ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കുതിപ്പേകാൻ നേമം മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയായേക്കും. ഡൽഹിയിൽ നടക്കുന്ന ഉൾപാർട്ടി യോഗങ്ങളിൽ ഇക്കാര്യം സജീവ ചർച്ചയായി. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ നേമം വെല്ലുവിളി ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു. കെ മുരളീധരനേയും നേമത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാൽ എംപിയായ മുരളീധരൻ മത്സരിക്കുന്നതിനോട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് താൽപ്പര്യമില്ല. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിക്കാണ് സാധ്യത കൂടുതൽ.

നേമത്ത് മത്സരിക്കാൻ താനും തയാറാണെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡിന് ഉചിത തീരുമാനമെടുക്കാമെന്നും ഇന്നലെ രാത്രി നടന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ഹൈക്കമാൻഡ് ഇന്ന് അന്തിമ തീരുമാനമെടുക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നു വൈകിട്ട് യോഗം ചേർന്ന് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഈ പട്ടികയിൽ ത്രില്ലറുകൾ ഒളിപ്പിക്കുകയാണ് കോൺഗ്രസ്. നേമത്ത് കെ മുരളീധരനും മത്സരിക്കാൻ സാധ്യത ഏറെയാണ്.

ബിജെപിക്ക് ജയസാധ്യതയുള്ള നേമത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും വമ്പന്മാരെ നിർത്താനാണ് നീക്കം. ഇതാണ് ലിസ്റ്റിന് സസ്‌പെൻസ് നൽകുന്നത്. നേമം എന്ന ഏക സിറ്റിങ് സീറ്റിൽ ബിജെപിയെ നേർക്കുനേർ നേരിടാൻ ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കുന്നത് സംസ്ഥാനത്തുടനീളം പാർട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിന് ഉറപ്പിക്കാനും പ്രചാരണക്കളത്തിൽ ഇടതു മുന്നണിയെ കടത്തിവെട്ടാനും ഇതു സഹായിക്കുമെന്നു പാർട്ടി വൃത്തങ്ങൾ കരുതുന്നു.

ചെന്നിത്തലയെ രംഗത്തിറക്കുന്നതും സമാന നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. കോൺഗ്രസിനു ശക്തി പകരാൻ നേമത്ത് സ്ഥാനാർത്ഥിയാകാൻ തനിക്കു മടിയില്ലെന്ന് അടുത്ത വൃത്തങ്ങളോട് ഉമ്മൻ ചാണ്ടി സൂചിപ്പിച്ചു. ഉമ്മൻ ചാണ്ടി നേമത്തേക്കു മാറിയാൽ, പുതുപ്പള്ളിയിൽ കോൺഗ്രസിനായി പുതുമുഖ സ്ഥാനാർത്ഥി വന്നേക്കും. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാകും സാധ്യത. നേരത്തെ മുരളീധരനും നേമത്ത് മത്സരിക്കാൻ സന്നദ്ധ അറിയിച്ചിരുന്നു. ജയിച്ചാൽ താക്കോൽ സ്ഥാനം ചോദിക്കുകയും ചെയ്തു. ഇതിനിടെയാണ് കെസി വേണുഗോപാൽ ഉടക്കുമായി എത്തിയത്. എംഎം ഹസനെ മത്സരിപ്പിക്കാമെന്നും പറഞ്ഞു. ഇതോടെയാണ് വെല്ലുവിളി ഏറ്റെടുക്കാമെന്ന് ഉമ്മൻ ചാണ്ടി സമ്മതിച്ചത്.

നേമത്തിറങ്ങിയാൽ ഉമ്മൻ ചാണ്ടിയെ തോൽപിക്കാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. സംസ്ഥാനത്തുടനീളം പ്രചാരണത്തിനു പോകാൻ കഴിയാതെ നേമത്ത് തളച്ചിടപ്പെടുമെന്ന പ്രശ്‌നവുമുണ്ട്. എതിരാളികളുടെ സംഘടിത കരുത്തിനെ മറികടക്കാനുള്ള ജനപ്രീതി ഉമ്മൻ ചാണ്ടിക്കുണ്ടെന്നും അത് താഴേത്തട്ടിൽ പ്രവർത്തകർക്കു നൽകുന്ന ഊർജം വളരെ വലുതായിരിക്കുമെന്നും നേമത്ത് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു. അതിനിടെ ഇതിനോട് ഇപ്പോഴും പരസ്യമായി പ്രതികരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായിട്ടില്ല.

അതിനിടെ വിശ്വസ്തർക്ക് സീറ്റ് ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ചങ്ങനാശ്ശേരിയിൽ ഇരിക്കൂർ വിട്ട കെസി ജോസഫിന് സീറ്റില്ലെന്നതാണ് ഉമ്മൻ ചാണ്ടിക്ക് പ്രതിസന്ധിയാകുന്നത്. അതിനിടെ മൂവാറ്റുപുഴ നഷ്ടപ്പെട്ട ജോസഫ് വാഴ്ക്കന് തൃക്കാക്കര ഉറപ്പിക്കാൻ നീക്കം തകൃതിയാണ്. അങ്ങനെ വന്നാൽ പിടി തോമസിനും സീറ്റില്ലാതെയാകും. ലതികാ സുഭാഷിന് സീറ്റ് കണ്ടെത്താനാവാത്തതും ഉമ്മൻ ചാണ്ടിക്ക് തലവേദനയാണ്. സിറ്റിങ് എംഎൽഎമാരിൽ കെസി ജോസഫ് ഒഴികെ എല്ലാവരും സീറ്റ് ഉറപ്പിച്ചതായാണ് സൂചന.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ എച്ച്.കെ. പാട്ടീലിന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങൾക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനുമൊപ്പം നടത്തിയ ചർച്ചകളിൽ സാധ്യതാപട്ടികയിലെ ഓരോരുത്തരുടെയും ഗുണദോഷങ്ങൾ വിശദമായി പരിശോധിച്ചു. തങ്ങൾക്കൊപ്പമുള്ള ഗ്രൂപ്പ് പ്രതിനിധികൾക്കായി ഉമ്മൻ ചാണ്ടിയും രമേശും ശക്തമായി വാദിച്ചു; അതേസമയം, സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് എഐസിസി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാനും തയാറായി. സിറ്റിങ് എംഎൽഎമാരെ നിലനിർത്താൻ ഹൈക്കമാൻഡ് അനുമതി നൽകി. ഇരിക്കൂർ മണ്ഡലം വിട്ട കെ.സി. ജോസഫിനെ മറ്റൊരിടത്തും പരിഗണിക്കേണ്ടെന്നു തീരുമാനിച്ചു.

തൃപ്പൂണിത്തുറയിൽ കെ. ബാബുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ബാബുവിനു വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അഴിമതി ആരോപണങ്ങൾ നേരിട്ട ബാബുവിനെ മത്സരിപ്പിക്കുന്നത് മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനു ദോഷം ചെയ്യുമെന്ന വാദമുയർന്നു. തൃക്കാക്കര എംഎൽഎ: പി.ടി. തോമസിനെ പീരുമേട്ടിലേക്കും പകരം ജോസഫ് വാഴയ്ക്കനെ അവിടേക്കും പരിഗണിക്കുന്നു. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ എഐസിസി നടത്തിയ സർവേ യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്ന വിമർശനം സംസ്ഥാന നേതാക്കൾ നടത്തി. സർവേ കണ്ടെത്തിയ ചിലർ ജനങ്ങൾക്കിടയിൽ സ്വീകാര്യരല്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

നേമത്ത് തന്നെ മത്സരിപ്പിക്കാൻ നീക്കം നടത്തിയ സംസ്ഥാന നേതൃത്വത്തോട് ഉത്തരം മുട്ടിക്കുന്ന ചോദ്യവുമായി കെ. മുരളീധരൻ. കോൺഗ്രസ് ഹൈക്കമാൻഡ് പറഞ്ഞാൽ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉൾപ്പെടെ മത്സരിക്കാൻ താൻ തയാറാണെന്നും പകരം പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ ഉയർത്തിക്കാട്ടാൻ തയാറാണോ എന്നും മുരളീധരൻ ചോദിച്ചു. ഇതോടെ, അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള നേമം ചർച്ചകൾ നേതൃത്വം അവസാനിപ്പിച്ചു. രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടാൽ നേമത്ത് മത്സരിക്കാൻ തയാറാണെന്നും മുരളീധരൻ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 91 സീറ്റിൽ മത്സരിക്കും. തൃക്കരിപ്പുർ കൂടി ചേർത്ത് 10 സീറ്റുകൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകും. ഏറ്റുമാനൂർ ജോസഫ് വിഭാഗത്തിനാണ്. പൂഞ്ഞാർ കോൺഗ്രസിനും.