- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളാറ്റിൽ പതിവായി എംഡിഎംഎ എത്തിക്കാറുണ്ടെന്ന് അബ്ദുൾ സലാം പറഞ്ഞിട്ടും ലഹരി ബന്ധത്തിൽ അന്വേഷണമില്ല; ആത്മഹത്യയെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടോടെ ഫയൽ മടക്കി; ആത്മഹത്യകളിലേക്ക് നയിച്ച ഇടപെടലിൽ അന്വേഷണമില്ല; ലിവിങ് പാർട്ട്നറും കേസിൽ നിന്നൂരി; വ്ളോഗർ നേഹയുടെ മരണത്തിലെ ദുരൂഹതകൾക്ക് ഉത്തരമില്ല
കൊച്ചി: യൂട്യൂബ് വ്‌ലോഗറും മോഡലുമായ നേഹ നിഥിൻ എന്ന പെൺകുട്ടിയെ പോണേക്കരയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ മുന്നോട്ട്. പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനമെങ്കിലും ഇതിനു പിന്നിൽ ലഹരിമാഫിയയുടെ ഇടപെടലുകളുണ്ടെന്നു വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ, ഇതിലേക്ക് കാര്യമായ അന്വേഷണം പോയിട്ടില്ല.
മരണം നടന്ന ദിവസം പെൺകുട്ടിയുടെ ഫ്‌ളാറ്റിലേക്കു രാസലഹരിയായ എംഡിഎംഎയുമായി എത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും സംഭവത്തിലെ ലഹരിമാഫിയ ബന്ധം സംബന്ധിച്ചു കാര്യമായ തുടരന്വേഷണത്തിനു പൊലീസ് മുതിർന്നിട്ടില്ല. ഈ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചു ലഹരി ഇടപാട് വ്യാപകമായി നടന്നിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് എംഡിഎംഎയുമായി പിടിയിലായ യുവാവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്. വ്‌ലോഗറായിരുന്ന കണ്ണൂർ സ്വദേശിനി നേഹ നിഥിൻ എന്ന മുബഷീറയെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിൽ പൊലീസ് നേഹയുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുന്നതിനിടെയാണു കാസർകോട് സ്വദേശി അബ്ദുൽ സലാം അവിടെയെത്തിയത്. പൊലീസിനെ കണ്ടുള്ള ഇയാളുടെ പരുങ്ങലും പരിഭ്രാന്തിയും കണ്ടു സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇയാൾ എത്തിയ വാഹനത്തിൽനിന്ന് എംഡിഎംഎ കണ്ടെടുത്തത്.
ഫ്‌ളാറ്റിൽ പതിവായി താൻ എംഡിഎംഎ എത്തിക്കാറുണ്ടെന്നാണ് അബ്ദുൽ സലാം പൊലീസിനു നൽകിയ മൊഴി. എന്നാൽ, നേഹയ്ക്കും സിദ്ധാർഥിനുമിടയിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്കു മുൻപു നേഹ സിദ്ധാർഥിനയച്ച മെസേജുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം നേഹക്കൊപ്പം താമസിച്ചിരുന്ന കാസർകോട് സ്വദേശി സിദ്ധാർത്ഥ് നായരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കേസ് എങ്ങനെയെങ്കിലും ഒത്തു തീർപ്പാക്കാനാണ് പൊലീസിന്റെ ശ്രമം. അതിനായുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. സിദ്ധാർത്ഥിനെതിരെയുള്ള നിരവധി തെളിവുകൾ പൊലീസിന് ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. ഇതെല്ലാം നേഹയുടെ ആത്മഹത്യയിൽ ദുരൂഹതയുളവാക്കുന്നതാണെന്നും ബന്ധുക്കൾ പറയുന്നു.
നേരത്തെ സിദ്ധാർത്ഥിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. നേഹയുടെ ആത്മഹത്യാ വിവരമറിഞ്ഞ ശേഷം ഇയാളെ പറ്റി വിവരമൊന്നുമില്ലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ പറ്റി മറുനാടൻ വാർത്ത കൊടുത്തതിന് പിന്നാലെയാണ് കേസന്വേഷിക്കുന്ന എളമക്കര പൊലീസിന് മുന്നിൽ ഹാജരായത്. നേഹയുമായുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ഇയാൾ പൊലീസിന് കൈമാറി. ആത്മഹത്യാ പ്രവണതയുള്ള ആളായിരുന്നു നേഹ എന്നാണ് സിദ്ധാർത്ഥ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ഇതു സാധൂകരിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളാണ് പൊലീസിന് നൽകിയിരിക്കുന്നത്. ഇതോടെയാണ് പൊലീസ് ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചത്. കഴിഞ്ഞ ആറുമാസമായി പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്നയാളായിരുന്നിട്ടും ഇവരുടെ താമസ സ്ഥലത്തെ സ്ഥിരം സന്ദർശകനായ യുവാവിൽ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തിട്ടും സിദ്ധാർത്ഥിനെ വെറുതെ വിട്ടതിൽ ദുരൂഹതയുള്ളതായാണ് നേഹയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
നേഹ ആത്മഹത്യ ചെയ്തതിന് പിന്നാലെ കാസർകോട് സ്വദേശി അബ്ദുൾ സലാം ഇവിടെയെത്തുകയും മുറിയിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ അയൽവാസികൾ തടഞ്ഞതിനാൽ ഇയാൾ പുറത്ത് കാത്തു നിന്നു. ഈ സമയം സ്ഥലത്തെത്തിയ എളമക്കര പൊലീസ് അബ്ദുൾ സലാമിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ ഇയാൾ വന്ന കാറിനുള്ളിൽ നിന്നും എം.ഡി.എം.എ പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് നേഹയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ അവിടെ നിന്നും എം.ഡി.എം.എ കണ്ടെടുത്തു.
നേഹ എട്ടു വർഷം മുൻപ് വിവാഹിതയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഇവർ ആറുമാസം മുൻപാണ് പോണേക്കര ജവാൻ ക്രോസ് റോഡിലുള്ള മെർമെയ്ഡ് അപ്പാർട്ട്മെന്റിൽ സിദ്ധാർത്ഥിനൊപ്പം താമസത്തിനെത്തിയത്. ഭാര്യാ ഭർത്താക്കന്മാരാണ് എന്ന് പറഞ്ഞാണ് എച്ച്.ഡി.എഫ്സി ബാങ്ക് മാനേജരുടെ ഉടമസ്ഥതയിലുള്ള മുറിയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിലെ മുറിയിൽ താമസിച്ചിരുന്ന ഇവർ മറ്റുള്ളവരോട് അധികം അടുപ്പം പുലർത്തിയിരുന്നില്ല. ഉടമയോട് കാക്കനാട് ഐ.ടി കമ്പനിയിലാണ് ജോലിയെന്നാണ് സിദ്ധാർത്ഥ് പറഞ്ഞിരുന്നത്. എന്നാൽ ഇതെല്ലാം വ്യാജമായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
നേഹയുടെയും സിദ്ധാർത്ഥിന്റെയും മുറിയിൽ പുറത്ത് നിന്നും നിരവധി പേർ എത്തുമായിരുന്നു. ഇത് ചോദ്യം ചെയ്ത അയൽവാസികളോട് രാത്രിയിൽ വിദേശ കമ്പനികൾക്ക് വേണ്ടി മുറിയിലിരുന്ന് ജോലി ചെയ്യാനെത്തുന്നവരാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വന്നിരുന്നത് മയക്കുമരുന്ന് മാഫിയാ സംഘങ്ങളായിരുന്നു. മറ്റാരുടെയും അധിക ശ്രദ്ധ ലഭിക്കാത്ത മുറിയായിരുന്നതിനാൽ ഇവിടെ എന്താണ് നടക്കുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. നേഹയുമൊത്ത് കഴിഞ്ഞിരുന്ന സിദ്ധാർത്ഥ് നേഹയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിവാഹം കഴിക്കാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ഇവരുടെ അപ്പാർട്ട്‌മെന്റിലെ സിസിടിവി ക്യാമറ പരിശോധിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. സിസിടിവിയിൽ നിന്നും പല രഹസ്യങ്ങളും പുറത്തു വരുമെന്ന് കരുതുന്നതായും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ