കോട്ടയം: വഴിയറിയാത്ത ഒരു വിചിത്രലോകത്ത് എത്തിയത് പോലെ. ചുറ്റും മനുഷ്യക്കടൽ. അനുതാപത്തോടെ സ്‌നേഹത്തോടെ ഒക്കെ ചേർത്തുപിടിക്കുന്നവർ. ആശ്വാസ വാക്കുകൾക്കായി പരതുന്നവർ. എങ്കിലും എല്ലാം നീനുവിന് മങ്ങിയ ചിത്രങ്ങൾ പോലെയാകണം.മൂന്ന് വർഷത്തെ പ്രണയം തല്ലിക്കൊഴിച്ച സ്വന്തം വീട്ടുകാർ ശത്രുക്കളെ പോലെ ഒരുവശത്ത്. ഒപ്പം ജീവിതം ആഘോഷിച്ചു തുടങ്ങും മുമ്പേ അവിചാരിതമായി എത്തിയ പ്രിയതമന്റെ മരണം. എന്നും ഭയപ്പെട്ടിരുന്ന ആ ദുരന്തം.

എന്നെ തിരിച്ചറിയാതെ പോയല്ലോ..എന്റെ പ്രണയത്തെ തിരിച്ചറിയാതെ പോയല്ലോ.. അച്ഛനും അമ്മയും, ചേട്ടനുമെല്ലാം.എന്തിനായിരുന്നു എന്നോട് ഇത്രയും ക്രൂരത കാട്ടിയത്? പാവം കെവിൻ എന്തുപിഴച്ചു? വാക്കുകൾ ഉള്ളിൽ മുറിഞ്ഞുപോകുമ്പോൾ നീനുവിനെ ചേർത്ത് പിടിച്ചത് കെവിന്റെ അച്ഛൻ ജോസഫാണ്. ഉള്ളിലെ സങ്കടമെല്ലാം ഉറഞ്ഞുപോയ പോലെ.മകൻ നഷ്ടമായ വേദന പുറത്തുകാട്ടാതെ, പുറത്തെ സംഘർഷങ്ങളോട് പ്രതികരിക്കാതെ ആശ്വാസവാക്കുകളുമായി ജോസഫ്.

മരണവീടിന്റെ മൗനത്തിനിടയിലും നീനുവിനെ ഭക്ഷണം കഴിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ശരീരവും മനസ്സും തളർന്ന് കിടപ്പോൾ അടുത്ത് കെവിന്റെ രണ്ടുസഹോദരിമാരുണ്ടായിരുന്നു.നെഞ്ചുരുകി കരയുകയായിരുന്നു അവർ. കരഞ്ഞ് കരഞ്ഞ് തളർന്നപ്പോഴും നീനുവിന് ധൈര്യം കെവിൻ ഒപ്പമുണ്ടെന്ന ആ തോന്നലാണ്. ഇനി എന്തുചെയ്യും അച്ചാച്ചാ എന്നായിരുന്നു നീനുവിന്റെ ഹൃദയം പിളർക്കുന്ന ചോദ്യം. മറുപടികൾക്ക് കാക്കാതെ കെവിൻ അവസാനമിട്ട നീല ഷർട്ടും ചേർത്ത് പിടിച്ച് വിതുമ്പി.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കെവിനും നീനുവും വിവാഹം രജിസ്റ്റർ ചെയ്തത്. മതമൊന്നെങ്കിലും ദളിതനെന്നത് കുറവായി കണ്ട വീട്ടുകാരുടെ ഭീഷണി.സഹോദരൻ തട്ടിക്കൊണ്ടുപോയപ്പോൾ ഒന്നുകണ്ടുപിടിച്ചുതരണേയെന്ന് യാചിച്ചപ്പോൾ ഫോൺ വിളിച്ച് കളിച്ച പൊലീസുകാരെ.കെവിനെ പോലെ തന്നെ നീനുവിനുമുണ്ടായിരുന്നു ഭീഷണി. എന്തും ചെയ്യാൻ നീനുവിന്റെ കൂട്ടർ മടിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് നീനുവിന്റെ സുരക്ഷയെ കരുതി ഹോസ്റ്റലിലാക്കിയത്. എന്നാൽ ഇരുവരെയും ഒന്നിച്ചുജീവിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന മാതാപിതാക്കളും സഹോദരനും ആ ഇരുപത്തിമൂന്നുകാരന്റെ ജീവനെടുക്കാൻ അതൊന്നും തടസ്സമായില്ല. മാന്നാനത്തെ വീട്ടിൽ പുലർച്ചെ അതിക്രമിച്ച് കടക്കുമ്പോൾ അവരുടെ മനസ്സിൽ പക മാത്രമായിരുന്നു. ഞങ്ങളെ ധിക്കരിച്ച് ഇരുവരും ഒന്നായാലും അതനുവദിക്കില്ലെന്ന ദുരഭിമാനം വളർത്തിയ കൊടിയപക.

കെവിന്റെ അച്ഛന്റെ തോളിൽ ചാരിയാണ് നീനു പ്രിയപ്പെട്ടവന്റെ മുഖം കാണാനെത്തിയത്. കെവിന്റെ അമ്മയെയും സഹോദരിയെയും താങ്ങിപ്പിടിച്ചാണ് ബന്ധുക്കൾ മൃതദേഹത്തിനടുത്തെത്തിച്ചത്.സംസ്‌കാരചടങ്ങിന് മുന്നോടിയായി അന്ത്യചുംബനം നൽകാൻ എത്തിയപ്പോൾ നീനു മൃതദേഹത്തിലേക്ക് കുഴഞ്ഞുവീണു.പിന്നീട് പള്ളിയിൽ എത്തിയപ്പോഴേക്കും അവൾ വല്ലാതെ തളർന്നുപോയി.എല്ലാവരും ചേർന്ന് താങ്ങിയെടുത്ത് ശുശ്രൂഷകൾക്കായി ആശുത്രിയിലേക്ക് കൊണ്ടുപോയി.

ഹർത്താലും മഴയുമൊന്നും കണക്കാക്കാതെ പതിനായിരങ്ങളാണ് കവിന്റെ വീട്ടിലേക്ക് എത്തിച്ചേർന്നത്. കോട്ടയം ജില്ലയിൽ നിന്ന് മാത്രമല്ല, വാർത്ത അറിഞ്ഞ് കെവിനെ അവസാനമായി ഒരുനോക്കുകാണാൻ സമീപ ജില്ലകളിൽ നിന്നും ഒഴുകിയെത്തിയവരെ നമിയന്ത്രിക്കാൻ പൊലീസ് വല്ലാതെ പണിപ്പെട്ടു.കേരളത്തെയാകെ ഉലച്ച ആ വാർത്തയുടെ ഞെട്ടൽ മാറാത്തവർക്ക് വീട്ടിൽ കണ്ട കാഴ്ചകൾ കൂടിയായപ്പോൾ അത് ഹൃദയഭേദകമായി തോന്നി.അവഗണന കാട്ടിയ പൊലീസിനോടും നിശ്ശബ്ദമായും ശബ്ദമുയർത്തിയും ചോദിച്ചു: എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക് ഇങ്ങനെ നിസ്സംഗരായിരിക്കാൻ?

കെവിന്റെ സാമ്പത്തിക നിലയായിരുന്നു നീനുവിന്റെ വീട്ടുകാർക്ക് മുഖ്യപ്രശ്‌നം. അതുകൊണ്ടുതന്നെ തങ്ങൾ ഉറപ്പിച്ച ബന്ധമല്ലാതെ മറ്റൊന്നും മകൾക്ക് വേണ്ടെന്ന് അവർ നിശ്ചയിച്ചു. ഒപ്പം കെവിൻ ദളിതനായതും അവർക്ക് കുറവായി തോന്നി.തന്റെ മാതാപിതാക്കൾ അറിയാതെ ഒന്നും നടക്കില്ലെന്നാണ് നീനു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ഇരുപത്തിനാലാം തീയതിയാണ് കെവിനുമായുള്ള പ്രണയം വീട്ടുകാരെ അറിയിച്ചത്. അതിനുമുമ്പ് വീട്ടുകാർക്ക് അറിയില്ലായിരുന്നു. പരീക്ഷയാണെന്നു പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. വിവാഹം രജിസ്റ്റർ ചെയ്തശേഷം വീട്ടുകാരെ അറിയിച്ചു. കെവിന്റെ സാമ്പത്തിക നില അവർക്കു പ്രശ്‌നമായി. എന്നെ നേരിട്ടുകണ്ടാൽ വെട്ടുമെന്ന് നിയാസ് കെവിൻ ചേട്ടനോടു പറഞ്ഞു. ഒരുമിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു' - നീനു പറഞ്ഞു.

'എന്റെ അച്ഛന് സുഖമില്ലെന്നുപറഞ്ഞ് കെവിൻ ചേട്ടനെ വിളിപ്പിച്ചു. എന്നാൽ തിരക്കിയപ്പോൾ അങ്ങനെയില്ല എന്ന് അറിഞ്ഞു. എന്റെ അച്ഛനും അമ്മയും അറിയാതെ നിയാസും ഷാനുവും കൊലപാതകം എങ്ങനെ ചെയ്യും. ഇനി അച്ഛനും അമ്മയും വന്നുവിളിച്ചാൽ പോകില്ല'-നീനു പറഞ്ഞു.

കെവിന്റെ ഭാര്യയായി തന്നെ തുടർന്നും ജീവിക്കാനാണ് നീനുവിന്റെ ദൃഢനിശ്ചയം.കെവിന്റെ വീട്ടിൽ നിന്് ആരും തന്നെ കൊണ്ടുപോകരുതെന്നാണ് അവളുടെ അഭ്യർത്ഥന.കെവിൻ കളിച്ചു വളർന്ന, അമ്മയെ തിരക്കി ശബ്ദമുയർത്തി വന്നിരുന്ന ആ വീട്ടിൽ തന്നെ ശിഷ്ടകാലം ജീവിതം. കെവിന്റെ നീല ഷർട്ട് നെഞ്ചോട് ചേർന്ന് തളർന്നുകിടക്കുമ്പോഴും നീനു മന്ത്രിക്കുന്നു..കെവിൻ ഇച്ചാച്ചാ..ഇനി എന്തുചെയ്യും?

യാത്രാമൊഴി

കെവിന് കോട്ടയം ഗുഡ് ഷെപ്പേഡ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം ഒരുക്കിയത്. വീട്ടിലും പള്ളിയിലും നടന്ന മരണാനന്തര ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.

കെവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി വൻ ജനാവലിയാണ് സംക്രാന്തിയിലെ വീട്ടിലേക്കും തുടർന്ന് നടന്ന വിലാപയാത്രയിലും അനുഗമിച്ചത്.രാഷ്ട്രീയ പ്രമുഖരും മതമേലധ്യക്ഷന്മാരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ കെവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.