ന്യൂഡൽഹി: നീറ്റ് പിജി സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ നീട്ടിവെച്ചു. ചോദ്യപേപ്പർ രീതി പുതുക്കിയതിനാലാണ് തീരുമാനം. പുതിയ ചോദ്യപേപ്പർ രീതി അനുസരിച്ച് തയ്യാറെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ലഭിക്കുന്നതിനാണ് പരീക്ഷ രണ്ടുമാസത്തേയ്ക്ക് നീട്ടിവെച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ജനുവരി, 10,11 തീയതികളിൽ പരീക്ഷ നടത്താനാണ് സുപ്രീംകോടതി അനുമതി നൽകിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കഴിഞ്ഞാഴ്ച പരീക്ഷാരീതിയിൽ അവസാന നിമിഷം മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവെയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

നവംബർ 13,14 തീയതികളിൽ നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ആഴ്ചകൾ മാത്രം അവശേഷിക്കേ ചോദ്യപേപ്പർ രീതി കേന്ദ്രസർക്കാർ പുതുക്കി. ഇതാണ് സുപ്രീംകോടതിയുടെ വിമർശനം ക്ഷണിച്ചുവരുത്തിയത്. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് കൂടുതൽ തയ്യാറെടുപ്പ് നടത്തുന്നതിന് സമയം നീട്ടിനൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചപ്പോൾ യുവ ഡോക്ടർമാരെ ഫുട്ബോൾ പോലെ കാണരുതെന്നാണ് സുപ്രീംകോടതി വിമർശിച്ചത്. യുക്തിപൂർവ്വം പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥരുടെ ദയയ്ക്ക് ഡോക്ടർമാരെ ഇട്ടുകൊടുക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 41 പിജി ഡോക്ടർമാരാണ് കേന്ദ്രസർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ജനറൽ മെഡിസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് 100 ശതമാനം മാർക്ക് നൽകുന്ന പുതിയ രീതിയെയാണ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തത്.