കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ രാത്രി അറസ്റ്റിലായ, പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യൻ ഐസക് എന്നിവർക്കും കടയ്ക്കൽ കോടതി ജാമ്യം അനുവദിച്ചു. ഇവരെ കൂടാതെ മൂന്ന് കരാർ തൊഴിലാളികൾക്കും രണ്ട് ശുചീകരണതൊഴിലാളികൾക്കുമാണ് ജാമ്യം ലഭിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവർക്കും ജാമ്യം ലഭിച്ചു.

കൊല്ലം ആയൂരിലെ മാർത്തോമ കോളേജിൽ നടന്ന നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്നാണ് പരാതി. ആദ്യം ഒരു വിദ്യാർത്ഥിനിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ കൂടുതൽ പെൺകുട്ടികൾ പരാതി നൽകുകയായിരുന്നു.

മാധ്യമവാർത്തകളുടെയും സമരങ്ങളുടെയും പേരിലാണ് തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതതെന്നും അടിവസ്ത്രം അഴിപ്പിച്ച സംഭവവുമായി തങ്ങൾ യാതൊരു പങ്കുമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ കേസുമായി ബന്ധപ്പെട്ട് കടയ്ക്കൽ കോടതിയിലെ പ്രോസിക്യൂട്ടർ ഇന്ന് ഹാജരായിരുന്നില്ല. പകരം പുനലൂരിൽ നിന്ന് എപിപിയാണ് ഹാജരായത്.

പരിശോധന നടത്താനുള്ള നിർദ്ദേശം നൽകിയത് എൻടിഎ നിരീക്ഷകരായ ഷംനാദ്, ഡോ. പ്രജി കുര്യൻ ഐസക് എന്നിവരാണെന്നായിരുന്നു കരാർ ജീവനക്കാർ പൊലീസിന് മൊഴി നൽകിയത്. തുടർന്ന് പൊലീസ് നീറ്റ് കൊല്ലം ജില്ലാ കോർഡിനേറ്ററിൽ നിന്ന് വിശദാംശങ്ങൾ തേടുകയും രണ്ട് അദ്ധ്യാപകരേയും ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി, വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഏജൻസി നിയോഗിച്ച മൂന്ന് കരാർ ജീവനക്കാരെയും കോളജിലെ രണ്ട് ശുചീകരണ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.