നേപ്പാളിനെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇന്ത്യയിലെ മോദി സർക്കാർ. എന്നാൽ, ഹിന്ദുരാഷ്ട്രമെന്ന പദവി നേപ്പാൾ വേണ്ടെന്നുവച്ചതോടെ, നേപ്പാളിലെ ജനജീവിതം ദുരിതമയമായി. മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഭരണഘടന നിലവിൽ വന്നതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള മാദേശികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാതെയാണ് ഭരണഘടനയ്ക്ക് അംഗീകാരം നൽകിയതെന്ന ആരോപണമുയർത്തി മാധേശികൾ പ്രക്ഷോഭം തുടരുന്നതിനിടെയാണ് നേപ്പാളിലെ യുവജന സംഘടനകൾ ഇന്ത്യ വിരുദ്ധ നീക്കവുമായി രംഗത്തെത്തിയത്.

പ്രക്ഷോഭം ശക്തമായതോടെ, നേപ്പാളിലേക്കുള്ള ഇന്ത്യയിൽനിന്നുള്ള ചരക്കുഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്നു നേപ്പാളിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. കാറുകൾക്ക് ഇനി ആഴ്ചയിൽ 10 ലീറ്ററും ഇരുചക്ര വാഹനങ്ങൾക്കു മൂന്നു ലീറ്ററും പെട്രോൾ മാത്രമേ ലഭിക്കൂ. ഇന്ത്യയിൽനിന്നുള്ള ചെക്ക് പോസ്റ്റുകളിൽ മധേശി പ്രക്ഷോഭകർ ഉപരോധം തുടരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

രാജ്യത്തെ പുതിയ ഭരണഘടന തങ്ങളുടെ അവകാശങ്ങൾ നിരാകരിച്ചു എന്നാരോപിച്ചാണു മധേശികളുടെ പ്രതിഷേധം. ഇന്ത്യൻ വംശജരായ ഇവരെ ഇന്ത്യ രഹസ്യമായി പിന്തുണയ്ക്കുന്നു എന്ന ആരോപണമാണ് യുവജന സംഘടനകൾ ഉയർത്തുന്നത്. നേപ്പാളിന്റെ പരമാധികാരം അപകടത്തിലായെന്ന കാണിച്ച് യുവജന സംഘടനകൾ നേപ്പാളിലെ ഐക്യരാഷ്ട്ര പ്രതിനിധിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഭരണഘടന രൂപീകരണത്തിൽ ഇടപെട്ടിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കി.

ഇന്ത്യ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ, നേപ്പാളിലെ കേബിൾ ഓപ്പറേറ്റർമാർ ഇന്ത്യൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് ഇന്നലെ മുതൽ നിർത്തിവച്ചു. നേപ്പാളിൽ ഹിന്ദി സിനിമകളുടെ പ്രദർശനവും നിർത്തിവച്ചിട്ടുണ്ട്. അതിർത്തിയിൽ ഇന്ത്യ ഉപരോധം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ രഞ്ജിത്ത് റായി പ്രസ്താവന ഇറക്കിയെങ്കിലും യുവജന സംഘടനകൾ അത് അംഗീകരിച്ചിട്ടില്ല.

എന്നാൽ, ഭരണഘടനയ്‌ക്കെതിരെ ഇന്ത്യ നടത്തുന്ന സമ്മർദ തന്ത്രമാണിതെന്നാണ് യുവജന സംഘടനകളുടെ നിലപാട്. പ്രധാനമന്ത്രി മോദിക്കെതിരെയാണ് പ്രതിഷേധമേറെയും. ഭക്തപ്പുരിൽ പ്രതിഷേധക്കാർ മോദിയുടെ കോലം കത്തിച്ചു. ഒമ്പത് യുവജന സംഘടനകൾ ചേർന്ന് ഇന്ത്യ്കകെതിരെ ഐക്യരാഷ്ട്ര സഭ പ്രതിനിധിക്ക് പരാതി നൽകുകയും ചെയ്തു. 

അതിനിടെ, അടുത്തിടെ മാവോയിസ്റ്റ് പാർട്ടിയിൽനിന്ന് രാജിവച്ച മുൻ പ്രധാനമന്ത്രി ബാബുറാം ഭട്ടാറായിയെ ജനക്പുരിൽ മാധേശി പ്രതിഷേധക്കാർ ആക്രമിച്ചു. പുതിയ ഭരണഘടന കത്തിക്കാൻ ഭട്ടാറായ് വിസമ്മതിച്ചതോടെയാണ് അദ്ദേഹത്തെ പ്രതിഷേധക്കാർ ഓടിച്ചുവിട്ടത്.