കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തംഗം പീഡനക്കേസിൽ പ്രതിയായ സംഭവത്തിൽ വഴിത്തിരിവ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോൺവിളിയുടെ വിശദാംശമാണ് അയൽവാസിയായ വീട്ടമ്മയുടെ പരാതിയെത്തുടർന്ന് നെല്ലിക്കുഴി പഞ്ചായത്തംഗം ഷാജഹാൻ വട്ടക്കുടി പീഡനക്കേസിൽ പ്രതിയായ സംഭവത്തിൽ വഴിത്തിരിവായിട്ടുള്ളത്.

ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി ചാർജ്ജ് ചെയ്തിട്ടുള്ള കേസിലെ പ്രതിയായ ഷാജഹാനെ കണ്ടെത്താൻ കോതമംഗലം പൊലീസ് ഊർജ്ജിത അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഷാജഹാന്റെ വീട്ടിലും പരാതിക്കാരിയായ വീട്ടമ്മയുടെ വീട്ടിലും ഉപയോഗിച്ചുവന്നിരുന്നതെന്ന് പറയപ്പെടുന്ന മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ടുള്ള ഫോൺവിളികളുടെ രേഖകൾ പുറത്ത് വന്നിട്ടുള്ളത്.

വീട്ടമ്മയുടെ വീട്ടിൽ ഉപയോഗിച്ചുവന്നിരുന്ന മൊബൈലിന്റെ നമ്പർ 9947411720 ആണെന്നാണ് ഷാജഹാന്റെ ഭാര്യയും ബന്ധുക്കളും നൽകുന്ന വിവരം. 14-ാം തീയതി പുലർച്ചെ 1.45 നും 1.46 -നും ഈ നമ്പറിൽ നിന്നും തങ്ങൾ വീട്ടിൽ ഉപയോഗിച്ച് വന്നിരുന്ന 9497820788 എന്ന നമ്പറിലേക്ക് രണ്ട്് കോളും തിരിച്ച്് തങ്ങളുടെ വീട്ടിലെ ഫോണിൽ നിന്നും വിവരം ചോദിച്ച് വീട്ടമ്മയുടെ വീട്ടിലെ ഫോണിലേക്ക് 1.48 -ന് ഒരുകോളും വിളിച്ചതായിട്ടാണ് ഷാജഹാനുമായി അടുപ്പമുള്ളവർ പുറത്ത് വിട്ട മൊബൈൽ കമ്പിനിയുടെ കോൾലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

പതിനാലിന് പുലർച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന ഷാജഹാൻ മച്ചിന്റെ പൂട്ടും തുറന്ന് താനും ഭർത്താവും കിടന്നിരുന്ന മുറിയിൽ എത്തിയെന്നും കാലിൽ പിടിച്ചെന്നുമാണ് വീട്ടമ്മയുടെ മൊഴി.

പേസ്‌മേക്കർ ഘടിപ്പിച്ചിട്ടുള്ളതിനാൽ നേരാംവണ്ണം നടക്കാൻ പോലും വയ്യാത്തത്ര ആരോഗ്യസ്ഥിതിയുമായി ജീവിക്കുന്ന ആളാണെന്നും പത്തടിയോളം ഉയത്തിലുള്ള കെട്ടിടത്തിൽ വലിഞ്ഞുകേറി ഇയാൾ മുറിക്കുള്ളിലെത്തിയെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ വിശ്വാസ യോഗ്യമല്ലന്നുമുള്ള ഷാജഹാന്റെ ബന്ധുക്കളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും വെളിപ്പെടുത്തലിന് പിന്നാലെയാണ് ഫോൺ വിളിയുടെ വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ഷാജഹാൻ കോൺഗ്രസ് അംഗമാണ്. പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫും. രാഷ്ട്രീയമതലെടുപ്പാണ് സംഭവത്തിന് പിന്നിലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം.

സംഭവത്തിൽ പൊലീസിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പീഡനക്കേസിലെ പ്രതിയായ മെമ്പർക്ക് ഒളിവിൽ പോകാൻ അവസരമൊരുക്കിയത് പൊലീസാണെന്നാണ് എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ വെളിപ്പെടുത്തൽ.

ഫോൺ വിളിയെത്തിയ ശേഷമാണ് താൻ അയൽ വീട്ടിൽ പോയതെന്നും നേരത്തെ ഉണ്ടായ മറ്റൊരു പൊലീസ് കേസിന്റെ കാര്യത്തിൽ തന്റെ കുടുമ്പത്തിന്റെ സൽപേരിന് കളങ്കം ചാർത്തുന്ന തരത്തിൽ താൻ പ്രചാരണം നടത്തിയെന്നാരോപിച്ച് വീട്ടമ്മയുടെ ഭർത്താവ് വാക്കത്തികൊണ്ട് തന്നേ വെട്ടുകയായിരുന്നെന്നുമാണ് അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ ചികത്സയിൽ കഴിയവേ ഷാജഹാൻ കോതമംഗലം പൊലീസിന് നൽകിയ മൊഴി.

പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവമെന്നും ഈ സമയം നാല് പേരടങ്ങുന്ന കോതമംഗലം സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നെന്നും ഇവരുടെ കൂടെ സാന്നിദ്ധ്യത്തിലാണ് തലയിൽ നിന്നും രക്തം വാർന്നിരുന്ന ജേഷ്ഠനെ താൻ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നുമാണ് ഷാജഹാന്റെ സഹോദരൻ നൗഷാദ് പങ്കുവയ്ക്കുന്ന വിവരം.

പരിക്കേറ്റ ഷാജഹാനെ ആദ്യം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നും കണ്ണിനു പരിക്കുള്ളതിനാൽ ഇവിടുത്തെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആങ്കമാലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും നൗഷാദ് വ്യക്തമാക്കി. ആശുപത്രി രേഖകൾ പ്രകാരം പുലർച്ച 3.15 യാണ് ഷാജഹാനെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഫോൺ വിളികൾ സംമ്പന്ധിച്ചുള്ള വിവരങ്ങൾ, ആശുപത്രി രേഖ, സംഭവത്തിലെ പൊലീസ് ഇടപെടൽ മറച്ചുവച്ചുള്ള എഫ്‌ഐആർ എന്നിവ മുൻനിർത്തിയാണ് എറണാകുളം സെഷൻസ് കോടതിയിൽ ഷാജഹാൻ സമർപ്പിച്ചിട്ടുള്ള മുൻകൂർ ജാമ്യപേക്ഷയിൽ വാദംപുരോഗമിക്കുന്നത്. കേസിൽ നാളെ വീണ്ടും വാദം നടക്കും.

വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമിച്ചതായി വീട്ടമ്മ വെളിപ്പെടുത്തിയിട്ടും സ്ഥലത്തെത്തിയ പൊലീസ് സംഘം ഷാജഹാനെ വിട്ടയച്ചത് എന്തിനെന്നും ആശുപത്രിയിൽ ചികത്സയിൽ കഴിയുന്നതായി വിവരം കിട്ടിയിട്ടും പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നുമാണ് ഈ കേസിൽ ഷാജഹാനുമായി അടുപ്പമുള്ളവർ ഉന്നയിക്കുന്ന ചോദ്യം.

സംഭവത്തിന് ശേഷം ഒന്നര ദിവസത്തോളം ഷാജഹാൻ അങ്കമാലിയില ആശുപത്രിയിൽ ചികത്സയിൽ ഉണ്ടായിരുന്നതായി ആശുപത്രി രേഖകളിൽ വ്യക്തമാണ്. ഷാജഹാൻ ഇവിടെ നിന്നും ഡിസ്ചാർജ്ജ് വാങ്ങി ഒളിവിൽ പോകുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.