കോതമംഗലം: തട്ടുകടക്കാരനിൽനിന്നു തട്ടിയെടുത്ത മൊബൈൽ ഫോണുമായി മോഷ്ടാവ് അഭയം തേടിയത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ. യുവാവ് മോഷ്ടാവാണെന്നറിഞ്ഞ് പാർട്ടി നേതൃത്വം കൈവിട്ടതോടെ പൊലീസിന്റെ പിടിയിലായി. തട്ടുകടക്കാരനുമായി എത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മൊബൈൽ മോഷ്ടാവിനെ സംരക്ഷിച്ചുവെന്ന ചീത്തപ്പേരിൽനിന്ന് പാർട്ടി നേതൃത്വം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

നെല്ലിക്കുഴി പാറക്കൽ പുത്തൻപുര അജാസ് (21)നെയാണ് മൊബൈൽ മോഷണക്കേസിൽ ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തത്.കഴിഞ്ഞ 22-ന് നേര്യംമംഗലത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് വാരപ്പെട്ടി കലാമ്പൂർ കെന്നൽ ഷെഫിൻ (21)നേയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

നേര്യമംഗലം ഇടുക്കി റോഡിൽ തട്ടുകട നടത്തുന്ന കമ്പിലൈൻ സ്വദേശി മുബാറക്കിന്റെ പരാതിയിലാണ് നടപടി. സംഭവ ദിവസം വെളുപ്പിന് നാലരയോടടുത്ത് തട്ടുകടയിൽ എത്തിയ ഇവർ 12000 രൂപയോളം വിലവരുന്ന മൊബൈലും പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 2000 ത്തോളം രൂപയും തട്ടിയെടുത്ത് രക്ഷപെടുകയായിരുന്നെന്നാണ് മുബാറക്കിന്റെ പരാതി.

ഇവരുടെ പിന്നാലെയെത്തി മൊബൈലും പണവും മറ്റും വീണ്ടെടുക്കുവാൻ ശ്രമിച്ച തന്നെ ഇവർ മർദ്ദിച്ച് അവശനാക്കി ടാർറോഡിലൂടെ വലിച്ചിഴച്ചെന്നും മുബാറക്ക് വെളിപ്പെടുത്തി.ദേഹമാസകലം പരിക്കേറ്റ ഇയാൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികത്സയിലായിരുന്നു.

സംഭവം നടന്നതിന് പിന്നാലെ നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കവർച്ച സംഘത്തിലെ യുവാക്കളെ തിരിച്ചറിഞ്ഞിരുന്നു.തുടർന്നാണ് കഴിഞ്ഞ ദിവസം അജാസ് സി പി എം നെല്ലിക്കുഴി ലോക്കൽ കമ്മറ്റി ഓഫീസിൽ ഉണ്ടെന്നറിഞ്ഞ് മുബാറക്കിനെയും കൂട്ടി നാട്ടുകാർ ഇവിടേക്ക് എത്തിയത്.നാട്ടുകാർ നൽകിയ സൂചനപ്രകാരം ഊന്നുകൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.എന്നാൽ പാർട്ടി സംഭവത്തിൽ ഒരുതരത്തിലും ഇടപെട്ടിട്ടില്ലന്നും അജാസ് പാർട്ടി പ്രവർത്തകൻ അല്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ്് പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.

രാത്രി 11 മണിയോടുത്ത് മുകൾ നിലയിൽ നടന്ന പാർട്ടി കമ്മറ്റിക്ക് ശേഷം താഴെ നിലയിലേക്ക് വരുമ്പോഴാണ് അജാസ് പാർട്ടി ഓഫീസിൽ ഉള്ള കാര്യം താനറിയുന്നതെന്നും കാര്യം തിരക്കിയപ്പോൾ ഇയാൾ മൊബൈൽ മോഷ്ടിച്ചതായി കൂടിനിന്നിരുന്നവർ അറിയിച്ചെന്നും ഇതേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ പാടെ നിഷേധിച്ചെന്നും സംഭവം പൊലീസിൽ അറിയിച്ച് പരിഹാരം തേടാൻ കൂടിനിന്നവരോട് നിർദ്ദേശിച്ചെന്നും ഇത്രയുമായപ്പോൾ ബന്ധുക്കൾ ഇയാളെകൂട്ടി ഓഫീസിൽ നിന്നും ഇറങ്ങിയെന്നും പിന്നീടുള്ള കാര്യങ്ങളെക്കുറിച്ച് തനിക്കറിവില്ലെന്നുമാണ് സംഭവത്തേക്കുറിച്ച് സി പി എം നെല്ലിക്കുഴി ലോക്കൽകമ്മറ്റി സെക്രട്ടറി പി എം മജീദീന്റെ വിശദീകരണം.

പൊലീസിൽ നിന്നും ലഭിക്കുന്ന വിവരവും ഇക്കാര്യം ശരിവയ്ക്കുന്നു.കേസിൽ നിന്നും തലയൂരാൻ പാർട്ടി നേതാക്കളെ കണ്ട് സഹായം അഭ്യർത്ഥിക്കാനാണ് താൻ പാർട്ടി ഓഫീസിൽ ചെന്നതെന്ന് അജാസ് വെളിപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം.

പാർട്ടീ ഓഫീസിൽ എത്തിയ മോഷ്ടാവിനെ പാർട്ടിക്കാർ സംരക്ഷിക്കാൻ ശ്രമിച്ചെന്ന തരത്തിൽ രാഷ്ട്രീയ എതിരാളികൾ പ്രചാരണം വ്യാപകമാക്കിയിരുന്നു.ഇവരിൽ ചിലർ മാധ്യമപ്രവർത്തകരെയും വിവരമറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് സംഭവം സംമ്പന്ധിച്ച് പാർട്ടി നേതൃത്വം പ്രതികരിക്കാൻ തയ്യാറായത്.