- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
നീതി സമം അനീതി
'ക്രൂശിക്ക, അവനെ ക്രൂശിക്ക.' ഏകദേശം ഇരുപത് നൂറ്റാണ്ടുകൾക്കു മുമ്പ് പരിശുദ്ധനും നീതിമാനും നിരപരാധിയുമായ യേശുക്രിസ്തുവിന്റെ രക്തത്തിനുവേണ്ടി ദാഹിച്ചലറിയ അന്നത്തെ ജനം വിളിച്ചുപറഞ്ഞ അതേ വാക്കുകൾ ഇന്നും ലോകത്തിൽ മുഴങ്ങി കേൾക്കുന്നു. അത് ഇപ്പോഴും എപ്പോഴും ലോകത്തിൽ എല്ലായിടത്തും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. 'ക്രൂശിക്ക, അവനെ ക്രൂശിക്ക.' ഇന്നും നിരപരാധികളുടെ രക്തത്തിനു വേണ്ടിയുള്ള ലോകത്തിന്റെ ദാഹം ശമിച്ചിട്ടില്ല. ലോകത്തിന്റെ നിലവിളി എവിടെയും ഉയർന്നുകേൾക്കാം. കണ്ണുകെട്ടിയ നിയമവ്യവസ്ഥയുടെ നീതി കൽപ്പനയിൽ സന്ദേഹിച്ച് ഒരെഴുത്തുകാരനെഴുതിയനോവലിന്റെ അവസാന അധ്യായത്തിന്റെ ആരംഭ വചനമാണിത്. കണ്ടും കേട്ടും സ്പർശിച്ചുമറിഞ്ഞ യാഥാർത്ഥ്യത്തിന്റെ തുറന്നെഴുത്തിൽ ആദിമകല്പനയുടെ മുഴക്കവും അത്യന്തം പരിശുദ്ധമായ ദിഗംബരലാവണ്യാതിരേകത്തിന്റെ മന്ദഹാസവുമുണ്ട്. നീതിക്കുവേണ്ടിയുള്ള നിരപരാധിയുടെ ദീർഘനടത്തങ്ങൾക്ക് വരമൊഴി ചമക്കുന്ന മനുഷ്യാത്മാവിന്റെ വ്യഥ ഈ നോവലിനെ ചൂഴ്ന്നുകനക്കുന്നുണ്ട്. മനുഷ്യനെത്ര സുന്ദരമായ പദമാണ് എന്നാച്ഛര്യപ്പെ
'ക്രൂശിക്ക, അവനെ ക്രൂശിക്ക.'
ഏകദേശം ഇരുപത് നൂറ്റാണ്ടുകൾക്കു മുമ്പ് പരിശുദ്ധനും നീതിമാനും നിരപരാധിയുമായ യേശുക്രിസ്തുവിന്റെ രക്തത്തിനുവേണ്ടി ദാഹിച്ചലറിയ അന്നത്തെ ജനം വിളിച്ചുപറഞ്ഞ അതേ വാക്കുകൾ ഇന്നും ലോകത്തിൽ മുഴങ്ങി കേൾക്കുന്നു.
അത് ഇപ്പോഴും എപ്പോഴും ലോകത്തിൽ എല്ലായിടത്തും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
'ക്രൂശിക്ക, അവനെ ക്രൂശിക്ക.'
ഇന്നും നിരപരാധികളുടെ രക്തത്തിനു വേണ്ടിയുള്ള ലോകത്തിന്റെ ദാഹം ശമിച്ചിട്ടില്ല. ലോകത്തിന്റെ നിലവിളി എവിടെയും ഉയർന്നുകേൾക്കാം.
കണ്ണുകെട്ടിയ നിയമവ്യവസ്ഥയുടെ നീതി കൽപ്പനയിൽ സന്ദേഹിച്ച് ഒരെഴുത്തുകാരനെഴുതിയനോവലിന്റെ അവസാന അധ്യായത്തിന്റെ ആരംഭ വചനമാണിത്. കണ്ടും കേട്ടും സ്പർശിച്ചുമറിഞ്ഞ യാഥാർത്ഥ്യത്തിന്റെ തുറന്നെഴുത്തിൽ ആദിമകല്പനയുടെ മുഴക്കവും അത്യന്തം പരിശുദ്ധമായ ദിഗംബരലാവണ്യാതിരേകത്തിന്റെ മന്ദഹാസവുമുണ്ട്. നീതിക്കുവേണ്ടിയുള്ള നിരപരാധിയുടെ ദീർഘനടത്തങ്ങൾക്ക് വരമൊഴി ചമക്കുന്ന മനുഷ്യാത്മാവിന്റെ വ്യഥ ഈ നോവലിനെ ചൂഴ്ന്നുകനക്കുന്നുണ്ട്. മനുഷ്യനെത്ര സുന്ദരമായ പദമാണ് എന്നാച്ഛര്യപ്പെട്ട വിശ്വസാഹിത്യകാരനും നോവുന്ന ആത്മാവിനെ സ്‌നേഹിക്കാത്ത തത്വശാസ്ത്രത്തെ തമസ്‌ക്കരിച്ച കവിയും മറ്റും മറ്റും ജീ മലയിൽ എന്ന ഇയ്യെഴുത്തുകാരനു മുമ്പേ പറന്ന പക്ഷികളാണ്. അവരുടെയൊക്കെയും ആർജവം നീതി സമം അനീതി എന്ന മുപ്പത്തിയൊന്ന് അധ്യായങ്ങളുള്ള ഈ നോവലിനുണ്ടെന്നു പറയുവാൻ സന്തോഷമേയുള്ളൂ. എഴുത്ത് ഒരു ധർമ്മവ്യഥയാണ്. ജീവനും പ്രകൃതിയും, പ്രകൃതിയും അതീതവും, കാഴ്ചയും സ്മൃതിയും വേദനയും ഹർഷവുമെല്ലാമെല്ലാം എഴുത്തിൽ തന്റെതായ ആവിഷ്‌ക്കരണപദ്ധതിയിൽ സന്നിഹിതമാക്കുമ്പോഴാണ് ഒരാൾ എഴുത്തുകാരൻ എന്ന നിലയിൽ വിജയം വരിക്കുന്നത്. അത് തേടിപ്പിടിക്കലും വന്നുചേരുലുമാകാം. ലോകത്തിലിന്നേവരെ എഴുത്തുകാർ എന്ന് കലാതീതമായി അടയാളപ്പെട്ടവരൊക്കെയും ഇതുവരെ പറഞ്ഞവരിൽ നിന്നും വ്യത്യസ്തമായി പുതുതായി തനിക്കു ചിലത് പറയുവാനുണ്ട് എന്നു തോന്നലിൽ എഴുതിയവരാണ്. മറ്റുള്ളവർ പറയുന്നതുതന്നെ പറയുവാനാണെങ്കിൽ തങ്ങളുടെ ആവശ്യം തന്നെ അവിടെയില്ല എന്നവർ കരുതി. പ്രമേയ സ്വീകരണത്തിലും ശിൽപ്പഭദ്രതയിലും കഥാപാത്രസന്നിവേശത്തിലും അവരുടെ സംഭാഷണത്തിലുമടക്കം സാഹിത്യ സിദ്ധാന്തങ്ങൾ നിവർത്തുന്ന എല്ലാ ഉള്ളൊരുക്കത്തിലും ബാഹ്യസൗന്ദര്യ സങ്കൽപ്പങ്ങളിലും രൂപം പൂണ്ടവയെയാണ് സാധാരണ മികച്ച സൃഷ്ടികൾ എന്നു ലോകം വിളിക്കുന്നത്.
ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ജോയി എന്ന അദ്ധ്യാപകയുവാവ് പൊലീസ് കസ്റ്റഡിയിലാകുന്നതും നീതിപീഠം അയാൾക്ക് വധശിക്ഷ വിധിച്ച് തൂക്കിലേറ്റുന്നതുമാണ് നീതി - സമം - അനീതി എന്ന നോവലിലെ ഇതിവൃത്തം.
സാഹചര്യത്തെളിവുകളും സാക്ഷിമൊഴിയും പ്രതിക്ക് എതിരായിരുന്നു. അപ്പന്റെയും അമ്മച്ചിയുടെയും ഏകമകനായ, അവർ സത്യനിഷ്ഠനായി വളർത്തിക്കൊണ്ടുവന്ന മകൻ. അദ്ധ്യാപകനായി ആദ്യ പോസ്റ്റിങ് ലഭിച്ച ഗ്രാമത്തിലെ വാടകവീടിനടുത്തുള്ള തുളസി എന്ന നിഷ്‌ക്കളങ്കയായ പെൺകുട്ടിയെ ചതിച്ചുവെന്ന് വിശ്വസിക്കുവാൻ ആ മാതാപിതാക്കൾക്കാകുമായിരുന്നില്ല. ജോയി തന്റെ നിരപരാധിത്വം ആവർത്തിച്ചു വാദിച്ചുവെങ്കിലും നിയമത്തിന്റെ മുമ്പിൽ അതൊന്നുംതന്നെ ഫലവത്തായില്ല.
ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന സാധാരണ നോവൽ മാത്രമല്ല, ഇത്. പലപ്പോഴും നോവൽ വ്യവസ്ഥയെ അതിലംഘിച്ചുവളരുന്ന മനോഹരമായ, അതേസമയംതന്നെ എല്ലാത്തരം വൃത്തികേടുകളും പതിയിരുന്നാക്രമിക്കുന്ന ഒരു നാടൻ ജീവിതപശ്ചാത്തലം സൃഷ്ടിക്കുവാൻ നോവലിസ്റ്റ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. (ആഖ്യാനശൈലിയിലെ ചില ന്യൂനതകൾ ഒഴിവാക്കേണ്ടതായിരുന്നു.) അനീതി കൊടികുത്തിവാഴുന്ന എപ്പോഴും പ്രസക്തമായ അർത്ഥവത്തായ ചോദ്യങ്ങളുയർത്തുന്ന, ചിലപ്പോഴെക്കെ അതിന്മേൽ ഉത്തരങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുന്ന നോവലിന്റെ ഇതിവൃത്തത്തിലേക്കും പ്രകരണത്തിലേക്കും കടക്കാം.
പണം വാരിയെറിഞ്ഞാൽ മാത്രം കിട്ടുന്ന നിയമബോധത്തെപ്പറ്റിയുള്ള സംശയങ്ങളും ഒരു നിയമവും വേണ്ടരീതിയിൽ ജനങ്ങൾക്കു പ്രയോജനം ചെയ്യുന്നില്ല എന്ന സത്യവും , തന്നെ നീതി - സമം അനീതി എന്ന നോവലെഴുത്തിലേക്കു നയിച്ചതായി ജീ മലയിൽ എന്ന എഴുത്തുകാരൻ ആമുഖത്തിൽ ചേർത്തിരിക്കുന്നു. ഇതൊരു പക്ഷേ ഈ എഴുത്തുകാരന്റെ മാനിഫെസ്റ്റോ ആയി വായിച്ചെടുക്കാവുന്നതാണ്.
കിണറ്റിൽച്ചാടി ദേഹനാശം ചെയ്യുന്നതിന് മുമ്പ് കഥാനായകനായ ജോയിയുടെ മനസ്സിൽ കുടിയേറിയ തുളസിയെപ്പറ്റിയുള്ള ചിന്തകൾ നോവലിസ്റ്റ് ശ്രദ്ധയോടെയാണ് വരഞ്ഞിട്ടിരിക്കുന്നത്.
നല്ലൊരു തറവാട്ടിൽ ജനിച്ച ഭവാനിയമ്മ , രണ്ടാം ഭർത്താവായ പട്ടാളക്കാരനായിരുന്ന സകല വൃത്തികേടുകളുടെയും വിളനിലമായ ശേഖരന്റെ അസഭ്യവർഷത്തിനും നിത്യമർദനത്തിനും ഇരയായി ശരീരം തളർന്നു കിടക്കുമ്പോൾ മരിച്ചുപോയ ഭർത്താവിൽ തനിക്കുണ്ടായ ഏകമകളുടെ ജനിതസുരക്ഷയിൽ വ്യാകുലയാണ്.
ശേഖരന്റെ മർദനവും കള്ള് വാങ്ങിക്കൊടുക്കുന്ന 'വലിയവീട്ടിലെ കുഞ്ഞായ ' തുളസിയോട് അത്യാഗ്രഹമുള്ള റോമിക്ക് അവളെ കൈമാറാനുള്ള പരസ്യമായ നീക്കവും ആ അമ്മയെ വേദനിപ്പിച്ചു. പക്ഷേ, അതിനെതിരെ പ്രതികരിക്കാനോ മകളെ അത്യാപത്തിൽ നിന്ന് രക്ഷിക്കുവാനോ ആകാതെ കട്ടിലിൽ കിടന്ന് നിശ്ശബ്ദം കണ്ണീർവാർക്കുവാനേ അവർക്കു കഴിഞ്ഞുള്ളൂ. ഒടുവിൽ അവർ ഭയന്നത് സംഭവിച്ചു.
തുളസി അമ്മയുടെ മുന്നിൽ വച്ചുതന്നെ റോമിയാൽ മൃഗീയമായി കീഴടക്കപ്പെട്ടു. മകളുടെ നിസ്സഹായമായ കരച്ചിലിനിടയ്‌ക്കെങ്ങോ അവരുടെ ഹൃദയസ്പന്ദനം നിലച്ചു.
'അമ്മേ, ഇതു കാണുവാനാണോ ഇത്രയുംനാൾ കിടന്നത്?'
എന്ന മകളുടെ ചോദ്യം അവർ കേട്ടില്ല.
ആ പെൺകുട്ടിയുടെ മാനം വിലപറഞ്ഞു വിറ്റ രണ്ടാനച്ഛൻ ശേഖരൻ എല്ലാതന്ത്രവുമൊരുക്കി റോമിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. വിശന്നൊട്ടിയ വയറുമായി കിടന്നുറങ്ങിയിരുന്ന തുളസിയെ വിളിച്ചുണർത്തി റോമിയുടെ മുന്നിലേക്ക് നിർബന്ധിച്ചയയ്ക്കുകയായിരുന്നു. ശേഖരനെപ്പോലെ, റോമിയെപ്പോലെയുള്ളവർ വെറും കഥാപാത്രങ്ങളല്ല. നമുക്ക് ചുറ്റും എത്രയോ ഭവാനിയമ്മമാരും തുളസിമാരും ശേഖരന്മാരും റോമിമാരുമൊക്കെ ഉണ്ട് എന്ന് വ്യക്തമാക്കുകയാണ് നോവലിസ്റ്റ് ഈ കഥനത്തിലൂടെ.
മനുഷ്യൻ മനുഷ്യനെയാണ് ഭയപ്പെടേണ്ടത് എന്നും നിസ്സഹായരുടെ വേദനയുടെയും കണ്ണീരിന്റെയും നടുവിലാണ് നമ്മിലോരുത്തരുടെയും രാപ്പകലുകൾ പിറക്കുന്നതെന്നും ഭംഗ്യന്തരേണ പറയുയാണ് ഈ ഭാഗത്ത്.
സ്‌ക്കൂൾ മാഷായി ജോലി ലഭിച്ചശേഷം അന്യഗ്രാമത്തിൽ ചെല്ലുന്ന ജോയിക്ക് താമസിക്കാനൊരിടം ലഭിച്ചത് തുളസിയുടെ വീടിന്നടുത്തായിരുന്നു. ആദ്യമാദ്യം ആ വീട്ടിലെ ഒച്ചപ്പാടുകൾ കൗതുകത്തോടെ ശ്രദ്ധിച്ചിരുന്ന ജോയി ആ അമ്മയുടെയും മകളുടെയും ദരിദ്ര, ആകുലജീവിതമറിഞ്ഞപ്പോൾ തുളസിയെ എങ്കിലും രക്ഷിച്ച് അവൾക്കൊരു ജീവിതം നൽകണമെന്ന് മോഹിച്ചു. ആ ചെറുപ്പക്കാരന്റെ മനസ്സിന്റെ വിശുദ്ധി കാണാൻ പക്ഷേ തുളസി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവളോ, അസ്വതന്ത്രയും. ജോയിയുടെ അപ്പനും അമ്മയുമാകട്ടെ, ജോലി കിട്ടിയസ്ഥിതിക്ക് അയാൾക്ക് വധുവിനെ അന്വേഷണവുമാരംഭിച്ചിരുന്നു.
നിലവിളികളും അലർച്ചകളും ഇരുളിനെ ഭേദിച്ച് കാതിൽ വന്നലയ്ക്കുമ്പോൾ ജോയി മതത്തിന്നതീതമായി തുളസിയെ വിവാഹം കഴിക്കാനുള്ള തന്റെ അഭിലാഷം വീട്ടിൽ അവതരിപ്പിക്കുവാൻ വെമ്പി.
റോമി നിർധനയും നിസ്സഹായയുമായ ആ പെൺകുട്ടിയെ അതിപ്രാകൃതർ പോലുമറയ്ക്കുന്ന രീതിയിൽ മാനഭംഗപ്പെടുത്തിയ രാത്രിയിൽ ബൈക്കപകടത്തിൽ മരിച്ചു.
റോയിയുടെ മരണമറിയുന്ന ജോയി പിന്നീടാണ് ഭവാനിയമ്മയും മരിച്ചതായി മനസ്സിലാക്കുന്നത്.
ദിവസങ്ങൾക്കകം തന്നെ തുളസി അച്ഛാ എന്നു വിളിച്ച ശേഖരനും അവളെ പീഡിപ്പിക്കുന്നു.
ആ ഖേദം അവളെ അടിമുടി തകർത്തു കളയുന്നു. ആത്മഹത്യയെന്ന തീരുമാനത്തിലേക്ക്, നിസ്സഹായരുടെ പ്രതികാരത്തിലേക്ക് അതവളെ നയിക്കുന്നു.
തുളസിയെ വഞ്ചിച്ച് അവൾ ആത്മഹത്യ ചെയ്യാനിടയായതിന്റെ പേരിൽ ജോയി പൊലീസ് കസ്റ്റഡിയിലാകുകയും അപ്പീലുകൾ തള്ളപ്പെട്ട് കോടതി അയാൾക്ക് തുക്കുകയർ തന്നെ അന്തിമമായി വിധിക്കുകയും ചെയ്യുന്നു.
ജോയി തൂക്കിലേറ്റപ്പെട്ട അന്നുതന്നെ അയാൾക്ക് ശിക്ഷ വിധിച്ച ജഡ്ജി പശ്ചാത്താപത്താൽ ആത്മഹത്യ ചെയ്യുന്നു.
കണ്ണും കാതുമടഞ്ഞ ന്യായാസനങ്ങളുടെ പൊള്ളയായ വിധിയുടെ ബലിദാനിയായി ജോയി എന്ന ചെറുപ്പക്കാരൻ മാറുന്നു. നിരപരാധിയെ ക്രൂശിക്കുന്ന നിയമം എന്തു തരം നിയമമാണ് എന്നാണ് നോവലിസ്റ്റ് ഈ സംഭവബഹുലമായ കഥയിലൂടെ ചോദിക്കുന്നത്. അന്യായം ചെയ്യുന്നവർ പൊതു സമൂഹത്തിൽ മാന്യതയുടെ മുഖം മൂടിയിട്ടു വിലസുമ്പോൾ എഴുത്തുകാരന്റെ ചോദ്യം, വലിയ ചോദ്യം തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു.
എഴുതിയത് : കാവാലം അനിൽ
എഡിറ്റർ,
കുരുക്ഷേത്ര പുബ്ലിക്കേഷൻസ് ആൻഡ് ബുക്ക്‌സ്.
(സാഹിത്യകാരൻ, കവി, ചെറുകഥാകൃത്ത്, നിരൂപകൻ , എഡിറ്റർ എന്നീ നിലകളിൽ അറിയപ്പെടുന്ന ബഹുമുഖപ്രതിഭ. നിരവധി സാഹിത്യപുരസ്‌കാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്.)