- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായരമ്പലത്ത് പൊള്ളലേറ്റ് വീട്ടമ്മയും മകനും മരിച്ച സംഭവം: സിന്ധുവിന്റെ മരണമൊഴി നിർണായകമായി; അയൽവാസി ദിലീപ് അറസ്റ്റിൽ; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി; നിരന്തരം ശല്യപ്പെടുത്തിയതിന് തെളിവ് ലഭിച്ചെന്ന് പൊലീസ്
കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടിനുള്ളിൽ, ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വീട്ടമ്മയും മകനും മരിച്ച സംഭവത്തിൽ അയൽവാസി ദിലീപ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു കിഴക്ക് തെറ്റയിൽ പരേതനായ സാജുവിന്റെ ഭാര്യ സിന്ധു (42), മകൻ അതുൽ (17) എന്നിവരാണ് മരിച്ചത്.
സ്വകാര്യ ആശുപത്രി ജീവനക്കാരിയായ സിന്ധുവും മകനും പൊള്ളലേറ്റ് മരിച്ചതിൽ ദുരൂഹത ബന്ധുക്കൾ ആരോപിച്ചിരുന്നു. സിന്ധുവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യം ദിലീപിന്റെ ശല്ല്യം ചെയ്യലാണെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് പറഞ്ഞു.
ദിലീപ് സന്ധ്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ച് ദിലീപിന്റെ പേര് സിന്ധു പറഞ്ഞതാണ് കേസിൽ നിർണായകമായത്. ദിലീപിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഞാറക്കൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ദിലീപിന്റെ ശല്ല്യത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച സിന്ധു ഞാറക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. പക്ഷേ ഞാറക്കൽ പൊലീസ് കാര്യമായി ഒന്നും ചെയ്തില്ലെന്ന് സിന്ധുവിന്റെ അച്ഛനും അമ്മയും പറയുന്നു.
ഇതിൽ മനംനൊന്താണ് യുവതിയുടെ മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സിന്ധുവിനെയും മകൻ അതുലിനെയും ഞായറാഴ്ചയാണ് വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിന്ധു ഉച്ചയ്ക്കും അതുൽ രാത്രിയിലും മരിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇരുവരുടേയും മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസിയായ യുവാവിനെതിരെ വീട്ടമ്മയുടെ സഹോദരൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. സിന്ധുവിന്റെയും മകന്റെയും മരണത്തിനു കാരണക്കാരനായ യുവാവ് തന്നെയും ആക്രമിച്ചെന്നു സിന്ധുവിന്റെ സഹോദരൻ ജോജു പറഞ്ഞു. സിന്ധുവിനെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് സഹായികൾക്കൊപ്പമെത്തി ആയുധമുപയോഗിച്ച് ആക്രമിച്ചത്. ഇതു സംബന്ധിച്ച് ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ജോജു പറഞ്ഞു.
വീട്ടിനുള്ളിലെ രക്ഷാപ്രവർത്തനത്തിനിടെ സംഭവത്തിനു പിന്നിൽ ആരാണെന്ന് ബന്ധുക്കൾ ചോദിക്കുമ്പോൾ വീട്ടമ്മ ഒരു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ പ്രചരിച്ചിരുന്നു. ബന്ധുക്കൾ ഇത് പൊലീസിൽ ഹാജരാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്.
ഞായറാഴ്ച പുലർച്ചെയാണ് സിന്ധുവിനെയും അതുലിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽനിന്നു പുക ഉയരുന്നതു കണ്ട് എത്തിയ സമീപവാസികളും ബന്ധുക്കളും ചേർന്ന് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് സിന്ധുവിനെയും അതുലിനെയും ആശുപത്രിയിലേക്കു മാറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ