- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ച രണ്ടിന് കാക്കാമൂലയിൽ എത്തിയപ്പോൾ കണ്ടത് വയറൊട്ടിയ അവസ്ഥയിൽ പ്ലാസ്റ്റിക് കപ്പുകളും മറ്റും ആർത്തിയോടെ കഴിക്കുന്ന തെരുവു പട്ടികളെ; പിന്നെ മുടങ്ങാതെ പൊലീസ് ജീപ്പിൽ ചിക്കനും പെറോട്ടയുമായി എ എസ് ഐ എത്തി; വീഡിയോ വൈറലായപ്പോൾ താരമായി സുബ്രഹ്മണ്യം പോറ്റിയും; നേമത്തെ പൊലീസ് നന്മയെ ആദരിച്ച് ഡിജിപി
തിരുവനന്തപുരം: ലോക്ക്ഡൗൺ വേളയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി സമൂഹത്തിന് മാതൃകയായ നേമം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ സുബ്രഹ്മണ്യൻ പോറ്റിയക്ക് സേനയുടെ ആദരം. വെള്ളായണി കായലിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങൾ വൈറലായതോടെയാണ് സുബ്രഹ്മണ്യം പോറ്റിയുടെ നന്മയുടെ കഥ പുറംലോകത്ത് എത്തുന്നത്. പൊലീസിലെ നന്മയുടെ നേർചിത്രം. നെടുമങ്ങാട് പഴവടിഗ്രാമം മഴമംഗലം വീട്ടിൽ സുബ്രഹ്മണ്യൻ പോറ്റിയാണ് (50) തെരുവുനായ്ക്കൾക്ക് മുടങ്ങാതെ ആഹാരം നൽകുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ സുബ്രഹ്മണ്യൻ പോറ്റിക്ക് ആദര പത്രം നൽകി.
പെട്രോളിങ്ങിനിടെ വെള്ളായണി കാക്കാമൂല ഭാഗത്ത് എത്തിയപ്പോൾ ഒരിക്കൽ രണ്ടു നായ്ക്കൾ വിശന്നു വയറൊട്ടിയ അവസ്ഥയിൽ പ്ലാസ്റ്റിക് കപ്പുകളും മറ്റും ആർത്തിയോടെ കഴിക്കുന്നത് കണ്ടു. മൃതപ്രായാവസ്ഥയിലുള്ള അവയെ കണ്ട് അലിവുതോന്നിയെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. അന്ന് മുതൽ സുബ്രഹ്മ്യം പോറ്റി സ്‌റ്റേഷൻ പരിധിയിലെ നായ്ക്കൾക്ക് അന്നം എത്തിച്ചു. തെരുവു നായക്കൾക്ക് അതൊരു പ്രതീക്ഷയുമായി.
പൊലീസ് വാഹനത്തിൽ നിന്നും എസ്‌ഐ ഇറങ്ങുമ്പോഴേക്കും ചിരപരിചിത ഭാവത്തിൽ അടുത്തുകൂടുന്ന രണ്ട് നായ്ക്കളുടെ ദൃശ്യമാണ് റോബി ദാസ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്. താനിവയെ കാണുമ്പോൾ ഭക്ഷണം കഴിക്കാതെ വയറൊട്ടിയായിരുന്നു നിന്നതെന്നും അത് മനസിനെ വല്ലാതെ പിടിച്ചുലച്ചെന്നും എസ്‌ഐ പറയുന്നു. ആ ദിവസത്തിന് ശേഷം ഡ്യൂട്ടിക്ക് വരുന്ന ദിവസങ്ങളിൽ നായ്ക്കൾക്കും ഭക്ഷണം വാങ്ങും. പതിവായതോടെ ഉച്ച സമയത്ത് പൊലീസ് വാഹനം കാണുമ്പോഴേക്കും നായ്ക്കൾ എവിടെ നിന്നെങ്കിലുമൊക്കെ ഓടിവരും. മനുഷ്യനല്ലെങ്കിലും ഇവയും ഒരു ജീവിയല്ലേ, ദൈവസൃഷ്ടിയല്ലേ എന്നാണ് സുബ്രഹ്മണ്യൻ പോറ്റി ചോദിച്ചത്. ഈ ചോദ്യങ്ങൾ സമൂഹം ചർച്ചയാക്കി. ഇതോടെ സുബ്രഹ്മണ്യം പോറ്റിയെ ആദരിക്കാൻ പൊലീസും മുന്നിട്ടറങ്ങി.
വിശപ്പടക്കാനാകാെത അലയുന്ന നായ്ക്കൾ ഈ പൊലീസ് ഉദ്യോഗസ്ഥനെ കാണുമ്പോൾ പ്രതീക്ഷയോടെ അരികിലെത്തും. പൊതിച്ചോറോ പൊറോട്ടയോ ഒക്കെ അവർക്കായി നൽകാൻ അദ്ദേഹത്തിന്റെ കൈവശമുണ്ടാകും. പൊലീസ് ജീപ്പിനരികിലെത്തി ആഹാരം കഴിച്ച് നായ്ക്കൾ നന്ദിയോടെ വാലാട്ടി മടങ്ങും. ഈ വർഷം മാർച്ച് മാസത്തിലാണ് സുബ്രഹ്മണ്യൻ പോറ്റി നേമം ജനമൈത്രി സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായി ചാർജെടുക്കുന്നത്.
ഡ്യൂട്ടിയുള്ള ദിവസമായാലും അല്ലെങ്കിലും എല്ലാ ദിവസവും നായ്ക്കൾക്ക് ആഹാരമെത്തിക്കാൻ ഇദ്ദേഹം മറക്കാറില്ല. ചില ദിവസങ്ങളിൽ പൊതിച്ചോറ്, അല്ലെങ്കിൽ പൊറോട്ടയും കറിയും. ചില അവസരങ്ങളിൽ ചിക്കൻ. ഏതു സമയത്തായാലും വളരെ ദൂരെനിന്നുതന്നെ പൊലീസ് ജീപ്പ് കാണുമ്പോൾ നായ്ക്കൾ അടുത്തേക്ക് വരും.
ആദ്യ ദിനത്തിൽ വിശന്ന് വയറൊട്ടിയ പട്ടികളെ കണ്ടപ്പോൾ നേരെ പുലർന്നിരുന്നു. പുലർച്ച രണ്ടിന് ഭക്ഷണം വാങ്ങിനൽകാൻ കഴിയുമായിരുന്നില്ല. പക്ഷേ, അന്നുമുതൽ വിശക്കുന്ന നായ്ക്കൾക്ക് കൃത്യമായി ഭക്ഷണമെത്തിക്കാൻ ഇദ്ദേഹം തീരുമാനമെടുത്തു. അത് ഇപ്പോഴും തുടരുന്നു.
തെരുവോരങ്ങളിലെ അന്ധ ഗായകരെ സാമ്പത്തികമായി സഹായിക്കുന്നതടക്കമുള്ള സേവനപ്രവർത്തനങ്ങളിലും ഇദ്ദേഹം സമയം കണ്ടെത്തുന്നു. ഭാര്യ എസ്. മായാദേവിയും മക്കളായ അരുൺ ശർമ, അരവിന്ദ് ശർമ, ആനന്ദ് ശർമ എന്നിവരും പിതാവിന് പിന്തുണയുമായി രംഗത്തുണ്ട്.
മറുനാടന് മലയാളി ബ്യൂറോ