ന്യൂയോർക്ക്: സ്വതന്ത്രരാജ്യമെങ്കിലും പതിറ്റാണ്ടുകളായി ഇന്ത്യയുടെ ആശ്രിതരായി കഴിഞ്ഞുവന്ന രാജ്യമാണ് നേപ്പാൾ. ഒരു ഇന്ത്യൻ സംസ്ഥാനത്തോട് എന്നതു പോലെ ആ രാജ്യത്തിന് വേണ്ട നടപടികളെല്ലാം ഇന്ത്യ ചെയ്തു വരുന്നു. എന്നാൽ അടുത്തകാലത്തായി നേപ്പാളിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് തൊടുന്നതെല്ലാം പിഴയ്ക്കുന്ന അവസ്ഥയാണ്. പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മോദിയുടെ വിദേശ നയതന്ത്രത്തെ പല കോണുകളിൽ നിന്നുമുള്ളവർ പുകഴ്‌ത്തുന്ന സാഹചര്യത്തിൽ ത്‌ന്നെയാണ് നേപ്പളിൽ് പിഴയ്ക്കുന്നത്. ഇന്ത്യയെ ഉപരോധിക്കുന്നത് കാരണം നേപ്പാൾ ജനത പട്ടിണി കിടന്നു മരിക്കുന്നു എന്നതാണ് അവസ്ഥ. കുഞ്ഞുങ്ങളുടെ അടക്കം അവസ്ഥ ദുരിതത്തിൽ ആയതോടെ ഇന്ത്യാ വിരുദ്ധ വികാരവും നേപ്പാൾ ജനതയ്ക്കിടയിൽ ശക്തമാണ്.

ഇന്ത്യയിൽനിന്ന് അവശ്യവസ്തുക്കളും മരുന്നും ഇന്ധനവും എത്താത്തത് ശൈത്യകാലത്ത് നേപ്പാളിലെ 30 ലക്ഷത്തോളം കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയതായി യുനിസെഫും വ്യക്തമാക്കി. ഭരണഘടനയെച്ചൊല്ലി സമരംചെയ്യുന്ന മധേശിവിഭാഗക്കാർ മൂന്നു മാസത്തോളമായി ഇന്ത്യയിൽനിന്നുള്ള റോഡുകൾ ഉപരോധിക്കുകയാണ്. ഇതോടെ ഇന്ത്യയും ഒരു അപ്രഖ്യാപിത ഉപരോധം ഏർപ്പെടുത്തുകയുണ്ടായി. ഇതോടെ അവശ്യവസ്തുക്കളുടെ ക്ഷാമത്തിനിടയാക്കുന്നത്.

അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളാണ് പ്രതിരോധമരുന്നുകളുൾപ്പെടെയുള്ള മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ക്ഷാമത്തിന്റെ പ്രധാന ഇരകൾ. ക്ഷയരോഗത്തിനടക്കമുള്ള പ്രതിരോധമരുന്നുകൾ തീർന്നു. ഏപ്രിൽമെയ് മാസത്തെ ഭൂകമ്പത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കുട്ടികളാണ് ഇപ്പോൾ വീണ്ടും പ്രതിസന്ധി നേരിടുന്നത്.

പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമം മൂലം ഇന്ധനത്തിനായി വിറകാണ് കൂടുതലുപയോഗിക്കുന്നത്. ഇതിന്റെ പുക ശൈത്യകാലത്ത് ന്യുമോണിയക്കിടയാക്കും. കഴിഞ്ഞ ശൈത്യകാലത്ത് ഏതാണ്ട് 5000 കുട്ടികൾ ഇങ്ങനെ മരിച്ചു. ഇത്തവണ മരണസംഖ്യ ക്രമാതീതമായി കൂടിയേക്കാം. സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന നേപ്പാളിൽ അതിശൈത്യം അനുഭവപ്പെടാറുണ്ട്.

ഇപ്പോഴത്തെ അവസരം മുതലെടുത്ത് ഇന്ത്യാവിരുദ്ധ വികാരവും ഉയർത്തുകയാണ് ഒരു വിഭാഗം ആളുകൾ. നേരത്തെ നേപ്പാളിലേയ്ക്ക് എണ്ണയുത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഏകരാഷ്ട്രമെന്ന പദവി ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് ചൈനയുമായി നേപ്പാൾ കരാറിലേർപ്പെട്ടതോടെയാണിത്. പുതിയ ഭരണഘടനയെച്ചൊല്ലി ഇന്ത്യൻ അതിർത്തിയിൽ അടുത്തിടെയുണ്ടായ റോഡ് ഉപരോധങ്ങളാണ് നേപ്പാളിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയത്തിലെ വീഴ്ചയായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു.

നേപ്പാളുമായി കരാറിലേർപ്പെടാൻ സാധിച്ചത് ചൈനയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാണ്. കാലങ്ങളായി അവർ അതിനുവേണ്ടിയുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, ഇന്ത്യയുമായുള്ള സൗഹൃദം കൈവിടാൻ നേപ്പാൾ ഒരുക്കമായിരുന്നില്ല. ഇത് ലംഘിച്ചുകൊണ്ടാണ് നേപ്പാൾ ഓയിൽ കോർപറേഷനും ചൈനയുടെ നാഷണൽ യുണൈറ്റഡ് ഫ്യുവൽ കോർപറേഷനും കരാറിലേർപ്പെട്ടത്.

അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ചാവും ചൈന നേപ്പാളിന് ഇന്ധനം നൽകുക. ഇന്ത്യ നൽകുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ഇതിലൂടെ നേപ്പാളിന് ഇന്ധനം ലഭിക്കും. കാലക്രമേണ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി പൂർണമായും വേണ്ടെന്നുവെക്കാൻ പോലും ഇത് നേപ്പാളിനെ പ്രേരിപ്പിച്ചേക്കും. നേപ്പാളിന്റെ ഇന്ധനാവശ്യത്തിന്റെ മൂന്നിലൊന്നാകും തുടക്കത്തിൽ ചൈന നൽകുക.

എല്ലാമാസവും 2200 ടൺ പാചകവാതകമാണ് നേപ്പാൾ ഇറക്കുമതി ചെയ്യുന്നത്. 15 ലക്ഷം ലിറ്ററോളം പെട്രോളും അത്രയും തന്നെ ഡീസലും പ്രതിദിനം നേപ്പാൾ ഉപയോഗിക്കുന്നു. ഓരോവർഷവും 150 ബില്യൺ നേപ്പാൾ രൂപയാണ് ഇന്ത്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിനായി നേപ്പാൾ ചെലവിടുന്നത്. മാധേശി പാർട്ടികളും നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഭരണഘടനയെച്ചൊല്ലിയുണ്ടായ തർക്കമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. യു.പി.യുടെയും ബിഹാറിന്റെയും അതിർത്തിപങ്കിടുന്ന മേഖലയിലെ മാധേശി പാർട്ടികളാണ് പാർലമെന്റിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയത്.

അതേസമയം നേപ്പാൾ വിഷയത്തിൽ മോദിയെ കുറ്റപ്പെടുത്തി ലാലു പ്രസാദ് യാദവ് അടക്കമുള്ളവരും രംഗത്തെത്തിയിരുന്നുണ്ട്. നേപ്പാൾ വിഷയത്തിൽമോദിക്ക് കനത്ത വീഴ്‌ച്ചയാണ് ഉണ്ടായതെന്നാണ് ലാലു പ്രസാദ് കുറ്റപ്പെടുത്തിയത്.