- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വർഷം മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതു; ആ സമയത്ത് ഒരു കട്ടിൽ പോലും കണ്ടില്ല; ടീപോയ്ക്കകത്ത് ഒളിച്ചുവെന്ന് പറയുന്നത് അവിശ്വസനീയം; സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്ന് റഹ്മാന്റെ ഉമ്മയും ബാപ്പയും; നെന്മാറയിലേത് പ്രണയമോ ക്രൂരതയോ? ചർച്ച പുതിയ വഴിയിൽ
പാലക്കാട്: നെന്മാറയിൽ യുവതിയെ പത്തുവർഷം മുറിയിൽ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി മാതാപിതാക്കൾ രംഗത്തു വരുമ്പോൾ ആ പ്രണയകഥയ്ക്ക് പുതിയ തലം വരുന്നു. മൂന്നു മാസം മുൻപ് ആണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയുന്ന ജനലിന്റെ അഴികൾ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്റെ പിതാവ് മുഹമ്മദ് കരീമും മാതാവ് ആത്തികയും മാധ്യമങ്ങളോടു പറയുന്നതാണ് ഇതിന് കാരണം. വനിതാ കമ്മീഷൻ കേസെടുക്കാനും തയ്യാറായിട്ടുണ്ട്. ഇതോടെ ചർച്ചകൾ പുതിയ തലത്തിലെത്തുകയാണ്.
പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ ഞങ്ങൾ അറിയുമായിരുന്നു. റഹ്മാന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മൂന്നു വർഷം മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടിൽ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാൻ പറഞ്ഞത്. വർഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്റെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ, റഹ്മാനും സജിതയും അവരുടെ വാദങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. ഇതോടെ വിവാദം പുതിയ തലത്തിലെത്തുന്നു.
അതിനിടെ യുവതിയെ വീടിനകത്ത് പൂട്ടിയിട്ട സംഭവം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ്. ഈ രീതിയെ പ്രണയമെന്ന് വിശേഷിപ്പിക്കാമോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഭൂരിഭാഗത്തിന്റെയും ചോദ്യം. പ്രണയമുള്ളതിനാൽ ഞാൻ നിന്നെ ഇഞ്ചിഞ്ചായി കൊന്നോട്ടെ എന്ന പോലെയാണ് ആ ജീവിതം എന്ന് പറയുകയാണ് ഡോ. അനുജ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ. ഇത് വൈറലാണ്. അവിശ്വസനീയമായി തോന്നുമെങ്കിലും ഇവർ പറയുന്ന കാര്യങ്ങൾ വിശ്വസനീയമെന്നാണു പൊലീസ് പറയുന്നത്. മാനസിക പ്രയാസത്തിലായ ഇരുവർക്കും പൊലീസിന്റെ നേതൃത്വത്തിൽ കൗൺസിലിങ് നൽകി. നിരവധി പേരാണ് സഹായവുമായി എത്തുന്നത്്.
പത്തുവർഷം വിളിപ്പാടകലെ ഒളിവിൽ കഴിഞ്ഞ മകളെ കാണാൻ രക്ഷിതാക്കളെത്തിയിരുന്നു. സജിതയുടെ അച്ഛൻ വേലായുധനും ഭാര്യ ശാന്തയുമാണ് ഇന്നലെ രാവിലെ റഹ്മാനും സജിതയും ഇപ്പോൾ താമസിക്കുന്ന വിത്തനശ്ശേരിയിലെ വാടക വീട്ടിലെത്തിയത്. പത്തു കൊല്ലം മുമ്പ് ശാന്തയുടെ സഹോദരിയുടെ വീട്ടിലേക്കു പോയ സജിത പിന്നെ തിരിച്ചുവന്നില്ല. പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചുപോയെന്നാണു കരുതിയിരുന്നത്. എന്നാൽ, ഈ സമയമെല്ലാം മകൾ തൊട്ടടുത്ത് ഉണ്ടായിരുന്നെന്നു തിരിച്ചറിഞ്ഞപ്പോൾ ആ മാതാപിതാക്കൾക്ക് അമ്പരപ്പ്. ഇതിനിടെയാണ് പുതിയ ചർച്ചകൾ.
അയിലൂർ കാരക്കാട്ട് പറമ്പ് സ്വദേശികളായ ഇരുവരും ഒരുമിച്ച് സ്വതന്ത്രമായി ജീവിക്കണമെന്നു കരുതിയാണ് പത്തുവർഷം കഴിഞ്ഞ റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയിൽനിന്നു പുറത്തിറങ്ങിയത്. ലോക്ക്ഡൗണിൽ റഹ്മാനു പണി കുറഞ്ഞതോടെയാണ് ഇരുവരും പുറത്തിറങ്ങാൻ തീരുമാനിച്ചത്. 'വീട്ടിൽനിന്ന് ശരിയായി ഭക്ഷണം ലഭിക്കാതെ വന്നു. മന്ത്രവാദ ചികിത്സയും കൂടിയായതോടെ ശരിക്കും വിഷമിച്ചു. വിശ്വസിച്ച് കൂടെ വന്ന സജിതയെ ഉപേക്ഷിക്കാൻ മനസുവന്നില്ല. വിട്ടുപോകാൻ അവളും തയാറായില്ല. വീട്ടിൽ കറിയില്ലാതെ ചോറുമാത്രം കഴിക്കേണ്ട സ്ഥിതിയായി. അങ്ങിനെയാണ് പുറത്ത് കടക്കാൻ തീരുമാനിച്ചത്. പണിക്കിടെ വാടക വീട് കണ്ടെത്തി. അതിൽ നാട്ടിലെ ആരുമറിയാതെ താമസിച്ചു തുടങ്ങി.'-റഹ്മാൻ പറഞ്ഞു.
അനുജയുടെ കുറിപ്പ് ഇങ്ങനെ
'എനിക്കു നിന്നോട് ഒരുപാട് ഇഷ്ടമുണ്ട്, അതുകൊണ്ടു നിന്നെ ഞാനങ്ങു ഇഞ്ചിഞ്ചായി കൊന്നോട്ടെ എന്ന പോലായി പോയി പാലക്കാട് നെന്മാറയിൽ റഹ്മാൻ സാജിത യ്ക്കു കൊടുത്ത ജീവിതം. ഇതാണ് പ്രണയമെന്നൊക്ക പറഞ്ഞുള്ള ഒരുപാട് ന്യായീകരണങ്ങൾ കണ്ടു, അവരോടായി ഒന്നു ചോദിച്ചോട്ടെ 10 വർഷക്കാലം നിങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടു. 'ആരേലും മുത്തേ എനിക്കു നിന്നോട് പെരുത്തിഷ്ടാ, നീ ഇനി ലോകം കാണണ്ട, ഈ നാലു ചുമരുകൾക്കുള്ളിൽ കഴിയണമെന്നു പറഞ്ഞാ എന്തായിരിക്കും മറുപടി, ഒന്നു പോയെ, ഇഷ്ടം പോലും, ഇതേ പറയാൻ സാധ്യതയുള്ളു.
എന്തിനേറെ പറയുന്നു കൊറോണയിൽ ലോക്ഡൗൺ സാഹചര്യത്തിൽ ഒന്നു പുറത്തിറങ്ങാൻ കഴിയാണ്ട് വീടിനുള്ളിൽ കഴിയേണ്ടി വരുമ്പോൾ ഉള്ള ഇന്നത്തെ ഓരോരുത്തരുടെയും അവസ്ഥ ആലോചിച്ചു നോക്കിയാൽ മതി, ആ പെൺകുട്ടി ഈ അവസ്ഥ യിൽ കൂടി കടന്നു പോയതെങ്ങനെയെന്നു ആലോചിക്കാനേ കഴിയുന്നില്ല, അവളുടെ മാനസിക നില പോലും തകർന്നിട്ടുണ്ടാവണം.
വീടിനുള്ളിൽ സാജിതയെ പാർപ്പിക്കാൻ റഹ്മാൻ കാണിച്ച സാഹസത്തിന്റെ പത്തിലൊന്നു മതിയായിരുന്നു അവളെയും കൂട്ടി അന്തസ്സായി പുറത്തെവിടെയെങ്കിലും താമസിക്കുവാൻ, പറഞ്ഞതൊക്കെ സത്യമാണെങ്കിൽ, ഈ 10 വർഷത്തിനിടയിൽ ഒന്നു നേരാംവണ്ണം ആ പെൺകുട്ടി ശ്വസിച്ചിട്ടു പോലുമുണ്ടാവില്ല, മാസമുറ ഉൾപ്പെടെ തന്റെ ഓരോ ആവശ്യങ്ങളിലും ഒന്നു പുറത്തിറങ്ങാൻ കഴിയാതെ അവൾ സഹിച്ച യാതനകളോർക്കുമ്പോൾ വേദന തോന്നുന്നു,
അവളെ ഈ നരകജീവിതത്തിലൂടെ കൊണ്ടു പോയ റഹ്മാനെ ദയവു ചെയ്താരും അഭിനവ ഷാജഹാൻ ആക്കാൻ ശ്രമിക്കരുതേ. ആ പെൺകുട്ടി ഇതൊക്കെ സഹിച്ചതു പ്രണയത്തിനു വേണ്ടിയല്ലേയെന്ന ഡയലോഗ് ഒഴിവാക്കുന്നതാവും നല്ലത്, പ്രായത്തിന്റെ പക്വതക്കുറവിൽ റഹ്മാനോടൊപ്പം ജീവിക്കുവാൻ അവൾ ഒരുപക്ഷെ ഇറങ്ങി വന്നിട്ടുണ്ടാവാം,എന്നിട്ടും ഈ കാലയളവിനിടയിലൊന്നും അവൾക്കൊരു മനുഷ്യ ജീവിതം വേണമെന്നു തോന്നാതിരുന്ന റഹ്മാന്റെ മനസ്സിനെ നമിച്ചു പോകുന്നു.
രക്ഷകൻ ശിക്ഷകൻ ആയില്ലല്ലോ എന്നു ചിന്തിക്കുന്നവരോടായി, ഒരു മനുഷ്യജീവിതം ആ പെൺകുട്ടിക്ക് നിഷേധിച്ചതിനാണോ?മാനസിക വിഭ്രാന്തി ആരോപിച്ചു മകന് ചികിത്സ നൽകാൻ പോയ വീട്ടുകാർക്ക് അവന്റെ മുറിയിലെ ഒരു മാറ്റവും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നതിലും അവിശ്വസനീയത തോന്നുന്നു.സാജിതയ്ക്ക് ഇനിയൊരു മനുഷ്യ ജീവിതമുണ്ടാകട്ടെ, മാനസികവും ശാരീരികവുമായ എല്ലാ തളർച്ചകളിൽ നിന്നും തിരിച്ചു വരാനും കഴിയട്ടെ.' ഡോ. അനുജ കുറിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ