- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തെ സ്റ്റാർ സെക്യൂരിറ്റിക്ക് പരീക്ഷാ നടത്തിപ്പ് ചുമതല; ചടയമംഗലത്തുള്ള ഗ്രീവൻസ് ഫുഡ്സിന് ഉപകരാർ; പരീക്ഷാ നടത്തിപ്പിനായി കോളേജിലെ എംസിഎ വിഭാഗം മേധാവിയുടെ സഹായം ഏജൻസി തേടി; അറസ്റ്റിലായ അഞ്ചു പേർക്കും ജാമ്യമില്ല; എല്ലാവരും റിമാൻഡിൽ; നീറ്റിൽ അന്വേഷണത്തിന് വസ്തുതാന്വേഷണ സമിതിയും
കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളെ, അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തിൽ അറസ്റ്റിലായ അഞ്ചുപേർക്ക് ജാമ്യം ഇല്ല. മൂന്ന് ഏജൻസി ജീവനക്കാരും കോളേജിലെ രണ്ട് ശുചീകരണ ജീവനക്കാരുമാണ് അറസ്റ്റിലായത്. സ്റ്റാർ സെക്യൂരിറ്റി ജീവനക്കാരായ ഗീതു, ജോത്സന ജോബി, ബീന, കോളേജ് ശുചീകരണ ജീവനക്കാരായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) വസ്തുതാന്വേഷണ സമിതിക്ക് രൂപംനൽകി.
കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശൂരനാട് സ്വദേശിനിയാണ് റൂറൽ എസ്പിക്ക് ആദ്യം പരാതി നൽകിയത്. പരീക്ഷയ്ക്കെത്തിയ ഭൂരിഭാഗം വിദ്യാർത്ഥിനികൾക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചിരുന്നു. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിർത്തി സ്കാനർ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവൻ ഊരി വയ്ക്കണമെന്ന് വിദ്യാർത്ഥിനിയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് കൂടുതൽ പരാതികൾ ലഭിച്ചു.
18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉൾക്കൊള്ളാൻ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടർന്ന് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. പരീക്ഷയാണോ ഡ്രസ് അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് വലുത് എന്നായിരുന്നു വിദ്യാർത്ഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്. മാറിനിന്ന് കരയുന്നത് കണ്ട് മറ്റൊരു ഉദ്യോഗസ്ഥൻ എത്തിയ ശേഷം കാര്യം തിരക്കി. കുട്ടിയുട അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ച് രക്ഷിതാക്കളോട് ഗേറ്റിൽ എത്താൻ പറയുകയും ഷോൾ വേണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് അമ്മയുടെ ഷാൾ നൽകുകയുമായിരുന്നു.
കോളേജിന്റെ ജനൽ അടിച്ചുതകർത്ത സംഭവത്തിൽ എബിവിപി ജില്ലാ സംഘടനാ സെക്രട്ടറി വിഷ്ണുവിനെ റിമാൻഡ് ചെയ്തു. പരാതിക്കാരുടെ എണ്ണം അഞ്ചായി. സംഭവം നടന്ന ഞായറാഴ്ച ശൂരനാട് സ്വദേശിയും തുടർന്ന് ഓച്ചിറ, കുളത്തൂപ്പുഴ, ചെറിയ വെളിനല്ലൂർ സ്വദേശികളുമാണ് പരാതി നൽകിയത്. അന്വേഷക സംഘം കോളേജിലെത്തി പരീക്ഷാദിവസം രാവിലെമുതലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. തുടർന്നായിരുന്നു അറസ്റ്റ്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ആർ നിശാന്തിനി കോളേജിൽ പരിശോധന നടത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് ഡിഐജി പറഞ്ഞു.
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യായ തിരുവനന്തപുരത്തെ സ്റ്റാർ സെക്യൂരിറ്റിക്കായിരുന്നു പരീക്ഷാ നടത്തിപ്പ് ചുമതല. ഏജൻസി ചടയമംഗലത്തുള്ള ഗ്രീവൻസ് ഫുഡ്സിന് ഉപകരാർ നൽകി. പരീക്ഷാ നടത്തിപ്പിനായി കോളേജിലെ എംസിഎ വിഭാഗം മേധാവിയുടെ സഹായം ഏജൻസി തേടിയിരുന്നു. സംഭവത്തെതുടർന്ന് പരീക്ഷാ ചുമതലയുള്ള ഒബ്സർവർ, കോളേജ് മാനേജ്മെന്റ് പ്രതിനിധിയായ സെന്റർ സൂപ്രണ്ട്, ജില്ലാ കോ -ഓർഡിനേറ്റർ എന്നിവരിൽനിന്ന് എൻടിഎ റിപ്പോർട്ട് തേടിയിരുന്നു. പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് സെന്റർ സൂപ്രണ്ട് പ്രിജി കുര്യൻ ഐസക് നൽകിയ റിപ്പോർട്ട്.
പെൺകുട്ടികളുടെ മൊഴിയും റിപ്പോർട്ടും തമ്മിലുള്ള വൈരുധ്യം അന്വേഷക സംഘം വിശദമായി പരിശോധിക്കും. അതിനിടെ പരീക്ഷ നടന്ന കോളേജിൽ ചൊവ്വാഴ്ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. സംഘർഷത്തിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു.
മറുനാടന് മലയാളി ബ്യൂറോ