- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്ക്; കെ പി ശർമ ഒലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുഎംഎൽ) പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ശർമ ഒലി
കഠ്മണ്ഡു: നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി കെ പി ശർമ ഒലിയെ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായത്. ചെയർമാൻ പുഷ്പകമാൽ ദഹൽ വിഭാഗമാണ് കെ പി ശർമ ഒലിയെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. തന്റെ പഴയ പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യു എം എൽ) പുനരുജ്ജീവിപ്പിക്കാൻ ഒലി ആലോചിക്കുന്നതായാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ട് ചെയർമാന്മാരായിരുന്നു പ്രചണ്ഡയും ഒലിയും.
' കെ പി ശർമ ഒലിയുടെ പാർട്ടി മെമ്പർഷിപ്പ് അസാധുവാക്കി' എന്ന് ദഹൽ വിഭാഗത്തിന്റെ വക്താവ് നാരായൺ ശ്രേഷ്ഠ പറഞ്ഞു. പാർട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്ന് സർക്കാർ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒലി തീരുമാനിച്ചതോടെയാണ് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രശ്‌നങ്ങൾ രൂക്ഷമായത്. ഏപ്രിൽ 30നും പത്തിനും നേപ്പാളിൽ തെരഞ്ഞെടുപ്പാണ്.
കഴിഞ്ഞ ഡിസംബർ 20 ഓടെയാണ് നേപ്പാളിൽ വലിയതോതിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്. ചൈനീസ് അനുകൂലിയായി അറിയപ്പെടുന്ന ഓലി ഭരണകക്ഷിയെ അത്ഭുതപ്പെടുത്തി 275 അംഗ നേപ്പാൾ പാർലമെൻറ് പിരിച്ചുവിടാൻ രാഷ്ട്രപതിയോട് നിർദ്ദേശിച്ചു. ഇത് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ വലിയ തർക്കത്തിന് കാരണമാക്കി. ഇതിന് പിന്നാലെ നേപ്പാൾ രാഷ്ട്രപതി ബിദ്യ ദേവി ഭണ്ഡാരി നേപ്പാൾ പാർലമെൻറ് പിരിച്ചുവിടുകയും ഏപ്രിൽ 30നും, മെയ് 10 നും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് പ്രചണ്ഡയുടെ നേതൃത്വത്തിൽ പാർട്ടിയിലെ പ്രബല വിഭാഗത്തിന് ഓലിക്കെതിരെ നീങ്ങാൻ പ്രേരണയായി.
ഒലിക്കെതിരെ ഒരു വിഭാഗം എംപിമാരെ മുൻനിർത്തി അവിശ്വസ പ്രമേയം കൊണ്ടുവരാനുള്ള പ്രചണ്ഡയുടെ നീക്കത്തെ തുടർന്നാണ് അടിയന്തരമായി ഓലി പാർലമെൻറ് പിരിച്ചുവിട്ടത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരിക്കെതിരെ ഇംപീച്ച് നടപടികൾ ആലോചിക്കാനും പ്രചണ്ഡ വിഭാഗം തയ്യാറെടുത്തിരുന്നു എന്നാണ് വിവരം.
ഒലി നേതൃത്വം നൽകുന്ന സിപിഎൻ യുഎംഎൽ, പ്രചണ്ഡ നേതൃത്വം നൽകുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ്) എന്നീ പാർട്ടികൾ മെയ് 2018ലാണ് തമ്മിൽ ലയിച്ച് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയാകുന്നത്. 2017 ൽ ഇരുപാർട്ടികളും മുന്നണിയായി മത്സരിച്ച് നേപ്പാൾ പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിരുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതൽ ഇരു വിഭാഗങ്ങാളും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. അതേ സമയം നേപ്പാളിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്നും. ഇത് നേപ്പാളിന്റെ ആഭ്യന്തര പ്രശ്നങ്ങളാണ് എന്ന നിലപാടിലാണ് ഇന്ത്യ.
മറുനാടന് മലയാളി ബ്യൂറോ