കാഠ്മണ്ഡു: നേപ്പാളിന്റെ ചങ്ക് ദോസ്തായിരുന്നു ഇതുവരെ ചൈന. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന നേപ്പാൾ രാഷ്ട്രീയത്തിൽ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത് ചൈനയിലെ ചങ്കുകളായിരുന്നു. ഇന്ത്യയുമായി അതിർത്തി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ നേപ്പാളിന് പൂർണ പിന്തുണ കൊടുത്തത് ചൈനയാണ്. ഇന്ത്യയെ വെല്ലുവിളിച്ച് പുതിയ ഭൂപടം തന്നെ അവർ സഭ കൂടി പാസാക്കി. എന്നാൽ ഇപ്പോൾ ആ ബന്ധം നേപ്പാൾ കൈവിട്ടോ എന്ന സംശയം ഉദിക്കുന്ന നീക്കങ്ങളാണ് പുതുതായി നടക്കുന്നത്.

തന്റെ പാർട്ടിയിലെ കാര്യങ്ങൾ നോക്കാൻ ചൈനയുടെ സഹായം വേണ്ടെന്നും ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം എന്നും ചൈനീസ് അംബാസിഡർ ഹുവോ യാങ്ക്വിയോട് കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി പറഞ്ഞതായാണ് വിവരം. നേപാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സംഭവ വികാസങ്ങളെ തുടർന്നുള്ള ചർച്ചയിലാണ് ശർമ്മ ഒലി ഇങ്ങനെ അഭിപ്രായം പറഞ്ഞത്.

പാർട്ടിയിലെ മറ്റൊരു പ്രധാന നേതാവും മുൻ പ്രധാനമന്ത്രിയുമായ പ്രചണ്ഡയുടെ വിഭാഗവുമായി ശർമ്മ ഒലി വിഭാഗത്തിനുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്ന സമാധാന ദൂതനായിട്ടായിരുന്നു ചൈനയുടെ ഇതുവരെയുള്ള റോൾ. പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ഒലി തയ്യാറായിരിക്കുകയാണ്. ഇത് പരിഹരിക്കാനാണ് ചൈനയുടെ പെടാപ്പാട്.ചൈനയുമായി അകന്ന് ഇന്ത്യയുമായി സമാധാന ചർച്ചകൾ ആരംഭിക്കാൻ ശ്രമിക്കുകയാണ് ഒലി ഇപ്പോൾ. 2018ലെ തിരഞ്ഞെടുപ്പിൽ ഒലി പുറത്തെടുത്ത ദേശീയത ആയുധത്തിന് ശക്തി പകരാനാണ് ഇന്ത്യയുമായി സമാധാനത്തിന് ഇപ്പോൾ ശ്രമിക്കുന്നത്.


. അതേസമയം ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്ഹെ ഉടൻതന്നെ നേപ്പാൾ സന്ദർശിക്കാനിരിക്കുകയാണ്. എൻ.സി.പിയിലെ വിഭാഗീയതയും ഫെങ്‌ഹെയുടെ സന്ദർശനത്തിൽ ചർച്ചയാകും. ഈ മാസമാദ്യം ഒലി സർക്കാരിനെതിരെ പ്രചണ്ഡ 19 പേജുള്ള വിമർശന കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിനെതിരായ വാദങ്ങൾ ഇന്ന് നടക്കുന്ന മീറ്റിംഗിൽ ഒലി അവതരിപ്പിക്കാനിരിക്കുകയുമാണ്. ഇത് പാർട്ടിയിൽ വിഘടനത്തിന് വഴിവയ്ക്കുമോ എന്നതും തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളും ഇന്ത്യയ്ക്കും ചൈനയ്ക്കും നിർണായകമാണ്.