കാസർഗോഡ്: തനിക്ക് ഭീഷണി വരാനുള്ള സഹാചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.പി.വി. പുഷ്പജ ഹോസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകി. തന്റെ യാത്രയയപ്പ് ദിവസം തനിക്കെതിരെ ആദരാഞ്ജലികളർപ്പിച്ച് പോസ്റ്റർ ഒട്ടിച്ചതും പടക്കം പൊട്ടിച്ചതും മധുരം വിതരണം ചെയ്തതും എസ്.എഫ്.ഐ പ്രവർത്തകർ തന്നെയാണെന്ന് പുഷ്പജ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇത്തരം പ്രവർത്തനം നടത്തിയത് എസ്. എഫ്.ഐ ക്കാരാണെന്ന ഉറപ്പുണ്ടെന്നും അതിന്റെ വീഡിയോ അടക്കമുള്ള തെളിവുകളും തന്റെ കയ്യിലുണ്ടെന്നും പുഷ്പജ വ്യക്തമാക്കി. എന്നാൽ നേരത്തെ ഈ സംഭവത്തിൽ എസ്. എഫ്.ഐക്ക് പങ്കില്ലെന്നും അതിക്രമങ്ങളെ എസ്. എഫ്.ഐ അപലപിക്കുന്നതായും സംഘടന വ്യക്തമാക്കിയിരുന്നു. എന്നാൽ എസ്. എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം തന്നെ ആരോപണ വിധേയനായ സംഭവത്തോടെ മുഖം രക്ഷിക്കാനുള്ള ശ്രമവും എസ്. എഫ്.ഐ തുടങ്ങി കഴിഞ്ഞു.

കാഞ്ഞങ്ങാട് നെഹ്റു കോളേജിനു മുന്നിൽ വിദ്യാർത്ഥി സംഗമം നടത്തിയാണ് ആദരാഞ്ാജലി വിവാദത്തെ നേരിടാൻ തുടക്കമിട്ടത്. എസ്. എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ അപമാനിക്കാൻ ശ്രമിച്ച സംഭവം എസ്. എഫ്.ഐ അംഗീകരിക്കുന്നില്ല. പോസ്റ്റർ എഴുതി വച്ചതിൽ എസ്. എഫ്.ഐ യുടെ പേരില്ലെന്നും സംസ്ഥാന സെക്രട്ടറി വിജിൻ പറയുന്നു.

ഈ സംഭവത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനുള്ള പ്രിൻസിപ്പലിന്റെ നീക്കത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പടക്കം പൊട്ടിച്ച സംഭവത്തിൽ രണ്ടു പേരാണ് ഉണ്ടായതെന്നാണ് പ്രിൻസിപ്പൽ ആദ്യം പറഞ്ഞത്. എന്നാൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി എസ്. എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അനീസിനെ സസ്പെന്റ് ചെയ്യുകയായിരുന്നു. ഈ വിഷയത്തിൽ കെ.എസ്. യു. എബി.വി.പി. പ്രവർത്തകരുമുണ്ട്. എന്നാൽ അവർക്കെതിരെ നടപടിയെടുക്കാത്തതെന്തു കൊണ്ടാണെന്ന് വിജിൻ ചോദിക്കുന്നു.

കഴിഞ്ഞ മാസം മാർച്ച് 28 നാണ് നെഹ്റു കോളേജ് പ്രിൻസിപ്പലിന്റെ യാത്രയയപ്പ് ദിവസം ആദരാജ്ഞലികളർപ്പിച്ച് ഓപ്പൺ ഓഡിറ്റോറിയത്തിൽ പോസ്റ്റർ പതിച്ചതായി കണ്ടത്. അതിനോടനുബന്ധിച്ച് പടക്കം പൊട്ടിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. പ്രിൻസിപ്പലിന്റെ പ്രതീകാത്മക മരണമാണ് ഇതിലൂടെ അവതരിക്കപ്പെട്ടത്. എസ്. എഫ്.ഐ പ്രവർത്തകരാണ് ഇത് ചെയ്തതെന്ന ആരോപണം അന്നേ ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിലും പ്രചരിക്കപ്പെട്ടു.

അതോടെ സംഭവം സംസ്ഥാന തലത്തിൽ തന്നെ വിവാദമായി. ഇപ്പോൾ സംഭവത്തെക്കുറിച്ച് അദ്ധ്യാപകരുടെ മൂന്നംഗ കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാനേജ്മെന്റ് യോഗത്തിലെ തീരുമാന പ്രകാരമാണ് അന്വേഷണം. 15 ാം തീയ്യതിക്കു മുമ്പ് അന്വേഷണം പൂർത്തീകരിക്കണം. അതേ സമയം വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ കോളേജിലെ പഠനാന്തരീക്ഷം തകർക്കുന്ന സാഹചര്യത്തിൽ ക്യാമ്പസിൽ രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യവുമായി നിയമോപദേശം സ്വീകരിക്കാനും മാനേജ്മെന്റ് ഒരുങ്ങുന്നുണ്ട്.