- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം, അർബുദബാധിതനായി ചികിത്സയിൽ കഴിയവെ; വിടവാങ്ങിയത് കേരളത്തിലെ കഥകളി അരങ്ങുകളെ സാർത്ഥകമാക്കിയ വിഖ്യാത നടൻ
തിരുവനന്തപുരം: വിഖ്യാത കഥകളി നടനും സംസ്‌കൃത പണ്ഡിതനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു. 80 വയസായിരുന്നു.തിരുവനന്തപുരത്ത് പൂജപ്പുര ചാടിയറയിലായിരുന്നു താമസിച്ചിരുന്നത്. അർബുദബാധിതനായിരുന്ന അദ്ദേഹത്തിന് തിങ്കളാഴ്ച രാത്രി അസ്വസ്ഥതയുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
കഥകളിയിൽ സഹൃദയ പ്രശംസനേടിയ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് നെല്ലിയോട് വാസുദേവൻ നമ്പൂതിരി. കേരള സർക്കാരിന്റെ കഥകളി പുരസ്‌കാരം 2013 ൽ നേടി. 2018ൽ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു.
കോട്ടയ്ക്കൽ പിഎസ്വി നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലും അഭ്യാസം പൂർത്തിയാക്കി. നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു. ദീർഘകാലം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ കഥകളി അദ്ധ്യപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ചുവന്നതാടി, വട്ടമുടി, പെൺകരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തിൽ ഏറെ മികവ് പുലർത്തി.
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കഥകളി അരങ്ങുകളെ സാർത്ഥകമാക്കിയ നടനാണ് നെല്ലിയോട് വാസുദേവൻ നമ്പൂതിരി. ചുവന്നതാടി, വട്ടമുടി, പെൺകരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തിൽ സമാനതയില്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിരുന്നത്. കുചേല വേഷം ഇത്രയും താദാത്മ്യത്തോടെ അവതരിപ്പിച്ചിരുന്ന നടന്മാർ കഥകളി രംഗത്ത് മറ്റൊരാളില്ല.
കലാമണ്ഡലം കൃഷ്ണൻനായരുടെ ബാലിക്കൊപ്പം സുഗ്രീവൻ, മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ കൃഷ്ണനൊപ്പം കുചേലൻ, ഗുരു ചെങ്ങന്നൂരിന്റെ ഹിരണ്യകശിപുവിനൊപ്പം നരസിംഹം, ബാലിവിജയത്തിൽ രാമൻകുട്ടിനായരുടെ രാവണനൊപ്പം ബാലി തുടങ്ങി നെല്ലിയോട് അണിചേരാത്ത അരങ്ങുകൾ കുറവാണ്. ചൈന ഒഴികെയുള്ള വിദേശരാജ്യങ്ങളിൽ 35 തവണ അദ്ദേഹം കഥകളി അവതരിപ്പിക്കാൻ സഞ്ചരിച്ചിട്ടുണ്ട്.
ഡോൺ കിക്‌സോത്ത് എന്ന ആട്ടക്കഥ ഡോ. പി.വേണുഗോപാലൻ രചിച്ചത് ആ കഥാപാത്രത്തിന് നെല്ലിയോടിന്റെ മുഖം ഇണങ്ങുമെന്ന് കണ്ടുകൊണ്ടായിരുന്നു. നേരത്തെ കലാമണ്ഡലം കേശവൻ രചിച്ച സ്‌നോ വൈറ്റ് ആൻഡ് സെവൻ ഡ്രോപ്‌സ് എന്ന ആട്ടക്കഥയിൽ ഡെവിളിന്റെ വേഷവും നെല്ലിയോട് അവതരിപ്പിച്ചു.
1940 ഫെബ്രുവരി 5ന് വിഷ്ണുനമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനായാണ് ജനനം. കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലുമായി അഭ്യാസം പൂർത്തിയാക്കി. 1999-ൽ കലാമണ്ഡലം അവാർഡ്, 2000-ൽ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാർഡ്, 2001-ൽ കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവാർഡ്, 2014-ൽ കേരള സർക്കാരിന്റെ കഥകളിനടനുള്ള അവാർഡ്, 2017-ൽ എൻ.സി.ഇ.ആർ.ടി.യുടെ പത്മപ്രഭ പുരസ്‌കാരം, തുഞ്ചൻ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം, തുളസീവനം പുരസ്‌കാരങ്ങൾ തുടങ്ങി നെല്ലിയോടിനു ലഭിച്ച അംഗീകാരങ്ങൾ നിരവധിയാണ്. ഇന്നു രാത്രി മൃതദേഹം മുണ്ടൂരിലെ തരഴാട്ട് വീട്ടിലേക്ക കൊണ്ടുപോയി.