കാഞ്ഞങ്ങാട്: അടുത്തമാസം വിരമിക്കുന്ന കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിൻസിപ്പൽ പി.വി.പുഷ്പജയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് പോസ്റ്റർ പതിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ കോളേജ് അധികൃതർക്ക് തുണയായത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ. എസ് എഫ് ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകളുടെ നിലപാടും ഇതിന് കാരണമായി. രണ്ടാംവർഷ എക്‌ണോമിക്‌സ് ബിരുദ വിദ്യാർത്ഥികളായ മുഹമ്മദ്ഹനീഫ്, എംപി. പ്രവീൺ, രണ്ടാം വർഷ ബി.എസ്.സി കണക്ക് വിദ്യാർത്ഥി ശരത് എന്നീവരെയാണ് പ്രിൻസിപ്പൽ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

മുഹമ്മദ് ഹനീഫ് എസ്.എഫ്.യുടെ ജില്ലാ കമ്മിറ്റിയംഗവും മറ്റു രണ്ടുപേർ സംഘടനയുടെ പ്രവർത്തകരുമാണ്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾക്കെതിരായ നടപടി എസ് എഫ് ഐയ്ക്ക് കനത്ത ക്ഷീണമായി. 'വിദ്യാർത്ഥി മനസിൽ മരിച്ച പ്രിൻസിപ്പലിന് ആദരാഞ്ജലികൾ...ദുരന്തം ഒഴിയുന്നു..കാമ്പസ് സ്വതന്ത്രമാകുന്നു...'നെഹ്രു'വിന് ശാപമോക്ഷം എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. രണ്ടുമാസം കഴിഞ്ഞാണ് വിരമിക്കുന്നതെങ്കിലും ഇപ്പോൾ വിരമിക്കുന്ന അദ്ധ്യാപകർക്കൊപ്പം പ്രിൻസിപ്പലിനും 27-ന് യാത്രയയപ്പ് നൽകിയിരുന്നു. ഇതായിരുന്നു പോസ്റ്റർ പതിക്കാൻ കാരണം.

കോളേജ് ഭരണസമിതിയും സ്റ്റാഫും ചേർന്നുള്ള യാത്രയയപ്പ് ചടങ്ങ് നടത്താനായി ഓപ്പൺ ഓഡിറ്റോറിയത്തിലെത്തിയപ്പോഴാണ് പോസ്റ്റർ പതിച്ച നിലയിൽ കണ്ടെത്തിയത്.മധുരം നൽകിയും പടക്കം പൊട്ടിച്ചും ഏതാനും ചില വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ യാത്രയയപ്പിനെ ആഘോഷിക്കുകയും ചെയ്തു. മധുരം വിതരണം ചെയ്യുന്നതും പടക്കം പൊട്ടിക്കുന്നതുമെല്ലാം മൊബൈൽഫോൺ ക്യാമറയിൽ പകർത്തി നവമാധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ആഘോഷം സംഘടിപ്പിച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് സഹായകമായതായി പ്രിൻസിപ്പൽ പറഞ്ഞു.

മുഹമ്മദ് ഹനീഫ് ഫേസ്‌ബുക്കിൽ തനിക്കെതിരെ പോസ്റ്റ് ഇട്ടതായി പ്രിൻസിപ്പൽ പറഞ്ഞു.ചില കാരണങ്ങളാൽ ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നുവെന്നാണ് ഹനീഫ് ഫേസ്‌ബുക്കിൽ എഴുതിയിരിക്കുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു.ശനിയാഴ്ച കോളേജ് ഭരണ സമിതി അടിയന്തിര യോഗം ചേർന്നിരുന്നു. യോഗത്തിലേക്ക് പ്രിൻസിപ്പലിനെ വിളിച്ചുവരുത്തി കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച യോഗം ആവശ്യമായ നടപടി കൈക്കൊള്ളാൻ പ്രിൻസിപ്പിലിനോട് നിർദ്ദേശിച്ചു. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ഭരണസമിതിയിലെ മൂന്നംഗ സമിതിയെ നിയോഗിച്ചു.

അതിനിടെ അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്നും ഭരണസമിതി പ്രസിഡന്റ് ഇൻചാർജ് സുബൈർകമ്മാടത്ത് അറിയിക്കുകയും ചെയ്തു. അതിനിടെ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി.ഇതേതുടർന്ന് എന്താണ് നടന്നതെന്ന് ചോദിച്ച് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ നെഹ്രുകോളേജ് പ്രിൻസിപ്പിലിന് ഇമെയിൽ സന്ദേശമയച്ചു.

നിയമസഭയിൽ രമേശ് ചെന്നിത്തല ഈ വിഷയം സബ്മിഷനായി അവതരിപ്പിക്കുന്നുണ്ട്.ഇതിന്റെ മുന്നോടിയായാണ് വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയത്.