മുംബൈ: ഫാമിലി മാൻ വെബ്‌സീരീസിലൂടെ ബോളിവുഡിലേക്ക് ചുവടുവെച്ച മലയാളി താരം നീരജ് മാധവിന് ഇപ്പോൾ അവസരങ്ങൾ ഇഷ്ടം പോലെയാണ്. ഇതിന് ശേഷം നെറ്റ്ഫ്‌ളിക്‌സിന്റെ ഹിന്ദി ആന്തോളജി ചിത്രത്തിലും താരം അഭിനയിച്ചു. ഈ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ ആയുഷ്മാൻ ഖുറാന നായകനാവുന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുകയാണ് താരം. നീരജ് മാധവ് തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്.

ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിലാണ് നീരജ് അഭിനയിക്കുന്നത്. ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത അറിയിച്ചത്. അനിരുദ്ധ് അയ്യർ സംവിധാനം ചെയ്യുന്ന സിനിമയിലെ നീരജിന്റെ ഷൂട്ടിങ്ങും പൂർത്തിയായി.

'ഈ പിറന്നാളിന് സന്തോഷിക്കാൻ എനിക്ക് ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഒന്നാണിത്. എന്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിന്റെ ചിത്രീകരണം പൂർത്തിയായി. ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം സ്‌ക്രീൻ പങ്കിടാൻ ആയതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങൾക്കൊപ്പം സിനിമ ചെയ്യാൻ ആയത് നല്ലൊരു അനുഭവമായിരുന്നു. ഈ അവസരത്തിന് സംവിധായകൻ അനിരുദ്ധ് അയ്യരിനും നന്ദി പറയുന്നു.', എന്നാണ് നീരജ് കുറിച്ചു.

ആൻ ആക്ഷൻ ഹീറോ എന്ന ചിത്രത്തിൽ ഒരു ആക്ഷൻ ഹീറോ ആയാണ് ആയുഷ്മാൻ എത്തുന്നത്. താരത്തിന്റെ ആദ്യ ആക്ഷൻ ചിത്രം കൂടിയാണിത്. ഇന്ത്യയിലും യുകെയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.ആനന്ദ് എൽ റായ്, ഭൂഷൻ കുമാർ എന്നിവരാണ് നിർമ്മാതാക്കൾ.