- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്തും വട്ടിയൂർക്കാവിലും മത്സരിക്കാം; വേണമെങ്കിൽ ധർമ്മടത്ത് പിണറായിയെ നേരിടാം; എത്ര വലിയ വെല്ലുവിളിയും ഏറ്റെടുക്കാമെന്ന് ഹൈക്കമാണ്ടിനെ അറിയിച്ച് മുല്ലപ്പള്ളി; സുധീരനെ എത്തിക്കാനും സമ്മർദ്ദം; നേമത്തെ കൈയിലെടുക്കാൻ ചെന്നിത്തലയാണ് നല്ലതെന്ന വികാരവും ശക്തം; തരൂരും ചർച്ചകളിൽ; 'ബിജെപി'യെ തടയിടാൻ കോൺഗ്രസ്
തിരുവനന്തപുരം: ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ അതിശക്തർ തന്നെ സ്ഥാനാർത്ഥിയാകണമെന്ന വികാരം കോൺഗ്രസിൽ ശക്തം. നേമം, വട്ടിയൂർക്കാവ്, പാലക്കാട്, മഞ്ചേശ്വരം സീറ്റുകളിലാണ് ബിജെപിക്ക് കൂടുതൽ കരുത്തുള്ളത്. ഇതിൽ പാലക്കാടും മഞ്ചേശ്വരവും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. എന്നാൽ വട്ടിയൂർക്കാവും നേമത്തും അങ്ങനെ അല്ല കാര്യങ്ങൾ. നേമത്ത് മൂന്നാം സ്ഥാനത്താണ് കോൺഗ്രസ് നിലവിൽ. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ അതിശക്തനെ മത്സരിപ്പിക്കാനാണ് ഹൈക്കമാണ്ടും ആലോചിക്കുന്നത്. ഈ തന്ത്രം കേരളത്തിലുടനീളം ബിജെപി വിരുദ്ധ വോട്ടുകൾ പിടിക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. നേമത്തെ സ്ഥാനാർത്ഥി അതിശക്തനാകും. അതിനിടെ താൻ വേണമെങ്കിൽ നേമത്ത് മത്സരിക്കാമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് എടുത്തതായാണ് സൂചന.
നേമത്തേക്ക് ഉമ്മൻ ചാണ്ടിയുടെ പേരാണ് മുല്ലപ്പള്ളി ആദ്യം മുമ്പോട്ട് വച്ചത്. എന്നാൽ നേമത്ത് ചതിക്കപ്പെടുമെന്ന് ഉമ്മൻ ചാണ്ടിയോട് എ ഗ്രൂപ്പ് നേതാക്കൾ ആശങ്ക പങ്കുവച്ചു. പിന്നാലെ പുതുപ്പള്ളിയിലേ മത്സരത്തിനുള്ളൂവെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു. ഇതോടെയാണ് നേമത്ത് താൻ മത്സരിക്കാമെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തത്. എതിരാളികളുടെ കോട്ടയിൽ മത്സരിക്കാനാണ് താൽപ്പര്യമെന്നും വിശദീകരിച്ചു. നേമത്തോ വട്ടിയൂർക്കാവിലോ മത്സരിക്കാൻ തയ്യാറാണെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. അല്ലെങ്കിൽ പിണറായി വിജയന്റെ തട്ടകമായ ധർമ്മടവും. ഉറച്ച സീറ്റൊന്നും തനിക്ക് വേണ്ടെന്ന് നിലപാട് എടുത്ത് ഏവരേയും അമ്പരപ്പിക്കുകയാണ് മുല്ലപ്പള്ളി. നേമത്തേയും വട്ടിയൂർക്കാവിലേയും സമവാക്യങ്ങൾ മുല്ലപ്പള്ളിക്ക് അനുകൂലമല്ല. ഈ സാഹചര്യത്തിൽ വട്ടിയൂർക്കാവിൽ വി എം സുധീരൻ മത്സരിക്കുമോ എന്നും കോൺഗ്രസ് ഹൈക്കമാണ്ട് പരിശോധിക്കുന്നുണ്ട്.
നേമത്തേക്ക് രമേശ് ചെന്നിത്തലയുടെ പേരും പരിഗണനയിലാണ്. ബിജെപിയെ നേരിടാൻ പ്രതിപക്ഷ നേതാവ് എന്ന ചർച്ച സജീവമാക്കും. ശശി തരൂർ തിരുവനന്തപുരം ജില്ലയിൽ മത്സരിക്കണമെന്ന വികാരവും ശക്തമാണ്. നേമത്തും പാറശ്ശാലയിലും തരൂരിനെ പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാൽ ലോക്‌സഭാ എംപിയായ തരൂർ മത്സരിക്കാൻ സാധ്യതയില്ല. നേമത്തേയും വട്ടിയൂർക്കാവിലേയും സ്ഥാനാർത്ഥികളിൽ ഹൈക്കമാണ്ടാകും തീരുമാനം എടുക്കുക.
കെപിസിസി അധ്യക്ഷന്റെ മത്സരിക്കാനുള്ള ആഗ്രഹത്തിലും തീരുമാനം ഹൈക്കമാണ്ടിന്റേതാകും. അങ്ങനെ വന്നാൽ കെപിസിസിയുടെ ചുമതല കെ സുധാകരന് താൽകാലികമായി നൽകാനും സാധ്യതയുണ്ട്. മുൻനിര നേതാക്കൾ കടുത്ത വെല്ലുവിളികൾ ഏറ്റെടുക്കുകയും യുവരക്തങ്ങളെ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുകയെന്നതാകണം തന്ത്രമെന്നതാണ് മുല്ലപ്പള്ളിയുടെ നിലപാട്.
നേമത്ത് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയുടെ വിജയത്തെ തടയാനാണ് നീക്കം. ഒ രാജഗോപാലിലൂടെയാണ് നേമം ബിജെപി സ്വന്തമാക്കിയത്. ഇത്തരവണ രാജഗോപാൽ മത്സരിക്കില്ല. പകരം മറ്റൊരു പരിവാറിലെ രാജേട്ടനായ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും. കേരളത്തിൽ സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന ആരോപണം ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇതിന് നേമത്ത് അതിശക്തനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് കോൺഗ്രസിലെ വികാരം. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് പരിഗണിക്കുന്നത്.
മണ്ഡല പുനർനിർണ്ണയത്തിന് മുമ്പ് കോൺഗ്രസിന്റെ കോട്ടയായിരുന്നു നേമം. എൻ ശക്തൻ തുടർച്ചയായി ജയിച്ച മണ്ഡലം. ശക്തൻ കാട്ടക്കടയിലേക്ക് പോയപ്പോൾ സിപിഎമ്മും ബിജെപിയും തമ്മിലായി മത്സരം. ഇതിന് മാറ്റം വരുത്തനാണ് ഉമ്മൻ ചാണ്ടിയെ നിയോഗിക്കാനുള്ള ആലോചന വന്നത്. നേമത്തിന് പുറമേ വട്ടിയൂർക്കാവിലും ഉമ്മൻ ചാണ്ടിയുടെ പേര് സജീവ ചർച്ചയായി്. കെ മുരളീധരൻ ഉറച്ച മണ്ഡലമായി കൊണ്ടു നടന്ന വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് നഷ്ടമായത്. ഇത് കോൺഗ്രസിന്റെ പ്രസ്റ്റീജ് സീറ്റാണ്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ വട്ടിയൂർക്കാവിലേക്ക് പരിഗണിച്ചത്. എന്നാൽ രണ്ടിനോടും ഉമ്മൻ ചാണ്ടി നോ പറഞ്ഞു. ഇതോടെയാണ് മറ്റ് സാധ്യതകൾ കോൺഗ്രസ് തേടുന്നത്.
തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. കോർപ്പറേഷനിൽ ഏറെ സീറ്റു നഷ്ടം ഉണ്ടായി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ പിഴവില്ലാത്ത സ്ഥാനാർത്ഥി നിർണ്ണയം തിരുവനന്തപുരം ജില്ലയിലുണ്ടാകും. ഇതിന്റെ ഭാഗമായാണ് മുതിർന്ന നേതാക്കളുടെ പേരും കോൺഗ്രസ് പരിഗണിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ