- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
28കാരനായ കാമുകൻ കൈവിട്ടു പോകുമോ എന്ന് 36കാരിയായ ഗൾഫുകാരന്റെ ഭാര്യയ്ക്ക് ഭയം കയറി; മൂന്ന് ദിവസം ഡോക്ടറുടെ വേഷത്തിൽ ഗൈനക്കോളജി വാർഡിൽ കറങ്ങി കുട്ടിയെ തട്ടി; യഥാർത്ഥ അമ്മയെ വീഴ്ത്തിയത് സ്വാഭാവിക അഭിനയത്തിലൂടെ; ഈവന്റ് മാനേജ്മെന്റ് വിദഗ്ധയുടേത് ആസൂത്രിത കിഡ്നാപ്പിങ്; നീതു രാജ് മലയാളിക്ക് അപമാനമാകുമ്പോൾ
കോട്ടയം: പൊലീസ് പറഞ്ഞത് അവർ കേട്ടു. ജീവന് വേണ്ടി പോരാടി ജയിച്ചവൾ അജയ്യ. കോട്ടയം മെഡിക്കൽ കോളജിൽ നിന്നു തട്ടിയെടുക്കപ്പെട്ട ശേഷം കണ്ടെത്തിയ കുട്ടിക്കാണ് അജയ എന്നു പേരിട്ടത്. അതിജീവിച്ചവൾ എന്ന അർഥത്തിലാണു അജയ എന്ന പേരിട്ടതെന്നു കുട്ടിയുടെ അച്ഛൻ എസ്.ശ്രീജിത്ത് പറഞ്ഞു. കുഞ്ഞിനെ കണ്ടെത്താൻ അന്വേഷണം നടത്തിയ എസ്‌ഐ ടി.എസ്.റെനീഷാണു പേര് നിർദേശിച്ചത്. ഇത് വീട്ടുകാരും അംഗീകരിച്ചു. പേര് അതു മതിയെന്ന് ഉറപ്പിച്ചെന്നും ശ്രീജിത്ത് പറഞ്ഞു..
അതിനിടെ 'ടിക്ടോക്കി'ൽ തുടങ്ങിയ ബന്ധം തകരാതിരിക്കാനാണു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു നവജാത ശിശുവിനെ തട്ടിയെടുത്തതെന്ന അറസ്റ്റിലായ നീതു രാജിന്റെ മൊഴി പൊലീസ് ഏതാണ്ട് ഉറപ്പിച്ചു. കളമശേരി എച്ച്എംടി വാഴയിൽ ഇബ്രാഹിം ബാദുഷ(28)യുമായി പ്രണയത്തിലായ നീതു ഈ ബന്ധം തകരാതിരിക്കാനാണു കുട്ടിയെ തട്ടിയെടുത്തതെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. ബാദുഷായുടെ വീട്ടുകാർക്കും ഈ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു. നീതു രാജ് വിവാഹിതയാണ്. ഭർത്താവ് പ്രവാസിയാണ്. 28കാരനായ കാമുകൻ പിണങ്ങി പോകുമോ എന്ന ഭയാണ് നീതുവിനെ കൊണ്ട് കുട്ടിയെ തട്ടിക്കൊണ്ടു പോകൽ നാടകം അവതരിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ താൻ 2 മാസം ഗർഭിണിയാണെന്ന് ഇബ്രാഹിമിനെയും കുടുംബത്തെയും നീതു അറിയിച്ചിരുന്നു. ഗർഭിണിയായെങ്കിലും പിന്നീട് ഇത് അലസിപ്പോയി. എന്നാൽ ഇക്കാര്യം മറച്ചുവച്ച നീതു തന്റെ കുഞ്ഞാണെന്നു കാണിക്കാൻ വേണ്ടിയാണു നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽനിന്നു തട്ടിയെടുത്ത കുഞ്ഞിന്റെ ചിത്രം ഇബ്രാഹിമിനും കുടുംബത്തിനും വാട്‌സാപ് വഴി അയച്ചു കൊടുക്കുകയും വിഡിയോ കോൾ വഴി കാണിക്കുകയും ചെയ്തു.
നീതുവിന്റെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത ഇബ്രാഹിമിന്റെ അറസ്റ്റും രേഖപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിൽ പങ്കില്ലെങ്കിലും നീതുവിന്റെ കയ്യിൽ നിന്നു പണം തട്ടിയെടുത്തതിനും നീതുവിനെയും 8 വയസ്സുകാരൻ മകനെയും ഉപദ്രവിച്ചതിനുമാണ് അറസ്റ്റ്. നീതുവിനെതിരെ മനുഷ്യക്കടത്ത്, ആൾമാറാട്ടം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. നീതുവിന്റെ കൂടെയുണ്ടായിരുന്ന മകനെ അവരുടെ മാതാപിതാക്കൾക്കളെ വിളിച്ചു വരുത്തി കൈമാറി.
നീതുവിൽ നിന്ന് ബാദുഷാ പണവും തട്ടിയെടുത്തുവെന്ന് പരാതിയുണ്ട്. ഇതിനൊപ്പം മറ്റൊരു വിവാഹത്തിനും ശ്രമിച്ചു. നീതു വിവാഹ മോചിതയാണെന്ന് പറഞ്ഞാണ് ബാദുഷായുമായി അടുത്തത്. എന്നാൽ ബാദുഷാ നീതുവിനെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് കോപ്പു കൂട്ടി. ഇതോടെയാണ് പ്രതികാരത്തിൽ ബാദുഷായെ ബ്ലാക് മെയിൽ ചെയ്യാൻ പദ്ധതികളുമായി രംഗത്തുവന്നത്.
വണ്ടിപ്പെരിയാർ 66ാം മൈൽ വലിയതറയിൽ ശ്രീജിത്ത് അശ്വതി ദമ്പതികളുടെ ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു നഴ്‌സിന്റെ വേഷത്തിലെത്തിയ നീതു തട്ടിയെടുത്തത്. മണിക്കൂറുകൾക്കകം പൊലീസ് നീതുവിനെ പിടികൂടുകയും കുട്ടിയെ തിരികെ ഏൽപിക്കുകയും ചെയ്തു.
മൂന്നു ദിവസമായി നവജാതശിശുവിനെ കൈക്കലാക്കാൻ ഡോക്ടർ വേഷത്തിൽ കറങ്ങിനടന്ന നീതു രാജിന്റെ പദ്ധതി തകർത്തത് പൊലീസിന്റെ സമയോചിത ഇടപെടലാണ്. ആരുടെയെങ്കിലും കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. ബുധനാഴ്ച പകൽ മൂന്നിനാണ് അശ്വതി പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ഗൈനക്കോളജി ജനറൽ വാർഡിൽ കിടന്ന അശ്വതിയുടെ കുഞ്ഞ് നീതുവിന്റെ കണ്ണിൽപെട്ടു. ഡോക്ടറുടെ കുപ്പായമണിഞ്ഞ് നീതു മൂന്നു ദിവസമായി ആശുപത്രിയിൽ കറങ്ങിത്തിരിഞ്ഞു.
ആശുപത്രിക്ക് അടുത്തുള്ള ഹോട്ടൽ ഫ്ളോറൽ പാർക്കിൽ വൻതുക വാടകകൊടുത്ത് മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. പകൽ ഏറിയസമയവും വാർഡിലെത്തി വാർഡിൽ കഴിയുന്ന അമ്മമാരെയെും കൂട്ടിരിപ്പുകാരെയും സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നു. കാഴ്ചയിൽ നല്ല ചുറുചുറുക്കുള്ള നീതുവിനെ കൂട്ടിരിപ്പുകാരിൽ ചിലർ ശ്രദ്ധിച്ചിരുന്നു. വ്യാഴം പകൽ 3.20. ഡോക്ടർ ചമഞ്ഞ് നീതു വാർഡിലെത്തി. ഈ സമയം അശ്വതി കുഞ്ഞുമായി കിടക്കുകയായിരുന്നു. ഒപ്പം ഭർതൃ മാതാവ് ഉഷയുമുണ്ടായിരുന്നു. ഡോക്ടറേ പോലെ നീതു അശ്വതിയോട് കാര്യങ്ങൾ തിരക്കി. അശ്വതിയുടെ കേസ് ഷീറ്റ് എടുത്ത് മറിച്ചുനോക്കി. കുറെനേരം കഴിഞ്ഞ് അശ്വതിയോട് പറഞ്ഞു. 'കുഞ്ഞിന് പൂർണ വളർച്ചയില്ല., അതുകൊണ്ടാണ് മഞ്ഞ നിറം, ഇതിന് കുടുതൽ ചികിത്സ വേണം, കുഞ്ഞിനെ അകത്തുകൊണ്ടുപോയി ഇൻകുബേറ്ററിൽ വയ്ക്കണം. വിശദ പരിശോധന നടത്തണം'. അശ്വതിക്ക് സംശയമൊന്നും തോന്നിയില്ല. കുഞ്ഞിനെ നീതുവിന്റെ കൈവശം കൊടുത്തുവിട്ടു. എന്നാൽ നീതു കുട്ടിയുമായി താഴത്തെ നിലയിലേക്കാണ് പോയത്.
അരമണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെ തിരികെ കൊണ്ടുവന്നില്ല. വിഭ്രാന്തരായ അശ്വതിയും അമ്മയും വാർഡിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരോട് അന്വേഷിച്ചു. കുട്ടിയെ അവരാരും കണ്ടില്ലന്നും അധികൃതർ വാങ്ങിയിട്ടില്ലെന്നും അറിയിച്ചതോടെ കൂട്ട ബഹളമായി; സുരക്ഷാ ജീവനക്കാർ ഓടിയെത്തി. തലങ്ങും വിലങ്ങും ഓട്ടമായി. ഡോക്ടർ വേഷധാരിയെ വാർഡുകളിലും ഇടനാഴികളിലും ആൾക്കൂട്ടം തിരഞ്ഞു. ഈ സമയം ആർക്കും പിടികൊടുക്കാതെ, ആരുടെയും കണ്ണിൽപെടാതെ കുഞ്ഞുമായി നീതു ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് പുറത്തിറങ്ങി. ഒരുകിലോമീറ്റർ അകലെയുള്ള തന്റെ താവളമായ ഹോട്ടലിൽ കയറി ഒളിച്ചു.
താഴത്തെനിലയിൽ നിന്ന കുഞ്ഞിന്റെ അച്ഛൻ ശ്രീജിത്ത് ഡോക്ടർ ഒരുകുഞ്ഞുമായി ഇറങ്ങിവരുന്നതും വെളിയിലേക്ക് പോയതും കണ്ടിരുന്നു. എന്നാൽ അത് തന്റെ മോളാണെന്ന് അറിഞ്ഞിരുന്നില്ല. അമ്മ ഫോണിൽ വിളിച്ചു പറഞ്ഞപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം ശ്രീജിത്ത് അറിഞ്ഞത്. ഒരുമണിക്കൂർ നീണ്ട അരിച്ചുപെറുക്കലിനൊടുവിൽ ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ ഫ്ളോറൽ പാർക്കിൽ നിന്ന് പൊലീസ് നീതുവിനെയും കുഞ്ഞിനെയും കണ്ടെത്തി. പൊലീസ് എത്തുമ്പോൾ കുഞ്ഞും സ്വന്തം മകനുമായി കളമശേരിക്ക് പോകാൻ ഒരുങ്ങുകയായിരുന്നു നീതു.
മറുനാടന് മലയാളി ബ്യൂറോ