- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിവസ്ത്രം അഴിപ്പിച്ചവരെ പെൺകുട്ടികൾ തിരിച്ചറിഞ്ഞു; സുരക്ഷയ്ക്ക് സ്വകാര്യ സ്ഥാപനം സേന നിയോഗിച്ചിരുന്നത് നാലു വീതം സ്ത്രീകളേയും പുരുഷന്മാരേയും; ദേഹപരിശോധനാ ഡ്യൂട്ടിയിലുള്ളവരെ ചോദ്യം ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം; നീറ്റിനിടെ ആയൂർ മാർത്തോമാ കോളേജിൽ സംഭവിച്ചതിൽ റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ കേസിൽ പൊലീസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയൽ പരേഡ് നടത്തും.
അതിനിടെ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. അതിനിടെ മനുഷ്യത്വരഹിതമായ നടപടിയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എൻകെ പ്രേമചന്ദ്രൻ പ്രതികരിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ കാണുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു
അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരിശോധയ്ക്കായി എത്തിയവരെ പെൺകുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പരിശോധന നടത്തിയവരെ വിദ്യാർത്ഥിനികൾ തിരിച്ചറിഞ്ഞത്. ഇവർ കോളജ് അധികൃതരാണോ ഏജൻസി വഴി പരിശോധനയ്ക്ക് എത്തിയവരാണോ എന്ന് അന്വേഷിച്ചുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ചടയമംഗലത്തെ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത്. നീറ്റ് പരീക്ഷ എഴുതാൻ എത്തിയ നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം ഇത്തരത്തിൽ അഴിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി വിദ്യാർത്ഥിനികൾ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങൾ ലഭിച്ചതെന്നും പരാതിയിൽ പറയുന്നു. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.
സംഭവത്തിൽ ഏജൻസിയിലെ വനിതാ ജീവനക്കാർക്കെതിരെ ഇന്നലെ തന്നെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഉന്നവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അപലപിച്ചിരുന്നു. കേന്ദ്ര വിദ്യഭ്യാസമന്ത്രിക്കും നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും കത്തയച്ചതായി മന്ത്രി അറിയിച്ചു. പ്രഥമദൃഷ്ട്യാ കോളജ് അധികൃതർക്ക് പങ്കുള്ളതായി കരുതുന്നില്ല. നടപടിയെടുക്കാൻ മൂന്ന് പരാതികൾ തന്നെ ധാരാളമെന്നും ആർ ബിന്ദു പറഞ്ഞു. അതേസമയം, പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. വിദ്യാർത്ഥി സംഘടനകൾ കൊല്ലം ചടയമംഗലം കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയാണ്.
ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നു. നാല് വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. ഇവരെ അറസ്റ്റു ചെയ്തേയ്ക്കും. കഴിഞ്ഞ ദിവസം പരാതി നൽകിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികൾക്കു പുറമെ മൂന്നു വിദ്യാർത്ഥിനികൾ കൂടി ചടയമംഗലം പൊലീസിൽ പരാതി നൽകി. ഇതും നിർണ്ണായകമാണ്. ഇതോടെ ഏജൻസി ജീവനക്കാർ കൂടുതൽ പ്രതിരോധത്തിലായി.
വനിതാ കമ്മിഷൻ അംഗങ്ങളും കോളജിലെത്തി. കമ്മിഷൻ സ്വമേധയാ കേസെടുത്തു. റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് കമ്മിഷൻ അംഗം ഷാഹിദ കമാൽ അറിയിച്ചു. കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. കുട്ടികൾ വലിയ മാനസിക പീഡനത്തിന് ഇരയായി. വസ്ത്രമഴിച്ച് പരിശോധന നടത്തിയത് കോളജ് ജീവനക്കാരാണോ എന്നും അന്വേഷിക്കുമെന്ന് കമ്മിഷൻ അംഗങ്ങൾ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മിഷനുകളും കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ