കാഠ്മണ്ഡു: രാജഭരണ കാലത്ത് ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിനെ വീണ്ടും ഹൈന്ദവരാജ്യം ആക്കേണ്ടെന്ന് ഭരണഘടന നിർമ്മാണ സമിതി. നേപ്പാളിന്റെ പുതിയ ഭരണഘടനാ കരട് റിപ്പോർട്ടിലെ ആവശ്യമാണ് സമിതി വോട്ടിനിട്ട് തള്ളിയത്.

ഭരണഘടനാ നിർമ്മാണ സമിതിയിൽ മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷത്തിനാണ് ഹിന്ദു രാഷ്ട്രമാക്കണമെന്ന ആവശ്യം നിരാകരിച്ചത്. ഭരണഘടനയിൽ ആവശ്യം ഉൾപ്പെടുത്തണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം അത്യാവശ്യമാണ്.

നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത് നേപ്പാൾ രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയാണ്. ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളിൽ രാജഭരണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

സമിതി ഈ ആവശ്യം തള്ളിയതിനു പിന്നാലെ ഹിന്ദു സംഘടനകൾ രാജ്യത്തു നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഹിന്ദു രാഷ്ട്രമാക്കണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ഹിന്ദു സംഘടനകൾ ഭരണഘടനാ നിർമ്മാണ സമിതിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാർ യുഎൻ പ്രതിനിധികളുടെ വാഹനങ്ങളും ആക്രമിച്ചു. ആക്രമണത്തിൽ ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, കാഠ്മണ്ഡുവിൽ സുരക്ഷ ശക്തമായി. പൊലീസിന്റെ പൂർണ സംരക്ഷണയിലാണ് പാർലമെന്റ് കെട്ടിടം.

2006ൽ രാജഭരണം അവസാനിക്കുന്നത് വരെ നേപ്പാൾ ഹിന്ദു രാഷ്ട്രമായിരുന്നു. എന്നാൽ പിന്നീട് വന്ന മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സർക്കാർ നേപ്പാളിനെ മതനിരപേക്ഷ രാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ താൽക്കാലിക ഭരണഘടന അടിസ്ഥാനമാക്കിയാണ് ഭരണം നടക്കുന്നത്. 2008ൽ ഭരണഘടനാ നിർമ്മാണ സമിതിയെ തെരഞ്ഞെടുത്തെങ്കിലും കരട് റിപ്പോർട്ട് നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2013ൽ പുതിയ സമിതിയെ തെരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിലെ പ്രധാന രാഷ്ട്രീയപ്പാർട്ടികളുടെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഭരണഘടന പുനരുദ്ധരിക്കുന്നത് തടസ്സപ്പെട്ടുകിടക്കുകയായിരുന്നു. തുടർന്ന് മൂന്ന് പാർട്ടികൾ സമന്വയത്തിലെത്തുകയായിരുന്നു. പുതിയ ഭരണഘടനയുടെ ഓരോ അനുച്ഛേദം വീതമാണ് വോട്ട് ചെയ്ത് അംഗീകരിക്കുന്നത്. രണ്ടു ദിവസമെങ്കിലുമെടുക്കും പൂർണമായും അംഗീകരിക്കാൻ. ഭരണഘടന നിലവിൽ വന്നാൽ നേപ്പാളിനെ ഏഴ് ഫെഡറൽ പ്രവിശ്യകളായി മാറ്റും. പ്രവിശ്യകളുടെ അതിർത്തി, വലുപ്പം തുടങ്ങിയവയെ സംബന്ധിച്ചും തർക്കമുണ്ട്.

രാഷ്ട്രീയ പ്രജതന്ത്ര പാർട്ടി നേപ്പാൾ, നാഷനൽ ഡെമോക്രാറ്റിക് പാർട്ടി നേപ്പാൾ എന്നീ പാർട്ടികൾക്ക് നേപ്പാളിനെ രാജവാഴ്ചയുള്ള രാജ്യമാക്കാനായിരുന്നു താൽപര്യം. നേപ്പാളിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണ്, രാജാക്കന്മാർ ഭഗവാൻ വിഷ്ണുവിന്റെ പുനരവതാരമാണ് എന്നാണ് ഇവർ വിശ്വസിക്കുന്നത്.