ആലപ്പുഴ: അറുപത്തിനാലാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടനു കിരീടം. കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബാണു കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത്.

ജയിംസ് കുട്ടി ജേക്കബ് ക്യാപ്റ്റനായ കാരിച്ചാൽ 4.22.10 മിനിറ്റിൽ ഫിനിഷ് ചെയ്താണു ജേതാവായത്. 4.32.10 മിനിറ്റിൽ ഫിനിഷ് ചെയ്ത അച്ചൻ കുഞ്ഞ് ക്യാപ്റ്റനായ കൈനകരി യു.ബി.സി. തുഴഞ്ഞ ഗബ്രിയേൽ ചുണ്ടൻ രണ്ടാമതെത്തി.

4.33.70 മിനിറ്റെടുത്ത എടത്വാ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ കെ.ആർ. ഗോപകുമാർ ക്യാപ്റ്റനായ നടുഭാഗം മൂന്നാമതും 4.33.80 മിനിറ്റെടുത്ത പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ ബിജോയ് സുരേന്ദ്രൻ ക്യാപ്റ്റനായ മഹാദേവികാട് കാട്ടിൽതെക്കേതിൽ നാലാംസ്ഥാനത്തും എത്തി.

ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ സെന്റ് പയസ് ടെൻത് ചുണ്ടൻ (4.40.10 മിനിറ്റ്) ഒന്നാമതെത്തി. ആയാപറമ്പ് വലിയ ദിവാൻജി (4.41.30) രണ്ടാംസ്ഥാനത്തും പായിപ്പാടൻ(4.41.40) മൂന്നാംസ്ഥാനത്തും ആനാരി (4.41.90) നാലാംസ്ഥാനത്തുമെത്തി.

ചുണ്ടൻ വള്ളങ്ങളുടെ രണ്ടാം ലൂസേഴ്സിൽ ജവഹർ തായങ്കരി (4.40.70 മിനിറ്റ്) ഒന്നാംസ്ഥാനത്തെത്തി. ദേവാസ് (4.53.00) രണ്ടാം സ്ഥാനത്തും സെന്റ് ജോർജ്(4.53.60) മൂന്നാംസ്ഥാനത്തും ആയാപറമ്പ് പാണ്ടി പുത്തൻ(4.54.40) നാലാംസ്ഥാനത്തുമെത്തി.

ചുണ്ടൻ വള്ളങ്ങളുടെ മൂന്നാം ലൂസേഴ്സിൽ വെള്ളംകുളങ്ങര(4.54.90 മിനിറ്റ്) ഒന്നാം സ്ഥാനത്തെത്തി. ശ്രീഗണേശൻ (4.58.50) രണ്ടാംസ്ഥാനത്തും ശ്രീ വിനായകൻ(5.11.40) മൂന്നാംസ്ഥാനത്തും മഹാദേവൻ(5.31.77) നാലാംസ്ഥാനത്തുമെത്തി.

വെപ്പ് എ ഗ്രേഡ് മത്സരത്തിൽ നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ ബിജോ മോൻ ജോസഫ് ക്യാപ്റ്റനായ അമ്പലക്കടവൻ ഒന്നാം സ്ഥാനത്തെത്തി. തൃപ്പെരുന്തുറ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ മണലി രണ്ടാംസ്ഥാനത്തും സെന്റ് ജോൺ ബോട്ട് ക്ലബ് തുഴഞ്ഞ ആശ പുളിക്കക്കളം മൂന്നാം സ്ഥാനത്തുമെത്തി.

വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ കൈനകരി വിക്ടറി ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് തുഴഞ്ഞ ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ ക്യാപ്റ്റനായ ചിറമേൽ തോട്ടുകടവൻ ഒന്നാംസ്ഥാനത്തെത്തി. കാരാപ്പുഴ ബോട്ട് ക്ലബ് തുഴഞ്ഞ എബ്രഹാം മൂന്നുതൈക്കൽ രണ്ടാംസ്ഥാനത്തും കുമരകം സഹൃദയ ബോട്ട് ക്ലബ് തുഴഞ്ഞ പനയകഴിപ്പ് മൂന്നാംസ്ഥാനത്തും കിടങ്ങറ ബോട്ട് ക്ലബ് തുഴഞ്ഞ പുന്നത്ര പുരയ്ക്കൽ നാലാംസ്ഥാനത്തുമെത്തി.

ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ വി.റ്റി. ലൂക്കോസ് ക്യാപ്റ്റനായ ആർപ്പൂക്കര ബോട്ട് ക്ലബ് തുഴഞ്ഞ മൂന്നുതൈക്കൽ ഒന്നാംസ്ഥാനത്തെത്തി. ഒളശ ഫ്രï്സ് ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിത്തറ രണ്ടാംസ്ഥാനത്തും കൊടുപ്പുന്ന ബോട്ട് ക്ലബ് തുഴഞ്ഞ മാമ്മൂടൻ മൂന്നാംസ്ഥാനത്തും പറവൂർ ഒരുമ ബോട്ട് ക്ലബ് തുഴഞ്ഞ പടക്കുതിര നമ്പർ 1 നാലാംസ്ഥാനത്തുമെത്തി. കരുമാടി സീനിയൽ എല്ലോറ തുഴഞ്ഞ ഡായി നമ്പർ 1 അഞ്ചാം സ്ഥാനത്തെത്തി.

ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തിൽ എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ് തുഴഞ്ഞ ടോംസൺ ജോസഫ് ക്യാപ്റ്റനായ തുരുത്തിപ്പുറം ഒന്നാംസ്ഥാനത്തെത്തി. നടുവിൽക്കര ബ്രദേഴ്സ് ക്ലബ് തുഴഞ്ഞ സെന്റ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും ചേപ്പനം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീ ഗുരുവായൂരപ്പൻ മൂന്നാംസ്ഥാനവും എരൂർ അന്തിമഹാകാളൻ ബോട്ട് ക്ലബ് തുഴഞ്ഞ ചെറിയ പണ്ഡിതൻ നാലാംസ്ഥാനവും നേടി.

ചുരുളൻ വള്ളങ്ങളുടെ മത്സരത്തിൽ കുമരകം സമുദ്ര ബോട്ട് ക്ലബ് തുഴഞ്ഞ അഭിലാഷ് രാജ് ക്യാപ്റ്റനായ കോടിമത ഒന്നാംസ്ഥാനം നേടി. കാക്കത്തുരുത്ത് യുവജനവേദി ബോട്ട് ക്ലബ് തുഴഞ്ഞ ചേലങ്ങാടൻ രണ്ടാംസ്ഥാനത്തെത്തി. കുമ്മനം ബോട്ട് ക്ലബ് തുഴഞ്ഞ വേങ്ങൽപുത്തൻ വീടൻ മൂന്നാംസ്ഥാനം നേടി.

വനിതകൾ തുഴഞ്ഞ തെക്കനോടി കെട്ടുവള്ളങ്ങളുടെ ഫൈനലിൽ പുന്നമട ഫ്രണ്ട്സ് വനിത ബോട്ട് ക്ലബിന്റെ ജനിത ഷാജി ക്യാപ്റ്റനായ കമ്പിനി ഒന്നാംസ്ഥാനം നേടി. ആയാപറമ്പ് ആദിത്യ കുടുംബശ്രീ തുഴഞ്ഞ ലീല ക്യാപ്റ്റനായ കാട്ടിൽതെക്ക് രണ്ടാംസ്ഥാനത്തെത്തി.

വനിതകളുടെ തെക്കനോടി തറവള്ളങ്ങളുടെ മത്സരത്തിൽ ആലപ്പുഴ അവലൂക്കുന്ന് സംഗീത ബോട്ട് ക്ലബ് തുഴഞ്ഞ ആറാത്തുംപള്ളി സുനി ക്യാപ്റ്റനായ കാട്ടിൽ തെക്കേതിൽ ഒന്നാം സ്ഥാനവും ആയാപറമ്പ് ഗ്രാമജ്യോതി കുടുംബശ്രീ തുഴഞ്ഞ ശകുന്തള ക്യാപ്റ്റനായ സാരഥി രണ്ടാം സ്ഥാനവും നേടി.