പത്തനംതിട്ട: അമേരിക്കയിലേക്ക് പോകാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. യു.എസ്. വിസ കിട്ടിയാൽ അവിടെച്ചെന്ന് തൂമ്പാപ്പണി ചെയ്യാനും തയാറാണ് നമ്മൾ മലയാളികൾ. അമേരിക്കയിൽ തൂമ്പാപ്പണിക്കും അന്തസുണ്ടല്ലോ. എങ്ങനെയും അമേരിക്കയ്ക്ക് പറക്കാൻ വേണ്ടി വ്യാജരേഖ ചമച്ച മലയാളി എക്‌സ്ട്രാ നടിയടക്കം മൂന്നുപേർ ചെന്നൈയിൽ പൊലീസ് പിടിയിലായി. അമേരിക്കൻ കോൺസുലേറ്റിന്റെ പരാതി പ്രകാരം പിടിയിലായ ഇവരെ ഒരു മലയാളിയും ആന്ധ്രാക്കാരനും ചേർന്ന് പറ്റിച്ചതാണെന്ന് സംശയം.

പത്തനംതിട്ട തിരുവല്ല സ്വദേശിനി നീതു കൃഷ്ണ (27), എറണാകുളത്തുകാരൻ ജസ്റ്റിൻ തോമസ് (35), ചെങ്ങന്നൂരുകാരൻ സുഭാഷ് പത്മനാഭൻ (37) എന്നിവരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. വിശ്വാസവഞ്ചന, വ്യാജരേഖ എന്നീ കുറ്റം ചുമത്തി മൂവരെയും പുഴൽ ജയിലിലേക്ക് കോടതി റിമാൻഡ് ചെയ്തു. യു.എസ്. വിസ ഒപ്പിച്ചു കൊടുക്കാമെന്ന പറഞ്ഞ് സമീപിച്ച സംഘത്തിന്റെ പിടിയിൽ നീതുവും പെട്ടിരിക്കാമെന്ന് കരുതുന്നു. 2013 ൽ പുറത്തിറങ്ങിയ സെലിബ്രേഷൻസ് എന്ന ചിത്രത്തിൽ സഹനടിയായ വേഷമിട്ട നീതു നാഷാ ഫീനിക്‌സ് എന്ന പേരിലാണ് സിനിമയിൽ അറിയപ്പെടുന്നത്.

അമേരിക്കയിൽ നടക്കുന്ന വിവാഹ ചടങ്ങിലേക്കും അതിൽ നൃത്തപരിപാടി അവതരിപ്പിക്കാനുമുള്ള ക്ഷണക്കത്താണ് ഇവർ ചെന്നൈയിലെ യു.എസ്. കോൺസുലേറ്റിൽ ഹാജരാക്കിയത്. ബുധനാഴ്ചയാണ് ഇവർക്ക് വിസയ്ക്കായുള്ള അഭിമുഖം കോൺസുലേറ്റിൽ നിശ്ചയിച്ചിരുന്നത്. ഇതിനിടെ യു.എസ്. കോൺസുലേറ്റ് രഹസ്യവിഭാഗം അമേരിക്കയിൽ നടത്തിയ പരിശോധനയിൽ ഇങ്ങനെ ഒരു വിവാഹവും പരിപാടിയും അവിടെ നടക്കുന്നില്ലെന്ന് കണ്ടെത്തി ചെന്നൈ ഓഫീസിൽ അറിയിച്ചു. ഇന്നലെ ഇന്റർവ്യുവിന് ആയി ഇവർ എത്തിയപ്പോൾ മൂവരെയും പിടികൂടി ചെന്നൈ പൊലീസിന് കൈമാറുകയായിരുന്നു.

മലയാളിയായ കുഞ്ഞുമോൻ, ആന്ധ്രസ്വദേശി രാജു എന്നിവരാണ് തങ്ങളെ അമേരിക്കയിലേക്ക് കൊണ്ടുപോകാം എന്ന് ഏറ്റതെന്ന് നീതു പൊലീസിന് മൊഴി നൽകി. ഇത്തരം നിരവധി തട്ടിപ്പുകൾ അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ദിവസേന നടക്കുന്നുണ്ട് എന്ന് ചെന്നൈ പൊലീസ് അധികൃതർ പറയുന്നു. ഇതിനായി നിരവധി റാക്കറ്റുകൾ തന്നെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും പതിവാണ്. നീതുവും സംഘവും തട്ടിപ്പിന് ഇരയായിരിക്കാമെന്നാണ് സംശയിക്കുന്നത്.

ആന്ധ്രയിൽ നിന്നുള്ള സിനിമ പ്രൊഡ്യൂസർ രാജു കേരളത്തിൽ നിന്നുള്ള സിനിമ പ്രൊഡ്യൂസർ കുഞ്ഞുമോൻ എന്നിവരാണ് തങ്ങളെ യുഎസിലേയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി മൂന്ന് പേരും സമ്മതിച്ചു. വിവാഹ പാർട്ടികളിൽ പരിപാടി അവതരിപ്പിച്ച് പണം സമ്പാദിക്കാമെന്ന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നതായും വീസയ്ക്കായി താൻ രണ്ട് ലക്ഷം രൂപ നൽകിയതായും നീതു പറയുന്നു. മൂന്ന് പേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. രാജുവിനും കുഞ്ഞുമോനും വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ