജനുമൊപ്പമുള്ള ഫോട്ടോയും അമ്മ അച്ഛനയച്ച കത്തും. 2011-ൽ അച്ഛൻ മരിച്ചു. ഈ ഫോട്ടോയാണ് നീനിയുടെ അമ്മയെ തേടിയുള്ള അന്വേഷണത്തിന് സഹായമായത്.

നാഗാലാൻഡിലുള്ള പലരെയും ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ടിരുന്നു. ഫെയ്സ് ബുക്ക് കൂട്ടുകാരിയായ ഹോളൻ അമ്മയെ കണ്ടെത്തുന്നതിന് വഴികാട്ടിയായി. പഴയ വിലാസത്തിൽ ഇവരെ കണ്ടെത്താനായില്ല. അമ്മയുടെ പഴയ ഫോട്ടോ ഹോളൻ ദിമാപുരിലെ വാട്‌സ് ആപ്പ് കൂട്ടായ്മയിലും ഫേസ് ബുക്കിലും ഇട്ടു. അമ്മയാണെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയെന്നും കാത്തിരിക്കാനും ഹോളന്റെ വിളിയെത്തിയത് ഓഗസ്റ്റ് പത്തിന്. അപ്പോൾ മുതൽ തുടിക്കുന്ന ഹൃദയത്തോടെയുള്ള കാത്തിരിപ്പ്.

അന്ന് വൈകീട്ട് അഞ്ചിന് വീഡിേയാ കോളായി വിളിയെത്തി. ഇരുവരും പരസ്പരം കണ്ടപ്പോൾ മുതൽ നീണ്ട കരച്ചിലായിരുന്നു. എത്ര പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ... ഇപ്പോൾ ദിവസം പല തവണ നീനി അമ്മയും അനിയനുമായി ഫോണിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമായി സംസാരിക്കും. മാർച്ചിൽ ഭർത്താവ് അനിൽ അവധിക്കെത്തുമ്പോൾ കൊഹിമയിലേക്ക് കുടുംബസമേതം പോകാനുള്ള ഒരുക്കത്തിലാണ് നീനി.

ഇന്ന് നീനി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഖത്തറിലെ കമ്പനിയിൽ ജോലിചെയ്യുന്ന കൊടുങ്ങല്ലൂർ സ്വദേശി അനിലിനെ വിവാഹം കഴിച്ചിട്ട് വർഷം 20 കഴിഞ്ഞു. ഒൻപതിൽ പഠിക്കുന്ന അമേയയും ഏഴിൽ പഠിക്കുന്ന ഗോവിന്ദ് ശങ്കരനും മക്കൾ. നാഗാലാൻഡിൽ നിന്നും ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തുക്കൾ വഴിയായിരുന്നു നീനിയുടെ അമ്മയെ തേടിയുള്ള അന്വേഷണം ഒടുവിൽ ഫലം കാണുകയായിരുന്നു.