- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധു രാജിവെച്ചെന്ന ന്യായീകരണവുമായി ഇനി പിടിച്ചുനിൽക്കാനാവില്ല; കെ.ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധി വന്നതോടെ സംരക്ഷണ കവചമൊരുക്കിയ മുഖ്യമന്ത്രിയുടെയും നില പരുങ്ങലിൽ; പിതൃസഹോദരനെ ന്യൂനപക്ഷ വികസന കോർപറേഷൻ ടോപ് കസേരയിൽ ഇരുത്താൻ ജലീൽ നടത്തിയത് വർഷങ്ങളുടെ വഴിവിട്ട നീക്കം
തിരുവനന്തപുരം: പിതൃസഹോദരനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ വാഴിക്കാൻ വകുപ്പ് മന്ത്രി കെ.ടി ജലീൽ നടത്തിയത് വർഷങ്ങളെടുത്ത വഴി വീട്ട നീക്കം. അധികാരമുപയോഗിച്ച് വിജിലൻസ് അന്വേഷണങ്ങളിൽ നിന്നടക്കം തടിയൂരി മന്ത്രിക്കസേരയിലിരുന്ന കെ.ടി ജലീലിന് ഒടുവിൽ കനത്ത തിരിച്ചടിയാണ് ലോകായുക്തയിൽ നിന്നുണ്ടായത്. 2016 മുതൽ അതീവ രഹസ്യമായി കെ.ടി ജലീൽ നടത്തിയ നീക്കങ്ങളുടെ ഭാഗമായിട്ടാണ് 2018 ൽ കെ.ടി അദീബ് നിയമിതനാവുന്നത്.
വിഷയം മുസ്ലിം യൂത്ത്ലീഗ് സംസ്ഥന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തുറന്ന് കാട്ടുകയും കോടതിയെ സമീപിക്കുകയും ചെയ്തതോടെ 2018 ന നവംബറിൽ അദീബ് രാജിവെക്കുകയും ശമ്പളമടക്കം കൈപറ്റിയ ആനൂകൂല്യങ്ങൾ തിരിച്ചടക്കുകയും ചെയ്തിരുന്നു. മന്ത്രി കെ.ടി ജലീൽ പ്രാധിനിത്യം വഹിക്കുന്ന തവനൂർ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ വി.കെ.എം ഷാഫി ലോകായുക്തയിൽ നൽകിയ പരാതിയിലാണ് മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനാണെന്ന് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
മന്ത്രിസഭയുടെ അംഗീകാരമില്ലാതെ യോഗ്യത മാനദണ്ഡങ്ങൾ തിരുത്തിയും പുതിയ വിജ്ഞാപനമിറക്കിയും അഭിമുഖത്തിൽ പോലും പങ്കെടുക്കാത്ത ബന്ധുവിന് നിയമനം നൽകുകയുമായിരുന്നു കെ.ടി ജലീൽ. വനിതാ വികസന കോർപറേഷൻ റീജ്യണൽ മാനേജരായിരുന്ന ഫൈസൽ മുനീറിന്റെ കാലാവധി നീട്ടി നൽകാതെയാണ് പുതിയ നിയമനത്തിന് 2016 ജൂൺ ജൂലൈ കാലയളവിൽ തന്നെ മന്ത്രി കെ.ടി ജലീൽ ബന്ധു നിയമനത്തിന് നീക്കം നടത്തിയത്.
കാലാവധി നീട്ടി നൽകാതെ ഈ ഉദ്യോഗസ്ഥനെ തിരിച്ചയക്കുകയും നിയമന മാദണ്ഡങ്ങളിൽ ഇളവ് വരുത്തി പുതിയ ഉത്തരവിറക്കുകയും ചെയ്തു. മന്ത്രിസഭയുടെ അംഗീകാരമില്ലാതെയായിരുന്നു ഈ നടപടി. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർക്ക് എം.ബി.എ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഈ യോഗ്യതകൾക്കൊപ്പം ബി.ടെക്, പി.ജി ഡിപ്ലോമയും വിദ്യാഭ്യാസ യോഗ്യതയാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. കെ.ടി ജലീലിന്റെ ബന്ധുവിന്റെ യോഗ്യത ഉൾപ്പെടുത്തുക മാത്രമായിരുന്നു ഈ ഉത്തരവിന്റെ ലക്ഷ്യം.
2016 സെപ്റ്റംബറിൽ നിയമനത്തിനുള്ള വിജ്ഞാപനമിറക്കി. പത്രപരസ്യം നൽകണമെന്ന നിബന്ധന പാലിക്കാതെയായിരുന്നു നടപടി. നിയമനം സംബന്ധിച്ച് അവ്യക്തമായ പത്രക്കുറിപ്പിറക്കുകമാത്രമാണ് ചെയ്തത്. 2016 ഒക്ടോബറിൽ അഭിമുഖം നടത്തി. ആറ് അപേക്ഷകരിൽ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തിരുന്നത്. ഈ അഭിമുഖത്തിൽ കെ.ടി അദീബ് പങ്കെടുത്തിരുന്നില്ല.
മന്ത്രി ഇ.പി ജയരാജന്റെ ബന്ധുനിയമനം വിവാദമായതോടെ ന്യൂനപക്ഷ വികസന കോർപറേഷനിലും നടത്താനിരുന്ന നിയമനം മരവിപ്പിക്കുകയായിരുന്നു. പിന്നീട് 2018 ഒക്ടോബറിലാണ് സ്വകാര്യ ബാങ്ക് ജീവനക്കാരനായ കെ.ടി അദീബിന് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജാരായി നിയമനം ലഭിക്കുന്നത്. ബി.ടെക്, പി.ജി.ഡി.ബി.എ മാത്രാണ് കെ.ടി അദീബിന്റെ യോഗ്യത. ഈ പി.ജി ഡിപ്ലോമക്ക് സംസ്ഥാനത്തെ ഒരു യൂണിവേഴ്സിറ്റിയും അംഗീകാരം നൽകിയിട്ടുമില്ല.
ഡെപ്യൂട്ടേഷൻ നിയമനത്തിന്റെ ചട്ടം ലംഘനം കൂടിയായിരുന്നു കെ.ടി അദീബിന്റെ നിയമനം. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, കോർപറേഷൻ എന്നിവിലെ ജീവനക്കാർക്ക് മാത്രമമാണ് ഈ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകാൻ പാടുള്ളൂ. ഇത് മറികടന്നാണ് സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിന് മന്ത്രി കെ.ടി ജലീൽ നിയമനം നൽകിയത്. വിജിലൻസ് ക്ലിയറൻസ് ഹാജരാക്കണമെന്ന നിബന്ധനയും ഈ നിയമനത്തിൽ പാലിച്ചിട്ടില്ല.
2018 നവംബറിൽ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തെളിവുകൾ സഹിതം ബന്ധുനിയമനം പുറത്തുകൊണ്ടുവരികയും വിജിലൻസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ സർക്കാർ നീക്കം നടത്തിയതോടെ ഹൈക്കോടതിയെ സമീപിക്കുകയും ഗവർണർക്കുൾപ്പടെ പരാതി നൽകുകയും ചെയ്തു. ഇതോടെ കെ.ടി അദീബ് കൈപറ്റിയ ആനുകൂല്യങ്ങൾ തിരിച്ചടച്ച് രാജിവെക്കുകയും ചെയ്തു. ബന്ധു രാജിവെച്ചെന്ന ന്യായീകരണവുമായി ഇത്രനാൾ പിടിച്ചു നിന്ന കെ.ടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധി വന്നതോടെ കെ.ടി ജലീലും ഇത്രനാൾ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്ഥിതി കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ