ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചിട്ടും മതിവരാതെ മോദിയെ നേരിട്ട് വിളിച്ച് നേപ്പാൾ പ്രധാനമന്ത്രി; കെ.പി.ശർമ ഒലി ഇന്ത്യൻ പ്രധാനമന്ത്രിയുമായി സംസാരിച്ചത് 11 മിനിറ്റ്; തർക്കം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത് നേപ്പാൾ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ തന്നെ ഒറ്റപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി നിലപാട് മാറ്റുന്നതായി സൂചന. ഇന്ത്യയുടെ 74-ാം സ്വാതന്ത്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി ഫോണിൽ സംസാരിച്ചത് 11 മിനിറ്റ്. ഇന്ത്യൻ ഭരണകൂടത്തെയും ജനങ്ങളെയും അഭിവാദ്യം ചെയ്തായിരുന്നു ഒലിയുടെ ഫോൺ സംഭാഷണം. കാലാപാനി അതിർത്തി തർക്കത്തെച്ചൊല്ലി ബന്ധം വഷളായശേഷം ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള ആദ്യ ഫോൺ സംഭാഷണമായിരുന്നു ഇത്.
ഒലി മോദിയുമായി 11 മിനിറ്റ് സംസാരിച്ചെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളെയും സർക്കാരിനെയും ഒലി അഭിവാദ്യം ചെയ്തു. യുഎൻ സുരക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിനെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കു ഇന്ത്യയും നേപ്പാളും പരസ്പരം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുടെ സഹായം തുടർന്നും ലഭ്യമാക്കുമെന്നു മോദി ഉറപ്പു നൽകിയതായും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഇന്ത്യ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതോടെയാണ് നേപ്പാളിന് അസ്വസ്ഥത തുടങ്ങിയത്. മേയിൽ മാനസരോവര യാത്രാവഴിയിൽ ധാർച്ചുള മുതൽ ലിപുലേഖ് വരെ പുതിയ റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തതും നേപ്പാളിനെ പ്രകോപിപ്പിച്ചു. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിംപിയാദുര പ്രദേശങ്ങൾ ‘സ്വന്തമാക്കി' പുതിയ ഭൂപടം തയാറാക്കിയാണ് നേപ്പാൾ മറുപടി നൽകിയത്. ഇതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റ് പാസാക്കുകയും ചെയ്തപ്പോൾ ഇന്ത്യയുമായുള്ള എല്ലാ ആശയവിനിമയങ്ങളും നിലച്ചിരുന്നു.
ട്വിറ്ററിലൂടെ ആശംസകൾ പങ്കുവെച്ചതിനു ശേഷമായിരുന്നു ഒലിയുടെ ഫോൺകോൾ എത്തിയത്. "74-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നു. രാജ്യത്തെ ജനങ്ങൾ കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു", എന്നായിരുന്നു ഒലിയുടെ ട്വീറ്റ്.
മറുനാടന് ഡെസ്ക്