കോതമംഗലം: സ്ഥലം ഏറ്റെടുക്കാൻ സർക്കാർ പണം മുടക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് അനിശ്ചിത്വത്തിലായ റോഡ് വിപുലീകരണം യാഥാർത്ഥമാക്കുന്നതിനുള്ള ജനകീയ കൂട്ടായ്മയുടെ നീക്കം വിജയം.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ നെല്ലിമറ്റം -പരീക്കണ്ണി റോഡിന്റെ വിപുലീകരണത്തിനായി ആറു കിലോമീറ്ററോളം ദൂരത്തെ സ്ഥലം ഏറ്റെടുക്കൽ നടപടിക്കായി നാട്ടുകാരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമടങ്ങുന്ന സംഘത്തിന് വേണ്ടിവന്നത് ദിവസങ്ങൾ മാത്രം. ഒരു രൂപപോലും നഷ്ടപരിഹാരം നൽകാതെയാണ് സ്വകാര്യവ്യക്തികളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം റോഡ് നിർമ്മാണത്തിനായി ഇവർ തരപ്പെടുത്തിയത്.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ നെല്ലിമറ്റത്ത് നിന്നാരംഭിച്ച് പരീക്കണ്ണി, കൂറ്റംവേലി വഴി കടന്നുപോകുന്ന മലയോര ഹൈവേയുമായി സംഗമിക്കുന്ന ഈ റോഡിന്റെ വിപുലീകരണത്തിനായി ജനങ്ങൾ മുറവിളി കൂട്ടിത്തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു. അടുത്തിടെ ഇതിനായി ടി യു കുരുവിള എം എൽ എയുടെ ഫണ്ടിൽ നിന്നും രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഈ തുക കഷ്ടിച്ചു ടാറിംഗിന് മാത്രമേ തികയു എന്നതായിരുന്നു നിലവിലെ സ്ഥിതി.

റോഡ് ആരംഭിക്കുന്ന നെല്ലിമറ്റം മുതൽ അവസാനിക്കുന്ന പരീക്കണ്ണി ഭാഗം വരെ ഒട്ടുമിക്ക ഭാഗത്തും റോഡിന് ആവശ്യത്തിന് വീതിയുണ്ടായിരുന്നില്ല. ഇതിനാൽ ടാറിങ് നടത്തിയാലും റോഡ് വഴി സുഗമമായ യാത്ര അസാധ്യമാണെന്ന വാദം ശക്തമായി. നിലവിലെ വീതിയിൽ റോഡ് ടാറിംഗിന് കരാറുകാരൻ നീക്കം ആരംഭിച്ചതോടെയാണ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും പൊതുപ്രവർത്തകരുമടങ്ങുന്ന സംഘം ഈ ആവശ്യത്തിലേക്കായി രംഗത്തിറങ്ങിയത്.

പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ ഓഫീസുമായി പാർട്ടി നേതാക്കളിൽ ചിലർ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യത്തിൽ പണം മുടക്കാൻ സർക്കാർ തയ്യാറല്ലെന്നായിരുന്നു മറുപടി. മറ്റു വഴികളിൽ എളുപ്പത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കോടിക്കണക്കിന് രൂപ സംഘടിപ്പിക്കുക അസാധ്യമാണെന്ന തിരിച്ചറിവിലാണ് ഇക്കൂട്ടർ സ്ഥലം ഏറ്റെടുക്കാൻ നേരിട്ട് രംഗത്തിറങ്ങിയത്.

റോഡിന് എട്ട് അടി വീതി വരത്തക്കവണ്ണം പാതയോരങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും തള്ളിനിന്നിരുന്ന ഭാഗങ്ങൾ ജെ സി ബി ഉപയോഗിച്ച് പൊളിച്ചുമാറ്റി. തടസവുമായി എത്തിയവരെ അനുനയിപ്പിച്ചായിരുന്നു പൊളിച്ചുമാറ്റൽ. ആദ്യഘട്ടത്തിൽ അനുകൂലിച്ചിരുന്നവരിൽ ചിലർ എതിർപ്പുമായി രംഗത്തെത്തിയത് സംഘർഷത്തിനും വഴിതെളിച്ചു. വാക്കത്തിയും കത്തിയും തോക്കും മറ്റുമായി ചാടിവീണ ഇവരുടെ രോഷമടക്കാൻ ഉറ്റവരും ബന്ധുകളും നാട്ടുകാരുമടങ്ങിയ സംഘം നന്നേ പാടുപെട്ടു. ഇത്തരക്കാരിൽ ചിലർ ആവശ്യപ്പെട്ടതു പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഇക്കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിനാവശ്യമായ സ്ഥലം അളന്നുതിരിച്ച് നടപടി പൂർത്തിയാക്കി.

സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ ഭാഗത്തുനിന്നും ഉണ്ടാവാനിടയുള്ള നിയമനടപടികൾ റോഡ് നിർമ്മാണത്തിന് പാരയാകുമോ എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. വരുന്ന മാർച്ച് അവസാനത്തോടെ റോഡ് വിപുലീകരണം പൂർത്തിയാക്കുന്നതിനാണ് കരാറുകാരന്റെ നീക്കം. ഇലക്ട്രിക് പോസ്റ്റുകളും വാട്ടർഅതോററ്റിയുടെയും ടെലിഫോൺ ഡിപ്പാർട്ട്‌മെന്റിന്റെയും പൈപ്പുകളും മാറ്റുന്ന മുറക്ക് റോഡിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അറിയുന്നത്.